കാലത്തിനും എൻ്റെ കുടുംബത്തിനും മാറ്റമുണ്ടായി അതോടൊപ്പം എൻ്റെ പ്രായത്തിനും. വീടുപണിയും കൂടി കഴിഞ്ഞതോടെ ചിറ്റ അമ്മയോട് ചോദിച്ചു: “ഇനി യമുനയുടെ കാര്യം നോക്കാല്ലോ?” അമ്മയും അത് സമ്മതിച്ചു. അമ്മ ഈ വിഷയം ഏട്ടനോടും അനിയത്തിമാരോടും അവതരിപ്പിച്ചു. അപ്പോഴേക്കും ഏട്ടൻ കുടുംബസമേതം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. എനിക്ക് നാൽപ്പത്തിയാറായിരുന്നു പ്രായം. എന്റെ വരുമാനം കൊണ്ട് നടന്നുപോകുന്ന ആ കുടുംബത്തിന്, വിവാഹം കഴിഞ്ഞാൽ എന്തുചെയ്യുമെന്ന ആശങ്കയായിരുന്നു.
“ഓ, അവൾക്കിനി ഈ വയസ്സാം കാലത്താണോ വിവാഹം?” ഏട്ടൻ പുച്ഛിച്ചു തള്ളി.
“ഇത്രയും കാലം ഈ കുടുംബം നോക്കിയത് അവളല്ലേ? ഇനിയെങ്കിലും അവൾക്കൊരു ജീവിതം വേണ്ടേ?” അമ്മ ചോദിച്ചു.
“ആ നോക്കാം, വല്ല രണ്ടാംകെട്ടുകാരെയെങ്കിലും കിട്ടുമോ എന്ന്!”
ആ നിർമ്മമതയും പരിഹാസവും മനസ്സിലായെങ്കിലും എല്ലാം നിസ്സംഗതയോടെ കേട്ടു. മറ്റൊരാളെ സ്വീകരിക്കാനുള്ള ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. ഉള്ളിലൊരു മുഖമുണ്ട്; അത് സ്വന്തമല്ലെങ്കിലും സമീപത്തുതന്നെയുണ്ട്. അതുമതി. എല്ലാ സ്വപ്നങ്ങളും ഇറുത്തെടുക്കപ്പെട്ട ഒരു ചെടിയെപ്പോലെ ജീവിതം മുന്നോട്ടു നീങ്ങി.
ഇതിനിടയിലാണ് അമ്മയ്ക്ക് അസുഖം ബാധിക്കുന്നത്. മകളുടെ ജീവിതം എങ്ങുമെത്തിയില്ലല്ലോ എന്ന തോന്നൽ അവരെ തളർത്തി. അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു:
“മോളേ, ഞാൻ നിന്നോട് ചെയ്തത് വലിയ ചതിയാണ്. വിഷ്ണുവിന്റെയും അനിയത്തിമാരുടെയും വാക്ക് കേട്ടാണ് നിന്നെ…”
“ഇനി ഇതൊക്കെ പറഞ്ഞിട്ടെന്തിനാ അമ്മേ? എനിക്കതിൽ വിഷമമില്ലല്ലോ.”
“എന്നാലും മോളേ, നിന്നെ ഈ അവസ്ഥയിൽ കണ്ടിട്ട് പോയാൽ എന്റെ ആത്മാവിന് പോലും ഗതി കിട്ടില്ല.”
“ആത്മാവ് ശരീരത്തിൽ നിന്നും വേർപെട്ടാൽ അത് സ്വതന്ത്രമാണ് അമ്മേ. ഭൂമിയിലെ കെട്ടുപാടുകളൊന്നും ആത്മാവിനെ ബാധിക്കില്ല. എനിക്ക് വിവാഹം കഴിക്കാത്തതിൽ പരാതിയില്ല,” ഞാൻ അമ്മയെ ആശ്വസിപ്പിച്ചു. പിന്നീട് അവിടെ എന്താണ് നടന്നതെന്ന് എനിക്കറിയില്ല. അമ്മയുടെ ആരോഗ്യം മാത്രമായിരുന്നു എന്റെ ശ്രദ്ധ.
