സോഷ്യൽ മീഡിയയിലെ സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തമിഴ് ചിത്രം ‘കറുപ്പ്’ എന്ന സിനിമയുടെ ആഴത്തിലുള്ള ഒരു അവലോകനം.
ഇരുളടഞ്ഞ വ്യവസ്ഥിതിക്കെതിരെയുള്ള ‘കറുപ്പിന്റെ’ അല്ലെങ്കിൽ കറുപ്പസ്വാമിയുടെ പോരാട്ടം.
സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ അനുകൂലവും പ്രതികൂലവുമായ വലിയ ചർച്ചകൾക്ക് വഴിവെച്ച ചിത്രമാണ് തമിഴ് സൂപ്പർസ്റ്റാർ സൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘കറുപ്പ്’. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും തിയേറ്ററുകളിൽ മുക്കാൽ ഭാഗത്തിലധികം കാണികളെ നിലനിർത്താൻ കഴിയുന്നു എന്നത് തന്നെ ഈ ചിത്രം ജനങ്ങളിലേക്ക് എത്രത്തോളം എത്തിയിട്ടുണ്ടെന്നതിന്റെ തെളിവാണ്. പ്രശസ്ത നടനും സംവിധായകനുമായ ബാലാജി ദൃശ്യവൽക്കരിച്ച ഈ ചിത്രം, കേവലമൊരു മസാല സിനിമ എന്നതിനപ്പുറം വലിയൊരു സാമൂഹിക യാഥാർത്ഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
“കറുപ്പ്”, ഒരു ആക്ഷൻ ഡ്രാമ / സോഷ്യൽ ത്രില്ലർ (Action Drama / Social Thriller) ജോണറിൽ പെടുത്താവുന്ന ചിത്രമാണ്.
കൂടുതൽ വ്യക്തമായി പറഞ്ഞാൽ ഇതിനെ ഒരു ‘കൊമേഴ്‌സ്യൽ മാസ് മസാല എന്റർടൈനർ’ (Commercial Mass Masala Entertainer) എന്നും വിളിക്കാം.
യാഥാർത്ഥ്യത്തിനപ്പുറമുള്ള സിനിമാറ്റിക് വിരുന്നാണ് ഇത്.
ആദ്യം തന്നെ വ്യക്തമാക്കേണ്ട ഒരു കാര്യം, കടുത്ത ലോജിക്കുകളോ കടുംപിടുത്തങ്ങളോ മാറ്റിവെച്ച്, സിനിമയെ ഒരു വിനോദോപാധിയായി കാണാൻ തയാറുള്ളവർക്ക് ആസ്വദിക്കാൻ പറ്റിയ പക്കാ മാസ്സ്-കൊമേഴ്‌സ്യൽ എന്റർടൈനറാണ് “കറുപ്പ്”. പൂർണ്ണമായ യാഥാർത്ഥ്യബോധത്തോടെയല്ല, മറിച്ച് സിനിമ എന്ന മാധ്യമത്തിന്റെ സ്വാതന്ത്ര്യം പരമാവധി ഉപയോഗിച്ചാണ് സംവിധായകൻ ഈ കഥ പറഞ്ഞിരിക്കുന്നത്.
അധികാരവും, പണവും,ജുഡീഷ്യറിയും,
നമ്മുടെ നീതിന്യായ വ്യവസ്ഥയിലെ ചില പുഴുക്കുത്തുകളെയും അസമത്വങ്ങളെയുമാണ് ചിത്രം പ്രധാനമായും വിചാരണ ചെയ്യുന്നത്.
പണവും അധികാരവുമുള്ളവന്റെ കാൽക്കൽ വീഴുന്ന സിസ്റ്റം.
വിലയ്‌ക്കെടുക്കപ്പെടുന്ന നീതി, ജുഡീഷ്യറിയെപ്പോലും സ്വന്തം സ്വാർത്ഥതയ്ക്കായി വിലയ്‌ക്കെടുക്കുന്ന ഒരു കൂട്ടം തിന്മ നിറഞ്ഞ മനുഷ്യർ.
ഈ അനീതികൾക്കെതിരെയും വ്യവസ്ഥിതിക്കെതിരെയും ഒരു മനുഷ്യൻ നടത്തുന്ന അതിജീവനത്തിന്റെ പോരാട്ടമാണ് സിനിമ.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നന്മയും തിന്മയും തമ്മിലുള്ള നിഴൽ യുദ്ധമാണ് ഈ ചിത്രം. ഇത് ഇന്ത്യയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല, മറിച്ച് ആഗോളതലത്തിൽ ഇന്ന് മനുഷ്യൻ നേരിടുന്ന വലിയൊരു സത്യമാണ് ഈ അസമത്വം.
സിനിമയിൽ അധികാരമുള്ളവൻ നിയമത്തെ വളച്ചൊടിക്കുമ്പോൾ, സാധാരണക്കാരന് മിത്തുകളും ഐതിഹ്യങ്ങളും, ചില ചരിത്ര സത്യങ്ങളും, പ്രതീക്ഷയുടെ പ്രതീകങ്ങളായി മാറുന്നു.
സമൂഹത്തിലെ ഒരു സിസ്റ്റത്തിന്റെ അസമത്വത്തിനെതിരെ പോരാടാൻ കഥാകാരൻ ചില മിത്തുകളും, പ്രാദേശിക ഐതിഹ്യങ്ങളും, നാടോടിക്കഥകളും കൂട്ടിയിണക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അത് സിനിമയ്ക്ക് ഒരു പ്രത്യേക ഭാവം നൽകുന്നുണ്ട്.
തിന്മയ്‌ക്കെതിരെ മനുഷ്യത്വത്തിന്റെ പക്ഷം പിടിച്ച് പോരാടുന്ന നായകനായി സൂര്യ വീണ്ടും തിളങ്ങിയിരിക്കുകയാണ്. സൂര്യയുടെ ഒരു തിരിച്ചുവരവ് എന്ന് തന്നെ പറയാം ഈ സിനിമ. തന്റെ തനത് ശൈലിയിലുള്ള ആക്ഷൻ രംഗങ്ങളും വൈകാരികമായ പ്രകടനങ്ങളും കൊണ്ട് പ്രേക്ഷകനെ തിയേറ്ററിൽ ഇരുത്താൻ സൂര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
സൂര്യയെ പോലെ തന്നെ ഈ ചിത്രത്തിൽ എടുത്തു പറയേണ്ട ഒരു പ്രധാന ക്യാരക്ടർ റോൾ കൈകാര്യം ചെയ്തിരിക്കുന്നത് മലയാളം നടൻ ഇന്ദ്രൻസ് ആണ്. പണ്ട് കണ്ട സിനിമകളിൽ ഉള്ള ഇന്ദ്രൻസിനെ അല്ല ഇപ്പോഴുള്ള സിനിമകളിൽ നമ്മൾ കാണുന്നത്. അഭിനയത്തിന്റെ തീവ്രമായ ഉജ്ജ്വല നടന വിസ്മയം കാഴ്ചവെക്കുന്ന ഒരു ഊതിക്കാച്ചിയ പൊന്ന്. അദ്ദേഹത്തിന്റെ ഒരുപാട് വൈകാരിക മുഹൂർത്തങ്ങൾ ഈ സിനിമയിൽ നമുക്ക് കാണാം. “എനിക്ക് gpay ചെയ്യാൻ അറിയില്ല” എന്നു പറയുന്ന ഒരു സാധാരണക്കാരനായ മനുഷ്യൻ.
നടനായും സംവിധായകനായും തിളങ്ങിയിട്ടുള്ള ബാലാജി, പ്രേക്ഷകരെ വിരസതയില്ലാതെ കൊണ്ടുപോകുന്നതിൽ വിജയിച്ചു. മാസ്സ് ഘടകങ്ങളും സാമൂഹിക സന്ദേശവും കൃത്യമായ അളവിൽ ചേർത്തുവെക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.
നായികാ പ്രാധാന്യമുള്ള ഒരു സിനിമയല്ല ഇതെങ്കിലും, തൃഷ ആണ് ഈ സിനിമയിലെ നായിക.
ചില കല്ലുകടികൾ സിനിമയിൽ ഉണ്ട് എന്നുള്ളത് യാഥാർഥ്യമാണ്, എന്തിനെന്ന് അറിയാതെ ആവശ്യമില്ലാത്ത ചില കഥാപാത്രങ്ങളെയും ആളുകളെയും തിരികെ കയറ്റിയിട്ടുമുണ്ട് ചിത്രത്തിൽ. കഥ ഇടയ്ക്ക് ആവശ്യമില്ലാതെ വലിച്ചു നീട്ടുന്നതുപോലെയും തോന്നി.
ചിലയിടങ്ങളിൽ ലോജിക്കില്ലായ്മ പ്രകടമാണെങ്കിലും, സിനിമ നൽകുന്ന ശക്തമായ സന്ദേശവും സൂര്യയുടെ സ്ക്രീൻ പ്രസൻസും ‘കറുപ്പ്’ എന്ന ചിത്രത്തെ തിയേറ്റർ വാച്ചബിൾ ആക്കുന്നു. തിയേറ്ററിലെ നിറഞ്ഞ സദസ്സ് സാക്ഷ്യപ്പെടുത്തുന്നത് പോലെ, ജനപ്രിയ സിനിമകളുടെ ചേരുവകൾ കൃത്യമായി ചേർത്തുവെച്ച ഒരു വിനോദചിത്രം തന്നെയാണ് ‘കറുപ്പ്’. അസമത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന ഈ ‘കറുപ്പ്’ തിയേറ്ററിൽ തന്നെ കണ്ട് ആസ്വദിക്കേണ്ട ഒന്നാണ്.
ഈ സിനിമയുടെ അരങ്ങത്തും അണിയറയിലും പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും എന്റെ ആശംസകൾ.
റേറ്റിംഗ് 3.9/5.



