കാൻ്റർവിഷൻ(Canter Visscher) തൻ്റെ എഴുത്തിൽ ഈ ഭൂമിയെ (കേരളക്കരയെ) സൂക്ഷ്മമായി പരിശോധിച്ചാൽ സമുദ്രത്തിനടിയിൽ കിടന്നിരുന്ന ഒന്നായിരുന്നു ഇതെന്ന് ആരും സമ്മതിക്കുമെന്നാണ്. മി.റോഡ് തിരുവിതാംകൂർ എഡ്മിനിസ്ട്രേഷൻ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത് ഒരു കാലത്ത് കോഴിക്കോട്ടു മുതൽ കൊല്ലത്തിനു തെക്കു വരെയുള്ള ഭാഗങ്ങൾ സമുദ്രനിരപ്പിൽ നിന്നും വളരെ ഉയരമുള്ള പ്രദേശമായിരുന്നു എന്നാണ്. പക്ഷെ അത് എങ്ങനെയോ സമുദ്രത്തിലാണ്ടുപോയി. പിന്നെ കുറെ കാലങ്ങൾക്കു ശേഷം അഗ്നിപർവ്വതം പൊട്ടുക, ഭൂകമ്പമുണ്ടാകുക മുതലായ കാരണങ്ങളെകൊണ്ട് വീണ്ടും കരയായി തീരുകയാണുണ്ടായത്. ഞാനിത്രയം ഉറപ്പിച്ചു പറയുവാൻ കാരണമുണ്ട്. വർക്കലത്തുരവുണ്ടാക്കുന്ന സമയത്ത് അതിനുള്ളിൽ നിന്നും മരങ്ങളുടെ അവശിഷ്ടങ്ങൾ, മത്സ്യാവശിഷ്ടങ്ങൾ ഒരു തരം തോടുള്ള മത്സ്യത്തിൻ്റേതാണെന്നും അവ സമുദ്രത്തിൽ മാത്രം ജീവിക്കുന്ന ഒന്നാണെന്നും തെളിഞ്ഞിട്ടുമുണ്ട്. ഇന്ന് കേരളത്തിലെ സമുദ്രവക്കത്തും, സമതല പ്രദേശത്തും മറ്റും സമുദ്രത്തിനടിയിലെ മണലും, ചുണ്ണാമ്പ് കലർന്ന കല്ലുകളും കളിമണ്ണും കാണപ്പെട്ടുന്നതു കൊണ്ട് ഒരുകാലത്ത് ഇന്നത്തെ കേരള പ്രദേശം സമുദ്രത്തിനടിയിലായിരുന്നുവെന്നും പിന്നീട്ടുണ്ടായ ഭൂഗർഭശക്തികളുടെ പ്രവർത്തനം കാരണം കടലിൽ നിന്നും പൊങ്ങി വന്നു കരവെച്ചുണ്ടായതാണെന്നും അനുമാനിക്കാം. ശൂര്യനാട്ടുകുഞ്ഞൻ പിള്ള കേരളത്തെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നത് ഇങ്ങനെയാണ് “മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്നു വീണ്ടെടുത്തതാണ് കേരളമെന്നും അവിടെയാണ് ഭാർഗ്ഗവൻ ബ്രാഹ്മണരെ കൊണ്ടുവന്ന് താമസിപ്പിച്ചതെന്നുമുള്ളതിന് കേരളം ഒരു കാലത്ത് സമുദ്രത്തിൽ മുങ്ങിക്കിടന്നിരുന്നുവെന്നും പിന്നീട് ഭൂകമ്പം കൊണ്ടോ മറ്റോ ഉയർന്നുവന്നുവെന്നും, അങ്ങനെയുള്ള ഈ നാട്ടിൽ പരശുരാമൻ ബ്രാഹ്മണരെക്കൊണ്ടുവന്നു താമസിപ്പിച്ചു എന്നും മാത്രമേ അർത്ഥമുള്ളൂ.
കേരളത്തിലെ കടൽക്കരയിൽ നിന്നു 5-6 നാഴികവരെ കിഴക്കോട്ട് സമനിരപ്പായും തെങ്ങുകൾ മാത്രം പ്രധാനകൃഷിയായും മണൽ മാത്രമുള്ളതായും കുറേ പ്രദേശങ്ങൾ കാണാം. അവിടങ്ങളിൽ മറ്റു പ്രദേശങ്ങളിലെന്നപോലെ കുന്നുകളോ ചുകന്ന സാധാരണ മണ്ണോ ഇല്ല. കരൂപ്പടന്ന മുതൽ തെക്കോട്ട് പല സ്ഥലത്തും വലിയ കായലുകളുമുണ്ട്. ആ കായലിന്നിപ്പുറവും കുറേ ഉള്ളോട്ട് അത്തരം മണൽ പ്രദേശമാകുന്നു. ഇതെല്ലാം കാലാന്തരത്തിൽ വീണ്ടും സമുദ്രം ക്രമത്താലെ പിൻവാങ്ങി കരവെച്ചുണ്ടായതാണെന്നതിലേയ്ക്ക് സംശയമില്ല.
രാമേശ്വരത്തുള്ള മഹേന്ദ്ര പർവ്വതത്തിൽ നിന്നാണ് ഹനുമാൻ ലങ്കയിലേയ്ക്ക് ചാടിയതെന്നു വാല്മീകി രാമായണത്തിൻ പറഞ്ഞിരിക്കുന്നു. ആ പർവ്വതം സമുദ്രകരയിലാണെന്നും പറയുന്നുണ്ട്. ഇന്നാണെങ്കിൽ സമുദ്രം അവിടെനിന്നു നാലഞ്ചു നാഴിക തെക്കോട്ട് നീങ്ങിയിട്ടിരിക്കുന്നു. അവിടെയെല്ലാം മണൻ നിറഞ്ഞ കരയാവുകയും ചെയ്തിട്ടുണ്ട്. അതിനാൽ രാമായണം എഴുതിയ കാലത്ത് ആ പർവ്വതത്തിൻ്റെ തെക്കുവശം മുതൽ സമുദ്രമായിരുന്നുവെന്നും പിന്നീട് ക്രമത്താലെ സമുദ്രം തെക്കോട്ട് നീങ്ങിയിട്ടാണ് കരയുണ്ടായതെന്നും വിശ്വസിക്കാതിരിക്കാൻ കഴിയില്ല. മാത്രമല്ല ആ രാമേശ്വരം മുനമ്പ് (പിണ്ഡം മുതലായ പിതൃകർമ്മങ്ങൾ ചെയ്യുന്ന സ്ഥലം) കടൽ തെക്കോട്ട് നീങ്ങി വീണ്ടും കരവെച്ചു കൊണ്ടിരിക്കുകയാണെന്നു അറിവായിട്ടുണ്ട്. ഇതെല്ലാം കൂടി നോക്കുമ്പോൾ തെക്കെ ഇന്ത്യയിലെ ഭൂമി ഇന്നത്തെ മാതിരിയായതിനു ശേഷം കുറെക്കാലം കഴിഞ്ഞാണ് കേരള ഭൂമിയുണ്ടായതെന്ന് വിശ്വസിക്കേണ്ടി വരും.
അപ്പോൾ കിഴക്ക് പടിഞ്ഞാറ് സമതലം 30-35 നാഴികയോളം വിസ്താരത്തിലും, കന്യാകുമാരി മുതൽ തപതി നദി – അഥവാ സൂറത്തു വരെ തെക്ക് വടക്കു കുറച്ച് പടിഞ്ഞാട്ട് ചരിഞ്ഞുകൊണ്ട് ഉദ്ദേശം 1200 നാഴിക നീളത്തിലുമാണ് അറബിക്കടൽ തീരം കിടക്കുന്നത്. അതിൽ ഗോകർണ്ണം വരെയുള്ള പ്രദേശത്തെ മാത്രം ഭാർഗവക്ഷേത്രം എന്ന് പറയുന്നത് എങ്ങനെയാണ്? ഇനി പരശുരാമൻ സമുദ്രത്തിൽ നിന്നും വീണ്ടെടുത്ത് സൃഷ്ടിച്ചതാണ് ഈ കേരളമെന്ന കഥ വിശ്വസിക്കുകയാണെങ്കിൻ അത് ഗോകർണ്ണം മുതൽ ആരംഭിച്ചാൽ മതിയാകയില്ല. തപതി മുതൽക്കു തന്നെ തുടങ്ങേണ്ടി വരും. എന്തെന്നാൽ കിഴക്ക് സഹ്യൻ്റെ കിടപ്പ്, കുന്നും മലയും നിറഞ്ഞ ഭൂപ്രകൃതി, നദികളുടെ ബാഹുല്യം, മണ്ണിൻ്റെ പ്രകൃതി, കാലാവസ്ഥയുടെ സ്വഭാവം മുതലായതെല്ലാം ഒരുവിധത്തിൽ കിടക്കുന്നതുകൊണ്ട് കന്യാകുമാരി മുതൽ തപതി വരെയുള്ള വിസ്താരം കുറഞ്ഞ ഈ കടൽക്കര മുഴുവൻ ഒരേ കാലത്ത് ഒരേ കാരണത്താലുണ്ടായതാണെന്നേ വിശ്വസിക്കാൻ കഴിയൂ.
