Sunday, December 8, 2024
Homeസ്പെഷ്യൽകല്യാണ ഓർമ്മകളുടെ ചെപ്പ് തുറന്നപ്പോൾ (ഓർമ്മകുറിപ്പ്) ✍ സി. ഐ. ഇയ്യപ്പൻ തൃശൂർ

കല്യാണ ഓർമ്മകളുടെ ചെപ്പ് തുറന്നപ്പോൾ (ഓർമ്മകുറിപ്പ്) ✍ സി. ഐ. ഇയ്യപ്പൻ തൃശൂർ

സി. ഐ. ഇയ്യപ്പൻ തൃശൂർ

പഴയകാലത്തെ കല്ലൃാണം. എന്ന എന്റെ ഓർമ്മക്കുറിപ്പ് വായിച്ച് പലരും എന്നെ ഫോണിൽ വിളിച്ചിരുന്നു. എന്നെക്കാൾ പ്രായം കൂടിയ അവരിൽ ചിലർ അവരുടെ കല്ലൃാണ അനുഭവങ്ങൾ പറയുക യുണ്ടായി അതിൽ ചിലത് വായനക്കാർ ക്കായി പങ്കുവെക്കുന്നു . എന്റെ ഓർമ്മക്കുറിപ്പിൽ ചേച്ചിയുടെ കല്ലൃാണവും ഉൾപ്പെടുത്തിയിരുന്നെങ്കിലും അളിയനുമായി സംസാരിച്ചപ്പോൾ കിട്ടിയ ചില രസകരമായ സംഭവങ്ങളാകട്ടെ ഈ പരമ്പരയുടെ തുടക്കം.

ചേച്ചിയെ പെണ്ണ് കാണാൻ അളിയനും കൂട്ടരും വന്നപ്പോൾ നാണം കാരണം ചേച്ചി മുഖം കാണിച്ചില്ല.പിന്നെ എല്ലാരും കൂടി ഇടപെട്ടിട്ടാണ് ചേച്ചിയുടെ തിരുമുഖം അളിയനും മറ്റും കാണാൻ കഴിഞ്ഞതത്രെ. ചെക്കനും, വന്നവർക്കും പെൺകുട്ടിയെ ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചു.

കല്ലൃാണം ഉറപ്പിക്കുക എന്ന ചടങ്ങ് നടന്നത് അളിയന്റെ ഇരിഞ്ഞാലക്കുടയിലുള്ള വീട്ടിൽ വച്ചായിരുന്നു. മനസ്സമ്മതത്തിന്റെയും, കല്യാണത്തിന്റെയും തീയ്യതികൾ അടക്കം എല്ലാം, ഒരു വെള്ളക്കടലാസില്‍ എഴുതി തമ്മിൽ കൈ മാറുന്നതിനെ കുറിഎഴുതി മാറൽ എന്നാണ് പറയുക.

ഒരു ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് അളിയൻ അടക്കം നാലുപേർ ഞങ്ങളുടെ വീട്ടിൽ വന്നു . ചായ കുടിച്ച് അവർ പള്ളിയിലേക്ക് പോയി . ചേച്ചിയും കുറച്ചുപേരുമായി വേറെ ഒരു കാറിൽ പള്ളിയിലേക്ക് പോയി. അച്ചൻ വന്നു രണ്ടുപേരോടും വിവാഹത്തിന് സമ്മതമാണോ എന്ന് ചോദിച്ചു. സമ്മതം പറഞ്ഞതോടെ
അഞ്ചു മിനിറ്റ് കൊണ്ട് എല്ലാം കഴിഞ്ഞു. ഇന്ന് എന്താണ് സ്ഥിതി.

ചേച്ചി ഒരു ദിവസം സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴി ഒരു പരിചയക്കാരി, ചേച്ചിയോട് എന്താ വീട്ടിൽ വലിയ പന്തല് കെട്ടുന്നുണ്ടല്ലോ കല്ലൃാണം ഒക്കെ ആയി അല്ലേ എന്ന് ചോദിച്ചു. നാണം കൊണ്ടും, പിന്നെ എന്താ പറയാ… ഒരു കണക്കിന് വീട്ടിലേക്ക് ഓടിക്കയറി. അതോടെ സ്കൂൾ പഠിപ്പ് നിർത്തി.
കല്ലൃാണ തലേന്ന് ഞായറാഴ്ച്ച ഞങ്ങളുടെ വീട്ടിൽ നാട്ടുകാർക്കും വീട്ടുകാർക്കുമായി
ടീപാർട്ടി ഉണ്ടായിരുന്നു. അതോടൊപ്പം സെൻറ് മേരീസ് ഓർഗസ്ട്രയുടെ ജല തരംഗത്തോടുകൂടിയ ഗാനമേളയും ഉണ്ടായിരുന്നു.

