ഉള്‍നാടന്‍ മത്സ്യബന്ധനമേഖലയുടെ സുസ്ഥിര വികസനത്തിനും മത്സ്യസംരക്ഷണത്തിനും ഫിഷറീസ് വകുപ്പ് മണ്‍സൂണ്‍ കാലയളവില്‍ അനധികൃത മത്സ്യബന്ധന രീതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രജനനത്തിനായി മത്സ്യങ്ങള്‍ നടത്തുന്ന ഊത്തകയറ്റം എന്നതിനോട് അനുബന്ധിച്ചു പ്രാദേശികമായി നടത്തുന്ന അനധികൃത മത്സ്യബന്ധനരീതിയായ ഊത്തപിടുത്തം സര്‍ക്കാര്‍ നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്.
കേരള ഉള്‍നാടന്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ആക്ട് 2010 പ്രകാരം പ്രത്യുല്പാദനക്ഷമതയുള്ള മത്സ്യങ്ങളെ പൊതുജലാശയത്തില്‍ നിന്ന് ഏതെങ്കിലും വലയോ ഉപകരണമോ ഉപയോഗിച്ച് പിടിക്കുന്നതും വിപണനം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. കൂടാതെ സ്വാഭാവിക ജലാശയങ്ങളുടെ പാരിസ്ഥിതികാവസ്ഥയെ തടസപ്പെടുത്തുന്നതും സ്‌ഫോടക വസ്തുക്കളോ നഞ്ചോ വൈദ്യുതിയോ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും നശീകരണവും കർശനമായി നിരോധിച്ചിട്ടുണ്ട്.
പൊതുജലാശയങ്ങളുടെ സ്വാഭാവിക ഒഴുക്കിനും മത്സ്യത്തിന്റെ സഞ്ചാരത്തിനും ഒഴുക്കിനും തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള നിര്‍മിതികള്‍ , കൂടുകള്‍ ഖര, ദ്രവ രൂപത്തിലുള്ള മലിനവസ്തുക്കള്‍, രാസവസ്തുക്കള്‍, കീടനാശിനികള്‍, പ്ലാസ്റ്റിക് നിക്ഷേപിക്കല്‍ എന്നിവയും നിരോധിച്ചിരിക്കുന്നു. കൂടാതെ രജിസ്ട്രേഷന്‍, ലൈസന്‍സ് ഇല്ലാതെയുള്ള മത്സ്യബന്ധനം, 20 എം.എം ല്‍ കുറവുള്ള കണ്ണിവലുപ്പമുള്ള വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം, മത്സ്യസങ്കേതങ്ങളില്‍ അനുമതിയില്ലാതെ കടന്നു മത്സ്യബന്ധനം നടത്തുന്നത്,
മല്ലിക്കക്ക ശേഖരണം എന്നിവയും ഈ ആക്ട് പ്രകാരം കുറ്റകരവും ആറ് മാസം തടവും 15000 രൂപ പിഴയും ഈടാക്കുന്നതാണ്. ഇവയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോകള്‍ പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. ഇത്തരത്തിലുള്ള മത്സ്യബന്ധനരീതികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉള്‍നാടന്‍ ആക്ട് പ്രകാരം കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണെന്നു ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. പരാതികള്‍ 04772251103 എന്ന ഫോണ്‍നമ്പറില്‍ ഫിഷറീസ് ഡെപ്യൂട്ടിഡയറക്ടര്‍ ഓഫീസിലോ മത്സ്യഭവന്‍ ഓഫീസുകളിലോ അറിയിക്കാവുന്നതാണ്.



