അടുത്ത കാലത്തായി, അമേരിക്കയിലെ ചില ദേശീയ സംഘടനകൾ മികച്ചമലയാള
സാഹിത്യകൃതികൾക്ക് അവാർഡ് നൽകുന്നു എന്നു വാർത്ത വന്നതിനു പിന്നാലെ, അതേപ്പറ്റി ചില അല്ലറചില്ലറ കശപിശകൾ നടന്നു വരികയാണല്ലോ!.
ഈ അവാർഡുകൾകൊണ്ട് പ്രത്യേകിച്ചൊരു പ്രയോജനവുമില്ല. മാസാമാസം പെൻഷൻ നൽകുന്ന പരിപാടിയൊന്നുമല്ല. എങ്കിലും സ്റ്റേജിൽ കയറി, വിശിഷ്ടാതിഥിയിൽ നിന്നും ഈ അവാർഡ് ദാനമായി വാങ്ങിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ‘ത്രിൽ’ ഉണ്ടല്ലോ! ഹെൻ്റെ പൊന്നേ! അതു പറഞ്ഞറിയിക്കാൻ പറ്റുകയില്ല. അനുഭവിച്ചുതന്നെ അറിയണം.
ഈ അവസരത്തിൽ രസകരമായ ഒരു സംഭവം ഓർമ്മയിൽ വരുന്നു. വർഷങ്ങൾക്ക് മുമ്പ് നടന്നതാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു പുതിയ സംഘടനകൂടി രൂപംകൊള്ളുന്നു. അമേരിക്കൻ മലയാളികളെ മാത്രം ഒരു ചരടിൽ കോർത്തിണക്കിയാൽ പോരാ! അഖിലലോക മലയാളികളെ, ജാതിമതഭേദമെന്യേ ഒരു കുടക്കീഴിൽ കൊണ്ടുവരണം. അങ്ങിനെ ഒരു ആഗോള മലയാളി സംഘടനകൂടി ജന്മമെടുക്കുന്നു.
സാഹിത്യമില്ലാതെ എന്തു സംഘടന! ഈ ആഗോള സംഘടനയുടെ ഒരു പ്രഥമ ‘ലിറ്റററി ചെയർമാൻ’ എന്നൊരു അത്യുന്നത പദവി എനിക്ക് ലഭിക്കുന്നു. ‘കേന്ദ്ര സാഹിത്യ അക്കാദമി ചെയർമാൻ’ എന്ന സ്ഥാനത്തിനു തുല്യമായോ, അതിനുപരിയായോ ഉള്ള ഒരു പദവി. ഡയറക്ട് അപ്പോയിന്റ്മെൻ്റ് ആയിരുന്നു. കാരണംസംഘടനയുടെ സ്ഥാപക പ്രസിഡൻ്റ് എൻ്റെ സുഹൃത്ത് ശ്രീ ആൻഡ്രൂ പാപ്പച്ചനായിരുന്നു.
സാഹിത്യമായാൽ ‘അവാർഡുദാനം’ ഒരു മസ്റ്റാണല്ലോ! ഓൺലൈൻ മീഡിയ കടന്നുവരാതിരുന്ന ആ കാലത്ത് അമേരിക്കയിൽ മലയാള അച്ചടി പ്രസിദ്ധീകരണങ്ങളുടെ ഒരു വസന്തകാലമായിരുന്നു. പ്രഭാതം, കേരള ഡൈജസ്റ്റ്, അശ്വമേധം, കൈരളി, കേരള എക്സ്പ്രസ്, നാദം തുടങ്ങി മലയാളം പ്രതം വരെ- ഒരു നീണ്ട നിര.
എല്ലാ പ്രതങ്ങളിലും അവാർഡിനുള്ള കൃതികൾ ക്ഷണിച്ചുകൊണ്ട്, എൻ്റെ ഫോട്ടോയുൾപ്പടെ, വാർത്ത പ്രസിദ്ധീകരിച്ചു.
പരിഗണിക്കപ്പെടേണ്ട കൃതികളുടെ അഞ്ചു കോപ്പികൾ വീതം അയക്കണം. അതു കഥയോ, കവിതയോ, ലേഖനമോ നോവലോ എന്തുമായിക്കൊള്ളട്ടെ- ‘തിരിച്ചു നൽകുന്നതല്ല’ എന്നൊരു നിബന്ധനയുണ്ട്.
പ്രതീക്ഷിച്ചതിലധികം പ്രതികരണമുണ്ടായി. ഒരു പേജിൽ ഒതുങ്ങുന്ന ‘മിനിക്കഥ’ മുതൽ, മുന്നൂറിലധികം പേജുകൾ വരുന്ന മെഗാ നോവലുകൾ വരെ. പ്രിൻ്റു ചെയ്തവ കൂടാതെ, കൈയ്യെഴുത്തു പ്രതികളും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.