ഞായറാഴ്ച്ച രാത്രി കല്ലൃാണ പെണ്ണിനെ കുളിപ്പിക്കുക എന്ന ചടങ്ങുണ്ടായിരുന്നു. അപ്പന്റെ പെങ്ങൾ, ഞങ്ങളുടെ അമ്മായി. ഒരു ചെറിയ പാത്രത്തിൽ നിന്ന് എണ്ണ എടുത്ത് ചേച്ചിയുടെ തലയിൽ ഒന്ന് തലോടി. ഒരു കിണ്ടിയിൽനിന്നുള്ള വെള്ളം ചേച്ചിയുടെ പാദത്തിൽ ഒഴിച്ചു. പ്ലേറ്റിൽ ഉണ്ടായിരുന്ന പഞ്ചസാര യിൽനിന്ന് ചേച്ചി മൂന്നുപ്രാവശ്യം നുകർന്നതോടെ ചടങ്ങുകൾ കഴിഞ്ഞു.

കല്യാണത്തലേന്ന് അളിയൻ ഷേവ് ചെയ്ത് കുളിച്ചിരുന്നങ്കിലും ഒരു ചടങ്ങ് എന്ന നിലയ്ക്ക് ബാർബർ വന്ന് ചെറിയതോതിൽ ചന്തം ചാർത്തി. അത് വീട്ടിൽ സ്ഥിരമായി വരുന്ന ബാർബർമാരുടെ അവകാശമാണ്. സമ്മാനത്തോടൊപ്പം ഭക്ഷണവും കൊടുത്തു. ബന്ധുക്കളും മറ്റുമായി വീട് നിറച്ച് ആളുണ്ടായിരുന്നു. ചടങ്ങുകൾക്ക് മുമ്പും, ശേഷവും ബാൻഡ് മേളം ഉണ്ടായിരുന്നു.
രണ്ടു ചേട്ടന്മാരുടെയും, പെങ്ങളുടെയും കൊച്ച നിയനാണ് 23 വയസ്സുകാരനായ ജോണികുട്ടി . പിറ്റേന്ന് കല്ലൃാണമാണ് എന്ന ചിന്തയില്ലാതെ അളിയൻ ചിരിച്ചും, കളിച്ചും, നടക്കുന്നത് കണ്ടപ്പോൾ മൂത്ത ചേട്ടൻ വഴക്ക് പറഞ്ഞുവത്രേ

ആ കാലത്ത് ഏതു പരിപാടിക്കും ബാൻഡ് മേളം ഉണ്ടാകും. ഇന്നത്തെ പോലെ യൂണിഫോമൊന്നും അന്ന് ഉപയോഗിക്കാറില്ല. യൂണിഫോം വേണമെങ്കിൽ അതിന് പ്രത്യേകമായി പൈസ കൊടുക്കേണ്ടിവരും. പള്ളിപ്പെരുന്നാളിന് ആണെങ്കിലും, കല്ലൃാണത്തിന് ആണെങ്കിലും ബാൻഡ് മേളം കൂടിയ തീരു. പരിപാടികൾക്ക് കുറച്ചു മുമ്പ് വരുന്ന മേളക്കാരോട് പൂശടാ അങ്ങട് എന്ന് തൃശ്ശൂർ ഭാഷയിൽ പറഞ്ഞാൽ കൊട്ട് തുടങ്ങുകയായി. ആ കാലത്ത് മൃത സംസ്കാര ചടങ്ങിലും ബാൻഡ് സെറ്റുണ്ടാകും. ബാൻഡ് സെറ്റ് കാരുടെ അകമ്പടിയോടെയാണ് പള്ളിയിൽ അടക്കുന്നതിന് കൊണ്ടുപോയിരുന്നത്. പഴയകാലത്ത് സിനിമയ്ക്ക് മുമ്പ് ബാൻഡ് മേളം ഉണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്.

