Saturday, December 7, 2024
Homeസ്പെഷ്യൽമലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (ഏഴാം ഭാഗം) ശ്രീ. വള്ളത്തോൾ നാരായണമേനോൻ

മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (ഏഴാം ഭാഗം) ശ്രീ. വള്ളത്തോൾ നാരായണമേനോൻ

അവതരണം: പ്രഭാ ദിനേഷ്.

മലയാളി മനസ്സ് ലെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയുടെ ഏഴാം ഭാഗത്തിലേയ്ക്ക് സ്വാഗതം 🙏🙏

ആധൂനിക കവിത്രയത്തിൽ ഉൾപ്പെട്ട കേരളീയ നായ മഹാകവിയും , വിവർത്തകനുമാണ് ശ്രീ.വള്ളത്തോൾ നാരായണമേനോൻ .

വള്ളത്തോൾ നാരായണമേനോൻ (7️⃣)
(16/10/1878 -13/03/1958)

മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയിലൂടെ ഇന്ന് അവതരിപ്പിക്കുന്ന നക്ഷത്രപ്പൂവ് “കേരളവാൽമീകി ” യായി വിശേഷിപ്പിക്കപ്പെട്ട ശ്രീ . വള്ളത്തോൾ നാരായണ മേനോനെക്കുറിച്ചാണ് !

1878 ഒക്ടോബർ പതിനാറ് ന് മലപ്പുറം ജില്ലയിലെ തിരൂരിന് സമീപം ചേന്നര ഗ്രാമത്തിൽ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മ എന്ന പാർവതി അമ്മയുടെയും , കടുങ്ങോട്ട് മല്ലിശ്ശേരി ദാമോധരൻ ഇളയത് ൻ്റെയും മകനായി ജനിച്ചു .

അമ്മാവനായിരുന്ന രാമനുണ്ണി മേനോൻ്റെ കീഴിൽ നടന്ന സംസ്കൃത പഠനത്തിനു ശേഷം കൈക്കുളങ്ങര രാമവാര്യരിൽ നിന്നും തർക്കശാസ്ത്രം പഠിച്ചു . പന്ത്രണ്ടാം വയസ്സു മുതൽ വള്ളത്തോൾ കവിതകൾ എഴുതി തുടങ്ങി . കിരാതശതകം , വ്യാസാവതാരം എന്നിവയായിരുന്നു പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ ആദ്യകാല കൃതികൾ .തുടർന്ന് ഭാഷാപോഷിണി , കേരള സഞ്ചാരി , വിജ്ഞാന പോഷിണി തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിൻ്റെ കവിതകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി . വാൽമീകി രാമായണത്തിൻ്റെ മലയാളത്തിലേയ്ക്കുള്ള വിവർത്തനമായിരുന്നു വിവർത്തനരംഗത്ത് അദ്ദേഹത്തിൻ്റെ ആദ്യത്തെ പ്രധാന സാഹിത്യസംഭാവന .1905 ൽ ആരംഭിച്ച ഈ കൃതി പൂർത്തിയാക്കാൻ രണ്ടുവർഷം വേണ്ടി വന്നു .

1908 ൽ ഒരു രോഗബാധയെ തുടർന്ന് അദ്ദേഹം ബധിരനായി . ഇതേ തുടർന്നാണ്
‘ബധിരവിലാപം’ എന്ന കവിത രചിച്ചത് . 1913 ലാണ് ചിത്രയോഗം എന്ന മഹാകാവ്യം രചിച്ചത് . വാല്മീകി രാമായണം കൂടാതെ അഭിജ്ഞാന ശാകുന്തളം , ഋഗ്വേദം , മാതംഗലീല , പദ്മപുരാണം , മാർക്കണ്ഡേയപുരാണം , ഊരുഭംഗം , മധ്യമവ്യായോഗം , അഭിഷേകനാടകം , സ്വപ്നവാസവദത്തം തുടങ്ങിയ സംസ്കൃത കൃതികൾ അദ്ദേഹം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട് .

ഒരു കാലത്ത് ആശാൻ വള്ളത്തോൾ പക്ഷങ്ങളുടെ മൂപ്പിളമ തർക്കങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു മലയാള സാഹിത്യരംഗം . അറിയപ്പെടുന്ന പലരും പരസ്യമായി ത്തന്നെ ഇരുപക്ഷത്തും നിലയുറപ്പിച്ചതോടെ സാഹിത്യരംഗത്ത് വാദകോലാഹലങ്ങളൊഴിഞൊരു നേരമില്ലായിരുന്നു . പല പേരിൽ പല രൂപത്തിൽ സാഹിത്യകാരന്മാർ പരസ്പരം കവിതകളെഴുതിപ്പോലും തങ്ങളുടെ പക്ഷമാണ് മികച്ച തെന്ന് സമർത്ഥിച്ചു . എന്നാൽ വള്ളത്തോൾ കവിതകളിലെ ദേശീയബോധത്തിൻ്റെ കാര്യത്തിൽ മാത്രം പലപ്പോഴും ഇരുകൂട്ടരും ഒരുമിച്ചിരുന്നു !

മഹാകവി വള്ളത്തോൾ ശബ്ദസുന്ദരൻ മാത്രമല്ല ,ഉറച്ച ദേശീയ ബോധമുള്ള സ്വാതന്ത്ര്യഗായകൻ കൂടിയായിരുന്നു .

സ്വാതന്ത്ര്യദാഹം മലയാളക്കരയെ പിടിച്ചു കുലുക്കുന്ന കാലത്തായിരുന്നു വള്ളത്തോൾ നാരായണമേനോൻ്റെ കവിതാജീവിതം ഏറ്റവും പുഷ്ക്കല മായിരുന്നത് . മഹാത്മാഗാന്ധിയും ബാലഗംഗാധരതിലകനും സുഭാഷ് ചന്ദ്രബോസും ഉൾപ്പെടെയുള്ളവർ ദേശീയ ജീവിതത്തിൻ്റെ മാതൃകകളായി ഉയർന്നു നിൽക്കുന്ന കാലം !

മണ്ണ് , മാതൃഭാഷ , മാതൃഭൂമി ഇവ മൂന്നിനേയും ആസ്പദമാക്കി വള്ളത്തോൾ രചിച്ച കവിതകൾ മലയാളിയെ ദേശീയബോധത്തിലേയ്ക്കുയർത്തി . കേരളത്തെ ഉദ്ദേശിച്ചു കൊണ്ടെഴുതിയതാണെങ്കിലും വള്ളത്തോളിൻ്റെ ‘മാതൃവന്ദനം ‘ എന്ന കവിതയിലെ

‘വന്ദിപ്പിൻ മാത്രാവിനെ , വന്ദിപ്പിൻ മാതാവിനെ വന്ദിപ്പിൻ വരണ്യയെ , വന്ദിപ്പിൽ വരദയെ ‘ എന്നുള്ള വരികൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ തേജസ്സോടെ നിറഞ്ഞു നില്ക്കുന്ന സർവാംഗ വിഭൂഷിതയായ ഭാരതാംബ തന്നെയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല .

ഗാന്ധിജി സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ സജീവമായതോടെ വള്ളത്തോളിൻ്റെ കവിതകളിൽ സ്വദേശിയും , സ്വാഭിമാനവും ഒപ്പം അഹിംസയും നിറഞ്ഞു തുടങ്ങി . ഒരർത്ഥത്തിൽ ഗുരുനാഥനായ ഗാന്ധിജിയായിരുന്നു വള്ളത്തോളിനെ ദേശീയഗീതങ്ങളിലേയ്ക്ക് കൂടുതൽ ചേർത്തു നിറുത്തിയത് .

‘ പോരാ പോരാ നാളിൽ നാളിൽ ദൂര ദൂരമായുരട്ടെ ഭാരതഷ്മ ദേവിയുടെ തൃപ്പതാകകൾ !
നമ്മൾ നൂറ്റ നൂലൂ കൊണ്ട് നമ്മൾ നെയ്ത വസ്ത്രം കൊണ്ട് നിർമ്മിതം
ഇത നീതിക്കൊരന്ത്യാവരണം …
എന്ന വരികൾ കേരളത്തിലെ ഓരോ സ്വാതന്ത്ര്യ സമരഭടന്മാർക്കും അക്കാലത്ത് ആവേശമായി . വഞ്ചിപ്പാട്ടിൻ്റെ ഈണത്തിൽ ചൊല്ലുന്ന വരികൾ സ്വാതന്ത്ര്യ സമരജാഥകളിലെ നിത്യസാന്നിദ്ധ്യമായിരുന്നു .
‘മിണ്ടി തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചീടുന്നതൊന്നാമതായ് .

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ …
മാതാവിൻ വാത്സ്ല്യ ദുഗ്ധം നുകർന്നാലേ പൈതങ്ങൾ പൂർണ്ണ വളർച്ച നേടൂ …
അദ്ദേഹത്തിൻ്റെസാഹിത്യ മഞ്ജരിയിലെ ഈ വരികൾ ഒരേ സമയം അമ്മയേയും മാതൃഭാഷയേയും മാത്രമല്ല മഹനീയമായി വരച്ചുകാട്ടുന്നത് ഒപ്പം മാതൃഭൂമിയെ കൂടിയാണ് !

മഹാത്മാഗാന്ധിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്തു മഹാത്മ ഗാന്ധിയെപ്പറ്റി എഴുതിയ കൃതിയാണ് ‘എൻ്റെ ഗുരുനാഥൻ ‘. ഗാന്ധിജിയുടെ നിര്യാണത്തിൽ ദുഃഖിച്ച് അദ്ദേഹം എഴുതിയ വിലാപകാവ്യമാണ്
‘ബാപ്പുജി ‘

അദ്ദേഹത്തിൻ്റെ പ്രധാനകൃതികൾ അച്ഛനും മകളും , അഭിവാദ്യം , അല്ലാഹ് , ഇന്ത്യയുടെ കരച്ചിൽ , ഓണപ്പുടവ , വള്ളത്തോളിൻ്റെ ഖണ്ഡകാവ്യങ്ങൾ രണ്ടു ഭാഗം ,സാഹിത്യമഞരി പല ഭാഗങ്ങൾ , ബന്ധനസ്ഥനായ അനിരുദ്ധൻ , ഗണപതി അങ്ങനെ നീണ്ട നിര തന്നെയുണ്ട് .

കഥകളിയെ പുനരുജ്ജീവിപ്പിച്ചതിൻ്റെ ബഹുമതി വള്ളത്തോളിനുണ്ട് . ഭാരതപ്പുഴയുടെ തീരത്ത് ചെറുതുരുത്തിയിൽ കേരള കലാമണ്ഡലം സ്ഥാപിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു . ആധുനിക കേരളത്തിൽ കഥകളി എന്ന കലാരൂപത്തിന്റെ പുനരുജ്ജീവനത്തിൽ പ്രധാനമായും കാരണമായത് വള്ളത്തോളിൻ്റെയും കേരള കലാമണ്ഡലത്തിൻ്റെയും ശ്രമഫലമായാണ് . 1950 നും 1953 നും ഇടയിലുള്ള വിദേശ പര്യടനങ്ങളിൽ അദ്ദേഹം കഥകളിയെ ലോകത്തിൻ്റെ പല ഭാഗങ്ങളിലേയ്ക്കും പരിചയപ്പെടുത്തി .

അദ്ദേഹത്തിന് 1954 ൽ പത്മഭൂഷൺ നല്കി രാജ്യം ആദരിച്ചു . കൂടാതെ കവി തിലകൻ , കവിസാർവഭൗമം എന്നീ ബഹുമതികൾ ലഭിച്ചു .

ദേശീയതയുടെ വസന്തതിലകമായ ജീവിച്ച മഹാകവി ശ്രീ. വള്ളത്തോൾ നാരായണമേനോൻ 1958 മാർച്ച് 13ാം തീയതി എഴുപത്തിയൊൻപതാമത്തെ വയസ്സിൽ അന്തരിച്ചു 🙏

അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം ❤️💕💕💕🌹

അവതരണം: പ്രഭാ ദിനേഷ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments