Sunday, December 8, 2024
Homeസ്പെഷ്യൽസ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ്. ഭാഗം - ഏഴ് ) 'കെടാത്ത തിരിനാളങ്ങൾ'

സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ്. ഭാഗം – ഏഴ് ) ‘കെടാത്ത തിരിനാളങ്ങൾ’

ഗിരിജാവാര്യർ

മഴ.. മഴ.. മഴ.. മഴയെപ്പറ്റി കുറിച്ചിടുമ്പോൾ കുഞ്ഞോർമ്മകളോളംതള്ളി അകത്തേക്കു കയറിവരുന്നു.
“കഴിഞ്ഞത് അസ്പഷ്ടമല്ല, അതു അതാര്യവുമില്ല.” ആരെപ്പോൾ പറഞ്ഞതാണെങ്കിലും അതൊരു സത്യമാണ്.ഓർക്കാൻ പലതുമുണ്ട്. ബാഹ്യതലത്തിൽ ബന്ധമില്ലാത്ത ഭാവചിത്രങ്ങളെ, വൈരുദ്ധ്യങ്ങളെ,ഭാവനയുടെ ഒരേ ഘോഷയാത്രയിൽ സമന്വയിപ്പിക്കാൻ കഴിവുറ്റൊരു കലാകാരനുമാത്രമേ കഴിയൂ.ഞാൻ അതിനു ശ്രമിക്കുമ്പോഴൊക്കെയും ചിത്രങ്ങൾ ഇളകിത്തെറിക്കുന്നു. പച്ചനെല്ലിക്കപോലുള്ള അവയുടെ മധുരം എനിക്കിപ്പോൾ അനുഭവവേദ്യമാകുന്നുണ്ട്. ആ മധുരം നുണഞ്ഞ്, അവയെ ഞാനെന്റെ സ്മരണയിലെ വളപ്പൊട്ടുകളാക്കിമാറ്റാൻ ശ്രമിക്കട്ടെ!അവയിലെല്ലാം ഞാനൊരു കൗമാരക്കാരിയുടെ ഹൃത്സ്പന്ദനങ്ങൾ കേൾക്കുന്നു. അവയ്ക്കെല്ലാം നനുത്ത മനസ്സും ഹൃദയത്തിന്റെ ഗന്ധവും സ്നേഹത്തിന്റെ നിറവുമായിരുന്നു.

അന്നൊരു ബുധനാഴ്ച. ഞാനെന്ന പന്ത്രണ്ടുകാരി എട്ടാംക്ലാസ്സിൽ കയറിയദിവസം. അന്നെന്റെ പിറന്നാൾ ആയിരുന്നു. ബുധനാഴ്ച പിറന്നാൾ വന്നാൽ “വിദ്യാലാഭം ” ഫലം. സന്തോഷത്തിനു മറ്റെന്തു വേണം? പുതിയ സ്കൂൾ. ആദ്യദിനം.. പിറന്നാളിന് എല്ലാവർഷവും പുത്തനുടുപ്പ് കിട്ടും എന്നുപറഞ്ഞാൽ അതു ധാരാളിത്തമാവും. പക്ഷേ സത്യമതാണ്. ഇടവത്തിൽ, അതായത് മെയ്‌ പതിനഞ്ചിനും, ജൂൺ പതിനഞ്ചിനും ഇടയിൽ ജന്മദിനം വരുന്നതുകൊണ്ട് കിട്ടുന്ന ബോണസ്സാണ്. സ്കൂൾ തുറക്കുമ്പോൾ ഒരു പുതിയ ഡ്രസ്സ്‌ എങ്കിലും വേണ്ടേ? അതു പിറന്നാളിന് വാങ്ങും എന്നുമാത്രം.

അക്കാലത്തു ജൂൺ ആദ്യവാരമൊക്കെ തോരാമഴയാണ്. അന്നും വ്യത്യാസമൊന്നുമില്ല. രാവിലെ അമ്പലത്തിലെ ശംഖാഭിഷേകവും, ധാരയുമൊക്കെക്കഴിഞ്ഞു തൊഴുതു പ്രസാദം തൊട്ടു,കുട്ടപ്പിയായി പുത്തനുടുപ്പുമിട്ടു ഗമയിൽ സ്കൂളിലേക്കു ഗമിച്ചു. പെരുമ്പിലാവിലിറക്കം കഴിഞ്ഞാൽ ഒരു കുഞ്ഞുതോടുണ്ട്. അതു മുറിച്ചു കടക്കാൻ തെങ്ങുതടി മുറിച്ചിട്ട ഒരു പാലവും.. കുഞ്ഞുതോടാണ്. ആഴവുമില്ല. തോടിനിരുവശവും കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന നെൽവയലുകൾ. വേനലിൽ നല്ല തെളിഞ്ഞ വെള്ളമാണ് തോട്ടിൽ. പരൽമീനുകൾ വാലിളക്കി കളിക്കുന്നത് നോക്കിനിൽക്കാൻ നല്ല രസമാണ്. അന്ന് മഴപെയ്തതിനാൽ കലങ്ങിമറിഞ്ഞ വെള്ളം കുത്തിയൊഴുകുന്നു.പെരുമ്പിലാവിലെ ശൈലജയും (കൂട്ടുകാരി, ക്ലാസ്മേറ്റ് )ഞാനും കുടചൂടി കളിചിരിയുമായി നീങ്ങുന്നു. മുട്ടുമറഞ്ഞു കിടക്കുന്ന എന്റെ ചുവന്ന പുത്തൻപാവാട അവളിൽ അസൂയയുണർത്തിയോ?അമ്മയുടെ മോഹംകൊണ്ടു തുന്നിച്ചതാണ് ആ ചോന്ന പാവാടയും ബ്ലൗസും. അമ്മയുടെ സുഹൃത്തിന്റെ മകൾക്കു സിംഗപ്പൂരിലുള്ള അവളുടെ വല്യമ്മ കൊണ്ടുവന്നു കൊടുത്ത പാവാട കണ്ടപ്പോൾ കൊതിമൂത്ത അമ്മ അതു രണ്ടു നാളേക്ക് കടം വാങ്ങി അതേ നിറത്തിൽ (അതേ മെറ്റീരിയൽ,പാവം,കിട്ടിക്കാണില്ല )തുണിയെടുത്ത് തന്റെ മകൾക്കും തയ്‌പ്പിച്ചുകൊടുത്തു എന്ന് പിന്നാമ്പുറക്കഥ ). ഏതായാലും എന്റെ ഡ്രസ്സ്‌ ശൈലജയ്ക്ക് നല്ലപോലെ പിടിച്ചു.