ബാൻഡ് സെറ്റിന്റെ കാര്യം പറഞ്ഞു വന്നപ്പോഴാണ് എന്റെ ഓർമ്മയിലുള്ള ഒരു സംഭവം ഓർത്തത്. ഒരു ധനവാന്റെ കല്ലൃാണ പന്തലിൽ ഒരു വശത്ത് ബാൻഡ് സെറ്റ് വായിച്ചു കൊണ്ടിരിക്കുകയാണ്. ആ കൂട്ടത്തിൽ ഒരു വലിയ ട്രംപറ്റ് ഒരു വയസ്സായ ആൾ വായിക്കുന്നുണ്ട്. സാധാരണ ബാൻഡ് സെറ്റിന്റെ കൂടെ കാണാത്ത അതിൽ നിന്ന് വരുന്ന ശബ്ദം കേൾക്കണമെന്ന് കല്ലൃാണത്തിന് വന്നവരിൽ ചിലർക്ക് മോഹം. അവർ വായിക്കുന്ന ആളുടെ അടുത്ത് പോയി കാതു കൂർപ്പിച്ചു ഇരുന്നു. അതു വായിക്കുന്ന ആളെ കുറിച്ച് പറയുമ്പോഴാണ് കാര്യത്തിന്റെ കിടപ്പ് മനസ്സിലാവുക. ഫുൾ സെറ്റ് ബാൻഡ് ആണ് ഏൽപ്പിച്ചിരുന്നത്. എന്തോ കാരണത്താൽ അതിലൊരാൾക്ക് വരാൻ കഴിഞ്ഞില്ല. ഫുൾ സെറ്റ് ആക്കുന്നതിന് അങ്ങാടിയിൽ കണ്ട ഒരാളെ യൂണിഫോം അണിയിച്ച് വലിയ ഒരു ട്രംപെറ്റ് കയ്യിൽ കൊടുത്ത് ഇടയ്ക്ക്, ഇടയ്ക്ക് കവിളുകൾ വീർപ്പിക്കാൻ പറഞ്ഞിരിക്കുകയാണ്. ശബ്ദം കേൾക്കാതിരുന്നപ്പോൾ അവരിൽ ചിലർ പരാതി പറഞ്ഞു. അവരോട് വളരെ പതുക്കെ ചെവിയിൽ പറഞ്ഞു അത് ഞങ്ങളുടെ ബാൻഡ് മാസ്റ്ററാണ്. അദ്ദേഹമാണ് ഇത് മൊത്തം നിയന്ത്രിക്കുന്നത് എന്ന്.

പെണ്ണു കെട്ടാൻ അളിയൻ പുത്തൻ പള്ളിയിലെത്തി. വന്ന കാർ എന്റെ ചേച്ചിയായ കല്ലൃാണ പെണ്ണിനെ പള്ളിയിലേക്കു കൊണ്ടുവരാൻ പെൺവീട്ടിലേക്കു പോയി. അപ്പോൾ ഒരാൾ ഒരു ചരടുമായി എത്തി. കെട്ടാനറിയോ? ഈ ചരടിൽ ഒരു കെട്ടിട്ടു കാണിച്ചേ…
അളിയൻ കെട്ടിട്ടു .
വന്നയാൾ ചരട് മുറുക്കിയപ്പോൾ കെട്ടഴിഞ്ഞു പോയി. ജോണിയിട്ടത് പെൺകെട്ടാണ് അതു പറ്റില്ല. ആൺകെട്ട് എങ്ങനെയിടണമെന്ന് വന്ന ആൾ അളിയനെ പഠിപ്പിച്ചു.

കല്ലൃാണ അന്ന് തിങ്കളാഴ്ച്ച കാലത്ത് കല്ലൃാണ പെണ്ണ് കല്ലൃാണ സാരി ഉടുത്ത് ഒരുങ്ങി ആഭരണങ്ങൾ അണിയാൻ അപ്പന്റെ മുമ്പിൽ വന്ന് നിന്നത് കരഞ്ഞു കൊണ്ടായിരുന്നു. അപ്പൻ വിതുമ്പി കരഞ്ഞുകൊണ്ടാണ് ഓരോ ആഭരണങ്ങളും ചേച്ചിക്ക് അണിയാൻ കൊടുത്തുകൊണ്ടിരുന്നത്. അപ്പനും അമ്മയും അവിടെ കൂടിയിരുന്ന ചിലരും കരയുന്നത് കണ്ടപ്പോൾ കുട്ടിയായ എനിക്ക് ഒന്നും മനസ്സിലായില്ല.

