രസനിഷ്പത്തി
കിരീടം തലകീഴായി പിടിച്ച് പെട്ടിക്കാരൻ അണിയറയിലൂടെ നടക്കുന്ന ഫ്രെയ്മിൽനിന്നു തുടങ്ങുന്ന രസനിഷ്പത്തി എന്ന ഡോക്യുമെൻ്ററി ചിത്രം അടയാഭരണങ്ങളുടെയും കിരീടപ്പൊലിമയുടെയും മുകളിൽ കലയിൽ രസത്തിന്റെ സ്ഥാനം ഉറപ്പിക്കുകയാണ്.
സ്ഥായിഭാവവും സഞ്ചാരഭാവവും രസം സൃഷ്ടിക്കുന്ന ചിത്രത്തിന്
കിടങ്ങഴിമനയുടെ പടിപ്പുരയും പത്തായപ്പുരയും പൂമുഖവും മൺചുമരുകളും ഇടനാഴികളും പശ്ചാത്തലം ആയതിന്ന് ഒന്നിലേറെ കാരണങ്ങൾ ഉണ്ട് . ഭാവത്തെയും രസത്തെയും കുറിച്ച് സംസാരിക്കുന്ന സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടും അദ്ദേഹത്തിൻ്റെ സുവ്യക്തമായ സംഭാഷണങ്ങൾ ഒരു ഊർജ്ജസ്രോതസ്സായി കണ്ട് അതിൻറെ തനിമയും അനന്യതയും നിലനിർത്തുവാൻ ഉത്സാഹിച്ച മകൻ ഹരീഷും ഈ മനയിലെ അംഗങ്ങൾ ആയതുകൊണ്ട് മാത്രമല്ല. പ്രാചീനമായ സംസ്കാരത്തിൻറെ തനിമകൾ ചിത്രീകരിച്ച് സംരക്ഷിക്കുന്നതിന് അനുയോജ്യമായ പശ്ചാത്തലം സഫലമായി പ്രയോജനപ്പെടുത്താൻ പുറമേ അലയേണ്ട ആവശ്യമില്ലാത്തത് കൊണ്ടു കൂടിയാവാം

അതുപോലെ കരിക്കാട് ക്ഷേത്രഗോപുരവും കൊടിമരങ്ങളും ചുറ്റമ്പലവും പത്തായപ്പുരയും പശ്ചാത്തലമാക്കിയത് കഥകളി എന്ന ക്ഷേത്രകലയുടെ സവിശേഷമായ സ്വഭാവത്തെ എടുത്തുകാണിക്കുന്നതിന്ന് പര്യാപ്തമായിട്ടുണ്ട്. മനോഹരമായ മറ്റേത് ഭൂവിഭാഗത്തേക്കാളും ഈ ക്ഷേത്രപരിസരം തന്നെയാണ് ഈ സന്ദർഭത്തിന്ന് ഉത്തമം. കലയുടെ ലോകത്ത് കഥകളി തന്നെയാണ് ഇപ്പോഴും ഗോപുരങ്ങൾ ഉയർത്തി ശ്രീകോവിലിനു മുകളിൽ താഴുകക്കുടം വച്ച് കൊടിമരത്തിന്റെ മുകളിൽ വിജയപതാകയായി പാറിക്കളിക്കുന്നത് . അതിനെ താലോലിച്ചതും വളർത്തിയതും ഇതുപോലെയുള്ള ക്ഷേത്രപരിസരങ്ങൾ തന്നെയാണ്.
ഇവിടെ ഉദാഹരണങ്ങൾ സഹിതം പരിചയപ്പെടുത്താൻ പോകുന്നത് ഒരു ക്ഷേത്രകലയുടെ സവിശേഷതകൾ ആയതുകൊണ്ട് അതിനെ വളർത്തി വലുതാക്കിയ വിശ്വാസങ്ങൾ ഇപ്പോഴും തിളങ്ങി നിൽക്കുന്നതും ഇവിടെത്തന്നെയാണ്.

സ്ഥായിഭാവവും സഞ്ചാരഭാവവും വിശദമാക്കുന്നതിന്ന് തുടക്കത്തിലുള്ള ഊർവ്വശിയെ അവതരിപ്പിക്കുന്ന “ലളിതപദവിന്യാസങ്ങൾ” എന്ന ശ്ലേഷാലങ്കാരസമൃദ്ധമായ വിവരണം രചയിതാവിന്നും കഥാപാത്രത്തിനും ഇണങ്ങുന്ന പോലെ ആണ് എന്ന് പ്രൊഫസർ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് വിവരിച്ചു സമർത്ഥിച്ചത് യുക്തമായി .
നളചരിതത്തിലെ ഒരുപദവും ബാലിവിജയത്തിലെ ഒരുരംഗവും ബാലിസുഗ്രീവയുദ്ധത്തിലെ ഒരു ഭാഗവും ദുര്യോധനവധത്തിലെ ദുശ്ശാസനവധവും പ്രത്യേകമായി പരിചയപ്പെടുത്തിയത് നാട്യധർമ്മിയനുസരിച്ചുള്ള വിവിധഭാവങ്ങൾ ആസ്വാദക മനസ്സിൽ രസം ഉദ്ദീപിപ്പിക്കുന്നതിന്ന് പര്യാപ്തമായി.
“കുവലയമിഴി”എന്ന പദവിസ്താരം
സദനം കൃഷ്ണൻകുട്ടി ആശാൻ പരിചയപ്പെടുത്തുന്ന ഭാഗം ഇതിനെ അനുഭവമാക്കി. പീശപ്പള്ളി
രാജീവിന്റെ പരിശീലനക്കളരിയും ഈ ഡോക്യുമെൻററിയുടെ സവിശേഷമായ ഒരു വിജയമാണ്
ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത ചില ആട്ടകഥകളിലെ മുഹൂർത്തങ്ങൾ വിഭിന്ന ഭാവപരിസരങ്ങളെ പ്രകാശിപ്പിക്കുന്നതും അവ ആസ്വാദകമനസ്സിൻ രസങ്ങളായി മാറുന്നതും ഒരു കലാരൂപത്തെ വ്യത്യസ്തമാക്കുന്നത് എങ്ങനെയാണെന്ന് ഈ ഡോക്യുമെൻററി ചിത്രം സോദാഹരണം വ്യക്തമാക്കുന്നു.
കലയോടുള്ള അഭിനിവേശവും കലാകാരന്മാരോടുള്ള ആദരവും കലയിലൂടെ പ്രകടമാകുന്ന ഭാവങ്ങളെ പിന്തുടരാനുള്ള ഉത്സാഹവും രസത്തിൽ എത്തിച്ചേരാനുള്ള അഭിവാഞ്ഛയും പരിശ്രമവും ആണ് ഇവിടെ ചിത്രത്തിൻറെ രചയിതാവും സംവിധായകനും കാഴ്ചവച്ചിരിക്കുന്നത്. കലയോടുള്ള അർപ്പണബോധത്തിൽനിന്ന് കലയുടെ ഏറ്റവും സാരവത്തായ രസം എന്ന ഘടകത്തെ ഒരു തപസ്സു പോലെ മനസ്സിൽ കൊണ്ടുനടന്ന പിതാവിന്റെ യജ്ഞത്തെ ഏറ്റെടുത്ത പുത്രൻറെ ദൗത്യം ഇവിടെ വിജയകരമായി നിറവേറ്റപ്പെട്ടു എന്ന് പറയാം. ചിത്രത്തിൽ നരേറ്റർ ആയി പ്രത്യക്ഷപ്പെട്ട കിടങ്ങഴി സുബ്രഹ്മണ്യൻ നമ്പൂതിരിപാടിൻ്റെ മകനാണ് ഹരിഷ് എന്നറിയുന്നത് ഇവിടെ രസത്തിൻ്റെ സമവാക്യം പൂർത്തിയാക്കുന്നു.

വിദഗ്ധനായ ഒരു മലയാളം അധ്യാപകന്റെ ക്ലാസ്മുറിയിൽ ഇരുന്നുകൊണ്ട് രസനിഷ്പത്തിയെക്കുറിച്ചുള്ള ബാലപാഠങ്ങളും പ്രമാണങ്ങളും പരിശീലനരംഗങ്ങളും പ്രയോഗരീതികളും പിന്തുടരാൻ സാധിച്ചു എന്ന സംതൃപ്തിയോടെ കഥകളിവിദ്യാർത്ഥികൾക്ക് മടങ്ങാം.
ഫ്രോയിഡിന്റെയും യൂങ്ങിന്റെയും സംഭാവനകൾക്ക് എത്രയോ മുൻപേ വ്യക്തിയുടെ മനസ്സിനെക്കുറിച്ചും സമൂഹത്തിൻറെ മനസ്സിനെക്കുറിച്ചും അത് പ്രകടിപ്പിക്കുന്ന രീതികളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചും ഭരതമുനിയും അഭിനവഗുപ്തനും ചിന്തിച്ചിരുന്നു എന്നും അവരുടെ ചിന്തകളുടെ വൈകാരികവും വൈചാരികവുമായ പ്രകടനങ്ങളാണ് രംഗകലകൾ എന്നും വ്യക്തമാക്കുന്നതാണ് ഈ ഡോക്യുമെൻററി ചിത്രം.
നാലഞ്ച് ആട്ടക്കഥകളിലെ പ്രത്യേകം തിരഞ്ഞെടുത്ത ചില രംഗങ്ങൾ ചിത്രത്തിൻ അവതരിപ്പിക്കപ്പെട്ടത് അരങ്ങിന്റെ മുമ്പിലിരുന്ന് കാണുന്നതിലും എത്രയോ ധന്യമായ അനുഭൂതിയായിമാറിയിട്ടുണ്ട് എന്നു തീർച്ച. അടുത്തിരുന്ന ശ്രദ്ധിക്കാൻ കഴിയാത്ത പലകാര്യങ്ങളും ഭാവത്തെയും രസത്തെയും അടയാളപ്പെടുത്തുന്ന പലഘടകങ്ങളും ഇവിടെ സ്ക്രീനിൽ അതിൻറെ എല്ലാ സൗന്ദര്യത്തോടും സൗഷ്ടവത്തോടും കൂടി കാണികളുടെ അനുഭവമായി മാറിയിട്ടുണ്ട്.
ആട്ടക്കഥയിലെ സാഹിത്യപാഠത്തിന് പുറത്തേക്കും കളരിയിലെ പരിശീലനത്തിന് പുറത്തേയ്ക്കും ഒരു കലാകാരൻ എങ്ങനെ ഉയരുന്നു അല്ലെങ്കിൽ എങ്ങനെ ഉയരണം എന്ന് സൂചിപ്പിക്കുന്ന മുഹൂർത്തങ്ങളും ഇതിൽ ഉണ്ട്. ഉദാഹരണത്തിന് നാരദൻ രാവണനെ പ്രകോപിക്കുന്ന സമയത്ത് പുല്ല് എന്ന് പറഞ്ഞ് നിർത്താതെ അത് തിരഞ്ഞ് കണ്ടുപിടിച്ച് ഉയർത്തിപ്പിടിച്ച് നീ ഇതിനു സമമാണ് എന്ന് പറയുമ്പോൾ കാണികൾക്ക് നാരദന്റെ കൈയിലെ പുല്ല് ഒരു വെറും പുല്ല് അല്ല എന്ന് വ്യക്തമാകുന്നു. അത് രാവണനോളം വലുതാ ന്നെന്നും അല്ലെങ്കിൽ രാവണൻ അതിനോളം ചെറുതാണെന്നും ബോധ്യമാവുകയും ആ കാഴ്ച , പ്രകടനം കഥകളിയെക്കുറിച്ച് ഒന്നും അറിയാത്ത സാധാരണക്കാരന്റെയും അനുഭവമായി മാറുകയും ചെയ്യുന്നു എന്ന് സ്പഷ്ടം.