“കുട്ടിക്കിതു നല്ലോം ചേരും.. ആ വെള്ള ജമ്പറും, ചോന്ന പാവാടേം നല്ല ഭംഗ്യാ ട്ടോ ”

എന്റെ തലയൊന്നുയർന്നു.. അഭിമാനത്താൽ!മാച്ചിങ് ആയി അമ്മ ചുവന്ന ചാന്തുപൊട്ടും ചാർത്തിതന്നിരുന്നു. (അന്നൊക്കെ മക്കൾ അമ്മമാരുടെ കലാബോധത്തെ അംഗീകരിച്ചിരുന്നു. മുടി പിന്നിക്കെട്ടിത്തന്നിരുന്നതും, പൊട്ടുകുത്തിതന്നിരുന്നതുമൊക്കെ അമ്മ. എന്റെ മോളുടെ കാലമായപ്പോൾ നമ്മളൊക്കെ outdated, fashion sense ഇല്ലാത്തവർ.. കാലം പോണ പോക്ക് )
അങ്ങനെ ഞങ്ങൾ തെങ്ങു പാലത്തിനടുത്തെത്തി. ശൈലജ എങ്ങനെയോ ബാലൻസ് ചെയ്ത് അപ്പുറത്തെത്തി. ഞാനും ഒരോ അടിവച്ച് ശ്രദ്ധയോടെ മുന്നോട്ട്.. ഏതാണ്ട് മൂന്നടി വെച്ചപ്പോഴേക്കും ശക്തിയായ മഴയും കാറ്റും എത്തി.പറക്കാൻ തുടങ്ങിയ കുട ചേർത്തുപിടിക്കുന്നതിനിടയിൽ എന്റെ ബാലൻസ് പോയി. ദേ കെടക്കുണു… എന്റെ പുത്തനുടുപ്പൊക്കെ ചളിവെള്ളത്തിൽ കുതിർന്നു. തൂവെള്ള നിറത്തിൽ ലേസ് തുന്നിപ്പിടിപ്പിച്ചു കേമായി കൊണ്ടുനടന്ന ന്റെ ബ്ലൗസ് അപ്പോൾ കാണേണ്ട ചേലായിരുന്നു. ദേഷ്യവും, സങ്കടവുമൊക്കെ ഉള്ളിലൊതുക്കി ശൈലജയുടെ കൈപിടിച്ചു ഞാൻ കരയ്ക്ക് കയറി. ആകെ കുതിർന്നു. ബാഗും, ബുക്കും എല്ലാം.. മുടിത്തുമ്പിൽ നിന്നിറ്റിറ്റുവീണ വെള്ളം പിഴിഞ്ഞ് കളഞ്ഞ് (തുടയ്ക്കാൻ മറ്റു സാമഗ്രിയൊന്നുമില്ലല്ലോ )ഒരു വിധം സ്കൂളിലെത്തിയപ്പോഴേക്കും ഫസ്റ്റ് ബെൽ അടിച്ചിരുന്നു. ഭാഗ്യത്തിന് അന്ന് അസംബ്ലിയുണ്ടായിരുന്നില്ല,മഴയായതിനാൽ.
അങ്ങനെ പുത്തനുടുപ്പിട്ട് ജോറായി വിരാജിക്കാൻ തീരുമാനിച്ച ഞാൻ ചെളിവെള്ളത്തിൽ കുളിച്ചു തികഞ്ഞൊരു കർഷകപുത്രിയായി അന്ന് ക്ലാസ്സിലിരുന്നു.ഇന്നും മഴയെത്തുമ്പോൾ,എന്റെ ചെളിയിൽകുതിർന്ന വെള്ളജമ്പറും വെള്ള ലേയ്സ് തുന്നിപ്പിടിച്ച ചെമന്ന പാവാടയും മുന്നില്നിന്നു വിതുമ്പും!!

ഗിരിജാവാര്യർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments