നിർമ്മാണം നടക്കുന്ന ദേശീയപാത 66ന്റെ വശങ്ങളിലെ വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ തുക ഒരാഴ്ചയ്ക്കുള്ളിൽ ദേശീയ പാത അതോറിറ്റി കൈമാറുമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ അറിയിച്ചു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
വളഞ്ഞവഴി എസ്.എൻ കവലയ്ക്ക് സമീപം ഉൾപ്പെടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ പ്രവർത്തി നടത്തണമെന്ന് കളക്ടർ കരാർ കമ്പനികളോട് നിർദ്ദേശിച്ചു. ദേശീയപാതയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ കൂടിക്കിടക്കുന്ന നിർമ്മാണ സാമഗ്രികൾ എത്രയും വേഗം മാറ്റണമെന്നും ബന്ധപ്പെട്ട കമ്പനികൾക്ക് നിർദേശം നൽകി.
കലവൂരിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും കളക്ടർ പറഞ്ഞു.
കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ (എൽ എ-എൻ എച്ച്) ബേസിൽ എ കുരുവിള, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ദേശീയപാത നിർമ്മാണ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



