Monday, March 17, 2025
Homeഅമേരിക്കലോക ജനത രണ്ടു കൈയും നീട്ടി സ്വീകരിച്ച ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം യൂട്യൂബിനു ഇന്ന്...

ലോക ജനത രണ്ടു കൈയും നീട്ടി സ്വീകരിച്ച ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം യൂട്യൂബിനു ഇന്ന് 20-ാം പിറന്നാള്‍

ലോക ജനത രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച ഈ നൂറ്റാണ്ടിന്‍റെ ജനപ്രിയ സോഷ്യല്‍ ഇടം യൂട്യൂബിന് ഇന്ന് 20-ാം പിറന്നാള്‍. വിനോദമായും വരുമാനമായും ലോകത്തിന്‍റെ ഗതി മാറ്റിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിന്‍റെ പിറവി രണ്ട് പതിറ്റാണ്ട് മുന്‍പൊരു പ്രണയദിനത്തിലായിരുന്നു.

“.ഗായ്‌സ്… നോക്കൂ ഗായ്സ്… എല്ലാരും വാങ്കെ… ഓള്‍വെയിസ് വെല്‍ക്കംസ് യൂ’… അങ്ങനെ അങ്ങനെ എന്തെല്ലാം പറച്ചിലുകള്‍. നോരംമ്പോക്കായും അറിവായും വരുമാനമായും ഈ നൂറ്റാണ്ടില്‍ ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന നമ്മുടെ യൂട്യൂബിന് ഇന്ന് ഇരുപതാം പിറന്നാളാണ്. 2K കിഡ്‌സിന്‍റെ അടക്കം പൊന്നോമനായി നിറയുന്ന യൂട്യൂബിന് പിന്നില്‍ അവർ തന്നെ, ഇന്ന് ട്രോളുന്ന 80 കിഡ്സാണ്. മൂന്ന് 80 കിഡ്സിന്‍റെ തലയില്‍ ഉദിച്ച ആശയമാണ് ലോകത്തിന്‍റെ കാഴ്ചാനുഭവത്തിന്‍റെ തലവരമാറ്റിയ യൂട്യൂബായി പരിണമിച്ചത്.

യുഎസിലെ പേയ്പാൽ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മൂന്ന് പേരായ ചാഡ് ഹർലി, സ്റ്റീവ് ചെൻ, ജാവേദ് കരീം എന്നിവര്‍ ചേര്‍ന്നാണ് യൂട്യൂബിന് രൂപംനല്‍കിയത്. അവരുടെ ആശയം 2005ലെ പ്രണയദിനത്തില്‍ www.youtube.com എന്ന ഡൊമെയ്നിലൂടെ വെളിച്ചം കണ്ടു. ജാവേദ് കരീമിന്‍റെ പേരിലുള്ള ചാനലിൽ നിന്നും ‘മീ ആറ്റ് സൂ’ എന്ന വിഡിയോ അങ്ങനെ യൂട്യൂബിലെ ആദ്യ വിഡിയോ ആയി ചരിത്രമെഴുതി.

ആകെ 67 ജീവനക്കാരുമായി നഷ്ടത്തിലോടിയിരുന്ന യൂട്യൂബിനെ 2006ല്‍ 1.65 ബില്യണ്‍ ഡോളറിന്‍റെ കരാറില്‍ ഗൂഗിള്‍ ഏറ്റെടുത്തോടെ ആ മാധ്യമത്തിന്‍റെ മുഖച്ഛായ മാറി. 2014ല്‍ യൂട്യൂബിന്‍റെ സിഇഒയായി സൂസന്‍ വിജിഡ്‌സ്‌കി ചുമതലയേറ്റതോടെ അതിവേഗമായി വളർച്ച. വാർത്താ മാധ്യമങ്ങളും സിനിമയും വ്യവസായവും രാഷ്ട്രീയവുമെല്ലാം യൂട്യൂബിലേക്ക് ചേക്കേറി.

വളർത്താനും തളർത്താനും യൂട്യൂബ്, പ്രതികരിക്കാനും പ്രശംസിക്കാനും യൂട്യൂബ്, ഓരോ വിഡിയോകള്‍ക്കും കിട്ടുന്ന വ്യൂവും ലഭിക്കുന്ന കമന്‍റും ലൈക്കും ഡിസ് ലൈക്കുമെല്ലാം ജനാധിപത്യത്തിന്‍റെ ഡിജിറ്റല്‍ മുഖമായി. ദിവസം 20 ദശലക്ഷം ആക്ടീവ് യൂസേഴ്സ് യൂട്യൂബിലെത്തുന്നു എന്നാണ് കണക്കുകള്‍.

ജിയോയുടെ വരവോടെ ഇന്ത്യയില്‍ യൂട്യൂബ് ചാനല്‍ എന്നത് ഒരു കുടില്‍ വ്യവസായം പോലെ തഴച്ചുവളർന്നു. ഇതിലൂടെയുള്ള വരുമാനം കൊണ്ട് ജീവിതം മോടി പിടിപ്പിച്ചവരും ഒട്ടേറെ. എഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സബ്സൈക്രൈബേഴ്സുള്ള വ്യക്തിഗത യൂട്യൂബ് പേജ് മലയാളിയുടേതാണ്. KL BRO-ക്ക് ഇപ്പോഴുള്ളത് ആറരക്കോടി സബ്‌സ്‌ക്രൈബേഴ്‌സാണ്.

2024ല്‍ 50 ബില്യൺ ഡോളർ എന്ന നാഴികക്കല്ലിലേക്ക് യൂട്യൂബിന്‍റെ വരുമാനം വളർന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 5.88 ലക്ഷം കോടി രൂപയാണ് യൂട്യൂബ് ഇന്ത്യയിലെ ക്രിയേറ്റർമാർക്ക് നല്‍കിയതെന്നാണ് കണക്കുകള്‍. കീശവീർപ്പിച്ചും രസം പിടിപ്പിച്ചും തലമുറകളെ ഒപ്പം കൂട്ടി യൂട്യൂബ് മുന്നേറുന്നു. ഇരുപതിന്‍റെ യൗവനത്തിലെത്തിയ യൂട്യൂബിന് പിറന്നാള്‍ ആശംസകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments