Sunday, May 31, 2026
Homeഅമേരിക്കമിശിഹായുടെ സ്നേഹിതർ (42) 'വിശുദ്ധ ഫ്രാൻസിസ് ബോർഗിയ' ✍ അവതരണം: നൈനാൻ വാകത്താനം

മിശിഹായുടെ സ്നേഹിതർ (42) ‘വിശുദ്ധ ഫ്രാൻസിസ് ബോർഗിയ’ ✍ അവതരണം: നൈനാൻ വാകത്താനം

കാറ്റലോണിയിലെ പ്രഭുവും ജെസ്യൂട്ട്സിന്റെ മൂന്നാമത്തെ ജനറലുമായ ഫ്രാൻസിസ് ബോർഗിയ 1510-ൽ ആണ് ജനിച്ചത്. പിതാവിന്റെ ചരിത്രത്തിലേക്ക് നോക്കിയാൽ പോപ്‌ അലക്സാണ്ടർ ആറാമന്റെ പേരക്കുട്ടിയും മാതാവിന്റെ ചരിത്രത്തിലേക്ക് നോക്കിയാൽ ‘ഫെർഡിനാൻഡ് ദി കത്തോലിക്ക്’ ന്റെ മകന്റെ പേരക്കുട്ടിയുമാണ് ഈ വിശുദ്ധൻ. തന്റെ പൂർവികർ ചെയ്ത പാപങ്ങൾക്കുള്ള ഒരു പ്രായശ്ചിത്തമായിരുന്നു ഇദ്ദേഹത്തിന്റെ വിശുദ്ധി നിറഞ്ഞ ജീവിതം.

1492 മുതല്‍ 1503 വരെ മാര്‍പാപ്പയായിരുന്ന അലക്‌സാണ്ടര്‍ ആറാമന്‍ വിവാഹിതനായ ശേഷമായിരുന്നു ആ പദവിയിലെത്തിയത്. ഫ്രാന്‍സീസിന്റെ അച്ഛന്‍ ജുവാന്‍ ബോര്‍ഗിയ ഒരു പ്രഭുവായിരുന്നു. വി. ഫ്രാന്‍സീസ് അസീസിയുടെ ഭക്തയായിരുന്നു അമ്മ. തനിക്കൊരു ആണ്‍കുഞ്ഞ് ജനിക്കുകയാണെങ്കില്‍ അവന് ഫ്രാന്‍സീസ് എന്നു പേരിടാമെന്ന് ആ അമ്മ നേര്‍ച്ച നേര്‍ന്നിരുന്നു. ബാലനായിരിക്കുമ്പോള്‍ അമ്മയുടെ ഭക്തി കണ്ടാണ് ഫ്രാന്‍സീസ് വളര്‍ന്നത്. വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കാനും മുടക്കം വരാതെ പ്രാര്‍ത്ഥിക്കുവാനും ഫ്രാന്‍സീസ് എപ്പോഴും ശ്രമിച്ചു. സ്‌പെയിനിലെ ചാള്‍സ് അഞ്ചാമന്‍ രാജാവിന്റെ കൊട്ടാരത്തില്‍ വളര്‍ന്ന ഫ്രാന്‍സീസിന് മികച്ച വിദ്യാഭ്യാസവും ലഭിച്ചു.

ആഫ്രിക്കയിലേക്കുള്ള പടയോട്ടത്തില്‍ ചാള്‍സ് രാജാവിനു തുണയായി ഫ്രാന്‍സീസുമുണ്ടായിരുന്നു. കാറ്റലോണിയയിലെ വൈസ്‌റോയി പദവിയും ഗാന്‍ഡിയയിലെ പ്രഭു പദവിയും അലങ്കരിച്ചു. സ്‌പെയിനിലെ രാജ്ഞിയായിരുന്ന ഡോണാ ഇസബെല്ലിനു ഫ്രാന്‍സീസിനോട് പ്രത്യേക വാത്സല്യമുണ്ടായിരുന്നു. അവരുടെ നിര്‍ബന്ധപ്രകാരമാണ് അദ്ദേഹം വിവാഹം കഴിച്ചത്. എലീനര്‍ ദെകാസ്‌ത്രോ എന്നു പേരുള്ള ഒരു പ്രഭ്വിയായിരുന്നു ഭാര്യ. ഭക്തി യോടും ഈശ്വരചൈതന്യത്തോടും കൂടി ദാമ്പത്യജീവിതം നയിച്ച അവര്‍ക്ക് എട്ടു മക്കളുമുണ്ടായി.

ചാൾസ്‌ അഞ്ചാമൻ ചക്രവർത്തിയുടെ കൊട്ടാരത്തിലെ ഒരുയർന്ന പ്രഭുവും നാടുവാഴിയും എന്ന നിലയിൽ അദ്ദേഹം സമൂഹത്തിൽ വളരെയേറെ ബഹുമാനിതനായിരുന്നു. 1539 മെയ്‌ 1ന് മനോഹരിയായ ചക്രവർത്തിനി ഇസബെല്ലയുടെ മരണത്തെ തുടര്‍ന്നു അവരുടെ ശരീരം ഗ്രാനഡായിലേക്ക് കൊണ്ടു പോകുന്ന വഴി വികൃതമായ അവരുടെ മുഖം ദർശിച്ച മാത്രയിൽ ഇഹലോക സുഖങ്ങൾ വെടിയുന്നതിനും രാജാധിരാജനായ ദൈവത്തെ സേവിക്കുന്നതിനും അദ്ദേഹം തീരുമാനമെടുത്തു. ”തിളക്കമുള്ള ആ കണ്ണുകള്‍ക്ക് എന്താണു പറ്റിയത്? സുന്ദരമായ ആ മുഖം എവിടെ? ഇതു ഞങ്ങളുടെ ഇസബെല്‍ രാജ്ഞി തന്നെയാണോ?” ലൗകിക ജീവിതം മരണത്തോടെ അവസാനിക്കുമെന്നും ആത്മീയമായ സൗന്ദര്യമാണ് വലുതെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. 1546-ൽ തന്റെ ഭാര്യയുടെ മരണത്തോടെ, തന്റെ ജീവിതം ദൈവികകാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കണമെന്ന ചിന്ത അദ്ദേഹത്തെ അലട്ടുവാന്‍ തുടങ്ങി. അദ്ദേഹം ജീസസ് സൊസൈറ്റിയിൽ ചേരുകയും ഭൗതീക സുഖങ്ങളും പദവികളും എല്ലാം ഉപേക്ഷിച്ച് ഏകാന്തമായ ആത്മീയ ജീവിതം നയിക്കുവാൻ തീരുമാനമെടുക്കുകയും ചെയ്തു.

വിശുദ്ധന്റെ എളിമ നിറഞ്ഞ ജീവിതമാതൃകയിൽ ചക്രവർത്തിയായ ചാൾസ് അഞ്ചാമൻ വരെ ആകൃഷ്ടനായിരുന്നു. സിംഹാസനം ത്യജിക്കുവാനുള്ള ചക്രവർത്തിയുടെ തീരുമാനത്തിനു പിന്നിൽ വിശുദ്ധന്റെ ജീവിത മാതൃകയുടെ സ്വാധീനം വ്യക്തമാണ്. കഠിനമായ അച്ചടക്കവും ആത്മപീഡകളും നിറഞ്ഞ ജീവിത നയിച്ച വിശുദ്ധ ഫ്രാൻസിസ് ബോർഗിയ സ്വയം തന്നെ “ദരിദ്രനായ പാപി” എന്നാണ് വിളിച്ചിരുന്നത്.

സുഹൃത്തായിരുന്ന വി. ഇഗ്നേഷ്യസ് ലയോളയുടെ ഉപദേശം ശരിയായ വഴി തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. 1548 ല്‍ ജെസ്യൂട്ട് സഭയില്‍ ചേരുകയും 1551 ല്‍ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. 1565-ൽ അദ്ദേഹം തന്റെ സന്യാസ സഭയുടെ ജനറലായി തീർന്നു. തുര്‍ക്കി സാമ്രാജ്യത്തിനെതിരായി പോരാടുന്നതിനു വേണ്ടി അഞ്ചാം പീയൂസ് മാര്‍പാപ്പ ക്രൈസ്തവരെ യോജിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാ സ്ഥലങ്ങളിലും സന്ദര്‍ശിച്ച് ക്രൈസ്തവരെ ഒത്തുചേര്‍ക്കുന്ന ചുമതല അദ്ദേഹം ഫ്രാന്‍സീസിനെ ഏല്‍പ്പിച്ചു. പോയ സ്ഥലങ്ങളിലെല്ലാം അദ്ദേഹം സന്യാസസമൂഹങ്ങള്‍, കോളജുകള്‍, അഗതിമന്ദിരങ്ങള്‍ എന്നിവ തുടങ്ങി. നിരന്തരമായ യാത്ര അദ്ദേഹത്തിന്റെ ആരോഗ്യം മോശമാക്കി. 1572 ഒക്‌ടോബര്‍ 10 ന് അദ്ദേഹം മരിച്ചു. 1670ല്‍ പോപ് ക്ലെമന്റ് അഞ്ചാമന്‍ ഫ്രാന്‍സീസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

അവതരണം: നൈനാൻ വാകത്താനം✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com