Wednesday, June 3, 2026
Homeകേരളംസൂര്യ മോഹന്റെ 'ശിലീഭൂതം' പ്ലോട്ട് മോഷ്ടിച്ചാണ് KR മീര 'എല്ലാ വിധ പ്രണയവും' രചിച്ചത്'; എഴുത്തുകാരി...

സൂര്യ മോഹന്റെ ‘ശിലീഭൂതം’ പ്ലോട്ട് മോഷ്ടിച്ചാണ് KR മീര ‘എല്ലാ വിധ പ്രണയവും’ രചിച്ചത്’; എഴുത്തുകാരി കെ ആര്‍ മീരയ്‌ക്കെതിരെ വീണ്ടും കോപ്പിയടി ആരോപണം

കൊച്ചി: എഴുത്തുകാരി കെ ആര്‍ മീരയ്‌ക്കെതിരെ വീണ്ടും കോപ്പിയടി ആരോപണം. സംവിധായകന്‍ ജോഷി ജോസഫാണ് ആരോപണവുമായി രംഗത്തെത്തിയത്. സൂര്യ മോഹന്റെ ‘ശിലീഭൂത’ത്തിന്റെ പ്ലോട്ട് മോഷ്ടിച്ചാണ് കെ ആര്‍ മീര ‘എല്ലാ വിധ പ്രണയവും’ എന്ന നോവല്‍ രചിച്ചതെന്നാണ് ആരോപണം. ‘ശിലിഭൂത’ത്തിന്റെ അവതാരിക എഴുതാന്‍ വേണ്ടി കെ ആര്‍ മീരയ്ക്ക് നല്‍കിയതാണെന്നും എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം കെ ആര്‍ മീര തന്റെ നോവല്‍ പുറത്തിറക്കിയെന്നും ജോഷി ജോസഫ് പറഞ്ഞു.

‘സ്വന്തം ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി തെറാപ്പിയായാണ് സൂര്യ മോഹന്‍ എഴുത്ത് തുടങ്ങിയത്. സൂര്യ മോഹന്‍ ഇപ്പോള്‍ ഡിപ്രഷനിലാണ്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സൂര്യ മോഹന്‍ ഇന്നലെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടു. പിന്നീട് ഡിലീറ്റ് ചെയ്തു’, ജോഷി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് ഒരു തുറന്ന ശബ്ദ ലിഖിതം എന്ന പേരിലാണ് ജോഷി ജോസഫിന്റെ ആരോപണം. മാഫിയ എഴുത്തുകാരിയെന്നാണ് ജോഷി ജോസഫ് കെ ആര്‍ മീരയെ വിശേഷിപ്പിച്ചത്. സീരിയല്‍ പ്ലോട്ട് ചോരി തുടരുന്നുവെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ ഇടപെടണമെന്നും ജോഷി ജോസഫ് പറഞ്ഞു

മലയാള സാഹിത്യത്തില്‍ പ്രമേയങ്ങളും പ്ലോട്ടുകളും മോഷ്ടിക്കുന്ന ഒരു കോപ്പിയടി മാഫിയ സജീവമാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജോഷി ജോസഫ് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിന് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവലിന്റെ പ്ലോട്ട് തന്റെ ഡോക്യുമെന്ററിയില്‍ നിന്ന് മോഷ്ടിച്ചതാണെന്നും ജോഷി ആരോപിച്ചിരുന്നു. കോപ്പിയടി പരിശോധിക്കുന്ന ആപ്പില്‍ ഇട്ടാല്‍ കെ ആര്‍ മീരയുടെ 90 ശതമാനം സാഹിത്യവും റദ്ദായിപ്പോകുമെന്ന് ജോഷി പരിഹസിച്ചിരുന്നു

കെ ആര്‍ മീരയുടെ കലാച്ചി എന്ന നോവലും ഹരിത സാവിത്രിയുടെ സിന്‍ എന്ന നോവലും തമ്മില്‍ സാമ്യതയുണ്ടെന്ന വിവാദമാണ് ഇപ്പോള്‍ സാഹിത്യലോകത്ത് നടക്കുന്നത്. പിന്നാലെ ഹരിത സാവിത്രി തന്നെ വിശദീകരണ പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. ലോകമെങ്ങുമുള്ള സാഹിത്യ മോഷ്ടാക്കള്‍ ചെയ്യുന്നത് കഥാപാത്രങ്ങളുടെ പേരുകളും കാലവും ലിംഗവും മാറ്റുകയെന്ന് ഹരിത ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കുറച്ച് നാളുകള്‍ക്കു മുന്‍പാണ് സിനിനോട് സാമ്യം ഉണ്ടെന്ന് തോന്നിയ ഒരു പുസ്തകം വായിച്ചതെന്നും വളരെ പ്രതീക്ഷയോടെ കയ്യിലെടുത്ത പുസ്തകം ആദ്യത്തെ കുറച്ചു അധ്യായങ്ങള്‍ കഴിഞ്ഞപ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഹരിത പറഞ്ഞു. തന്റെ പുസ്തകം ആരും കോപ്പി പേസ്റ്റ് ചെയ്തിട്ടില്ല. പക്ഷെ ഈ പറഞ്ഞ അടിസ്ഥാനപരമായ സാമ്യങ്ങള്‍ നില നില്‍ക്കുന്നു. ഒഴിവാക്കാമായിരുന്നുവെന്നും ഹരിത പറഞ്ഞു.

പിന്നാലെ വിവാദങ്ങള്‍ കനത്തതോടെ വിശദീകരണവുമായി കെ ആര്‍ മീരയും രംഗത്തെത്തി. 2025ലാണ് കലാച്ചി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചതെങ്കിലും 2020 നവംബര്‍ 16മുതല്‍ ഖണ്ഡഃശ്ശ പ്രസിദ്ധീകരിച്ചിരുന്നുവെന്നും ഇക്കാര്യം പലരും ബോധപൂര്‍വ്വം ഒഴിച്ചു വെയ്ക്കുന്നുവെന്നും കെ ആര്‍ മീര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2020 നവംബര്‍ 16 മുതല്‍ പ്രസിദ്ധീകരിച്ചുവന്ന ഒരു നോവല്‍, 2022ല്‍ മാത്രം പുറത്തിറങ്ങിയ കഥയില്‍നിന്ന് ആശയം ഉള്‍ക്കൊണ്ടതാണോ 2022ല്‍ പുറത്തിറങ്ങിയ പുസ്തകം 2020ല്‍ പ്രസിദ്ധീകരിച്ച നോവലില്‍നിന്നു ആശയം ഉള്‍ക്കൊണ്ടതാണോ എന്നു നിങ്ങള്‍ ചിന്തിക്കണമെന്നും കെ ആര്‍ മീര ചൂണ്ടിക്കാട്ടി.

എന്നാല്‍ കെ ആര്‍ മീരയ്ക്ക് മറുപടിയുമായി ഹരിത സാവിത്രി വീണ്ടും രംഗത്തെത്തി. 2020ല്‍ കെ ആര്‍ മീര ‘കലാച്ചി’ എന്ന നോവലിന്റെ ആറ് അധ്യായങ്ങള്‍ മാത്രമാണ് ട്രൂ കോപ്പി വെബ്‌സീനില്‍ പ്രസിദ്ധീകരിച്ചതെന്ന് ഹരിത പറഞ്ഞു. ഈ സത്യം മറച്ചുവെച്ച് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ എന്താണ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് കെ ആര്‍ മീരയുടെ പേര് പരാമര്‍ശിക്കാതെ ഹരിത ചോദിച്ചു. നോവല്‍ വായിച്ച് കുറച്ച് മുന്നോട്ട് പോയപ്പോള്‍ തന്റെ നോവലായ സിന്നുമായി ബേസിക് ത്രെഡില്‍ സാമ്യം തോന്നുകയായിരുന്നുവെന്നും ഹരിത പറഞ്ഞു. എഴുത്തുകാരിയുടേയോ നോവലിന്റെയോ പേര് പരാമര്‍ശിക്കാതെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരിത സാവിത്രിയുടെ വിമര്‍ശനം.

കാമുകനെ തേടി വിദേശത്തെ സംഘര്‍ഷ മേഖലയിലെത്തുന്ന യുവതിയുടെ കഥയാണ് ഇരു നോവലുകളുടെ ഇതിവൃത്തം. കസാക്കിസ്ഥാനിലെ കലാച്ചിയിലെ കഥയാണ് കെ ആര്‍ മീരയുടെ നോവല്‍. കൂര്‍ദിനിലെ കഥയാണ് ഹരിതയുടെ സിന്‍. 2022ല്‍ പുറത്തിറങ്ങിയ സിന്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും കരസ്ഥമാക്കി. 2025 ലാണ് കെ ആര്‍ മീരയുടെ കലാച്ചി പുസ്തക രൂപത്തില്‍ പുറത്തിറക്കിയത്. എന്നാല്‍ 2020ല്‍ ആദ്യഭാഗങ്ങള്‍ ട്രൂ കോപ്പി വെബ്‌സീനില്‍ പ്രസിദ്ധീകരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com