പെണ്ണിനെ കൊണ്ടുവരാൻ പോയവർ അല്പം താമസിച്ചു. നേരം പോകാനായി അളിയൻ അല്പം നടന്നുനീങ്ങി. ആ കാലത്ത് പുത്തൻപള്ളിയുടെ വലത്തുഭാഗത്തെ മതിലിനോട് ചേർന്ന് വെട്ടുവഴിയിൽ ഇരുന്ന് ചിലർ ചീട്ടുകളിക്കാറുണ്ട് അവിടെ ചീട്ടുകളിക്കുന്നവരുടെ അടുത്ത് അതും കണ്ടു നിന്നു നമ്മുടെ കല്ലൃാണ ചെക്കൻ. പെണ്ണെത്തിയപ്പോൾ കല്ലാണചെക്കനെ കാണാനില്ല. ആ കാലത്ത് ഡോക്ടറും, എഞ്ചിനീയർറും, പഠിപ്പുമുള്ള കല്യാണച്ചെറുക്കൻമാർ പാന്റും, കോട്ടുമിട്ടിടാണ് വരാറ്. അളിയൻ കൈനീളൻ വെള്ള ഷർട്ടും വെള്ള മുണ്ടും ആണ് ധരിച്ചിരുന്നത്. ഓടിനടന്ന് ഒരു കണക്കിന് കല്ലാണ ചെക്കനെ കണ്ടുപിടിചു. കല്ലൃാണ ചെക്കൻ ചീട്ടുകളിയിൽ മുഴുകി എല്ലാം മറന്ന നിൽപ്പിലായിരുന്നു.

തിങ്കളാഴ്ച കാലത്തെ കുർബ്ബാനക്കിടയിലാണ് കല്ലൃാണ കെട്ട്നടന്നത്. പള്ളിയിലെ ചടങ്ങുകൾ കഴിഞ്ഞാൽ ഉച്ച ആകുന്നതുവരെ ബന്ധുക്കളുടേയൊ, പരിചയമുള്ളവരുടെയൊ വീടുകളിൽ ഇടത്താവളമായി കല്ലൃാണം കയറ്റി ഇരുത്താറുണ്ട്. ചേച്ചിയെയും, അളിയനെയും കയറ്റി ഇരുത്തിയത് പുത്തൻപള്ളിയിൽ അച്ചന്മാർ ഭക്ഷണം കഴിക്കുന്ന മുറിയിലായിരുന്നു. അവിടെ കാലത്തെ ഭക്ഷണം തയ്യാറാക്കിയിരുന്നു. ഉച്ചയോടെ അളിയന്റെ വീട്ടിൽ നിന്ന് വന്ന കല്ലൃാണ കുടിക്കാരുമായി നട്ടുച്ചയോടെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് കല്ലൃാണം ഞങ്ങളുടെ വീട്ടിലേക്ക് എത്തിയത്.

ആകാലത്ത് കല്ലൃാണ കെട്ട് കഴിഞ്ഞുവരുന്ന നവദമ്പതികളെ വീട്ടിൽ കയറ്റി ഇരുത്തി നടത്തുന്ന ചടങ്ങുകൾക്കായി പീഠം ഒരുക്കിയിരുന്നത് ബെഞ്ചുകളോ, കട്ടിലുകളൊ കൂട്ടിയിട്ടിട്ടാണ്. അത് തയ്യാറാക്കുക വീട്ടിലേയും, നാട്ടിലെയും യുവാക്കളാണ്. കല്ലൃാണ വീട്ടിൽ കയറ്റിയിരുത്തുന്നതിന് സോഫ ഇല്ലാതിരുന്നാൽ തൊട്ടടുത്ത ഔസേപ്പേട്ടന്റെ വീട്ടിൽ നിന്ന് സോഫ കൊണ്ടുവന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിൽ കയറ്റി ഇരുത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്തത് ഞങ്ങളുടെ സോപ്പ് കമ്പനിയിലെ സ്റ്റാഫ് ആയിരുന്നു. വീട്ടിൽ ഒരുക്കിയ സ്റ്റേജിലേക്ക്
അളിയനേയും,ചേച്ചിയെയും കയറ്റി ഇരുത്തി. പന്തൽ നിറച്ച് ഫാൻ ഉണ്ടായിരുന്നെങ്കിലും അന്നത്തെ ഒരു ആചാര പ്രകാരം കല്ലൃാണ പെണ്ണിനെയും, ചെക്കനെയും വീശറി കൊണ്ട് വീശും. ഇവിടെ വീശിക്കൊണ്ടിരുന്നത് ചേട്ടൻ സി .ഐ .പോളും, അമ്മായിയുമായിരുന്നു.

കല്ലൃാണ ചെക്കനെയും, പെണ്ണിനേയും, വീട്ടിലേക്ക് സ്വീകരിക്കുന്ന ചടങ്ങ് നടത്തിയത് അപ്പന്റെ അമ്മയുടെ ആങ്ങള, അപ്പന്റെ വല്യച്ഛൻ , ഷെവിലിയർ ഐ. ഐ. ഇയ്യപ്പൻ ആയിരുന്നു. ചെക്കന് മധുരം കൊടുക്കട്ടെ, പെണ്ണിന് മധുരം കൊടുക്കട്ടെ എന്ന് മൂന്ന് പ്രാവശ്യം ചോദിച്ചിട്ടാണ് മധുരം കൊടുത്തത്. ഇന്നത്തെ പോലെ കരിക്കും, വൈനും ഒന്നും അന്ന് കുടിക്കാൻ കൊടുക്കില്ല. തുടർന്ന് സി.പി. സോപ്പ് വർക്സ് സ്റ്റാഫ് മഞ്ഞ സാറ്റൻ തുണിയിൽ അച്ചടിച്ച്, ഫ്രെയിം ഇട്ട മംഗള പത്രം വായിച്ച് ദമ്പതികൾക്ക് സമ്മാനിച്ചു. മംഗള പത്രം കടലാസിൽ അച്ചടിച്ചത് എല്ലാവർക്കും വിതരണം ചെയ്തു. ആ കാലത്ത് നവദമ്പതികൾക്ക് ഐശ്വര്യപൂർണ്ണമായ ഒരു ജീവിതം ആശംസിച്ചു കൊണ്ടുള്ള മംഗള പത്രം അച്ചടിച്ചത് വായിച്ച് വിതരണം ചെയ്യുന്നത് ഒരു വലിയ സംഭവമായിട്ടാണ് കണക്കാക്കിയിരുന്നത്. അച്ചടി ശാലകളിൽ മംഗള പത്രത്തിൽ അച്ചടിക്കാൻ ഉള്ളത് തയ്യാറാക്കി വെച്ചിട്ടുണ്ടാകും. പേരുകളും മേൽവിലാസവും മാറ്റി അച്ചടിക്കും.

അളിയന്റെ മൂത്ത ജ്യേഷ്ഠന്റെ കല്യാണ സമയത്തു കടലാസിനു വളരെ ക്ഷാമമായിരുന്നു. അന്നു നാട്ടുകാർക്കു മംഗള പത്രം വിതരണം ചെയ്തതു വാഴയുടെ കൂമ്പിലയിൽ അച്ചടിച്ചതാണ്. അത് രണ്ടുമൂന്നു കൊല്ലം വരെ വായിക്കാൻ കഴിയുന്ന വിധം കേടുകൂടാതിരുന്നിരുന്നു .

പഴയകാലത്ത് വിദേശത്തൊ, ദൂരെയുള്ള സ്ഥലങ്ങളിലോ, മകനോ, ഭർത്താവൊ ജോലിമായുമായി പോയിട്ടുള്ള വീടുകളുടെ മുമ്പിൽ പോസ്റ്റുമാൻ സൈക്കിളിന്റെ മണിമുഴക്കി “കമ്പി ” എന്ന് ഉറക്കെ പറയുമ്പോൾ ആകാംക്ഷയോടെ , സന്തോഷിക്കാനൊ, ദുഃഖിക്കാനോ എന്നറിയാതെ അത് പൊട്ടിച്ചു വായിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഇന്നത്തെ പോലെ മൊബൈൽ ഫോണിൽ സന്ദേശങ്ങൾ കൈമാറാൻ കഴിയാതിരുന്ന ആ കാലത്ത് ഒന്നോ, രണ്ടോ വാചകങ്ങൾ കൊണ്ട് വേണ്ടപ്പെട്ടവരെ വേണ്ടത് വേഗം അറിയിക്കാൻ ആശ്രയിച്ചിരുന്നത് കമ്പി എന്ന സംവിധാനം വഴിയാണ്. ഓരോ വാക്കിനും പൈസ വരുന്നതുകൊണ്ട് ചുരുങ്ങിയ വാക്ക് കൊണ്ട് കാര്യങ്ങൾ നടത്താൻ എല്ലാവരും ശ്രമിക്കും. അതുകൊണ്ട് വേണ്ട സന്ദേശം വേണ്ടപോലെ മനസ്സിലാക്കാതെ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.

