Monday, June 1, 2026
Homeഅമേരിക്കഅർഷിദ് — കേരള മനസ്സാക്ഷിയെ ഉറക്കം കെടുത്തുന്ന ചോരപ്പുള്ളി!

അർഷിദ് — കേരള മനസ്സാക്ഷിയെ ഉറക്കം കെടുത്തുന്ന ചോരപ്പുള്ളി!

രാത്രിയുടെ നിശ്ശബ്ദതകളിൽ നാം കണ്ണടയ്ക്കാൻ ശ്രമിക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിന്റെ നിലവിളി നിങ്ങളുടെ ഉള്ളിൽ വന്ന് തറയ്ക്കുന്നുണ്ടോ?

ആ ശബ്ദം ഈ നാടിന്റെ അനാസ്ഥയ്ക്കുരുന്നോ…?”
ഉത്തരമില്ലാത്ത ചോദ്യം! ഒടുവിൽ,

തിരുവനന്തപുരം നെടുമങ്ങാട് കരിക്കുഴിയിൽ നിന്ന് ആ ഒന്നര വയസ്സുകാരന്റെ മൃതദേഹം പുറത്തെടുക്കുമ്പോൾ തോറ്റുപോകുന്നത് ഈ നാടും നമ്മുടെ നിയമവ്യവസ്ഥയുമാണ്.
ഒന്നര വർഷം മാത്രം ഈ ഭൂമിയിൽ ജീവിച്ച അർഷിദ് എന്ന പൊന്നോമനയോട് സ്വന്തം അമ്മയും അവരുടെ പുതിയ പങ്കാളിയും ചേർന്ന് കാട്ടിയത് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന പൈശാചികതയാണ്…

ഓടിക്കളിക്കേണ്ട പ്രായം, അമ്മയോട് കൊഞ്ചേണ്ട പ്രായം, ലോകത്തിന്റെ നിറങ്ങൾ ആദ്യമായി കണ്ടുതുടങ്ങേണ്ട പ്രായം. പക്ഷേ, ആ ചെറിയ ശരീരത്തിൽ ആകെ അമ്പത്തൊന്നിലധികം ഗുരുതരമായ മുറിവുകളാണ് ഫോറൻസിക് സംഘം കണ്ടെത്തിയത്!
ആന്തരിക രക്തസ്രാവം, മാസങ്ങൾക്ക് മുൻപേ ഒടിഞ്ഞുതൂങ്ങിയ കൈകൾ, ചതവുകൾ, കാലിൽ സിഗരറ്റ് പൊള്ളിച്ച പാടുകൾ, ജനനേന്ദ്രിയത്തിൽ വരെ മാരകമായ പരിക്കുകൾ… ഒരൊറ്റ ഇഞ്ച് ശരീരം പോലും ആ ക്രൂരതയിൽ നിന്ന് മുക്തമായിരുന്നില്ല. ഇവിടെ വാക്കുകൾ തോറ്റുപോകുന്നു, എങ്കിലും എഴുതാതിരിക്കാൻ വയ്യ.

ഒരു കൊലപാതകം രണ്ടു കൊലയാളികൾ!
ഈ ദുരന്തകഥ ഒരിടത്ത് ചെന്ന് നമ്മെ നിർത്തുന്നുണ്ട്. അഷ്കർ എന്ന ക്രൂരനായ നരാധമൻ മാത്രമല്ല ഈ കൊലയ്ക്ക് ഉത്തരം പറയേണ്ടത്. അർഷിദിനെ ഈ ലോകത്ത് കൊണ്ടുവന്ന അമ്മ അഖില ആ കുഞ്ഞിന്റെ ഏക സ്വാഭാവിക രക്ഷകർത്രി ആ കൊടും ക്രൂരതയ്ക്ക് കൂട്ടുനിന്നു എന്നതാണ് ഈ ദുരന്തത്തിന്റെ ഏറ്റവും തണുത്തുറഞ്ഞ സത്യം.

സ്വന്തം ചോരയെ സംരക്ഷിക്കേണ്ട അമ്മ തന്നെ ഘാതകന് മൗനാനുവാദം നൽകുമ്പോൾ നമ്മുടെ സംസ്കാരം എങ്ങോട്ടാണ് പോകുന്നത്?
ജനിക്കുന്നതിന് മുൻപ് തന്നെ അച്ഛൻ അഖിലിനെ നഷ്ടപ്പെട്ട കുഞ്ഞാണ് അർഷിദ്. ഗർഭാവസ്ഥയിൽ അച്ഛൻ മരിച്ച ശേഷം, കുഞ്ഞിനെ സംരക്ഷിക്കാൻ അച്ഛന്റെ വീട്ടുകാർ പലതവണ നിയമപരമായി ശ്രമിച്ചിട്ടും വിട്ടുകൊടുക്കാതെ, ഒടുവിൽ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാൻ വരെ അഖില ശ്രമിച്ചിരുന്നു എന്ന വാർത്തകൾ നെഞ്ച് തകർക്കുന്നതാണ്.

ദിവസങ്ങളോളം ആ ഒടിഞ്ഞ കൈകളും ചോരപ്പുള്ളികളും ആ നിലവിളിയും കണ്ടും കേട്ടും മൗനം പാലിച്ച അമ്മയും ഈ കൊലപാതകത്തിൽ തുല്യ പങ്കാളിയാണ്. ഭയം ഒരു ന്യായീകരണമായിരിക്കാം, പക്ഷേ, ഒരു ഒന്നര വയസ്സുകാരന്റെ ജീവന്റെ വിലയാകില്ല അത്.

വരിഞ്ഞു മുറുക്കുന്ന ഭീരുത്വത്തിന്റെ നിശ്ശബ്ദത..

“അത് അവരുടെ കുടുംബകാര്യം”— ഇത്
നമ്മുടെ നാടിന്റെ ഏറ്റവും അപകടകരമായ ചിന്താഗതിയാണ്. ആ ഒരൊറ്റ വാചകത്തിന്റെ മറ പറ്റി ജനാലകൾ അടയ്ക്കപ്പെടുന്നു, ചെവി പൊത്തപ്പെടുന്നു.
ഒരു കുഞ്ഞ് ആ ഇരുട്ടിൽ ഒറ്റയ്ക്ക് പിടഞ്ഞുതീരുന്നു. അർഷിദിന്റെ കരച്ചിൽ കേട്ടിരുന്നവർ ആ നാട്ടിൽ ഉണ്ടായിരുന്നു. “ആ അഷ്കർ ആ കുഞ്ഞിനെ എപ്പോഴും തല്ലാറുണ്ടായിരുന്നു” എന്ന്
അവിടെയുള്ളവർ അറിഞ്ഞിരുന്നു. ഉള്ളറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന ആ നിശ്ശബ്ദതയ്ക്ക് ഒരു പേരുണ്ട് ഭീരുത്വം!
ഇന്ന് ആ
സ്ഥലത്ത് മാത്രമല്ല, വാർത്ത വായിച്ച് ദേഷ്യം കൊണ്ട്
പത്രം താഴെ വെക്കുന്ന നമ്മൾ ഓരോരുത്തരുടെയും ഉള്ളിൽ ഒരു ചോദ്യം ഭൂകമ്പം പോലെ ഉയർന്നു നിൽക്കുന്നു: “എങ്കിൽ ഇത്രയും നാൾ നമ്മളൊക്കെ എവിടെയായിരുന്നു?!”

കേരളം മറക്കാത്ത വേദനകൾ;

നിയമം ഉറങ്ങരുത്!
വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരി, ആലുവയിലെ അഞ്ച് വയസ്സുകാരി, വാളയാറിലെ സഹോദരിമാർ… കേരളം മറക്കാത്ത, ഒരുകാലത്തും മറക്കാൻ കഴിയാത്ത വേദനകളാണിവ. ഓരോ തവണയും നമ്മൾ പ്രതിജ്ഞ എടുക്കും — ഇനി ഇത് ആവർത്തിക്കില്ല എന്ന്. പക്ഷേ, അർഷിഡുമാർ ഇപ്പോഴും ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇനി ഇത് അവസാനിച്ചേ തീരൂ.

ഒരു കുഞ്ഞിനെ രക്ഷിക്കാൻ കഴിയാത്ത നിയമത്തിന് എന്ത് പ്രസക്തിയാണുള്ളത്?
ഈ സാഹചര്യത്തിൽ നമ്മുടെ ആവശ്യങ്ങൾ വ്യക്തമാണ്:

1. അതിവേഗ വിചാരണ (Fast Track Court) ഈ കേസിന്റെ വിചാരണ അതിവേഗ പ്രത്യേക കോടതിയിൽ തന്നെ നടത്തണം. സാക്ഷി വിസ്താരവും തെളിവെടുപ്പും ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കി വിധി പ്രഖ്യാപിക്കണം. നീതി വൈകുന്നത് നീതി നിഷേധിക്കലാണ്.

2. പരമാവധി ശിക്ഷ (തൂക്കുകയർ) ഭാരതീയ ന്യായ സംഹിതയും പോക്സോ നിയമവും അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ പ്രതികൾക്ക് നൽകണം.

2023-ൽ ആലുവയിൽ അഞ്ച് വയസ്സുകാരിയെ കൊന്ന പ്രതിക്ക് കോടതി വിധിച്ചത് തൂക്കുകയറാണ്. അർഷിഡിന്റെ ഘാതകർക്കും നിയമം അനുവദിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭിക്കണം.

3. സീറോ ടോളറൻസ് നയം. ഇത്തരം കുറ്റകൃത്യങ്ങൾ ഇനി ഒരു ക്രിമിനലും ആവർത്തിക്കാൻ ധൈര്യപ്പെടാത്ത വിധം മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ സർക്കാരും നീതിന്യായ വ്യവസ്ഥയും ‘സീറോ ടോളറൻസ്’ നയം സ്വീകരിക്കണം.

നമുക്ക് മാറാം, ദുരന്തത്തിന് മുൻപേ ഉണരാം
ഒരു കുഞ്ഞിന്റെ കരച്ചിൽ അസ്വാഭാവികമായി നീണ്ടുകേൾക്കുമ്പോൾ ആരും ചെവി അടയ്ക്കരുത് അന്വേഷിക്കുക, അധികാരികളെ അറിയിക്കുക. ഒരു ദുരന്തം നടന്ന ശേഷം മെഴുകുതിരി കത്തിക്കുന്ന ശീലം നമുക്ക് നിർത്താം; ദുരന്തം ഉണ്ടാകുന്നതിന് മുൻപ് നമുക്ക് ഉണരാം. ഓർക്കുക

ചൈൽഡ്‌ലൈൻ: 1098 ഒരൊറ്റ ഫോൺ വിളി ഒരു ജീവൻ രക്ഷിച്ചേക്കാം. വിളിക്കുന്നയാളുടെ വിവരങ്ങൾ സമ്പൂർണ്ണ രഹസ്യമായിരിക്കും.

നന്ദിയോടുള്ള അച്ഛൻ അഖിലിന്റെ കുഴിമാടത്തോട് ചേർന്നാണ് കഴിഞ്ഞദിവസം അർഷിദിനും അന്ത്യവിശ്രമമൊരുക്കിയത്. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അച്ഛനരികിൽ, വേദനകളില്ലാത്ത ലോകത്ത് ഇനി അവൻ ശാന്തമായി ഉറങ്ങട്ടെ.

മോനെ, നിന്നെ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. പക്ഷേ, നിനക്ക് നീതി വാങ്ങിത്തരാതെ ഈ കേരളം അടങ്ങില്ല.

കുട്ടികൾ ഏതെങ്കിലും ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ല; അവർ ഈ ഭൂമിയുടെ വെളിച്ചമാണ്. ഇനി ഒരു കുഞ്ഞും ഇങ്ങനെ ഒറ്റയ്ക്ക് കരഞ്ഞു തീരരുത് — അതാണ് നിന്നോടുള്ള ഞങ്ങളുടെ ഏറ്റവും ആഴമേറിയ വാഗ്ദാനം. അർഷിദ്… ഞങ്ങൾ ലജ്ജിക്കുന്നു, ഒപ്പം ഞങ്ങൾ ഉണരുകയും ചെയ്യുന്നു!

ചൈൽഡ്‌ലൈൻ: 1098 | 24 മണിക്കൂറും ലഭ്യമാണ്

✍️ സിജു ജേക്കബ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com