വാഷിംഗ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സിലെ വാണിജ്യ ട്രക്കിംഗ് മേഖല ലക്ഷ്യമിട്ട് യു.എസ് ബോർഡർ പട്രോൾ നടത്തിയ വൻ പരിശോധനയിൽ 30 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 52 പേർ അറസ്റ്റിലായി. അരിസോണയിലെ യൂമ സെക്ടറിൽ നടന്ന ‘ഓപ്പറേഷൻ ചെക്ക്മേറ്റ്’ എന്ന പേരിൽ നടത്തിയ ഫെഡറൽ പരിശോധനയിലാണ് രേഖകളില്ലാതെ വാണിജ്യ വാഹനങ്ങൾ ഓടിച്ച ഇവർ പിടിയിലായത്.
മെയ് 11 മുതൽ മെയ് 15 വരെയായിരുന്നു രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ട ഈ പരിശോധന നടന്നത്. പിടിയിലായവരിൽ 36 പേരും കൂറ്റൻ സെമി-ട്രക്കുകൾ ഓടിച്ചിരുന്നവരാണെന്ന് യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അറിയിച്ചു. ഇന്ത്യക്കാരെ കൂടാതെ മെക്സിക്കോ, എൽ സാൽവദോർ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
പിടിയിലായവരിൽ ഭൂരിഭാഗം പേർക്കും കാലിഫോർണിയ, ന്യൂയോർക്ക്, വാഷിംഗ്ടൺ, വെർജീനിയ തുടങ്ങിയ വിവിധ യു.എസ് സംസ്ഥാനങ്ങൾ നൽകിയ കമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസുകൾ (CDL) ഉണ്ടായിരുന്നു. എന്നാൽ മൂന്ന് പേർക്ക് യാതൊരുവിധ ലൈസൻസും ഉണ്ടായിരുന്നില്ല. കൂടാതെ, പലരുടെയും വർക്ക് പെർമിറ്റുകളുടെ (Employment Authorization Documents) കാലാവധി കഴിഞ്ഞതാണെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ 52 പേർക്കെതിരെയും ഫെഡറൽ നിയമപ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ തന്നെ അമേരിക്കയിൽ നിന്ന് നാടുകടത്തുമെന്നും സി.ബി.പി വ്യക്തമാക്കി.
പൊതുജനങ്ങളുടെയും റോഡുകളുടെയും സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു പരിശോധന നടത്തിയതെന്ന് യൂമ സെക്ടർ ആക്ടിംഗ് ചീഫ് പട്രോൾ ഏജന്റ് ഡസ്റ്റിൻ ഡബ്ല്യു. കോഡിൽ പറഞ്ഞു. മതിയായ രേഖകളില്ലാതെയും നിയമവിരുദ്ധമായും രാജ്യത്ത് തുടരുന്ന ഡ്രൈവർമാർ റോഡുകളിൽ വലിയ അപകടസാധ്യതയാണ് ഉയർത്തുന്നതെന്നും, ഇത്തരം ഡ്രൈവർമാരെ കണ്ടെത്തി മാരകമായ റോഡപകടങ്ങൾ ഒഴിവാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റത്തിനെതിരെ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ പരിശോധനയും. യോഗ്യതയില്ലാത്ത വിദേശ പൗരന്മാർ കമേഴ്സ്യൽ ട്രക്കുകളും ബസുകളും ഓടിക്കാനുള്ള ലൈസൻസ് നേടുന്നത് തടയാൻ യു.എസ് ഗതാഗത വകുപ്പ് അടുത്തിടെ കർശന ഉത്തരവിറക്കിയിരുന്നു.



