Monday, December 9, 2024
Homeഅമേരിക്കഓർമ്മയിലെ മുഖങ്ങൾ: ശ്രീ. പി. എ. ബക്കർ

ഓർമ്മയിലെ മുഖങ്ങൾ: ശ്രീ. പി. എ. ബക്കർ

അജി സുരേന്ദ്രൻ

സിനിമയെ നെഞ്ചിലേറ്റി നടന്ന് ജീവിതം മറന്നു പോയവർ നമുക്കിടയിൽ ധാരാളം പേരുണ്ട്. അത്തരത്തിലൊരാളായിരുന്നു ശ്രീ.പി.എ ബക്കർ .സിനിമയിലെ ഒരപൂർവ്വ വ്യക്തിത്വമായ ബക്കറിൻ്റെ ഓർമ്മകളിലൂടെ….

മലയാള സിനിമയുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ച നിരവധി സിനിമകൾ ഇദ്ദേഹത്തിൻ്റേതാണ്.തൃശൂർ കാണിപ്പയ്യൂരിൽ ഒരു യഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ഫാത്തിമയുടെയും അഹമ്മദ് മുസലിയാരുടെയും മകനായി 1940 ൽ ബക്കര്‍ ജനിച്ചു. ചെറുപ്പത്തിൽതന്നെ പിതാവ് അഹമ്മദ് മുസലിയാർ മരിച്ചു. പിതാവിന്റെ മരണശേഷം അധികം വൈകാതെ തൃശൂർ നഗരത്തിലേക്ക് ബക്കറിന്റെ കുടുംബം താമസം മാറ്റി.

സ്കൂൾപഠനകാലത്ത്‌ കുട്ടികൾ നടത്തുന്ന ‘കുട്ടികൾ ‘ എന്ന പേരിലുള്ള മാസികയുടെ പത്രാധിപരായിരുന്നു ബക്കർ, അങ്ങന ‘തൃശൂരിന്റെ സാമൂഹിക-സാംസ്‌കാരിക
രാഷ്ട്രീയ വഴികളിലൂടെ ബക്കറിന്റെ ജീവിതം വളർന്നു.രാമുകാര്യാട്ടുമായുള്ള സുഹൃദ് ബന്ധത്തിലൂടെ അദ്ദേഹത്തിൻ്റെ മിന്നാമിനുങ്ങ് ,മുടിയനായ പുത്രൻ എന്നീ സിനിമകളിൽ സംവിധാന സഹായിയായ് പ്രവർത്തിക്കാൻ അവസരം ലഭിച്ചു.
പി എൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിലെ നിർമ്മാണത്തിലും പങ്കാളിയായി.

കബനീനദി ചുവന്നപ്പോൾ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. സംവിധായകനായ പ്രശസ്തനായ ടി വി ചന്ദ്രനായിരുന്നു നായകൻ. അടിയന്തിരാവസ്ഥ പിടി മുറുക്കിയിരുന്ന കാലഘട്ടമായതിനാൽ സിനിമയുടെ ഷൂട്ടിംഗ് സമയത്തും സെൻസറിംഗ് സമയത്തും ചിത്രത്തിന്റെ പിന്നണിയിലുള്ളവർക്ക് ഒരുപാടു ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു.

കലാകാരൻ എന്ന നിലയിൽ മനുഷ്യന്റെ വിമോചനത്തിനു വേണ്ടി നിലകൊണ്ട ആദ്യത്തെ ചലച്ചിത്രകാരൻ കൂടിയാണ് ബക്കർ .വിഷയ സ്വീകരണത്തിലും ചലച്ചിത്ര ഘടനയിലും ബക്കറിനെപ്പോലെ ചങ്കുറ്റം കാണിച്ച സംവിധായകർ അക്കാലത്ത് വിരളമായിരുന്നു.

നിർമ്മാതാവ് പവിത്രനും ബക്കറും കൂടി സിനിമ പ്രേഷകരിലേക്ക് എത്തിച്ചു.1976ലെ മികച്ച രണ്ടാമത്തെ ചിത്രമായി കബനീനദി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത് ബക്കറിനായിരുന്നു. മനുഷ്യന്റെ മോചനത്തെ സ്വപ്നം കാണുന്ന ഗോപി എന്ന നക്സലൈറ്റിന്റെ ജീവിതവും ജീവിത വീക്ഷണവുമായിരുന്നു കബിനി നദിയുടെ കാതൽ.

സാറാ തോമസിന്റെ മുറിപ്പാടുകൾ എന്ന നോവലിനെ അധികരിച്ചെടുത്ത മണിമുഴക്കം ആയിരുന്നു രണ്ടാമത്തെ ചിത്രം. നടൻ ശ്രീനിവാസൻ ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചത് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ ഹരി നായകനായ ഈ ചിത്രത്തിലൂടെയായിരുന്നു.

ദേശീയ അവാർഡുകളും സംസ്ഥാന അവാർഡുകളും വാരിക്കൂട്ടിയ ചിത്രം കൂടിയായിക്കുന്നു അത്.തുടർന്ന് വന്ന ചുവന്ന വിത്തുകൾ എന്ന ചിത്രം വേശ്യാവൃത്തിയിലേയ്ക്ക് തിരിയേണ്ടി വന്ന ഒരു യുവതിയുടെ കഥയായിരുന്നു. പലരും നോക്കാൻ മടിച്ച ജീവിതങ്ങൾക്ക് നേരെയാണ് ബക്കർ ക്യാമറ തിരിച്ചത്.

ജീവിതത്തിന്റെ ഓരങ്ങളിലേക്ക് ഞെരുക്കപ്പെട്ടവരുടെ, അല്പം പോലും ചമയങ്ങളില്ലാത്ത മുഖങ്ങളായിരുന്നു ആ ചലച്ചിത്രകാരന്റെ കാഴ്ചകളെ പൊറുതിമുട്ടിച്ചത്. അപരന്റെ ശബ്ദം സംഗീതംപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു കാലത്തിനായുള്ള സമരവും ജീവിതവുമായിരുന്നു ബക്കറിന്റെ സിനിമകളോരോന്നും.

പി കൃഷ്ണപ്പിള്ളയുടെ ജീവിതത്തെ ആധാരമാക്കിയുള്ള ‘സഖാവ് ‘ എന്ന ചിത്രം തുടങ്ങി എങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കലഹങ്ങളും കലാപങ്ങളുംകൊണ്ട് മുഖരിതമായിരുന്നു ബക്കറിന്റെ ജീവിതം, ഒരു സിനിമയിലെന്നപോലെ സംഭവബഹുലമായി അദ്ദേഹം ജീവിച്ചു. 1993 നവംബർ 22-ന് ബക്കർ യാത്രയായി. അനിത ബക്കർ ആണ് അദേഹത്തിൻ്റെ ഭാര്യ.മഹാനായ കലാകാരനു പ്രണാമം.

അവതരണം: അജി സുരേന്ദ്രൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments