പൂനെ: ട്രെയിനിലെ ലഗേജ് വാനില്‍ വെച്ച് വളര്‍ത്തുനായ ചത്ത സംഭവത്തില്‍ റെയില്‍വേയ്‌ക്കെതിരെ യുവാവ്. ലുഥിയാന സ്വദേശിയായ ബല്‍ബിര്‍ സിങ്ങാണ് റെയില്‍വേയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ലുഥിയാനയില്‍ നിന്ന് പൂനെയിലേക്കുള്ള യാത്രയില്‍ ത്സലം എക്‌സ്പ്രസിലാണ് സംഭവം. നാല് ലാബ്രഡോര്‍ നായകളില്‍ ഒന്ന് ചത്തെന്നും ബാക്കിയുള്ളവയ്ക്ക് രോഗങ്ങള്‍ വന്നെന്നും ബല്‍ബിര്‍ ആരോപിച്ചു.
റെയില്‍വേയുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചകളുണ്ടായെന്നും ചത്ത നായയുടെ ശരീരത്തോട് റെയില്‍വേ ജീവനക്കാര്‍ അനാദരവോടെയാണ് പെരുമാറിയതെന്ന് ബല്‍ബിര്‍ പറഞ്ഞു. ഏപ്രിലിലാണ് സംഭവം നടക്കുന്നത്. തന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ബല്‍ബിര്‍ പൂനെയിലേക്ക് തിരിച്ചത്. ത്സലം എക്‌സ്പ്രസിന്റെ ലഗേജ് വാനില്‍ നായകള്‍ക്കായി യാത്ര ബുക്ക് ചെയ്തു.
ഓരോ നായയ്ക്കും പ്രത്യേക കൂടോ അല്ലെങ്കില്‍ അവയ്ക്ക് സൗകര്യപ്രദമായി ഇരിക്കാന്‍ കഴിയുന്ന വലിയൊരു കൂട്ടിലോ ആകും യാത്രയെന്ന ഉറപ്പ് ബുക്ക് ചെയ്യുമ്പോള്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. പക്ഷേ തങ്ങള്‍ക്ക് ലഭിച്ച ദൃശ്യങ്ങള്‍ പ്രകാരം വളരെ ചെറിയൊരു കൂട്ടില്‍ രണ്ട് വലിയ ലാബ്രഡോറുകളെ അടച്ചിട്ടതാണ് കണ്ടതെന്നാണ് ബല്‍ബീര്‍ ആരോപിക്കുന്നത്. ലഗേജ് വാനില്‍ എസിയോ ആവശ്യത്തിന് ശുചിത്വമോ ഉണ്ടായില്ലെന്നും ബല്‍ബിര്‍ ആരോപിച്ചു.
‘ആരോഗ്യമുണ്ടായിരുന്ന ഒരു നായ ത്സാന്‍സി സ്റ്റേഷന്‍ എത്തുമ്പോഴേക്ക് ചത്തു. യാത്രക്കിടെ നായകളുടെ അവസ്ഥ പരിശോധിക്കാന്‍ ചെന്നപ്പോഴാണ് ഒരു നായ ചത്ത വിവരം അറിഞ്ഞത്. നായ ദീര്‍ഘനേരം കുരയ്ക്കുന്നുണ്ടായിരുന്നു എന്ന് പിന്നീട് റെയില്‍വേ ജീവനക്കാര്‍ പറഞ്ഞു. ഈ വിവരം മുന്‍കൂട്ടി അറിയിച്ചില്ല’, ബല്‍ബീര്‍ പറഞ്ഞു. നായയുടെ മൃതദേഹം പൂനെയില്‍ എത്തിച്ച് സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മൃതദേഹം പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചെറിയുകയായിരുന്നു വെന്നും ബല്‍ബിര്‍ ആരോപിച്ചു.
എന്നാല്‍ ഈ ആരോപണങ്ങള്‍ റെയില്‍വേ പൂര്‍ണമായും തള്ളി. നായയുടെ മൃതദേഹം പ്ലാറ്റ്‌ഫോമിലേക്ക് എറിഞ്ഞില്ലെന്നും കൃത്യമായ നടപടിക്രമങ്ങളിലൂടെ ഉടമയ്ക്ക് കൈമാറുകയാണ് ചെയ്തതെന്നും ത്സാന്‍സി ഡിവിഷന്‍ പിആര്‍ഒ വിശദമാക്കി. ലുഥിയാനയിലാണ് ബുക്കിങ്ങ് നടന്നതെന്നും സംഭവത്തെക്കുറിച്ച് ത്സാന്‍സി ഡിവിഷന്‍ അന്വേഷണം ആരംഭിച്ചെന്നും റെയില്‍വേ വ്യക്തമാക്കി.