എന്നാൽ, ഒരു ദിവസം അമ്മ എന്നെ അരികിലേക്ക് വിളിച്ചിരുത്തി പറഞ്ഞു…
”എന്റെ മോളേ, അമ്മാവൻ ഒരു കാര്യം പറഞ്ഞു. നമ്മുടെ ശ്യാമിനെക്കൊണ്ട് നിന്നെ…”
അമ്മ പറഞ്ഞു തീർക്കും മുൻപേ ഞാൻ ഇടപെട്ടു. “അമ്മയ്ക്കെന്താ ഭ്രാന്താണോ? താന്തോന്നിയായി നടക്കുന്ന ആ ശ്യാമിനെയും കൂടി ഇനി ഞാൻ ചുമക്കണോ?”
”അതൊക്കെ വിവാഹം കഴിയുമ്പോൾ താനേ ശരിയായിക്കോളും മോളേ. നമ്മൾ പെണ്ണുങ്ങൾ ഒന്ന് മനസ്സ് വെച്ചാൽ നടക്കാത്തതായി എന്താണുള്ളത്?” അമ്മ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
”ഉവ്വ്, നടന്നതുതന്നെ! എനിക്ക് അങ്ങനെയുള്ള പരീക്ഷണങ്ങൾക്കൊന്നും വയ്യ. ഈ പ്രായത്തിൽ എനിക്കൊരു വിവാഹമേ വേണ്ട.”
തീർത്തുപറഞ്ഞെങ്കിലും അമ്മയും അമ്മാവനും ആ ആലോചനയുമായി മുന്നോട്ടുതന്നെ പോയി. ഒരിക്കൽ ശ്യാം നേരിട്ടു വന്നു സംസാരിച്ചു.
”യമുനാ, നമുക്ക് രണ്ടാൾക്കും ഏകദേശം ഒരേ പ്രായമാണ്. ഇനി ഇതിലും നല്ലൊരു ആലോചന നിനക്ക് വരുമെന്നും തോന്നുന്നില്ല. അപ്പോൾപ്പിന്നെ ഇതങ്ങു നടത്തിയാലെന്താ?”
”ഞാനിപ്പോഴും ഒരു വിവാഹത്തിന് മാനസികമായി തയ്യാറെടുത്തിട്ടില്ല ശ്യാം, ഇനി എനിക്കൊരു വിവാഹവും വേണ്ട.” ഞാൻ തറപ്പിച്ചു പറഞ്ഞു.
“വിവാഹം കഴിയുമ്പോൾ അതൊക്കെ മെല്ലെ ശരിയായിക്കോളും,” എന്നായിരുന്നു അയാളുടെ മറുപടി.
ശ്യാം പലവിധത്തിൽ നിർബന്ധിച്ചു കൊണ്ടിരുന്നു. വരുമ്പോഴൊക്കെ വളരെ മാന്യതയോടെയായിരുന്നു പെരുമാറ്റവും സംസാരവും. തന്നെ വിവാഹം കഴിച്ചേ തീരൂ എന്ന നിലപാടിലായിരുന്നു അയാൾ.
ഒടുവിൽ സ്റ്റാഫ്‌റൂമിൽ മറ്റാരുമില്ലാതിരുന്ന ഒരു നേരത്ത് യമുന ശേഖർ സാറിനോട് ഈ കാര്യം അവതരിപ്പിച്ചു.
”യമുനയ്ക്ക് അതൊന്ന് ആലോചിച്ചുകൂടേ?” അദ്ദേഹം ചോദിച്ചു. “എത്രനാൾ ഇങ്ങനെ ഏകാന്തജീവിതം നയിക്കാൻ പറ്റും? എന്റെ അഭിപ്രായത്തിൽ യമുന അതേപ്പറ്റി ഗൗരവമായിത്തന്നെ ചിന്തിക്കണം.”
”അങ്ങനെയൊരു ചിന്ത മനസ്സിൽ നിന്നും എന്നേ പോയി മറഞ്ഞു സാർ. കുറഞ്ഞപക്ഷം വിവാഹം കഴിക്കുന്ന ആളോട് നീതി പുലർത്താനെങ്കിലും എനിക്ക് കഴിയണ്ടേ?”
”ശ്രമിച്ചാൽ ഇല്ലാതായിപ്പോയ ഉറവുകൾ വീണ്ടും കണ്ടെത്താൻ സാധിക്കും യമുനാ,”
”എങ്കിലും എനിക്ക് വയ്യ. തന്നെയുമല്ല, ശ്യാമിന്റെ സ്വഭാവം ഇപ്പോളും അത്ര വെടിപ്പുള്ളതാണെന്ന് എനിക്ക് തോന്നുന്നില്ല.”
വെളിപ്പെടുത്താനാവാതെ പോയ ഒരിഷ്ടം ഉള്ളിൽ കനൽ മൂടിക്കിടക്കുമ്പോൾ, മറ്റൊരാളെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ഒട്ടും കഴിയില്ലായിരുന്നു. ആ ഇഷ്ടം മറ്റൊരാളുടേതായി മാറിയിട്ടു പോലും അതിൽ നിന്നും മനസ്സിനെ മോചിപ്പിക്കാൻ സാധിച്ചിട്ടില്ല. നിറഞ്ഞ സൗഹൃദമായി ആ വ്യക്തി ഇപ്പോഴും അരികിലുണ്ട്. ആ ഓർമ്മകളെ മറക്കാനോ ജീവിതം മറ്റൊരു ചാലിലേക്ക് ഒഴുക്കാനോ മനസ്സ് സമ്മതിക്കുന്നില്ല.
”സാരമില്ലെടോ. ഇത്തിരി മദ്യപിക്കാത്ത പുരുഷന്മാർ ഇപ്പോൾ എവിടെയാണുള്ളത്?” ശേഖർ സാർ ചിരിച്ചുകൊണ്ട് ചോദിച്ചു. “എങ്കിലും അയാൾ തീരെ മോശമാണെന്ന് യമുനയ്ക്ക് തോന്നുന്നുണ്ടെങ്കിൽ ഒരിക്കലും ഈ ബന്ധത്തിന് മുതിരരുത്. പക്ഷേ… മറ്റൊരു ആലോചനയാകാമല്ലോ?”
അതിന് മറുപടിയൊന്നും പറയാതെ മൗനം പാലിച്ചു. അമ്മയുടെ കരച്ചിലും നിരാഹാരവും ഒടുവിൽ ആശുപത്രിവാസത്തിലുമെത്തി.
“എൻ്റെ മോള് അമ്മയും അമ്മാവനും പറയുന്നത് കേൾക്ക്. ഈ കുടുംബത്തിന് വേണ്ടിയല്ലേ എൻ്റെ മോള് ജീവിച്ചത്. എന്നിട്ട് ഒടുവിൽ മോൾക്കൊരു ജീവിതമില്ലാതെ പോകരുത്. മോൾ സന്തോഷമായി ജീവിക്കുന്നത് കൂടി കണ്ടിട്ട് വേണം എനിക്ക് കണ്ണടയ്ക്കാൻ.”
“അമ്മേ ഒരു വിവാഹജീവിതത്തിന് പ്രായവും കാലവുമൊക്കെയുണ്ട്. എൻ്റെ ആ സ്വപ്നങ്ങളൊക്കെ ഞാൻ എന്നേ കളഞ്ഞു. എൻ്റെ കാര്യമോർത്ത് അമ്മ വിഷമിക്കണ്ട. എനിക്ക് സന്തോഷത്തിന് യാതൊരു കുറവുമില്ല. അമ്മാവൻ എൻ്റെ നന്മയൊന്നുമല്ല ആഗ്രഹിക്കുന്നത്. അഴിഞ്ഞാടി നടക്കുന്ന സ്വന്തം മോന് മൂക്കുകയറിടാനുള്ള ഒരു ഉപാധിയാണ് വിവാഹം. മറ്റൊരു പെണ്ണിനെ കിട്ടാത്തത് കൊണ്ട് ഇങ്ങോട്ട് വന്നിരിക്കുകയാണ്.”
“നീ വെറുതെ എഴുതാപ്പുറം വായിക്കാതെ. അവനിപ്പോൾ കുഴപ്പമൊന്നുമില്ല. നീയീ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ ഞാൻ ജീവനോടെയിരിക്കില്ല. മരിക്കുമ്പോളെങ്കിലും എനിക്ക് ഇത്തിരി സമാധാനത്തോടെ മരിക്കണമെന്ന ആഗ്രഹമുണ്ട്.”. പറഞ്ഞുതീർന്നതും അമ്മയ്ക്ക് പരവേശവും ശ്വാസം മുട്ടലും കൂടി. ഐ സി യുവിലേക്ക് മാറ്റി.
ടെൻഷൻ അധികമാകാതെ നോക്കണമെന്ന് ഡോക്ടർ പറഞ്ഞു. എല്ലാവരും എന്നെ കുറ്റപ്പെടുത്തി. ബന്ധങ്ങൾ അറുത്തുമാറ്റാൻ ധൈര്യമില്ലാത്തതുകൊണ്ട് മാത്രം, ഗത്യന്തരമില്ലാതെ സമ്മതം മൂളി.
അപ്പോഴേക്കും ദിവ്യ തന്റെ ഉപദേശവുമായി എത്തി:
“ചേച്ചീ, വെറുതേ അയാളെ കെട്ടി ജീവിതം കളയണോ? ഇതൊക്കെ അമ്മയുടെ അടവല്ലേ. അമ്മാവനും അമ്മയും കൂടി സംസാരിക്കുന്നത് ഞാൻ കേട്ടതാണ്.” ഇതുവരെയും തനിക്ക് അനുകൂലമായി ഒരു വാക്കുപോലും പറയാത്ത നാത്തൂൻ്റെ ആ ഇടപെടൽ ഒട്ടും ഇഷ്ടമായില്ല.
“എനിക്കും വേണ്ടേ ഒരു ജീവിതം? ഈ പ്രായത്തിൽ എന്നെ കെട്ടാൻ വേറെ ആരു വരും?” അവളുടെ ഉള്ളിലിരിപ്പ് അറിഞ്ഞുതന്നെയാണ് മറുപടി നൽകിയത്.
“അല്ല ചേച്ചീ… ഞാൻ പറഞ്ഞെന്നേയുള്ളൂ,” അവൾ പതുക്കെ വലിഞ്ഞു.
ദിവ്യ ഏട്ടത്തിയമ്മയാണെങ്കിലും യമുനയേക്കാൾ ഇളയവളാണ്. അവൾ വിളിച്ചു തുടങ്ങിയ ‘ചേച്ചി’ വിളി തിരുത്താൻ പോയില്ല. അമ്മാമയെ പേടിച്ചാകണം വിഷ്ണുവേട്ടനും ഇതിലൊന്നും ഇടപെട്ടില്ല.
പിന്നെയെല്ലാം വേഗത്തിലായിരുന്നു. നിസ്സംഗമായ മനസ്സോടെ താലിക്ക് കഴുത്ത് നീട്ടിക്കൊടുത്തു. സരസ്വതി ടീച്ചറും ശേഖർ സാറും അടുത്തുണ്ടായിരുന്നു. മുന്നോട്ടുള്ള ജീവിതമോർത്തപ്പോൾ ഉള്ളിലൊരു നിലവിളി ആരുമറിയാതെ പിടഞ്ഞൊടുങ്ങി.
ആദ്യരാത്രിയുടെ ആചാരങ്ങളൊന്നും മനസ്സിലുണ്ടായിരുന്നില്ല. ചിരപരിചിതമായ ആ വീട്ടിലെ മുറിയിൽ കയറിയ ഉടനെ കുളിച്ച്, ഉണ്ടായിരുന്ന കുറച്ച് ആഭരണങ്ങളെല്ലാം അഴിച്ച് അലമാരയിൽ വെച്ചുപൂട്ടി കിടന്നു. കുറച്ചു കഴിഞ്ഞാണ് ശ്യാം വന്നത്. അയാൾക്ക് മദ്യത്തിന്റെ മണമുണ്ടായിരുന്നു.
“ഈ ആദ്യരാത്രിയൊക്കെ ചെറുപ്പക്കാർക്കുള്ളതല്ലേ, നമ്മൾക്ക് വയസ്സായില്ലേ?” ഒന്ന് ചിരിച്ചിട്ട് ശ്യാം അടുത്തു കിടന്നു. അധികം വൈകാതെ കേട്ട അയാളുടെ കൂർക്കംവലി ആശ്വാസമാണ് നൽകിയത്.
രാവിലെ എഴുന്നേറ്റ് അടുക്കളയിൽ അമ്മായിയെ സഹായിക്കാൻ കൂടി. കാപ്പി റെഡിയായി. ശ്യാം ഡൈനിങ് ടേബിളിൽ വന്നിരുന്നപ്പോൾ ചായ എടുത്തു വെച്ചു.
“നീയും ഇരിക്ക് യമുനേ, ഞാൻ വിളമ്പിത്തരാം,” അമ്മായി നിർബന്ധിച്ചു.
“വേണ്ട അമ്മായി, നമുക്ക് ഒന്നിച്ചിരിക്കാം.”
എന്റെ മറുപടി കേട്ടിട്ടും ശ്യാം വിളിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിൽ ഭക്ഷണം കഴിച്ച് അയാൾ എഴുന്നേറ്റു പോയി. രാത്രി വൈകി നന്നായി മദ്യപിച്ചാണ് തിരിച്ചെത്തിയത്. അനിഷ്ടം തോന്നിയെങ്കിലും ഒരു ഭാര്യയുടെ കടമയെന്നോണം അത്താഴം വിളമ്പാമെന്നു പറഞ്ഞു.
