തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് പേജ്. ‘ചീഫ് മിനിസ്റ്റർ വിഡിഎസ്’ എന്ന പേരിൽ വ്യാജ ഫെയ്സ്ബുക്ക് പേജ്. ഇത് സബ്സ്ക്രൈബ് ചെയ്യാൻ മാസം 89 രൂപ ആവശ്യപ്പെടുന്നു.
വി ഡി സതീശൻ എന്ന് സെർച്ച് ചെയ്താൽ ധാരാളം അക്കൗണ്ടുകൾ ഫെയ്‌സ്ബുക്കിൽ കാണാം. ഇതിൽ ഒരു പേജാണ് സബ്സ്ക്രൈബ് ചെയ്യാൻ പണം ആവശ്യപ്പെടുന്നത്. ഈ പേജിന് ഏകദേശം 5,89,000 ഫോളോവേഴ്‌സുണ്ട്. ഇതിൽ എത്രപേർ പണം നൽകി സബ്‌സ്‌ക്രൈബ് ചെയ്‌തെന്ന വിവരം പേജിൽ ‘ഹൈഡ് ‘ചെയ്തിരിക്കുകയാണ്. ഇത്രയധികം ഫോളോവേഴ്സിനെ കിട്ടിയ പേജിൽ സബ്സ്ക്രിപ്ഷനും നടന്നിട്ടുണ്ടാകാമെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്.
മുഖ്യമന്ത്രിയുടെ പേരിൽ വെരിഫൈഡ് ഫെയ്‌സ്‌ബുക്ക് പേജ് ഒരെണ്ണം മാത്രമേയുള്ളൂവെന്നും സബ്‌സ്‌ക്രൈബ് ചെയ്യാൻ ആവശ്യപ്പെടുന്ന പേജുകൾ വ്യാജമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊതുവേ ചലച്ചിത്രതാരങ്ങളാണ് സബ്സ്ക്രിപ്ഷൻ ആവശ്യപ്പെടുന്നത്. സബ്സ്ക്രൈബ് ചെയ്യുന്നവർക്കു മാത്രമാണ് അവരുടെ പോസ്റ്റുകൾ കാണാനാകുക.



