Saturday, May 30, 2026
Homeഅമേരിക്കഇറാനുമായുള്ള കരാറിന്‌ യു.എസ്‌. ഒരുങ്ങുന്നു.

ഇറാനുമായുള്ള കരാറിന്‌ യു.എസ്‌. ഒരുങ്ങുന്നു.

ഇറാനുമായുള്ള കരാറിന്‌ യു.എസ്‌. ഒരുങ്ങുന്നു. ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനത്തിലെത്താന്‍ വൈറ്റ്‌ ഹൗസിലെ സീറ്റുവേഷന്‍ റൂമില്‍ യു.എസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ നേതൃത്വത്തില്‍ അടിയന്തര ചര്‍ച്ച തുടങ്ങി.

ഹോര്‍മുസ്‌ കടലിടുക്കിലെ യു.എസ്‌ നാവിക ഉപരോധം പിന്‍വലിക്കുമെന്ന്‌ ചര്‍ച്ചയ്‌ക്കു മുമ്പ്‌ ട്രംപ്‌ സൂചന നല്‍കി. തന്ത്രപ്രധാനമായ ഹോര്‍മുസ്‌ കടലിടുക്ക്‌ വീണ്ടും തുറക്കുന്നത്‌ സ്വന്തം വ്യവസ്‌ഥകള്‍ ഉറപ്പുവരുത്തിയാകുമെന്ന്‌ ടെഹ്‌റാനും പ്രതികരിച്ചു.മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധങ്ങള്‍ പിന്‍വലിക്കുമെന്നും കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ക്കു മടങ്ങിത്തുടങ്ങാമെന്നും യു.എസ്‌ പ്രസിഡന്റ്‌ പറഞ്ഞു. ഇറാനുമായുള്ള ചര്‍ച്ചകളുടെ ഭാവി നിര്‍ണയിക്കാന്‍ വൈറ്റ്‌ ഹൗസ്‌ സിറ്റുവേഷന്‍ റൂമിലേക്ക്‌ പോകുകയാണെന്നും ട്രൂത്ത്‌ സോഷ്യലില്‍ ട്രംപ്‌ പ്രസ്‌താവിച്ചു. യോഗത്തിലെ തീരുമാനത്തെ ആശ്രയിച്ചിരിക്കും വാഷിങ്‌ടണ്‍- ടെഹ്‌റാന്‍ ധാരണകള്‍.

അന്തിമ തീരുമാനം എടുക്കാന്‍ സിറ്റുവേഷന്‍ റൂമില്‍ കൂടിക്കാഴ്‌ചയ്‌ക്കു പോകുന്നെന്ന്‌ ട്രംപ്‌ കുറിച്ചത്‌ ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കാമെന്ന അനുമാനങ്ങള്‍ക്കു വഴിവച്ചിട്ടുണ്ട്‌. നാളെയോടെ കരാര്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ്‌ സൂചന കരാറിന്റെ അടിസ്‌ഥാനമായേക്കാവുന്ന പ്രധാന വ്യവസ്‌ഥകള്‍ ട്രംപ്‌ വിശദീകരിച്ചു. ഇറാന്‍ ഒരിക്കലും ഒരു ആണവായുധമോ ബോംബോ വികസിപ്പിക്കാന്‍ പാടില്ല. ടോള്‍ ഇല്ലാതെ അനിയന്ത്രിതമായ വാണിജ്യ ഷിപ്പിങ്ങിനായി ഹോര്‍മുസ്‌ കടലിടുക്ക്‌ വീണ്ടും തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച വെടിനിര്‍ത്തല്‍ 60 ദിവസത്തേക്കു കൂടി നീട്ടുക, ഹോര്‍മുസ്‌ കടലിടുക്ക്‌ തുറക്കുക, ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച്‌ ചര്‍ച്ചയാരംഭിക്കുക എന്നിവയാണ്‌ ധാരണാപത്രത്തിലെ പ്രധാന വ്യവസ്‌ഥകള്‍. 60 ദിവസത്തേക്കുള്ള വെടിനിര്‍ത്തല്‍ ആവശ്യമെങ്കില്‍ ഉഭയസമ്മതപ്രകാരം വീണ്ടും ദീര്‍ഘിപ്പിക്കും. ടോള്‍ ഈടാക്കാതെതന്നെ ഹോര്‍മുസ്‌ കടലിടുക്ക്‌ തുറന്നുകൊടുക്കും. ഹോര്‍മുസില്‍ സ്‌ഥാപിച്ച ജലബോംബുകള്‍ ഇറാന്‍ 30 ദിവസത്തിനകം നീക്കംചെയ്യും. ഹോര്‍മുസില്‍ യു.എസ്‌. ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കും. സ്വതന്ത്രമായി എണ്ണ വില്‍പ്പന സാധ്യമാകുന്ന വിധത്തില്‍, ഇറാനുമേലുള്ള യു.എസ്‌. ഉപരോധങ്ങളില്‍ ചിലതും പിന്‍വലിക്കും. ഇറാന്‍ ആണവായുധമുണ്ടാക്കാന്‍ ശ്രമിക്കരുതെന്ന വ്യവസ്‌ഥയും ധാരണാപത്രത്തിന്റെ ഭാഗമാണ്‌. 60 ദിവസക്കാലാവധിയില്‍ ഇറാന്റെ യുറേനിയം സമ്പുഷ്‌ടീകരണം നിര്‍വീര്യമാക്കണമെന്നതാണ്‌ മറ്റൊരു വ്യവസ്‌ഥ.

മരവിപ്പിച്ച ഫണ്ടുകള്‍ വിട്ടുനല്‍കണമെന്നും ഉപരോധം പൂര്‍ണമായി പിന്‍വലിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇറാന്‍ പൂര്‍ണമായി വ്യവസ്‌ഥകള്‍ പാലിക്കുമ്പോള്‍ അക്കാര്യം പരിഗണിക്കാമെന്നതാണ്‌ യു.എസ്‌. നിലപാട്‌. ഇറാന്‌ മാനുഷികസഹായങ്ങളും മറ്റ്‌ അവശ്യസഹായങ്ങളും ലഭ്യമാക്കണമെന്ന വ്യവസ്‌ഥയും കരാറിന്റെ ഭാഗമാണ്‌. ലെബനന്‍ കേന്ദ്രീകരിച്ചുള്ള ഇസ്രയേല്‍-ഹിസ്‌ബുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന ഇറാന്റെ ആവശ്യം സംബന്ധിച്ച്‌ പ്രസിഡന്റ്‌ ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം നടന്നതായും ‘ആക്‌സിയോസ്‌’ റിപ്പോര്‍ട്ട്‌ ചെയ്‌തു. കരാര്‍ ഉടനുണ്ടാകുമെന്ന്‌ പറയുമ്പോഴും ഇതുസംബന്ധിച്ച്‌ ഇറാന്റെ ഭാഗത്തുനിന്ന്‌ ഔദ്യോഗിക സ്‌ഥിരീകരണമുണ്ടായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com