ഇതിനെപ്പറ്റി തക്കതായ ഒരന്വേഷണം നടത്തിയതിൻ്റെ ഫലമായി ഭാർഗ്ഗവക്ഷേത്രം – അഥവാ പരശുരാമക്ഷേത്രം എന്ന ഈ പേർ ഗോകർണ്ണപര്യന്തമുള്ള കേരളത്തിനു മാത്രമല്ല സൂറത്തുവരെയുള്ള കടലോര പ്രദേശത്തിനും മുഴുവൻ തന്നെയുണ്ട്. കേരളോല്പത്തിയിൽ തന്നെ കന്യാകുമാരി മുതൽ തപതി വരെയുള്ള പ്രദേശത്തേയാണ് ഭാർഗ്ഗവ ക്ഷേത്രമെന്ന് പറയുന്നത്. തുളുനാട്ടിൽ പ്രചാരമുള്ള ഗ്രാമപദ്ധതിയിലും പരശുരാമക്ഷേത്രം സൂറത്തുമുതൽ കന്യാകുമാരിവരെ നീണ്ടു കിടക്കുന്നതായി പറഞ്ഞിരിക്കുന്നു. നമ്മുടെ കേരളോല്പത്തി മുതലായവയിലെ കഥകളേപ്പോലെ അല്പസ്വല്പം പ്രകാരഭേദങ്ങളുണ്ടെങ്കിലും – ഭൂമിയുടെ ഉല്പത്തിയേക്കും പരശുരാമനേയും അവിടങ്ങളിലെ ബ്രാഹ്മണരേയും കൂട്ടികൊണ്ടുള്ള പല കഥകളും സൂറത്തുമുതൽ കന്യാകുമാരിവരേയുള്ള പ്രദേശങ്ങളിൽ പ്രചാരത്തിലുണ്ട്.
ഗോകർണ്ണത്തിനു തൊട്ടുവടക്കായി ഗംഗാവളി നദി സഹ്യത്തിൽ നിന്നുത്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകുന്നു. ഇതിന് തെക്കുള്ള ഭാഗത്തെ കേരളമെന്നും വടക്കുള്ള ഭാഗത്തെ കൊങ്കണം എന്നും പറയുന്നു.കൊങ്കണത്തിൻ്റേയും കേരളത്തിൻ്റേയും അതിര് ഈ ഗംഗാവളി നദിയാണെന്നും 1800 ൽ ബുക്കാനൻ രേഖപ്പെടുത്തിയിരിക്കുന്നതും ഇതിനു തെളിവാണ്. സ്ക്കന്ദപുരാണത്തിലെ സഹ്യാദ്രിഖണ്ഡം ഉത്തരരഹസ്യം ഉത്തരാർദ്ധത്തിൽ നാസികാത്ര്യം ബകം മുതൽ കന്യാകുമാരി വരെ പരശുരാമൻ പുതുതായി സൃഷ്ടിച്ച ഭൂമിയാണെന്ന് പറഞ്ഞിട്ടുണ്ട്. അതിനെ ഖരാടം, വരാടം, മരാടം, കൊങ്കണം, ഹവ്യഗം, തൗളവം, കേരളം എന്നിങ്ങനെ ഏഴായി വിഭജിച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്.




നമസ്ക്കാരം ഗുരുജികേരള ചരിത്രം നന്നായി പറഞ്ഞിരിക്കുന്നു. നിഗൂഢതകൾ വെളിപ്പെടുത്തുന്ന വിവരണം നന്ദി ഗുരുജി .
സരോജിനി ഒരുപാട് സന്തോഷം