“വേണ്ട, ഞാൻ കഴിച്ചു.”
അയാൾ അത് പറഞ്ഞത് നന്നായെന്ന് തോന്നി. എന്നാൽ കിടക്കാൻ ഒരുങ്ങുമ്പോഴാണ് ആ അധികാരസ്വരം കേട്ടത്:
“എനിക്ക് കുറച്ച് ക്യാഷ് വേണം.”
ഒരു സങ്കോചവുമില്ലാതെ അയാൾ നിൽക്കുകയാണ്.
“എന്റെ കയ്യിൽ അധികമൊന്നുമില്ല. വിവാഹത്തിന് കുറേ ചെലവായി.”
“ഉള്ളത് മതി.”
മറുത്തു പറയാതെ ബാഗിലുണ്ടായിരുന്ന പണമെടുത്ത് നൽകി. അത് പോക്കറ്റിലിട്ട് അയാൾ ഉറക്കത്തിലേക്ക് വഴുതി. പകൽസമയങ്ങളിൽ ഇടയ്ക്കൊക്കെ സ്റ്റുഡിയോയിൽ അയാളുടെ സാന്നിധ്യം അറിഞ്ഞു കൊണ്ടിരുന്നു.
പതിവായി പണത്തിന് ആവശ്യപ്പെട്ടപ്പോൾ ഒരിക്കൽ ഉപദേശിച്ചുപോയി: “ശ്യാം, ഇങ്ങനെ പൈസ ധൂർത്തടിച്ചാൽ നമുക്ക് മുന്നോട്ട് ജീവിക്കണ്ടേ? ഈ മദ്യപാനം നിങ്ങളുടെ ആരോഗ്യം നശിപ്പിക്കുകയല്ലേ ഉള്ളൂ?”
പരിഹാസം നിറഞ്ഞ ചിരിയായിരുന്നു മറുപടി. “ഓഹോ, നീയെന്നെ ഉപദേശിക്കാറായോ? എന്റെ കൊലകൊമ്പൻ അച്ഛൻ പറഞ്ഞിട്ടുപോലും ഞാൻ നന്നായിട്ടില്ല, ഇനിയിപ്പോൾ നിന്റെ ഒരു കുറവേയുള്ളൂ!”
പണം കൊടുക്കാതിരുന്നാൽ ആദ്യമൊക്കെ ഭീഷണി മുഴക്കി പുറത്തേക്ക് പോകുന്ന അയാള് തിരിയെ വരുമ്പോൾ ക്രൂരമായ മർദ്ദനമാണ് ഫലം. മുടിയിൽ കുത്തിപ്പിടിച്ചു നിലത്തിടും, ചവിട്ടും. അമ്മായിയോട് ഇതേപ്പറ്റി സൂചിപ്പിച്ചപ്പോൾ “അവൻ ചോദിക്കുന്നത് അങ്ങ് കൊടുത്തേക്ക്. വെറുതെയെന്തിന് അടി കൊള്ളണം?” എന്നായിരുന്നു ഉപദേശം.
ഈ ഉപദ്രവം ഭയന്നുതന്നെ പിന്നെ ചോദിക്കുമ്പോഴേ പണം എടുത്തു കൊടുക്കും. ആർക്കുവേണ്ടി സമ്പാദിക്കാനാണെന്ന മടുപ്പും ഉള്ളിലുണ്ടായിരുന്നു.
എന്താണ് കാര്യമെന്നറിയില്ല, ഒരിക്കൽപ്പോലും ശ്യാമിന് ഒരു ദാമ്പത്യബന്ധം പൂർണ്ണതയിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ആ നൈരാശ്യവും ‘താനൊരു കഴിവുകെട്ടവൻ’ എന്ന ആത്മനിന്ദയും അയാളെ ഒരു ഭ്രാന്തനാക്കി മാറ്റിയിരുന്നു. ആവേശത്തോടെ തുടങ്ങി, ഒടുവിൽ പുലഭ്യം പറച്ചിലോടെ അയാൾ ബെഡിലേക്ക് മറിഞ്ഞുവീഴുമ്പോൾ മനസ്സ് നിർമ്മമമായിരുന്നു. ഇതൊരു വിവാഹമോ ദമ്പത്യമോ ആയിരുന്നില്ല, ലോകത്തിന് മുന്നിലെ ഒരു വേഷംകെട്ടൽ മാത്രമായിരുന്നു. ശാരീരികമായ ഒരു ആഗ്രഹവും അയാളോട് തോന്നിയിരുന്നില്ല.
ആദ്യമൊക്കെ അയാൾ സ്വയം ആശ്വസിപ്പിക്കുമായിരുന്നു. “എല്ലാം പതിയെ ശരിയാകും” എന്ന് പിറുപിറുക്കുന്നത് കേൾക്കാം. എന്നാൽ പിന്നീട് അത് കുറ്റപ്പെടുത്തലായി മാറി.
“ഞാൻ എത്രയോ പെണ്ണുങ്ങളെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്. മെർലിനും ജയയും റോഷ്നിയുമൊക്കെ ഓരോ രാത്രിയും എന്നോട് ചോദിച്ചുവാങ്ങിയിട്ടുള്ളതാണ്. അവർക്കൊക്കെ എന്ത് ഉഷാറായിരുന്നു! നീയിങ്ങനെ ശവം പോലെ കിടക്കാതെ…”
മറ്റു പെണ്ണുങ്ങളോടൊപ്പമുള്ള വീരസ്യങ്ങൾ കേട്ടതുകൊണ്ടൊന്നുമല്ല അയാളോടൊപ്പമുള്ള ഒരു ബന്ധത്തിനും മനസ്സോ ശരീരമോ ഒരുങ്ങിയിരുന്നില്ല. അതൊന്നും മനസ്സിലാക്കാതെ തന്നെ തൃപ്തിപ്പെടുത്താനാണെന്ന വ്യാജേന ശാരീരിക ഉപദ്രവങ്ങൾ കൂടി വന്നു.
“ശ്യാം, എനിക്ക് വയ്യ നിങ്ങളുടെ ഈ പേക്കൂത്തുകൾ സഹിക്കാൻ. വയ്യെങ്കിൽ എവിടെയെങ്കിലും കിടന്നുറങ്ങാൻ നോക്ക്. എനിക്കുവേണ്ടി നിങ്ങളിത്ര കഷ്ടപ്പെടണ്ട.”
“എന്താ… എന്താ..നീ പറഞ്ഞുവരുന്നത് ഞാൻ കഴിവുകെട്ടവനാണെന്നോ?” ശ്യാമിലെ മൃഗം സടകുടഞ്ഞുണർന്നു.
“എന്ന് ഞാൻ പറഞ്ഞോ? എനിക്ക് ഒട്ടും താല്പര്യമില്ല.”
“താത്പര്യമില്ലേ? അതെന്താണെന്ന് എനിക്കറിയാം.”. അയാൾ കട്ടിലിൽ എണീറ്റിരുന്നു.
“എന്ത്? എന്തറിയാമെന്ന്?” എന്ന് ചോദിച്ചപ്പോൾ അയാളുടെ മറുപടി അറപ്പുണ്ടാക്കുന്നതായിരുന്നു. “എന്നാലല്ലേ നിനക്ക് മറ്റാണുങ്ങളുടെ കൂടെ…”
“തോന്ന്യാസം പറയരുത്! നിങ്ങളുടെ സ്വഭാവമല്ല എനിക്ക്.” ദേഷ്യം കൊണ്ട് വിറച്ചുപോയി.
“ഛീ, എന്താടി പറഞ്ഞത്! എനിക്ക് നേരെ കൈചൂണ്ടാൻ നീ അത്രയ്ക്കായോ?” എന്ന അലർച്ചയോടെ മുഖത്തടിച്ചപ്പോൾ, ബ്രഷ് പിടിക്കുന്ന കൈകൾക്ക് ഇത്രയും കരുത്തുണ്ടോ എന്ന് അത്ഭുതപ്പെട്ടുപോയി. ആഭരണങ്ങൾ മുഴുവൻ അയാൾ കവർന്നു. മദ്യം അയാളുടെ കഴിവിനെയും സ്വഭാവത്തെയും പൂർണ്ണമായും നശിപ്പിച്ചു. അമ്മാവൻ എല്ലാമറിഞ്ഞിട്ടും ഇതൊന്നും അറിയാത്ത ഭാവത്തിൽ തന്നെ ബാധിക്കുന്ന പ്രശ്മല്ല എന്ന മട്ടിൽ മാറിനിന്നു.
തുടരും..