ഒരു ഭാവത്തിന്റെ സൂക്ഷ്മതയെ ഒരു രസത്തിൻ്റെ അനുഭവമായി മാറ്റുവാൻ ഒരു കൺകോണിന്നും ഒരു കൈവിരലിനും എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് ഇവിടെ ബോധ്യമാകുന്നുണ്ട് അതുപോലെ കൺകളുടെ ചലനവും കൈവിരലുകളുടെ ചലനവും ഒരു ഭാവത്തിന്റെ സൗമ്യവും സാന്ദ്രവും തീക്ഷ്ണവും തീവ്രവും ആയ അവസ്ഥാന്തരങ്ങളെയും എത്ര സഫലമായാണ്, സമർത്ഥമായാണ് കാണിയുടെ അനുഭവമാക്കി മാറ്റാൻകഴിയുക എന്ന കാര്യവും .
എങ്കിലും ഒരു കലാസൃഷ്ടിയിൽ പൂർണ്ണത എന്ന ഒന്ന് ബാക്കിയുണ്ടല്ലോ. എല്ലാം ശരിയായാൽ ചിലത് ശരിയാവാതെ ബാക്കിയാവുന്നത് പൂർണ്ണതയെ ഓർമ്മിപ്പിക്കുവാൻ തന്നെയാണ്. ഈ ഡോക്യുമെൻററി ചിത്രത്തിൽ വളരെ പ്രശസ്തരായ കലാകാരന്മാരെ വളരെ വിദഗ്ധമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നടന്മാരുടെ വൈദഗ്ദ്ധ്യം പലപ്പോഴും സാധാരണക്കാരന്റെ മനസ്സിലെ പാത്രബോധത്തെ ഉണർത്തി എന്നു വരില്ല. പ്രത്യേകിച്ചും യുവാവായ അർജുനനെയും മധ്യവയസ്കയായ ഉർവശിയെയും കാണുമ്പോൾ കാണികൾക്ക് വിരസത അനുഭവപ്പെടും. അതുപോലെ നളനെക്കാൾ പ്രായം ദമയന്തിക്ക് തോന്നിക്കുമ്പോൾ അതും ആസ്വാദനത്തിന്റെ പരിധിയിൽ ഒരു പ്രശ്നമാവും. കഥാപാത്രങ്ങൾക്ക് നമ്മുടെ പൊതുമനസ്സ് കൽപ്പിക്കുന്ന പ്രായപരിധിയിലുള്ള നടന്മാരെ തിരഞ്ഞെടുത്തിരുന്നെങ്കിൽ ഈ ചിത്രം പൂർണ്ണതയോട് കുറേക്കൂടി അടുക്കുമായിരുന്നു.
അതുപോലെ ഹനുമാന്റെ വിശ്വരൂപപ്രദർശനവും ഭീമസേനന്റെ മോഹാലസ്യപ്പെടലും വളരെ പെട്ടെന്ന് കാണിച്ചു നിർത്തിയത് അപാകതയായി . പിന്നെ ചിത്രത്തിലെ സ്‌ക്രിപ്റ്റ് അനുസരിച്ച് കഥകളി വിദ്യാർത്ഥിനികൾ “സ്റ്റൂളിൽ കയറുക ” എന്ന് പറഞ്ഞത് ശരിയായില്ല . ആ പ്രയോഗം കഥകളിക്കു യോജിക്കുന്നതല്ല. പീഠം എന്ന് തന്നെ പറയണം. ഹനുമാൻ ചെറുതായി ക്രമേണ വലുതായി പിന്നെ വിശ്വരൂപം എടുക്കുന്നതായാണ് പൊതുധാരണ. അതു കുറേകൂട്ടി സമയമെടുത്ത് കാണിക്കേണ്ടതായിരുന്നു . ഒരു പക്ഷെ ഇവിടെ ലക്ഷ്യം അതല്ലല്ലോ എന്ന് ആശ്വസിക്കാം.
രസതിഷ്പത്തി നല്ല അനുഭവമായി എന്നതിനെ ഇതൊന്നും ബാധിക്കുന്നില്ല .
ചന്ദ്രനെ പൂർണ്ണമാക്കുന്നത് ചില കുത്തുകൾ കൂടിയാണല്ലോ




👌