സ്വര്‍ണാഭരണപ്രേമികളെ ആശങ്കയിലാക്കി സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും റെക്കോർഡ് ഭേദിച്ച് മുന്നേറുന്നു. ഇന്ന് ഗ്രാം വില 20 രൂപ ഉയര്‍ന്ന് 8,075 രൂപയും പവന്‍ വില 160 രൂപ ഉയര്‍ന്ന് 64,600 രൂപയിലുമെത്തി.
കഴിഞ്ഞ വ്യാഴാഴ്ച (ഫെബ്രുവരി 20) കുറിച്ച പവന് 64,560 രൂപയെന്ന റെക്കാഡാണ് ഇന്ന് പഴങ്കഥയായത്. വെള്ളിയാഴ്ച 320 രൂപ വരെ വിലയിടിവ് രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വില മുന്നോട്ടായിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തുടര്‍ച്ചയായ ചുങ്ക ഭീഷണി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് സ്വര്‍ണ വിലയെ ഉയര്‍ത്തുന്നത്.വിവാഹ സീസണിലെ ഈ സ്വര്‍ണ വില മുന്നേറ്റം കേരളത്തിലെ സാധാരണക്കാരെ വലിയ തോതില്‍ വലയ്ക്കുന്നുണ്ട്. പണം കൈയ്യിലുള്ളവര്‍ പലരും മുന്‍കൂര്‍ ബുക്ക് ചെയ്ത് കുറഞ്ഞ വിലയില്‍ സ്വര്‍ണം ഉറപ്പാക്കിയെങ്കിലും വിവാഹത്തോടടുപ്പിച്ച് പണം കണ്ടെത്തുന്നവര്‍ക്ക് വലിയ തിരിച്ചടിയാണിത്.
അതേസമയം, താരതമ്യേന വില കുറഞ്ഞ 18 കാരറ്റ്, 24 കാരറ്റ് സ്വര്‍ണത്തിലേക്കും ശ്രദ്ധപതിപ്പിച്ചു കൊണ്ട് വിലക്കയറ്റത്തെ മറികടക്കാനുള്ള ശ്രമങ്ങളും പലരും നടത്തുന്നുണ്ട്.ഇന്നത്തെ വിലയനുസരിച്ച് ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും മറ്റ് നികുതികളും ചേര്‍ത്ത് കേരളത്തില്‍ ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 70,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 6,640 രൂപയിലാണ് ഇന്ന് വ്യാപാരം.
വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 107 രൂപയില്‍ തുടരുന്നു.



