വന്ദേ മാതരം പൂർണ്ണമായി ചൊല്ലിക്കൊണ്ട് പ്രൗഡഗംഭീരമായ സദസ്സിൽ വെച്ച് കേരളത്തിന്റെ പതിമൂന്നാം മന്ത്രിസഭ തിങ്കളാഴ്ച രാവിലെ പത്ത്മണിക്ക് സത്യപ്രതിജ്ഞ ചെയ്തു. ഭരണപക്ഷത്തെ നിരന്തരം ചോദ്യംചെയ്തും വിമർശിച്ചും മുൾമുനയിൽ നിർത്തി പട നയിച്ച് യൂ ഡി എഫിനെ വിജയത്തിലേക്കെത്തിച്ച വീ ഡി സതീശനാണ് മന്ത്രിസഭയുടെ അമരക്കാരൻ. ആദ്യത്തെ നിയമസഭ വ്യാഴാഴ്ച ചേരുമെന്നാണ് തീരുമാനം.
2021 മുതൽ അഞ്ചുതവണ പറവൂരിൽ നിന്ന് ജയിച്ചു. പാർട്ടിയിൽ ഉയർന്ന സ്ഥാനത്തിരുന്ന് പാർട്ടിയെ നയിച്ച പാരമ്പര്യത്തിനുടമയാണ് വി ഡി സതീശൻ എന്ന മുഖ്യമന്ത്രി. സോഷ്യോളജിയിലും നിയമത്തിലും ബിരു ദമുണ്ട്. നാല് പതിറ്റാണ്ടിന് ശേഷം ഇതാദ്യമയാണ് മന്ത്രിസഭ ഒരുമിച്ച് സത്യപ്രതീജ്ഞ ചെയ്യുന്നത്. പ്രാപ്തിയുള്ള വനിതകൾ ജയിച്ചു നിയമസഭയിൽ എത്തിയിട്ടുണ്ടെങ്കിലും ഇരുപത്തി ഒന്ന് മന്ത്രിമാരിൽ മൂന്ന് സ്ത്രീകൾ മാത്രമാണ് മന്ത്രിമാരായി ഇപ്പോൾ ഉള്ളത്. തീർച്ചയായും ഇത് വലിയ പോരായ്മയാണ്. പോരായ്മകൾ പരിഹരിച്ചാൽ ശക്തമായ ഒരു മന്ത്രിസഭ എന്ന് ചരിത്രത്തിൽ രേഖപ്പെടുത്താം.
ചിലരെയൊക്കെ ഒഴിവാക്കിയതിൽ ദുഖമുണ്ട് എന്ന് ഒരു മുൻകൂർ ജാമ്യം വെച്ചത് സ്ത്രീപ്രാതിനിധ്യത്തിന് ഒരിക്കലും ഉത്തരമാവില്ല. സ്ത്രീകൾക്ക് മുൻഗണന ഉള്ള, സ്ത്രീ സംവരണമുള്ള നാട്ടിൽ ഈ തീരുമാനം നീതിപൂർവ്വമല്ല. പതിനഞ്ചായിരം പേർക്ക് സീറ്റ് ഒരുക്കിയിരുന്നു. അറുപതിനായിരം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത്. ഇത് ജനങ്ങളുടെ പ്രതീക്ഷയാണ്, വിശ്വാസമാണ്. സ്തുതി പാടകരെ ഒരിക്കലും വിശ്വസിക്കരുത്. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവർ ശുഭകാംക്ഷികളാണ് എന്ന തിരിച്ചറിവ് സർക്കാരിനുണ്ടായിരിക്കണം.
പുതുമുഖങ്ങളാണ് മന്ത്രിസഭയിലെ മറ്റൊരു വിശേഷത. തിരഞ്ഞെടുപ്പ് വാഗ്ദാനം പടിപടിയായി നടത്താനുള്ള വ്യഗ്രത ശുഭസൂചകമാണ്. ജനപ്രിയപരിപാടികൾ നടപ്പാക്കുന്നതിൽ വയോജനങ്ങളെ പ്രത്യേകം എടുത്തുപറഞ്ഞത് സർക്കാരിന് ഗുണം ചെയ്യും. വർദ്ധക്യപെൻഷൻ മുടങ്ങിയിട്ട് വൃദ്ധരുടെ കണ്ണീര് വീണ മണ്ണാണിത്. ഗജനാവ് കാലിയാണെന്ന് സർക്കാർ. കോടികൾ ഉണ്ടെന്ന് ഇറങ്ങിപ്പോന്ന സർക്കാർ. ഏതായാലും ഏതാണ്ട് ശുഭമായി ഇത്രത്തോളം എത്തി.
സ്ത്രീകളുടെ സൗജന്യ യാത്രക്ക് നല്ലൊരു പഠനം തന്നെ നടത്തേണ്ടി വരും.. പറഞ്ഞ പോലെ അത്ര എളുപ്പമല്ല ഇത്. ഇത് അല്പം റിസ്ക്കുള്ളതാണ്. പ്രാബല്യത്തിൽ വരുമ്പോളാണ് അതിന്റെ ബുദ്ധിമുട്ടുകൾ അറിയുക. ഏതായാലും കൊടുത്ത വാക്ക് പാലിക്കുക എന്നത് മര്യാദയാണ്. സമാധാനത്തോടെ ഭരിക്കാൻ അനുവദിക്കുക എന്നത് ജനങ്ങളുടെ മര്യാദയും. തിരഞ്ഞെടുപ്പ് ഇനിയും വരും. ആര് നല്ല ഭരണം കൊടുത്തുവോ അവർക്കൊപ്പം ജനങ്ങളുണ്ടാവും. എല്ലാം നന്മക്കായിരിക്കട്ടെ.



