തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹ വിവാദത്തില്‍ കൂടുതല്‍ അന്വേഷണം. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയില്‍ അന്വേഷണം തുടങ്ങി. വിവാഹം രജിസ്റ്റര്‍ ചെയ്ത പൂവാര്‍ പഞ്ചായത്തില്‍ നിന്ന് വിവരം ശേഖരിച്ചു. ആധാര്‍, ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ് എന്നിവ പരിശോധിച്ചെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
സര്‍ട്ടിഫിക്കറ്റുകള്‍ പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ യഥാര്‍ത്ഥമെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് രജിസ്‌ട്രേഷന്‍ നടത്തിയതെന്നും പഞ്ചായത്ത് അധികൃതര്‍ മൊഴി നല്‍കി. സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാനായി കൊടുത്ത വിവരങ്ങള്‍ തെറ്റാണോയെന്ന് അറിയില്ലെന്നും മൊഴി.
പൂവാര്‍ പൊലീസ് നാളെ ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് കൈമാറും.
കുംഭമേളയ്ക്കിടെ വൈറലായ പെൺകുട്ടിയും മഹാരാഷ്ട്ര സ്വദേശിയും നടനുമായ ഫർമാൻ ഖാനും മാർച്ച് പതിനൊന്നിനാണ് വിവാഹിതരായത്. കേരളത്തിലെത്തിയ ഇരുവരും പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്.
വിവാഹച്ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവര്‍ പങ്കെടുത്തിരുന്നു. കേരളം നല്ല സ്ഥലമാണെന്നും ഇവിടെയുള്ളവര്‍ നല്ല മനുഷ്യരാണെന്നുമായിരുന്നു മൊണാലിസ ഭോസ്‌ലെയും പങ്കാളി ഫര്‍മാന്‍ ഖാനും വിവാഹ ശേഷം പ്രതികരിച്ചത്.