അന്ന് ‘ ഹാൾമാർക്ക് ‘ കടയിൽ ഏതിനം സർട്ടിഫിക്കറ്റുകളുടേയും, അവാർഡുകളുടേയും ബ്ലാങ്ക് കോപ്പികൾ കിട്ടും. നല്ല സുവർണ്ണ ബോർഡറുള്ള, തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ടവ. ചേരുംപടി പേര് എഴുതി ചേർക്കുക എന്നൊരു ഭാരിച്ച ഉത്തരവാദിത്വം മാത്രമേ നമ്മൾക്കുള്ളൂ. വിലയോ തുച്ഛം; ഗുണമോ മെച്ചം!
ജഡ്ജിംഗ് കമ്മിറ്റിയിൽ, വലിയ ചെയർമാനായ എന്നെക്കൂടാതെ, എൻ്റെ സുഹൃത്തുക്കളായ ജോയൻ കുമരകം, ജോസ് ചെരിപുറം, ജയൻ കെ.സി, മനോഹർ തോമസ് തുടങ്ങിയ ചെറിയ ചെയർമാൻമാരും ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ചെറിയാൻ കെ. ചെറിയാനെ ക്ഷണിച്ചെങ്കിലും വലിയ ചെയർമാനായ എൻറെ കീഴിൽ ഒരു ചെറിയ ചെയർമാനായി സേവനം അനുഷ്ഠിക്കുവാൻ അദ്ദേഹം വിസമ്മതിച്ചു.
വിധികർത്താക്കൾ ഒരുമിച്ചുകൂടിയത് എന്റെ ഭവനത്തിൽ വെച്ചായിരുന്നു. അതാണല്ലോ അതിന്റെ ഒരു ഇത്. ഞാനാണല്ലോ വലിയ ചെയർമാൻ.
ഡൈനിംഗ് ടേബിളിൽ പുസ്തകങ്ങൾ നിരത്തി. ഒരാൾ വായിക്കുക- ഓരോ ജഡ്ജസും പ്രത്യേകം പ്രത്യേകം മാർക്കിടുക. അവസാനം എല്ലാംകൂടി കൂട്ടിനോക്കി, ഹരിച്ചും, ഗുണിച്ചും, കിഴിച്ചും കൂടുതൽ മാർക്ക് കിട്ടുന്നവരെ വിജയിയായി പ്രഖ്യാപിക്കുക. ഇതായിരുന്നു പരിപാടി. സിമ്പിൾ പ്രോസ്സസ്.
ഒന്നുരണ്ടു പുസ്തകങ്ങൾ ഓടിച്ചൊന്നു വായിച്ചപ്പോൾ തന്നെ സമയം ഏറെയായി. എല്ലാംകൂടി, എല്ലാവരും ചേർന്ന് വായിക്കണമെങ്കിൽ ഒരു മൂന്നു മാസമെങ്കിലും എടുക്കും. തുടക്കത്തിൽ ‘സിമ്പിൾ’ എന്നു തോന്നിയ സംഗതി ‘ഇമ്പോസിബിൾ’ ആണെന്നു മനസ്സിലായി.
ന്യൂജേഴ്സിയിൽ മേളിക്കുന്ന സമ്മേളനത്തിന് ഒരു മാസംകൂടി മാത്രമേയുള്ളു. അതിനുള്ളിൽ വിജയികളെ പ്രഖ്യാപിക്കണം.
ഇതിനിടയിൽ എൻ്റെ ഭാര്യ, ഭവ്യതയോടുകൂടി എന്നെ അകത്തേക്കു ആംഗ്യഭാഷയിൽ ക്ഷണിച്ചു.
‘ദേ, ഞാൻ ഡ്യൂട്ടിക്കു പോകുവാ. ഞാൻ വരുന്നതിനു മുമ്പ് മര്യാദയ്ക്ക് എല്ലാത്തിനേം പറഞ്ഞുവിട്ടേക്കണം’
അതൊരു ‘റിക്വസ്റ്റ്’ അല്ലായിരുന്നു. ഒരു ‘ഓർഡർ’ ആയിരുന്നു. മറുപടിക്ക് കാത്തു നിൽക്കാതെ അവൾ പോയി.
എന്റെ ഭാര്യ പോയിക്കഴിഞ്ഞപ്പോൾ സംഗതി ഒന്നുകൂടി ഉഷാറായി. സ്ത്രീകൾ വീട്ടിൽ ഇല്ലെങ്കിൽ അതിഥിയും, ആതിഥേയനും തമ്മിലുള്ള അകലം കുറയും.
‘കുടിക്കാനൊന്നുമില്ലിയോ?’ – കൂട്ടത്തിൽ ഒരാൾക്ക് ദാഹം.
‘കാപ്പിയോ, ചായയോ?’ ഞാൻ ആദരവോടുകൂടി ചോദിച്ചു.
‘കാപ്പി എന്റെ പട്ടിക്കുവേണം. തൊണ്ട നനയ്ക്കുവാൻ പറ്റിയ സാധനം വല്ലതുമുണ്ടോ എന്നാണ് ചോദിച്ചത്’
‘താൻ ബേജാറാവാതെ; സാധനം കൈയ്യിലുണ്ട്’ കുട്ടത്തിലുണ്ടായിരുന്ന അബ്കാരി മൊഴിഞ്ഞു.
ഉറപ്പുവരുത്താനായി മറ്റൊരാൾ ചോദിച്ചു;
‘സാധനം കൈയ്യിലുണ്ടോ?’
‘സാധനം കൈയ്യിലുണ്ട്’ മുതലാളി മറു കോഡ് പറഞ്ഞു. വന്നവർ തന്നെ കിച്ചനിൽ കയറി ഐസും, ഗ്ലാസും, സോഡയും മറ്റും സംഘടിപ്പിച്ചു.
ഇതിനിടയിൽ ജോയൻ കുമരകം മദ്യപാനത്തിന്റെ ദോഷ വശങ്ങളെപ്പറ്റി വാചാലനായി.
ഇതുകേട്ട് ചെരുപുറത്തിനു ദേഷ്യമായി.
‘ജോയൻ അവിടെയെങ്ങാനും അടങ്ങിയിരുന്ന് അവാർഡിനുള്ള പുസ്തകം തെരഞ്ഞെടുക്ക്-ഇവിടെ ഒരു മംഗള കർമ്മം നടക്കുവാൻ പോകുകയാണ്. ഞങ്ങളിതൊന്നു തീർത്തോട്ടെ!’
മറ്റുള്ളവർ ജോസിന്റെ അഭിപ്രായത്തോട് യോജിച്ചു. ‘ട്ച്ചിംഗ്സൊന്നുമില്ലേ?’
കൂട്ടത്തിൽ ഒരു കുറ്റാന്വേഷണ വിദഗ്ധൻ ഞങ്ങളുടെ മകന് കൊടുക്കുവാൻ വേണ്ടി, തലമുറ തലമുറ കൈമാറി വന്ന ‘സീക്രട്ട് റെസിപ്പി’ പ്രകാരം തയാറാക്കി ഭദ്രമായി സൂക്ഷിച്ചു വെച്ചിരുന്ന മീൻ അച്ചാറിൻ്റെ കുപ്പി കണ്ടുപിടിച്ചു.
എന്റെ തലയിലൊരു വെള്ളിടി വെട്ടി. ഈ കാലമാടന്മാർ അച്ചാറു തീർത്താൽ, എന്റെ കാര്യം കട്ടപ്പുക.
പുസ്തകങ്ങൾ വായിച്ചു വിലയിരുത്തുന്നതിനു പകരം, മറ്റുള്ളവരുടെ കുറ്റം പറഞ്ഞ് ഞങ്ങൾ ഓരോ നിമിഷവും ആനന്ദിച്ചു.
അഞ്ചുമണി കഴിഞ്ഞ് സമയം ആറിനോടടുക്കുന്നു. പരിചയമുള്ള ആരുടേയും ബുക്കുകൾ കൂട്ടത്തിലില്ല.
നടനും സാഹിത്യകാരനുമായ ശ്രീ. തമ്പി ആൻ്റണിക്ക് അവാർഡ് കൊടുത്താലോ എന്നാലോചിച്ചു. അദ്ദേഹത്തെ വിളിച്ചു ചോദിച്ചപ്പോൾ അവാർഡ് മത്സരത്തിനൊന്നും താൻ പങ്കെടുക്കാറില്ല. തനിക്കു വേണ്ട എന്നു പറഞ്ഞു. അങ്ങിനെ കൊടുക്കാത്ത അവാർഡ് തമ്പി നിരസിച്ചു.
സുഹൃത്തായ ജോൺ ഇളമതയെ ഒന്നു ഇളക്കുവാൻ നോക്കി. ജർമ്മനിയിൽ തുടങ്ങി കാനഡയിലൂടെ, അമേരിക്കയിലെത്തി കടലു കടന്ന് കേരളം വരെ പരന്നു കിടക്കുന്നു അദ്ദേഹത്തിന്റെ സാഹിത്യ സപര്യ. ന്യൂജേഴ്സിയിൽ വരെ വന്നു അവാർഡ് സ്വീകരിക്കുവാൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞ് അദ്ദേഹവും ഒഴിഞ്ഞു.
ശ്രീ അബ്ദുൾ പുന്നയൂർക്കുളം മലയാളത്തിലും ഇംഗ്ലീഷിലും സാഹിത്യം പേശുന്ന ആളാണ്. വിളിച്ചുചോദിച്ചു.
‘ വണ്ടിക്കൂലിയും വള്ളക്കൂലിയും കൊടുക്കാമെങ്കിൽ വരാമെന്ന് പറഞ്ഞു’
അതിനു വകുപ്പില്ല. സംഘടന ശൈശവദശയിലാണ്. ഫണ്ട് പിരിവ് തുടങ്ങിയിട്ടില്ല. സ്പോൺസേഴ്സ് മുഖം തിരിച്ചു നിൽക്കുകയാണ്.
എന്നാൽപ്പിന്നെ ‘കൊച്ചാപ്പിക്കഥകൾ’ എഴുതി പ്രശസ്തി നേടിയ ശ്രീ. ജോർജ് തുമ്പയിലിനോട് ഒന്ന് അന്വേഷിക്കാമെന്നു കരുതി.
അതു ശരിയാവില്ല, ന്യൂജേഴ്സിക്കാരനായ ഞാൻ, ന്യൂജേഴ്സിയിൽ നടക്കുന്ന ഒരു പരിപാടിയുടെ അവാർഡ് സ്വീകരിക്കുന്നതിൽ അനൗചിത്യമുണ്ട്.’ തുമ്പയിൽ തന്ത്രത്തിൽ ഒഴിഞ്ഞുമാറി.
അവാർഡ് കമ്മിറ്റിയിലെ വലിയ ചെയർമാനായ ഞാനും, കൂടെയുള്ള ചെറിയ ചെയർമാൻമാരും ‘ജ്ഞാനപീഠം’ അവാർഡിനു വരെ അർഹതയുള്ളവരാണ്. ഞങ്ങൾ ആരെങ്കിലും അവാർഡ് അടിച്ചുമാറ്റിയാൽ അതിലൊരു ‘Conflict of interest’ ആരോപണ സാധ്യയുണ്ട്.
ചെറിയ ചെയർമാൻമാരിൽ ഒരാളുടെ കണ്ണുകൾ’ കാറ്റിലാടുന്ന തെങ്ങോലകൾ’ എന്ന കൃതിയിൽ തറച്ചു. നോവലിസ്റ്റിനെ വിളിച്ചു. പുള്ളിക്കാരന് സന്തോഷംകൊണ്ട് ഇരിക്കാൻ പറ്റാത്ത ഒരവസ്ഥ. പത്തുപുത്തൻ വേണമെങ്കിൽ ഇങ്ങോട്ടുതരാമെന്നുള്ള വാശിക്കാരൻ.
അവാർഡിനൊരു പേരുവേണം. ‘എഴുത്തച്ഛൻ’, ‘വള്ളത്തോൾ’ തുടങ്ങിയ പേരുകളിലൊക്കെ അവാർഡുകൾ നിലവിലുണ്ട്. അതുക്കും മേലെ നിൽക്കണം നമ്മുടെ അവാർഡ്.
ആർത്തവം, മുല, ഗർഭം, ഭ്രൂണം തുടങ്ങിയ വാക്കുകളൊക്കെ അവിടെയും ഇവിടെയുമൊക്കെ പെറുക്കി വെച്ച് ‘ആധുനിക കവി’ എന്നു പേരെടുത്തിട്ടുള്ള ജയൻ, ‘ഹെർമൻ ഗുണ്ടർട്ട്’ അവാർഡ് എന്നു പേരു നിർദ്ദേശിച്ചു. പേരിനൊരു ‘ഗും’ ഉണ്ട്. അത് എല്ലാവരും സ്വീകരിച്ചു.
പത്തുമുപ്പത് പേരടങ്ങിയ ഒരുനിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തിക്കൊണ്ട്, നമ്മുടെ നോവലിസ്റ്റ്, എല്ലാവർക്കും ഗുരുതുല്യനായ ഡോ. എ.കെ.ബി പിള്ളയിൽ നിന്നും ‘ഡോ. ഹെർമ്മൻ ഗുണ്ടർട്ട്’ അവാർഡ് ഏറ്റുവാങ്ങി.
‘ഏതു കോപ്പനാ ആ ഗുണ്ടർട്ട്?’ ചെരിപുറം എന്നോട് ചോദിച്ചു.
‘ആർക്കറിയാം? ആരായാൽ നമുക്കെന്നാ? ഏതായാലും പരിപാടി ഭംഗിയായി നടന്നല്ലോ! നമുക്കതു മതി’.
എങ്ങും തൊടാതെ ഒരു മറുപടി കൊടുത്തിട്ട് ഞാൻ അവിടെനിന്നും മുങ്ങി.




haha…🤣🤣