ടോക്യോ : ജപ്പാനിൽ റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഞായറാഴ്ച വൈകീട്ട് 5.12ഓടെയായിരുന്നു കൊസുഷിമ ഉൾപ്പെടെ ദ്വീപുകളിൽ ഭൂചലനം അനുഭവപ്പെട്ടത്.
തുടർചലനങ്ങളുമുണ്ടായി. ആർക്കും പരിക്കേറ്റതായോ നാശനഷ്ടമുണ്ടായതായോ റിപ്പോർട്ടില്ല. സുനാമി മുന്നറിയിപ്പുമില്ല. പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, മേഖലയിൽ തുടർച്ചയായി അഞ്ചിന് മുകളിൽ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങളുണ്ടാകുന്നത് ജനങ്ങളിൽ ആശങ്കയുയർത്തിയിട്ടുണ്ട്.
മേയ് ആറിന് ജപ്പാനിലെ ഇഷികാവാ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു.
ഒരാൾ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മേയ് 11ന് ജപ്പാനിലെ തെക്കന്‍ ചിബയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവുമുണ്ടായി.