Saturday, May 23, 2026
Homeഅമേരിക്കപി.എൻ. വിജയൻ എഴുതുന്ന ചരിത്ര നോവൽ.. 'സാന്തന്നൂരിലെ സർവ്വേക്കല്ലുകൾ' (5)

പി.എൻ. വിജയൻ എഴുതുന്ന ചരിത്ര നോവൽ.. ‘സാന്തന്നൂരിലെ സർവ്വേക്കല്ലുകൾ’ (5)

ഈസ്റ്റിന്ത്യാ കമ്പനിയും മദ്രാസ് റെയിൽ വേയും

ഈസ്റ്റ് ഇന്ത്യാ കമ്പനിയെക്കുറിച്ചും സായിപ്പന്മാരുടെ അധികാരത്തെക്കുറിച്ചും അത് ഇന്ത്യയിൽ അങ്ങോളമിങ്ങോളം പടർന്നുവരുന്നതിനെക്കുറിച്ചും സാന്തന്നൂരിലെ സാധാരണക്കാർ അറിഞ്ഞുതുടങ്ങി. അവർ ബോംമ്പെ കൽക്കത്ത എന്ന പേരുകളൊക്കെ കേൾക്കാൻതുടങ്ങി. കൗണ്ടർമാരുടെയും ചെട്ടിയാർമാരുടെയും കുട്ടികളെ പഠിപ്പിക്കാൻ വരുന്ന വാദ്ധ്യാന്മാരിൽനിന്നാണ് വാർത്തകൾ പരന്നത്.

കോൺവാലിസ്പ്രഭു തിരിച്ചുപോയി എന്നും ഡൽഹൗസിപ്രഭു ഭരണം ഏറ്റെടുത്തു എന്നും അവർ അറിഞ്ഞു പോയവരെക്കുറിച്ചും വന്നവരെക്കുറിച്ചും അവർക്ക് വ്യത്യാസം ഉണ്ടായിരുന്നില്ല. എന്നാൽ വരാൻപോകുന്ന ചില പുതിയ സംഭവങ്ങളെക്കുറിച്ച് അവർ ശ്രദ്ധിക്കാൻ തുടങ്ങി. സാന്തന്നൂരിൽ ആദ്യത്തെ പോസ്റ്റ് ഓഫീസ് തുടങ്ങാൻ പോവുകയാണെന്നും ആദ്യത്തെ വണ്ടിആപ്പീസ് പ്രവർത്തിക്കാൻ പോവുകയാണെന്നും അവർ മനസ്സിലാക്കി.

നേരത്തെ കല്ലുകൾ കുഴിച്ചിട്ട് അതിർത്തി നിശ്ചയിച്ചത് ജനങ്ങൾക്കറിയാം. ആ സ്ഥലത്തിലൂടെ റെയിൽപാളങ്ങൾ നീണ്ടുതുടങ്ങി. റെയിൽപ്പാളങ്ങൾ സാന്തന്നൂരിനെ കിഴക്കും പടിഞ്ഞാറും ഉള്ള സ്ഥലങ്ങളുമായി ബന്ധിപ്പിച്ചു. കിഴക്കോട്ട് ഇരുഗൂർ വഴി തിരുപ്പൂർ ഈരോഡ് എന്നിവിടങ്ങളിലേയ്ക്കും പടിഞ്ഞാറ് ഒലവക്കോട്ടേയ്ക്കും പുകവണ്ടി ഓടുമെന്നും അവർക്കും അതിൽ സഞ്ചരിക്കാമെന്നും അവർ സ്വപ്നം കണ്ടു.

“വടനാട്ടിലാക്കെ വണ്ടി ഓട ആരമ്പിച്ചാച്ച്. ബാംമ്പേ ടു താന ഓടിക്കൊണ്ടിരിക്കുത്. കൽക്കട്ടാവിലും ഒടനെ ഓടപ്പോകിറത്”

വാത്യാർസാമിക്ക് വിവരങ്ങളെല്ലാം കിട്ടുന്നത് കേട്ടിരുന്നവരുടെ അത്ഭുതമായി.

“സാമീ സൊല്ല്ങ്കളേ നമ്മ ഊരുക്ക് വണ്ടി എപ്പ വരപ്പോകത്? വണ്ടി എപ്പടി ഇരിക്കും ? നാലഞ്ചു കുതിരവണ്ടി ഒട്ടുക്കാ ചേർത്ത് വച്ച കണക്ക് ഇരിക്കുമാ?”
ഒരാൾ ചോദിച്ചു

“അത്ക്കും മേലെ . കിട്ടത്തിട്ടെ പത്ത് കുതിരവണ്ടി ചേർത്ത് കട്ടിച്ചാ എപ്പടി ? അന്ത അളവക്ക്. അഞ്ച് ഡബ്ബാ ഇരിക്കും രണ്ടെണ്ണം ഫസ്റ്റ് ക്ലാസ് . ദൊരമാർക്ക് . രണ്ട് സെക്കൻ്റ് ക്ലാസ് നമ്മകൗണ്ടർ ശെട്ടിയാർ കുടുംബത്തിനർക്ക്’ . ഒൻറ് തർഡ് ക്ലാസ് നമ്മ മാതിരി ആളങ്കളക്ക്. ”

“അപ്പ കാശ് കൊടുത്താ നമ്പളക്കു പയണം ചെയ്യലാം . അല്ലവാ”

“ആമാമാ കണ്ടിപ്പാ ശെയ്യലാം. വണ്ടി വന്തതിക്കപ്പുറംതാൻ കൽപ്പാത്തി തേര് പാക്ക പോണം.”

വാത്യാർ തുണ്ട് എടുത്ത് തോളിലിട്ട് എഴുന്നേറ്റു . നാട്ടുക്കൂട്ടം പുതിയ വിവരങ്ങൾ വീടുകളിലെത്തിക്കാൻ പൊടിതട്ടി പിരിഞ്ഞു.

വെള്ളക്കാരുടെ പേരുകളോട് ദൊരൈ എന്നുചേർത്ത് നാട്ടുകാർ ഭയഭക്തിബഹുമാനത്തോടെ സംസാരിക്കാൻ തുടങ്ങി. ആവർത്തിച്ചു കേട്ടപേരുകൾ സ്മിത്ത് ദൊരെ, ഐസക്ക് ദൊരെ, ഡിക്രൂസ് ദൊരെ, തോമസ് ദൊരെ, മാർട്ടിൻ ദൊരെ എന്നിങ്ങനെയാണ് . അവരൊക്കെ ട്വൻറി ബ്ലോക്കിൽ താമസിക്കുകയും അവരുടെ സഹായികളും പരിചാരകരും പിറകിലുള്ള ഔട്ട് ഹൗസുകളിൽ ഒതുങ്ങുകയും ചെയ്തു.
ദിവസവും പ്രഭാതം മുതൽ പ്രദോഷം വരെ റെയിൽവേ ജോലികൾ പലഭാഗങ്ങളിലായി തുടർന്നു.

കൈവണ്ടികളിലും കാളവണ്ടികളിലും കരിങ്കൽചീളുകൾകൊണ്ടുവന്ന് പാളങ്ങൾ ഉറപ്പിക്കാനുള്ള സംവിധാനങ്ങൾ തുടർന്നു. മറുനാടുകളിൽ നിന്ന് വന്നവരും സാന്തന്നൂരിൽനിന്ന് പണിക്കു ചേർന്നവരും അധ്വാനിച്ചു കൊണ്ടേയിരുന്നു. അവർക്കുപുറമേ പ്രത്യേകവണ്ടികളിൽ ചങ്ങലക്കിട്ടുകൊണ്ടുവന്ന തടവുകാരും പണിക്കുണ്ടായിരുന്നു. ജയിൽത്തടവുകാരെ വെച്ചാണ് ഏറ്റവും കഠിനമായ ജോലികൾ മുന്നോട്ടു നീങ്ങിയത് എന്ന് നാട്ടുകാർക്ക് പുതിയ അറിവായി. റെയിൽപ്പാളങ്ങൾ പൊക്കിയെടുക്കാനും കല്ലുകൾ നിരത്തി അതിൻ്റെ മുകളിൽ ഉറപ്പിക്കാനും അവരാണ് വിയർപ്പൊഴുക്കിയത്. തടവുപുള്ളികളെക്കൊണ്ട് കഠിനമായ ജോലികൾ ചെയ്യിക്കുക എന്നത് ഒരു ബ്രിട്ടീഷ് തന്ത്രമായിരുന്നു എന്ന് അവർ പിറകെ അറിഞ്ഞു. കുതിരപ്പുറത്തിരുന്ന് അവരെ നിയന്ത്രിക്കാനും അലസന്മാരെ ചാട്ടവാറുകൊണ്ട് ദേഹോപദ്രവം ഏൽപ്പിക്കാനും വെള്ളക്കാർക്ക് മടിയുണ്ടായിരുന്നില്ല. ഓരോദിവസവും പണികഴിഞ്ഞ് വീണ്ടും ചങ്ങലക്കിട്ട് അവരെ കൊണ്ടുപോകുന്നതും ഒരു പതിവുദൃശ്യമായി. പണിയെടുക്കുന്നവരെക്കാളും അതുകാണുവാനാണ് പൊതുജനം ഒളിഞ്ഞും മറഞ്ഞും തങ്ങിനിന്നിരുന്നത്.

കുതിരവണ്ടിയിൽ വന്നിറങ്ങി പണിക്ക് നേതൃത്വം കൊടുത്തിരുന്നവർ ഹെൻറി ബർഡട്ട്, ഹീഡർ സ്റ്റെഡ്, ചാറൽസ്, ആൽബർട്ട് ബുൾ എന്നിവരായിരുന്നു.
അവർ അന്യോന്യം മിസ്റ്റർ എന്നു ചേർത്താണ് പേരുകൾ വിളിച്ചിരുന്നു. മഡ്രാസിലുള്ള അവരുടെ ചീഫ് എഞ്ചിനിയർ ജോർജ് ബാർക്ലെ ബ്രൂസ് ആണെന്ന് ജനം മനസ്സിലാക്കി.
വെള്ളക്കാരുടെ നിറവും വേഷവും വർത്തമാനവും നോക്കിനിൽക്കുമ്പോൾ പലർക്കും ആരാധന തോന്നി. അടുത്ത ജന്മത്തിലെങ്കിലും ഒരു വെള്ളക്കാരനായി പിറക്കണേ എന്ന് ചിലരെങ്കിലും പ്രാർത്ഥിച്ചു.

റെയിൽപ്പാളങ്ങൾ വരുന്നതിന്നു മുമ്പേ സാന്തന്നൂരിൽനിന്ന് നാലുഭാഗത്തേക്കും പാതകൾ ഉണ്ടായി. കിഴക്കോട്ടുള്ള പാതകൾ ചെട്ടിപ്പാളയത്തേയ്ക്കും വെള്ളല്ലൂരിലേക്കും രണ്ടു ഭാഗത്തുകൂടെ നീണ്ടു. അതുപോലെ പടിഞ്ഞാട്ടുള്ള പാത പോരൂരിലേക്കും കോവൈപ്പുതൂരിലേക്ക് കുനിയമുത്തൂരിലേക്കും നീണ്ടു. തെക്കോട്ടുള്ള പാത പൊള്ളാച്ചിക്കും പാലക്കാട്ടേയ്ക്കും രണ്ടായി പിരിഞ്ഞു. അങ്ങനെ സാന്തന്നൂർ പലസ്ഥലങ്ങളിലേക്കുള്ള വഴികൾ പിരിയുന്ന ഒരു കേന്ദ്രമായി.

പാതകളുടെ രണ്ടുഭാഗത്തും വീടുകൾ ഉയർന്നു തുടങ്ങി. അവയിൽ വെള്ളക്കാരുടെ ബംഗ്ലാവുകളും ജന്മിമാരായ കൗണ്ടർമാരുടെയും ചെട്ടിയാർമാരുടെയും വീടുകളും സാധാരണക്കാരുടെ വീടുകളിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നു. ബംഗ്ലാവുകൾക്ക് കമാനങ്ങളുള്ള മുൻഭാഗവും പൂന്തോട്ടങ്ങളുള്ള മുറ്റവും ഉണ്ടായി. ജന്മിമാരും ഇടത്തരക്കാരും ഓട്ടുവീടുകളിലായിരുന്നു. സാധാരണക്കാരും അതിലും താഴെയുള്ളവരും ഓല മേഞ്ഞ മൺചുമരുള്ള കൂരകളിലായിരുന്നു.

പി.എൻ. വിജയൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com