Monday, December 9, 2024
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ (ഭാഗം - 29). 'യാത്രയയപ്പ്...'

പള്ളിക്കൂടം കഥകൾ (ഭാഗം – 29). ‘യാത്രയയപ്പ്…’

സജി ടി. പാലക്കാട്

യാത്രയയപ്പ്…,

അന്ന് യാദൃശ്ചികമായി മഴ പെയ്തു.സാധാരണ പെയ്യുന്ന മഴ പോലെ ആയിരുന്നില്ല. കൂറ്റൻ മഴത്തുള്ളികൾ കൂട്ടത്തോടെ എടുത്തെറിയുന്ന പോലെയുള്ള പെയ്ത്ത്. മഴയ്ക്ക് അകമ്പടിയായി കാറ്റും ഇടിമിന്നലും. കാറ്റിൽ സ്കൂളിന്റെ പിൻവശത്തുള്ള കൂറ്റൻ ഇലവുമരത്തിന്റെ കൊമ്പുകൾ ആടിയുലഞ്ഞു. സമയം രാത്രി ഒൻപതു കഴിഞ്ഞു. മഴയുടെ ശബ്ദമല്ലാതെ മറ്റൊരു ശബ്ദവും കേൾക്കാതെയായി. ടെറസ്സിന്റെ മുകളിൽ മഴത്തുള്ളികൾ വീണു ചിതറി.

‘ഈ മഴ ഇതെന്നാ ഭാവിച്ചാണ് …?
എത്ര നേരമായി തുടങ്ങിയിട്ട്..’

കതക് തുറന്നു പുറത്തേക്ക് നോക്കിക്കൊണ്ട് രാജു മാഷ് പറഞ്ഞു .

നാളെ രാവിലെ മാഷ് എങ്ങനെ പുതിയ സ്കൂളിലേക്ക് പോകും?
പുഴയിൽ വെള്ളം കയറി കാണുമോ ..?
സോമൻ മാഷ് ചോദിച്ചു.

‘പോകാതെ പറ്റില്ലല്ലോ..
നാളെ തന്നെ പുതിയ സ്കൂളിൽ ജോയിൻ ചെയ്യണം..’

‘രാവിലെ നേരത്തെ എഴുന്നേൽക്കാനുള്ളതാ…
നമുക്ക് കിടന്നാലോ…?”

ജോസ് മാഷ് ചോദിച്ചു..

വാതിൽ ചേർത്തടച്ച് എല്ലാവരും പായിൽ കിടന്നു…
വെന്റിലേറ്ററിലൂടെ മിന്നൽ മുറിക്കകത്തേക്ക് ഒളിഞ്ഞു നോക്കിക്കൊണ്ടിരുന്നു.

മഞ്ഞുമൂടിയ പ്രഭാതം.
സൂര്യൻ ഇരുണ്ട മേഘങ്ങൾക്കിടയിലൂടെ എത്തിനോക്കി. ഒൻപത് മണി ആയപ്പോഴേക്കും ലത സ്കൂളിൽ എത്തി. ഒരു വലിയ സഞ്ചിതുറന്നു അതിൽ നിന്നും രണ്ടുമൂന്ന് അടുക്കുള്ള സ്റ്റീൽ പാത്രങ്ങൾ എടുത്തു പുറത്തു വച്ചു.

‘എന്താ ലതേ
കുറെ പാത്രങ്ങളുമായിട്ടാണല്ലോ വരവ്..’

സോമൻ മാഷ് ചോദിച്ചു ..

‘അതെ രാജു സാറിന്ന് പുതിയ സ്കൂളിലേക്ക് പോകുവല്ലേ..
എല്ലാവർക്കും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാം എന്ന് കരുതി..
ഭക്ഷണം ഞാൻ കൊണ്ടുവന്നിട്ടുണ്ട്. എല്ലാവരും വേഗം ഇരുന്നാട്ടെ ..’

കേൾക്കേണ്ട താമസം എല്ലാവരും കൈ കഴുകി പുല്ലുപായ വിരിച്ച് അതിൽ ഇരുന്നു കഴിഞ്ഞു.

ലത ഇഡ്ഡലിയും, ചട്നിയും വിളമ്പി. അപ്പോഴേക്കും ജോസ് മാഷ് ചായ ഉണ്ടാക്കി കൊണ്ടുവന്നു.

‘അട്ടപ്പാടിയിലെ എൻ്റെ അവസാനത്തെ ബ്രേക്ക് ഫാസ്റ്റ്….’

എല്ലാവരുടെയും മുഖത്തുകൂടി കണ്ണോടിച്ചുകൊണ്ട് രാജു മാഷ് പറഞ്ഞു

‘അപ്പോൾ രാജു സാർ ഇനി ഒരിക്കലും ഇവിടേയ്ക്ക് വരില്ലേ …? ‘

‘എന്റെ ലതേ..
ഇയ്യൊന്ന് വെറുതെ ഇരിക്കണൊണ്ടോ..?
ഇവിടുന്ന് എങ്ങനെയെങ്കിലും ഒന്ന് പോയി കിട്ടിയാൽ മതി എന്നാണ് രാജു മാഷിന് …
പുള്ളി അത്രയ്ക്ക് വിഷമിച്ചു .’

ജോസ് മാഷ് പറഞ്ഞു

‘അതെ, പക്ഷേ കുറച്ചു നാളുകൾ കൊണ്ട് ഒരു പിടി നല്ല ഓർമ്മകളാണ് അട്ടപ്പാടി ജീവിതം എനിക്ക് സമ്മാനിച്ചത്, പാർത്തീനിയം അലർജി ഒഴികെ. നിഷ്കളങ്കരായ രക്ഷിതാക്കളുടേയും, കുട്ടികളുടേയും അടുത്തു നിന്നും മാറി പോവുക എന്നത് പ്രയാസമുണ്ടാക്കുന്ന കാര്യം തന്നെ . എന്തെങ്കിലും നിവൃർത്തി ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇവിടെ നിന്ന് പോകില്ലായിരുന്നു.’

‘വളരെ കുറച്ചുനാളുകളെ ഇവിടെ ഉണ്ടായിരുന്നുള്ളൂവെങ്കിലും രാജു സാറിനെ കുട്ടികൾക്ക് വലിയ ഇഷ്ടമായിരുന്നു…. ‘

ലത പറഞ്ഞു.

‘രാജു സാറിനെ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇഷ്ടം തന്നെ ആയിരുന്നു. ഞങ്ങളുടെ കൂടെ എല്ലാ കാര്യത്തിനും സഹായിച്ച, സഹകരിച്ച വ്യക്തിയാണ് രാജു സർ. നിർണ്ണായകമായ പല ഘട്ടങ്ങളിലും രാജു സർ ഒപ്പം നിന്നു….’

ജോസ് മാഷ് പറഞ്ഞു.

‘ഞാനും രാജു സാറും തമ്മിൽ വളരെ അടുത്ത ബന്ധം ആയിരുന്നു. എല്ലാവരുമായി ഒത്തു പോകുന്ന പ്രകൃതം….
എന്തായാലും മാഷിന് പോയേ മതിയാകൂ. മാഷ് പോകുന്ന പുതിയ സ്കൂളും ഒരു ഗ്രാമത്തിൽ തന്നെയാണ് എന്ന് അറിയാൻ കഴിഞ്ഞു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു ….’

രാജു സാറിന്റെ തോളിൽ തട്ടി സോമൻ മാഷ് പറഞ്ഞു.

‘സദാനന്ദൻ മാഷ് എന്താണ് ഒന്നും മിണ്ടാത്തത്.. ?’
ജോസ് മാഷ് ചോദിച്ചു.

‘ഞാൻ എന്ത് പറയുവാനാണ്…? എനിക്ക് ഇന്ന് ഒരു ദിവസത്തെ പരിചയം മാത്രമല്ലേ ഉള്ളൂ രാജു സാറുമായി. എല്ലാവരും പറയുന്നത് ഞാൻ കേൾക്കുകയായിരുന്നു.
സാറിന് എല്ലാവിധ ആശംസകളും നേരുന്നു. …’

‘സാർ ഒരു ഇഡ്ഡലി കൂടി കഴിക്കൂ..’

ലത രാജു സാറിനോട് പറഞ്ഞു.

‘ മതി..,
വർത്തമാനം പറയുന്നതിനിടയിൽ കൂടുതൽ കഴിച്ചു. നിങ്ങളുടെ നല്ല വാക്കുകൾക്ക് ഒത്തിരി നന്ദിയുണ്ട്. ലതയുടെ ബ്രേക്ക് ഫാസ്റ്റിനും നന്ദി…’

എല്ലാവരും ഭക്ഷണം കഴിച്ച് കൈ കഴുകി.

‘സാർ…..
ഇനി എന്നാണ് കാണുക …?’

‘ഭൂമി ഉരുണ്ടതല്ലേ ലതേ ?എവിടെയെങ്കിലും വെച്ച് നമുക്ക് വീണ്ടും കാണാം.. പിന്നെ തന്റെ ചേച്ചിയുടെ കല്യാണം വിളിക്കൂ. അപ്പോൾ തീർച്ചയായും വരാം.’

‘എങ്കിൽ സാറിന് ഒരിക്കലും അട്ടപ്പാടിക്ക് വരേണ്ടി വരില്ല …’

‘അതെന്താ സദാനന്ദൻ മാഷേ നിങ്ങൾ അങ്ങനെ പറഞ്ഞത് ..?’

‘ഏയ്…ഒന്നുമില്ല ..’

‘എന്നാലും….. എന്തോ ഉണ്ടല്ലോ…രാജു സാർ സംശയം പ്രകടിപ്പിച്ചു.

‘ലതയുടെ വീട്ടുകാർ ചൊവ്വാദോഷം എന്ന് പറഞ്ഞ് ആ പെൺകുട്ടിയെ പേടിപ്പിച്ച് നിർത്തിയിരിക്കുകയല്ലേ….?
പാവം .. ! ‘

‘സാറേ.. വേണ്ട ട്ടോ….’

‘ഞാനൊന്നും പറഞ്ഞില്ലേ….’

ചിരിച്ചുകൊണ്ട് സദാനന്ദൻ മാഷ് പറഞ്ഞു .

രാജു മാഷ് തന്റെ നീല ബാഗും എടുത്തുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.

എല്ലാവരുടെയും കൈപിടിച്ച് യാത്ര പറഞ്ഞു. കോങ്ങാട് അടുത്തുള്ള ആ ഗ്രാമത്തിലെ നല്ല മനുഷ്യരെ മനസ്സിൽ കണ്ട് കൊണ്ട്…..

(തുടരും…….)

സജി ടി. പാലക്കാട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments