തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവന് 120 രൂപ വർധിച്ച് 63560 രൂപയായി. 22 കാരറ്റ് ഗ്രാമിന് 15 രൂപ വർധിച്ച് 7945 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6515 രൂപയുമായി.ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണം വാങ്ങുമ്പോള്‍ 70000 രൂപ വരെ ചെലവ് വരാനാണ് സാധ്യത.
ഒരു പവന്‍ സ്വര്‍ണത്തിന്റെ കൂടെ അഞ്ച് ശതമാനം കുറഞ്ഞ പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉപഭോക്താവ് നല്‍കണം. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങളാണ് എങ്കില്‍ വില വീണ്ടും ഉയരും.
കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ ഒരു പവൻ സ്വർണത്തിന് 1720 രൂപയുടെ വർദ്ധനവാണ് സംഭവിച്ചത്. ഈ മാസത്തെ ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി മൂന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 61,640 രൂപയായിരുന്നു.
പുതുവർഷത്തിൽ സ്വർണവില കുതിച്ചുയരുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിച്ചിരുന്നത്. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
2025-ന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു സ്വര്‍ണവില. 31 ദിവസത്തിനിടെ 4500 രൂപയാണ് വര്‍ധിച്ചത്. 2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു ഏറ്റവും ഉയർന്ന സ്വർണവില ഈ റെക്കോർഡാണ് കഴിഞ്ഞ ദിവസങ്ങളിലായി തിരുത്തി കുറിച്ചിരിക്കുന്നത്.