Friday, December 6, 2024
Homeഅമേരിക്കദേശീയ ഭരണഘടനാ ദിനം .. ✍അഫ്‌സൽ ബഷീർ തൃക്കോമല

ദേശീയ ഭരണഘടനാ ദിനം .. ✍അഫ്‌സൽ ബഷീർ തൃക്കോമല

അഫ്‌സൽ ബഷീർ തൃക്കോമല

1949 നവംബർ 26-ന് ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടനയെ ഔദ്യോഗികമായി അംഗീകരിച്ചു. ഈ ദിനമാണ് ഭരണഘടനാ ദിനമായി ആചരിക്കുന്നത്. ദേശീയ നിയമ ദിനം (സംവിധാൻ ദിവസ്) എന്നും അറിയപ്പെടുന്നു .

സ്വാതന്ത്ര്യം നേടുമ്പോൾ അറുനൂറോളം നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളായപ്പോൾ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കടുത്ത സാമ്പത്തിക പ്രശ്നങ്ങളും രാജ്യത്തിനുണ്ടായി. രാഷ്ട്രീയ ആദർശങ്ങളും ഭരണ സിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു. എന്നാൽ സ്വാതന്ത്ര്യലബ്ധിക്കു മുൻപ് തന്നെ ഭരണഘടനയുടെ നാൾ വഴി ആരംഭിക്കുന്നുണ്ട് .ജവഹർലാൽ നെഹ്‌റു, രാജേന്ദ്രപ്രസാദ്, സർദാർ വല്ലഭ് ഭായ് പട്ടേൽ, അബുൽ കലാം ആസാദ്, സരോജിനി നായിഡു തുടങ്ങിയവർ അംഗങ്ങളായി കാബിനറ്റ് മിഷൻ പദ്ധതി പ്രകാരം ഭരണഘടനാ നിർമാണസഭ താൽക്കാലിക പ്രസിഡന്റ് സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ 1946 ഡിസംബർ 9ന് യോഗം ചേർന്നു . തുടർന്ന് 1946ഡിസംബർ 11 ന് ഡോ. രാജേന്ദ്രപ്രസാദ് നെ സ്‌ഥിരം അധ്യക്ഷനായി തെരെഞ്ഞെടുത്തു. 13 പ്രധാന കമ്മിറ്റികളുണ്ടായിരുന്ന ഭരണഘടനാ നിർമ്മാണ സമിതിയുടെ കരടുസമിതിയുടെ അധ്യക്ഷൻ ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രിയും നിയമജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനും ആയ ഡോ.ബി.ആർ.അംബദ്‌കർ ആയിരുന്നു. . 2വർഷവും 11 മാസവും 17 ദിവസവും കൊണ്ട് 395 വകുപ്പുകളും 8 പട്ടികകളും 22 അധ്യായങ്ങളുമുള്ള , 1,45,000 വാക്കുകൾ അടങ്ങിയ ഇന്ത്യയുടെ ഭരണഘടന തയാറാക്കി 1949 നവംബർ 26 ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ച ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26ന് പ്രാബല്യത്തിൽ വന്നു .

ലിഖിതമായ ലോകത്തിലെ ഭരണഘടനകളിൽ പ്രഥമ സ്ഥാനമാണ് നമ്മുടെ ഭരണഘടനക്കുള്ളത് .നാനാത്വത്തിൽ ഏകത്വവും മത സഹിഷ്ണതയും ആണ് ആർഷ ഭാരത സംസ്കാരത്തിന്റെ അടിസ്ഥാനം. അത് ഊട്ടി ഉറപ്പിക്കത്തക്ക തരത്തിലാണ് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ളത് . ജാതി മത വർണ്ണ വർഗ്ഗ ഭേദമില്ലാതെ രാജ്യത്തെ ജനങ്ങൾക്ക് തുല്യ നീതിയും സമത്വവും പൗര സ്വാതന്ത്ര്യവും ഉറപ്പു നൽകുന്നുമുണ്ട് . ഭരണഘടന സ്ഥാപിതമായതോടെ ഇന്ത്യ രാജ്യത്തെ ജനാധിപത്യ മതേതര പരമാധികാര, സോഷ്യലിസ്റ്റ്, , റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്‌തു.ഭരണഘടനയിൽ വരുത്തുന്ന കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളുമാണ് ഭേദഗതി എന്നറിയപ്പെടുന്നത്. ഭരണഘടനയെ സജീവമാക്കുകയും ആനുകാലികമാക്കുകയും ചെയ്യുന്നത് ഭേദഗതികളാണ്. ഭരണഘടനയുടെ 368–ാം വകുപ്പിൽ ഭേദഗതിയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട് .ഭരണഘടനയുടെ ആത്മാവ് ആയ ആമുഖത്തിൽ ഭരണഘടനയുടെ തത്വങ്ങളും ആശയങ്ങളും ചുരുക്കി പ്രതിപാദിച്ചിട്ടുണ്ട് .1946 ഡിസംബർ 13–ാം തീയതി ജവാഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യ പ്രമേയമാണ് (Objective Resolution) പിന്നീട് ഇന്ത്യൻ ഭരണഘടനയുടെ ആമുഖമായി മാറിയത് “നമ്മൾ ഭാരതത്തിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കുംസാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി,ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം,സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന”എന്ന പ്രഖ്യാപനത്തോടെയാണ് ആമുഖം തയ്യാറാക്കിയിട്ടുള്ളത് .

പൗരന്റെ മൗലികാവകാശങ്ങളെ കുറിച്ചുള്ള ഭരണഘടനയുടെ ഭാഗം ഇന്ത്യയുടെ മാഗ്നകാർട്ട എന്നും ഭരണഘടനയുടെ ആണിക്കല്ല് എന്നുമാണു അറിയപ്പെടുന്നത് .ഭേദഗതികൾ നിരവധിയുണ്ടായെങ്കിലും ഭരണഘടനയുടെ അന്തസത്തയും ഉള്ളടക്കവും മാറ്റമില്ലാതെ നിലനിൽക്കുമ്പോളും സാധാരണ പൗരന് ഭരണഘടന അനുശാസിക്കുന്ന രാജ്യത്തെ നിയമങ്ങളുടെ തണൽ ലഭിക്കുന്നുണ്ടോ? എന്ന ചോദ്യം എല്ലാ കാലത്തും പ്രസക്തമായി നിൽക്കുന്നു .സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്ന നമ്മുടെ രാജ്യത്തു പതിനഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം സാർവത്രികവും സൗജന്യവും നിര്ബന്ധവുമാക്കിയിട്ടുള്ളപ്പോഴാണ് 75 വര്ഷത്തിനിപ്പുറവും വിവിധ സംസ്ഥാന ങ്ങളിൽ അമ്പതു ശതമാനത്തിൽ താഴെ സാക്ഷരത. മാത്രമോ ലോകത്തിലെ മാനവ വിഭവശേഷിയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യയിൽ ഇന്നും പാർപ്പിടവും വസ്ത്രവും പോഷകാഹാരങ്ങളും ഇല്ലാതെയും ശിശു മരണ നിരക്കിലും ആത്മഹത്യ നിരക്കിലും ലോകത്തു ഒന്നാം സ്ഥാനത്തു നമ്മൾ നിൽക്കുന്നു എന്നത് ഏറെ ഗൗരവമുള്ളതാണ്.രാജ്യത്തു പ്രത്യേകിച്ച് കേരളത്തിൽ സ്വാതന്ത്ര്യാനന്തരം ഉണ്ടായിരുന്ന ഔഷധ സസ്യ നിബിഢമായിരുന്ന വനങ്ങൾ കൈയേറി “പാവം കുടിയേറ്റ കർഷകർ” എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന സമ്പന്ന വർഗ്ഗങ്ങൾക്കു തീറെഴുതി കൊടുത്തിട്ടു തല ചായ്ക്കാൻ കൂരയില്ലാത്തവരുടെ എണ്ണം കൂടുതലുള്ള രാജ്യമായി നാം മാറിയതും ഞെട്ടിപ്പിക്കുന്നു .

ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളിലെ ഭരണഘടനകളിൽ നിന്നും നമുക്ക് ആവശ്യമുള്ള ഫ്രാന്‍സില്‍നിന്നും മൗലികാവകാശങ്ങള്‍ സോവിയറ്റ് യൂണിയനില്‍നിന്നും ജനകീയ തെരഞ്ഞെടുപ്പും പാര്‍ലമെന്റ് സംവിധാനവും ബ്രിട്ടനില്‍നിന്നും ,സംസ്ഥാനങ്ങളുടെ ഫെഡറല്‍ സംവിധാനം അമേരിക്കന്‍ ഭരണഘടനയില്‍ നിന്നും .കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യ അവകാശമുള്ള കൺകറന്റ് ലിസ്റ്റ് ഓസ്ട്രേലിയൻ ഭരണഘടനയിൽ നിന്നും മാർഗനിർദ്ദേശക തത്ത്വങ്ങൾ, രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് എന്നിവ അയർലന്റിൽ നിന്നും .കേന്ദ്ര സർക്കാരിന്റെ റസിഡ്യുവറി പവർ കാനഡയിൽ നിന്നും മൗലിക കർത്തവ്യങ്ങൾ റഷ്യൻ ഭരണഘടനയിൽ നിന്നും ഭരണഘടനാ ഭേദഗതി ദക്ഷിണാഫ്രിക്കയുടെ ഭരണ ഘടനയിൽ നിന്നും കടം കൊണ്ടതാണ്.അത് മുഴുവനും നമുക്കാവശ്യമുള്ള രൂപത്തിൽ എഴുതിയുണ്ടാക്കിയതുകൊണ്ടാണ് ഡോ.ബി.ആർ.അംബദ്‌കറെ ഭരണഘടനാ ശിൽപി എന്ന് പറയുന്നത് .

ഭരണഘടന തൊട്ട് സത്യ പ്രതിജ്ഞ ചെയ്തു വരുന്ന ഭരണകർത്താക്കൾ രാജ്യത്തെ കൊള്ളയടിക്കുകയും പൗരാവകാശങ്ങളെ കാറ്റിൽ പറത്തുകയും സ്വജനപക്ഷപാതവും അഴിമതിയും പഞ്ചായത്തിന്റെ വാർഡ് തലം മുതൽ നിർബാധം തുടരുമ്പോളും ജാതി മത ചിന്തകൾക്ക് അമിതമായ പ്രാധാന്യം നൽകി അധികാരം ഉറപ്പിക്കുന്നതും രാഷ്ട്രത്തെ സേവിക്കാനെന്ന വ്യാജേന പ്രവർത്തിക്കുന്ന നിരവധി കക്ഷി രാഷ്ട്രീയ പ്രവർത്തകരും ഭരണഘടന പൂര്‍ണ സ്വാതന്ത്യ്രം നല്‍കിയ ജുഡീഷ്യറിയില്‍ കടന്നുകയറാനുള്ള ശ്രമങ്ങളും എല്ലാം കൂടി ഈ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ അസ്ഥിരപ്പെടുത്തുന്നു എന്ന് പറയാതെ വയ്യ .

സാധാരണ പൗരൻ ഭരണഘടനയെ സമീപിക്കുന്ന തരത്തിൽ ഭരണഘടനയോടു നിവ്യാജമായ കൂറും വിശ്വസ്തതയും പുലർത്തും എന്ന് സത്യ പ്രതിജ്ഞ ചെയ്യുന്ന ജന പ്രധിനിധിയും ക്ലാസ്സ് ഫോർ മുതലുള്ള സർക്കാർ ഉദ്യോഗസ്ഥനും ഭരണഘടനയെ വിമർശിക്കാൻ പോലും കഴിയില്ല .പിന്നെ അവഹേളിക്കാനാകുമോ ? അങ്ങനെ വിമര്ശിക്കുന്നതിനുള്ള കാരണം പലതാണെങ്കിലും അടിസ്ഥാനപരമായി രാജ്യത്തെ നല്ലൊരു ശതമാനം ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥ വൃന്ദമുൾപ്പടെ ഭരണ നിർവഹണം നടത്തുന്നവർക്ക് ഭരണഘടനയെപ്പറ്റി വ്യക്തമായ ധാരണയില്ല .ഇക്കൂട്ടരെ ഭരണഘടനാ കൃത്യമായി പഠിപ്പിക്കുന്നതിന് പ്രഥമ പരിഗണന നൽകണം .

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 352 മുതൽ 360 വരെ വകുപ്പുകളിലായി നിലനിര്‍ത്തിയ എക്സിക്യൂട്ടീവിനുള്ള അടിയന്തരാവസ്ഥ പ്രഖ്യാപനാവകാശം വലിയ വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ രാജ്യം അതിന്റെ ദുരുപയോഗത്തിനു സാക്ഷിയായിട്ടുമുണ്ട്. മാത്രമല്ല ഭരണ കർത്താക്കൾ പല ഭരണ ഘടനാ വകുപ്പുകളും തങ്ങളുടെ സൗകര്യത്തിനു ദുർവ്യഖ്യാനം നടത്തി അത് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് വർത്തമാന കാല യാഥാർഥ്യവുമാണ് .അത് കൊണ്ട് തന്നെ ഭരണഘടന വിശുദ്ധ പുസ്തകമോ വിമര്ശനങ്ങൾക്ക് അതീതമോ അല്ല . ചരിത്രത്തിലാദ്യമായി ഭരണഘടനയെ അവഹേളിച്ചതിന്റെപേരിൽ ഒരു മന്ത്രിക്കു സ്ഥാനം രാജി വെക്കേണ്ടി വന്നതും നമ്മുടെ കേരളത്തിലാണെന്നുള്ളത് ലജ്ജാവഹമാണ് .ഭരണഘടന എന്താണെന്നും അതിന്റെ ആവശ്യകതയെന്തന്നും ജനങ്ങളെ ബോധവൽക്കരികേണ്ടവർ തന്നെ അതിനെ വക്രീകരിക്കുന്നത് ഭീതിയോടെ
മാത്രമേ കാണാൻ കഴിയൂ .ഇന്ത്യ മഹാരാജ്യം ലോകത്തിനു മുൻപിൽ മതേതര ജനാധിപത്യ രാജ്യമെന്ന പേരെങ്കിലും നിലനിർത്തി പോകുന്നത് ഭരണഘടനയുടെ ബലത്തിൽ മാത്രമാണെന്ന് ഓരോ പൗരനും ഭരണ ഉദ്യോഗസ്ഥ വൃന്ദവും തിരിച്ചറിയണം.

“ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ ഇന്ത്യയെ പരമാധീകാരമുള്ള ഒരു ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യാനും അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും ചിന്ത, ആശയപ്രകാശനം, വിശ്വാസം, ഭക്തി, ആരാധന എന്നിവയിലുള്ള സ്വാതന്ത്രവും പദവിയിലും അവസർത്തിലും സമത്വവും സുരക്ഷിതമാക്കാനും അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും ദേശീയ ഐക്യവും പരിപാലിക്കാൻ ഉറപ്പു നൽകിക്കൊണ്ട് സഹോദര്യം പുലർത്താനും സർവാത്മനാ തീരുമാനിച്ച് കൊണ്ട് ഞങ്ങളുടെ ഭരണഘടനാ നിർമ്മാണസഭയിൽ 1949 നവംബർ 26 ദിവസമായ ഇന്ന് ഇതിനാൽ ഈ ഭരണഘടനാ അംഗീകരിക്കുകയും നിയമമാക്കുകയും ഞങ്ങൾക്കു തന്നെ പ്രധാനം ചെയ്യുകയും ചെയ്യുന്നു.” ഇങ്ങനെ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നുണ്ട്

✍അഫ്‌സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments