ന്യൂഡല്‍ഹി: വിവാഹാനന്തരം സ്ത്രീകള്‍ നേരിടുന്ന സ്ത്രീധന പീഡനങ്ങളെയും ക്രൂരതകളെയും അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രിംകോടതി. 2010ല്‍ ചത്തീസ്ഗഢില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസ് പരിഗണിക്കവെയായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. ഭോപ്പാലില്‍ വിവാഹം കഴിഞ്ഞ് അഞ്ചു മാസത്തിനുള്ളില്‍ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 33കാരി ട്വിഷാ ശര്‍മയുടെ കേസ് രാജ്യവ്യാപകമായി ചര്‍ച്ചയാകുന്ന പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയുടെ ഈ കടുത്ത പരാമര്‍ശങ്ങള്‍ വരുന്നത്.
മാനസിക പീഡനവും സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനവുമാണ് ട്വിഷയുടെ മരണത്തിന് കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. വിവാഹശേഷം പെണ്‍കുട്ടികളെയും അവരുടെ കുടുംബത്തെയും പണത്തിനായി അപമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പ്രതികള്‍ക്ക് കര്‍ശനമായ സന്ദേശം നല്‍കണമെന്നും ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. വിദ്യാഭ്യാസമുള്ളവര്‍ പോലും ഇത്തരത്തിലുള്ള സാമ്പത്തിക ചൂഷണങ്ങളില്‍ ഏര്‍പ്പെടുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു.
‘എന്തിനാണ് യുവാക്കള്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ചുകൊണ്ടുവന്ന ശേഷം അവരെയും അവരുടെ കുടുംബത്തെയും അപമാനിക്കുന്നത്? വധുവിനെയും കുടുംബത്തെയും ഇത്തരത്തില്‍ നിരന്തരം അപമാനിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന ശക്തമായ സന്ദേശം സമൂഹത്തിന് നല്‍കേണ്ടതുണ്ട്’ കോടതി പറഞ്ഞു. 2010ല്‍ ഛത്തീസ്ഗഡില്‍ നടന്ന സംഭവത്തിലാണ് കോടതിയുടെ ഈ ഇടപെടല്‍.
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുള്ളില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പണവും കാറും ഉള്‍പ്പെടെയുള്ളവ ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മരണത്തിന് തൊട്ടുമുന്‍പ് യുവതി, സാമ്പത്തിക ആവശ്യങ്ങള്‍ ഉന്നയിച്ച് ക്രൂരമായ പീഡനത്തിന് ഇരയായിരുന്നുവെന്ന് അവളുടെ കുടുംബം കോടതിയില്‍ മൊഴിനല്‍കി. തുടര്‍ച്ചയായ സ്ത്രീധന പീഡനങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് വിചാരണ കോടതി കണ്ടെത്തുകയും ചെയ്തിരുന്നു.
ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, കീഴ്ക്കോടതികള്‍ വിധിച്ച ശിക്ഷ ശരിവെക്കുകയും ചെയ്തു. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികള്‍ക്ക് ഇളവ് നല്‍കാന്‍ വിസമ്മതിച്ച സുപ്രിംകോടതി, വധുവിനെയും കുടുംബത്തെയും അപമാനിക്കുന്നവര്‍ക്ക് ശക്തമായ സന്ദേശം നല്‍കേണ്ടതുണ്ടെന്ന് വ്യക്തമാക്കി. വിവാഹശേഷം വധുവിന്റെ കുടുംബത്തെ പിഴിഞ്ഞെടുക്കാന്‍ ശ്രമിക്കുന്ന രീതിയാണ് നിലവിലുള്ളതെന്നും ഇത് സാമ്പത്തിക സമ്മര്‍ദത്തിന്റെ ഭാഗമാണെന്നും കോടതി വിമര്‍ശിച്ചു.
ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, ക്രൂരതയും പീഡനവും തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കോടതി ശിക്ഷിച്ചിരുന്നു. ഈ വിധി പിന്നീട് ഛത്തീസ്ഗഢ് ഹൈക്കോടതിയും ശരിവെക്കുകയുണ്ടായി. തനിക്കെതിരേ സെക്ഷന്‍ 498എ മാത്രമാണ് ചുമത്തിയിട്ടുള്ളതെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും പ്രതിഭാഗം സുപ്രിംകോടതിയില്‍ വാദിച്ചു. എന്നാല്‍, നിങ്ങള്‍ക്കെതിരേ 498എ മാത്രമാണ് ചുമത്തിയതെന്നും മൂന്ന് വര്‍ഷം മാത്രമേ ശിക്ഷയുള്ളൂ എന്നതിലും നിങ്ങള്‍ സന്തോഷിക്കുകയാണ് വേണ്ടത് എന്ന് ജസ്റ്റിസ് നാഗരത്ന ഇതിന് മറുപടിയായി പറഞ്ഞു.



