സാന്ത്വനം പകരുന്നവരാകാം (യോഹ.11:32 – 36)
യേശു കണ്ണുനീർ വാർത്തു” (വാ. 35).
കണ്ണുനീർ ആർദ്രതയുടെയും അനുകമ്പയുടെയും വെളിപ്പെടുത്തലാണ്; ഒപ്പം,
ദുഃഖത്തിന്റെയും ഏകീഭാവത്തിന്റെയും. യേശുവിൽ അതു നിറഞ്ഞു തുളുമ്പിയ ഒരു വേളയെക്കുറിച്ചാണ് ലാസറിന്റെ മരണത്തോടു ബന്ധപ്പെട്ട് ധ്യാന ഭാഗത്തു
രേഖപ്പെടുത്തിയിരിക്കുന്നത്. “യേശു കണ്ണുനീർ വാർത്തു” എന്ന രേഖപ്പെടുൽ വളരെ അർത്ഥപൂർണ്ണമാണ്. പുരുഷന്മാർ കരയുന്നത് ബലഹീനത ആയാണു പലപ്പോഴും കരുതാറുള്ളത്. എന്നാൽ, നമ്മുടെ കർത്താവ് ലാസറിന്റെ കല്ലറയ്ക്കൽ കരഞ്ഞവ
നാണ്. മനുഷ്യരുടെ ദു:ഖങ്ങളിലും ദുരിതങ്ങളിലും വേദനിച്ചിരുന്നവനാണ് താൻ. എങ്കിൽ, അവന്റെ ജീവിത കാലടികളെ പിന്തുടരുന്ന നമ്മിലും, ആദ്രതയുടെയും
മനസ്സലിവിന്റെയും അനുഭവം ശക്തമായിരിക്കണം. താൻ മറ്റുള്ളവർക്കു സാന്ത്വനം പകർന്നവനായിരുന്നു എങ്കിൽ, നാമും ദു:ഖത്തിലും വേദനയിലും ഇരിക്കുന്നവർക്ക് സാന്ത്വനം പകരുന്നവർ ആയിരിക്കണം.
നയിനിലെ വിധവ, തന്റെ മകന്റെ ശവമഞ്ചത്തിനു പുറകിലായി കരഞ്ഞും
കൊണ്ടു വരുന്നതു കണ്ടപ്പോൾ, യേശു മനസ്സലിഞ്ഞു എന്നാണു സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നത് (ലൂക്കോ. 7:13). “യേശു മനസ്സലിഞ്ഞു” എന്നു രേഖപ്പെടുത്തിയിരിക്കുന്ന അനേക സന്ദർഭങ്ങൾ, നമുക്കു സുവിശേഷങ്ങളിൽ കാണാനാകും. എന്നാൽ, മുകളിൽ സൂചിപ്പിച്ചിരിക്കുന്ന രണ്ടു സന്ദർഭങ്ങളിലും, മരണത്തിന്മേൽ അധികാരമുള്ളവനായ താൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് തനിക്കറിയാമായിരുന്നു എന്നതിനാൽ, മനസ്സലിയേണ്ടതിന്റെയോ, കണ്ണീർ വർക്കേണ്ടതിന്റെയോ കാര്യം ഒന്നുമില്ലായിരുന്നു; നേരേ അവരേയങ്ങു
ഉയർപ്പിച്ചാൽ മതിയായിരുന്നുവെന്ന് നമുക്കു വേണമെങ്കിൽ ചിന്തിക്കാം. പിന്നെ എന്തിനാണ് താൻ അത് ചെയ്തത്? നമ്മുടെ ജീവിതത്തിൽ നമുക്കു പിൻ പറ്റുവാൻ താനൊരു മാതൃക സൃഷ്ടിക്കുകയായിരുന്നു എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല! മരണ വീട്ടിൽ പോലും ഉറക്കെ സംഭാഷണത്തിൽ ഏർപ്പെടുകയും പൊട്ടിച്ചിരിക്കുകയും ഒക്കെ ചെയ്യുന്നവരെ, ദുർലഭമായിട്ടെങ്കിലും കാണാറുണ്ട്. ആർദ്രതയുടെയും മനസ്സലിവിന്റെയും മനോഭാവത്തിന്റെ അഭാവമാണത് കാണിക്കുന്നത്!
ദുഃഖത്തിലിരിക്കുന്നവർക്ക് നമ്മുടെ വാക്കു കൊണ്ടോ, നോട്ടം കൊണ്ടോ, കരസ്പർശം കൊണ്ടോ സാന്ത്വനം പകരുവാൻ കഴിഞ്ഞേക്കാം. അതിനു നമ്മൾ സന്നദ്ധരാകുമോ? യേശു കർത്താവിൽ ഉണ്ടായിരുന്ന മനസ്സലിവിന്റെയും സാന്ത്വനം പകർന്നു നൽകുന്നതിന്റെയും ഭാവം നമ്മിൽ ശക്തിപ്പെടട്ടെ… ദൈവം സഹായിക്കട്ടെ..
ചിന്തയ്ക്ക്: കർത്താവു പ്രകടമാക്കിയ മനോഭാവങ്ങളുടെ ഉടമകളാകാൻ
നമുക്കും സാധിക്കണം!