അളിയന്, വിവാഹ ആശംസകൾ നേർന്നുകൊണ്ട് അളിയന്റെ വീട്ടിലേക്ക് കച്ചവടക്കാരുടേയും, ബന്ധുക്കളുടേയും സ്നേഹിതരുടേയും ധാരാളം കമ്പി സന്ദേശങ്ങൾ വന്നു. ആ കൂട്ടത്തിൽ ഒരു സന്ദേശം അയച്ചത് അളിയന്റെ കൂടെ കോളേജിൽ പഠിച്ചിരുന്ന സ്നേഹിതന്റെതായിരുന്നു. വീട്ടിൽ വരുന്ന കമ്പികൾ കയ്യിൽ കിട്ടിയവർ വായിച്ച് മേശമേൽ വയ്ക്കും. സ്നേഹിതന്റെ കമ്പി കിട്ടി വായിച്ചത് അളിയന്റെ മൂത്ത ജേഷ്ഠൻ ആയിരുന്നു. അളിയനിൽ നിന്ന് സ്നേഹിതൻ ആരാണെന്ന് ചോദിച്ചു മനസ്സിലാക്കി. പറഞ്ഞുവരുമ്പോൾ ഞങ്ങളുടെ വീടിന്റെ അടുത്താണ് അളിയന്റെ സ്നേഹിതന്റെ വീട്. കമ്പി സന്ദേശത്തിൽ ഇപ്രകാരമാണ് എഴുതിയിരുന്നത് . “നീ ഇത് ചെയ്തുവല്ലോ” അളിയന്റെ ജേഷ്ഠന്റെ ചിന്ത വേറെ വഴിക്കാണ് പോയത്. സ്നേഹിതൻ നോട്ടം ഇട്ടിരുന്ന പെൺകുട്ടിയെ അളിയൻ തട്ടിയെടുത്തതായി യുള്ള ഒരു ധ്വനി ആ സന്ദേശത്തിൽ ഉണ്ടെന്നാണ് ജേഷ്ഠന്റെ പക്ഷം. അളിയന് തന്റേ സ്നേഹിതന്റെ സ്വഭാവം നന്നായി അറിയുന്നതുകൊണ്ട് . അവൻ ഇതല്ല ഇതിനപ്പുറം ചെയ്യും എന്നറിയാമായിരുന്നു.
അളിയൻ നേരത്തെ കല്ലൃാണം കഴിക്കുന്നതിൽ കുറച്ച് അസൂയ ഇല്ലാതെയില്ല.

കല്ലൃാണമുള്ള പ്രദേശത്തെ വീടുകളിലേക്ക് സ്ഥിരമായി വരുന്ന പോസ്റ്റ് മാന്റെ കാര്യമാണ് കഷ്ടം. പ്രിൻറ് ചെയ്ത സന്ദേശങ്ങൾ എത്രയും പെട്ടെന്ന് എത്തിച്ചു കൊടുക്കേണ്ടത് ജോലിയുടെ ഭാഗമാണ്. എന്നാൽ വഴിക്ക് ,വഴിക്ക്, സന്ദേശങ്ങൾ വരുമ്പോൾ എന്തു ചെയ്യും. കമ്പി യുമായി വരുന്ന പോസ്റ്റ് മാന് കല്ലൃാണവീട്ടുകാർ സമ്മാനം കൊടുത്ത് സന്തോഷിപ്പിക്കും. കൂടെ ,കൂടെ വരുന്ന സന്ദേശങ്ങൾ പൊട്ടിച്ചു വായിക്കുക എന്നുള്ളത് ചിലർക്കിഷ്ടമുള്ള കാര്യമാണ്.

ചീഫ് എൻജിനീയറായി റിട്ടയർ ചെയ്ത് ഇരിഞ്ഞാലക്കുട തെക്കേത്തല വീട്ടിൽ വിശ്രമിക്കുന്ന 87 വയസ്സു കഴിഞ്ഞ അളിയൻ റ്റി. ആർ. ജോണി ഓർമ്മയുടെ പുസ്തകത്താളുകളിൽ നിന്ന് കല്ലൃാണ വിശേഷങ്ങൾ തപ്പിയെടുത്തപ്പോൾ തന്നെ 23 വയസ്സുകാരനായ കല്ല്യാണ ചെക്കനായിയത്രെ.

തുടരും…

സി. ഐ. ഇയ്യപ്പൻ തൃശൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments