അടയാളം പൊന്നാനി സംഘടിപ്പിച്ച വായനദിന പരിപാടിയിൽ പൊന്നാനിയുടെ അഭിമാനമായ പ്രശസ്ത നോവലിസ്റ്റ് ശ്രീ.സി.അഷ്റഫിൻ്റെ ഇടശ്ശേരി അവാർഡ് നേടിയ നോവൽ ചില വിശുദ്ധജൻമങ്ങളുടെ വിശേഷങ്ങൾ വായനയ്ക്കെടുത്തു. അൻപതോളം അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ സൗദ പൊന്നാനി നോവൽ വായനയ്ക്ക് തുടക്കമിട്ടു. പങ്കെടുത്ത മുഴുവൻ പേരും പുസ്തകത്തിൻ്റെ ഓരോ പേജ് വീതം വായിച്ചു.
ശ്രീ.സി.അഷ്റഫ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. തീവ്രമായ അനുഭവങ്ങളുടെ പച്ചയായ ആവിഷ്ക്കാരങ്ങളേ വായനയെ അനുഭവിപ്പിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. അടയാളം പൊന്നാനിയുടെ സ്നേഹോപഹാരമായ മൊമെൻ്റോ ശ്രീ.സി.അഷ്റഫിന് കർമ്മ ബഷീർ സമർപ്പിച്ചു. കെ എം അബ്ദുറഹിമാൻ പൊന്നാടയണിയിച്ചു. കെ.പി.രാജൻ പുസ്തകം സമ്മാനിച്ചു.
ചങ്ങമ്പുഴ അവാർഡ് ജേതാവ് ശ്രീമതി. നിർമ്മല അമ്പാട്ടിന് അടയാളം പൊന്നാനിയുടെ സ്നേഹോപഹാരം കയ്യുമ്മു കോട്ടപ്പടി നൽകി. സുബൈദ പോത്തന്നൂർ പൊന്നാടയണിയിച്ചു. കവി ഇബ്രാഹിം പൊന്നാനിയുടെ വസതിയിൽ വെച്ചായിരുന്നു പരിപാടി. പൊന്നാനിയുടെ പ്രിയപ്പെട്ട കവി ഇബ്രാഹിം പൊന്നാനിയ്ക്ക് എഴുത്തുകാരൻ സി.അബ്ദുള്ള പൊന്നാടയണിയിച്ചു.
ശ്രീ.പി എൻ പണിക്കരെ അനുസ്മരിച്ചു കൊണ്ട് തുടങ്ങിയ പരിപാടിയിൽ മുർഷിദ കടവനാട് വായനദിന കവിത ചൊല്ലി. നിർമ്മല അമ്പാട്ട് സ്വാഗതവും, ലിയാഖത്ത് പി നന്ദിയും പറഞ്ഞു. നിസാർ കെ പൊന്നാനി അധ്യക്ഷനായിരുന്നു.