നിരവധി സംസ്ഥാനങ്ങളില്‍ യാത്ര ചെയ്ത് ആമസോണില്‍ നിന്ന് 1.29 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ മംഗലാപുരത്ത് പോലീസ് പിടിയിലായി. രാജ് കുമാര്‍ മീണ(23), സുഭാഷ് ഗുര്‍ജാര്‍ എന്നിവര്‍ക്കെതിരേ തട്ടിപ്പ് നടത്തിയതിന് അസം, ഒഡീഷ, മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കേരളം എന്നിവടങ്ങളില്‍ കേസെടുത്തിട്ടുണ്ട്
വ്യാജ പേരുവിവരങ്ങൾ ഉപയോഗിച്ച് ഗുര്‍ജാറും മീണയും ആമസോണില്‍ ഉയര്‍ന്ന വിലയുള്ള ക്യാമറകളും ലാപ്‌ടോപ്പുകളും ഓഡര്‍ ചെയ്യും. ഇത് കൂടാതെ വില കുറഞ്ഞ സാധനങ്ങളും ഓഡര്‍ ചെയ്യും. സാധനം ഡെലവറി ചെയ്യുന്ന സമയത്ത് ഇരുവരും ഡെലിവറി ഏജന്റുമാരുടെ ശ്രദ്ധ തിരിക്കുകയും വില കൂടിയതും വില കുറഞ്ഞതുമായ വസ്തുക്കളുടെ സ്റ്റിക്കറുകള്‍ പരസ്പരം മാറ്റിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ഓണ്‍ലൈനായി വാങ്ങുന്ന വില കൂടിയ വസ്തുക്കള്‍ക്ക് ഡെലിവറി സമയത്ത് ഒടിപി ആവശ്യമാണ്. അതുപോലെ ക്യാഷ് ഓണ്‍ ഡെലിവറിയുള്ള സാധനങ്ങള്‍ക്കും ഒടിപി ആവശ്യമാണ്. സ്റ്റിക്കറുകള്‍ മാറ്റിയശേഷം ഡെലിവറി ഏജന്റുമാര്‍ക്ക് പ്രതികള്‍ തെറ്റായ ഒടിപികള്‍ കൈമാറുകയും ഒടുവില്‍ ഓഡര്‍ റദ്ദാക്കുകയും ചെയ്യുകയാണ് പതിവെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആമസോണിന്റെ ഡെലിവറി പാര്‍ട്ണറായ മഹീന്ദ്ര ലോജിസ്റ്റിക്‌സ് ഗുര്‍ജറിന്റെയും മീണയുടെയും തന്ത്രം കണ്ടെത്തുകയും ആമസോണിനെ അക്കാര്യം അറിയിക്കുകയും ചെയ്തതോടെയാണ് തട്ടിപ്പ് വ്യക്തമായത്. വില കൂടിയ ക്യാമറകള്‍, ഐഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങി 10 ലക്ഷം രൂപ വില വരുന്ന വസ്തുക്കള്‍ ഇവര്‍ ഓഡര്‍ ചെയ്ത് തട്ടിപ്പു നടത്തിയതായും സമാനമായ 11 കേസുകളില്‍ ഇവര്‍ക്ക് പങ്കുള്ളതായും മംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ അനുപം അഗര്‍വാള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
“അമൃത്’ എന്ന വ്യാജ പേരില്‍ സെപ്റ്റംബര്‍ 21ന് രണ്ട് സോണി ക്യാമറകള്‍ക്കും മറ്റ് പത്ത് ഉത്പന്നങ്ങള്‍ക്കും പ്രതികള്‍ ഓഡര്‍ നല്‍കിയിരുന്നു. മംഗളൂരുവിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ വിലാസത്തിലാണ് ഇവ എത്തിക്കേണ്ടിയിരുന്നത്. ഡെലിവറി സമയത്ത് മീണ വില കുറഞ്ഞ ഉത്പ്പന്നങ്ങള്‍ക്കുള്ള ഒടിപി ഡെലിവറി ഏജന്റിന് കൈമാറിയപ്പോള്‍ ഗുര്‍ജാര്‍ സോണി ക്യാമറ ബോക്‌സുകളിലെ ഒറിജിനല്‍ സ്റ്റിക്കറുകള്‍ മറ്റ് ഇനങ്ങളുടെ സ്റ്റിക്കറുകളുമായി മാറ്റി. തുടര്‍ന്ന് അവര്‍ ക്യാമറകള്‍ക്കായി തെറ്റായ ഒടിപികള്‍ നല്‍കുകയും ഉപകരണങ്ങളുടെ ഓഡര്‍ റദ്ദാക്കുന്നതിന് മുമ്പ് ഡെലിവറി ഏജന്റിനെ തിരച്ചയയ്ക്കുകയും ചെയ്തു
തുടര്‍ന്ന് മഹീന്ദ്ര ലോജിസ്റ്റിക്‌സ് നടത്തിയ പരിശോധനയില്‍ പെട്ടികളുടെ സ്റ്റിക്കറുകള്‍ മാറിയതായി കണ്ടെത്തി. അവര്‍ ഇക്കാര്യം ആമസോണിനെ അറിയിച്ചു. അന്വേഷണത്തിന് ശേഷം തട്ടിപ്പു നടന്നതായി അവര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മീണയെയും ഗുര്‍ജാറിനെയും പോലീസ് അറസ്റ്റു ചെയ്യുകയും അവരുടെ പക്കല്‍ നിന്ന് 11.45 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തു. സോണി ക്യാമറകള്‍ വിറ്റാണ് ഇവര്‍ പണം സമ്പാദിച്ചിരുന്നത്.



