മലപ്പുറം: കാലിക്കറ്റ് സർവകലാശാല ലേഡീസ് ഹോസ്റ്റലിൽ മഞ്ഞപ്പിത്തം പടരുന്നു. യൂണിവേഴ്സിറ്റിയിലെ ലേഡീസ് ഹോസ്റ്റലിൽ വിവിധ ബ്ലോക്കുകളിലായി 1500ലധികം പെൺകുട്ടികൾ താമസിക്കുന്നുണ്ട്. ഇതിൽ എവറസ്റ്റ് ബ്ലോക്കിലാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അറബിക് ഡിപ്പാർട്ട്‌മെന്റിൽ പഠിക്കുന്ന പി.ജി വിദ്യാർഥിനികളിൽ നാലു പേർക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്.
മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ട് ഒരാഴ്ചയോളമായിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ അധികൃതർ തയാറായിട്ടില്ലെന്നും ആരോപണമുണ്ട്. കുട്ടികൾക്ക് അസ്വസ്ഥതകൾ എന്തെങ്കിലും തോന്നിയാൽ അറിയിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് ഹോസ്റ്റൽ വാർഡന്‍റെ വിശദീകരണം. സർവകലാശാല ക്യാംപസിലേക്കാവശ്യമായ വെള്ളമെത്തിക്കുന്നത് പാറക്കടവ് പുഴയിൽ നിന്നും സർവകലാശാല ബൊട്ടാണിക്കൽ ഗാർഡനിലെ കുളത്തിൽ നിന്നുമാണ്.
ലേഡീസ്, മെൻസ് ഹോസ്റ്റലുകൾ, മുന്നൂറിലധികം ക്വാർട്ടേഴ്‌സുകൾ, സ്‌കൂൾ, ഭരണകാര്യാലയം പരീക്ഷാഭവൻ ഉൾപ്പെടെ വിവിധ ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് പ്രതിദിനം 15 മുതൽ 20 ലക്ഷം ലിറ്റർ വെള്ളം വരെയാണ് ക്യാംപസിൽ ഉപയോഗിക്കുന്നത്. എല്ലാ മാസവും വെള്ളത്തിന്റെ പരിശോധന നടത്താറുണ്ടെന്നും ഈ മാസം ആദ്യം വെള്ളം പരിശോധിച്ചിട്ടുണ്ടെന്നും സർവകലാശാല എഞ്ചിനീയറിങ് വിഭാഗവും വ്യക്തമാക്കി.