നിയന്ത്രണം തെറ്റിയ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം.
നാട്ടുകാരുടെയും ബൈക്ക് യാത്രികരുടെയും സമയോചിതമായ ഇടപെടല്‍ മൂലം കാറിലുണ്ടായിരുന്ന വയോധികയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഡാണാപ്പടി – കാർത്തികപ്പള്ളി റോഡില്‍ അനന്തപുരം തെക്ക് ഹോട്ടല്‍ ബേബി ജംഗ്ഷനില്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം.
ആലപ്പുഴ സ്റ്റേഡിയം വാർഡില്‍ തവക്കല്‍ വീട്ടില്‍ ഷാഹിദ (64), മകൻ മുഹമ്മദ് ആഷിഖ് (27) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. മുതുകുളത്തെ ഓഡിറ്റോറിയത്തില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. കാർത്തികപ്പള്ളി ഭാഗത്തു നിന്ന് വന്ന ഇവരുടെ ആള്‍ട്ടോ കാർ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് റോഡിന് ഇടതുവശത്തുള്ള തോട്ടിലേക്ക് മുൻഭാഗം കുത്തി വീഴുകയും തുടർന്ന് തലകീഴായി മറിയുകയുമായിരുന്നു.
കാർ വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരുന്ന വേളയില്‍ തുറന്നു കിടന്ന ഗ്ലാസിലൂടെ സഹായത്തിനായി മുഹമ്മദ് ആഷിഖ് കാറിന് പുറത്തേക്ക് കൈയിട്ട് വെള്ളത്തില്‍ അടിക്കുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളായ സ്ത്രീകളുടെ നിലവിളി കേട്ടാണ് ബൈക്ക് യാത്രികരും പ്രദേശവാസികളും തോട്ടിലേക്ക് ചാടി രക്ഷാപ്രവർത്തനം നടത്തിയത്.



