ശ്രീവിദ്യ.
മലയാള സിനിമയിലെ ഐശ്വര്യനായിക.
—————————————–
മലയാള സിനിമയുടെ യാഥാർത്ഥ്യങ്ങളിലും സ്വപ്നങ്ങളിലും പ്രഭ ചൊരിഞ്ഞു നിൽക്കുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് ശ്രീവിദ്യയുടെ മുഖമാണ് എന്നു പറഞ്ഞാൽ അതിൽ അപാകതയുണ്ടെന്നു തോന്നുന്നില്ല. കാരണം അന്നും ഇന്നും അതങ്ങനെയാണ്. അവരുടെ മരണ ശേഷം ഇറങ്ങിയ സിനിമകളിൽ സ്നേഹസ്വരൂപിണിയും അതിസുന്ദരിയുമായ അമ്മയുടെ ചിത്രങ്ങളായും ദൃശ്യങ്ങളായും ശ്രീവിദ്യയോളം അവതരിപ്പിക്കപ്പെട്ട മറ്റൊരു നടിയില്ല. അല്ലെങ്കിൽ ശ്രീവിദ്യയെ മാത്രമേ അങ്ങനെ കാര്യമായി കാണിച്ചിട്ടുള്ളൂ എന്ന് പറഞ്ഞാലും അത് തെറ്റല്ല . ആ മനോഹര മുഖം , സുന്ദരമായ ചിരി മലയാള സിനിമയുടെ ഒരു തലമുറ, ഒരു കാലം അത്രമേൽ വിശുദ്ധിയോടെ അവരുടെ ഹൃദയത്തിലേറ്റിയതാണ്. അവരിന്നും മാറ്റൊട്ടും കുറയാതെ അത് ഉള്ളിൽ കൊണ്ടു നടക്കുന്നുമുണ്ട്.
1953 ജൂലൈ 24ന് കൃഷ്ണമൂർത്തിയുടെയും സംഗീതജ്ഞയായ എല്‍. വസന്തകുമാരിയുടെയും മകളായി ചെന്നൈയിലാണ് ശ്രീവിദ്യയുടെ ജനനം. ഏക സഹോദരൻ ശങ്കരരാമൻ . തമിഴ് സിനിമയിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. 1969ൽ കുമാരസംഭവം എന്ന സിനിമയിൽ ഒരു നൃത്തരംഗത്തിലൂടെ മലയാള സിനിമയിൽ സാന്നിധ്യമറിയിച്ചു. 1969ൽ തന്നെ എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത ചട്ടമ്പിക്കവലയാണ് പ്രധാന വേഷത്തിലെത്തിയചിത്രം. സത്യനോടൊപ്പമാണ് ശ്രീവിദ്യ ഈ സിനിമയിൽ അഭിനയിച്ചത് .പിന്നീട് മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറി ശ്രീവിദ്യ .മലയാളം തെലുങ്ക്, തമിഴ്, കന്നട ഹിന്ദി സിനിമകളിൽ എല്ലാം അഭിനയിച്ചുവെങ്കിലും ഒരു താരം എന്ന നിലയിൽ അവരുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ ഉണ്ടായത് മലയാളത്തിൽ തന്നെ. മലയാളം എന്ന ഭാഷയേയും മലയാളികളെയും മലയാള സിനിമയേയും ഏറെ ഇഷ്ടപ്പെട്ടിരുന്ന ശ്രീവിദ്യ തൻ്റെ പ്രിയപ്പെട്ട സിനിമകളെല്ലാം മലയാളത്തിലാണ് എന്നും മലയാളം തനിക്ക് ഏറ്റവും വഴങ്ങുന്ന, ഏറ്റവും ഇഷ്ടപ്പെട്ട ഭാഷയാണ് എന്നും അഭിമുഖങ്ങളിൽ പറയാറുണ്ടായിരുന്നു. എങ്ങനെയാണ് ഈ ഭാഷ തനിക്ക് ഇത്രമേൽ വഴങ്ങുന്നത് എന്നതിൽ സ്വയം അത്ഭുതം കൂറിയിരുന്ന അവർ ഒരു മലയാളി പറയുന്നത് പോലെ തന്നെ ശുദ്ധമലയാളം പറയുവാനും മലയാളത്തിലെ എത് വാക്കും ഒട്ടും തടസ്സം നേരിടാതെ സംസാരിക്കാനും നാടൻ പ്രയോഗങ്ങൾ ഭംഗിയായി ഉൾക്കൊണ്ട് അവതരിപ്പിക്കാനും തനിക്കു സാധിക്കുന്നതിൽ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. കഴിഞ്ഞ ജന്മം താൻ മലയാളിയായിരുന്നു എന്നു പോലും അവർ വിശ്വസിച്ചിരുന്നുവത്രേ.
1979 ൽ തീക്കനൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയാണ് അവർ നിർമ്മാതാവ് ജോർജ് തോമസ്സുമായി പ്രണയത്തിൽ ആവുന്നതും വിവാഹിതയാകുന്നതും. 1999 വരെ ആ ബന്ധം തുടർന്നു.പിന്നെ അവർ വഴി പിരിഞ്ഞു. തൻ്റെ വിവാഹജീവിതം ഒരു വലിയ പരാജയമായിരുന്നു എന്ന് പിന്നീട് അവർ തന്നെ പറഞ്ഞതായി അറിയാം. മലയാളത്തിലെ ആ കാലഘട്ടത്തിലെ ഒരുപാട് സുപ്പർ ഹിറ്റ് സിനിമകൾ ശ്രീവിദ്യ നായികയായും അതിപ്രധാന കഥാപാത്രങ്ങളായും അഭിനയിച്ചവയാണ്. “എൻ്റെ സൂര്യപുത്രിക്ക് ആരംഭം, ധീര, അറബിക്കടൽ, ആക്രോശം, കൊടുങ്കാറ്റ്, ഇവനൊരു സിംഹം, കാറ്റത്തെ കിളിക്കൂട്, പിൻനിലാവ്, രചന, ശരം ഇന്നലെ തുടങ്ങി ഒരുപാട് ഒരുപാട് സിനിമകൾ ഈ ഗണത്തിലുണ്ട്. മധു വിനൊപ്പം എത്തുമ്പോഴായിരുന്നു ശ്രീവിദ്യയുടെ ഏറ്റവും മികച്ച പ്രകടനം എന്നു പറയാം .മധുവും ശ്രീവിദ്യയും ജനപ്രിയ നായികാനായകൻമാരായി ,,ഭാഗ്യ ജോഡികളായി അറിയപ്പെട്ടു. മലയാളത്തിലെ അക്കാലത്തെഎല്ലാ നായക താരങ്ങൾക്കൊപ്പം ശ്രീവിദ്യ നായികാ വേഷത്തിലെത്തിയിട്ടുണ്ട്. സത്യൻ, നസീർ, മധു, സോമൻ, സുകുമാരൻ ,ജയൻ തുടങ്ങിസിനിമ നിയന്ത്രിച്ച ഒരു താരനിരയുടെ കാലത്ത് അവർക്കൊപ്പം തിരശ്ശീലയിൽ നിറഞ്ഞുനിൽക്കാൻ കഴിഞ്ഞ നടി കൂടിയാണ് ശ്രീവിദ്യ.
ഈ നടിയുടെഏറ്റവും വലിയ പ്രത്യേകതയായി എടുത്തു പറയാറുള്ളത് അവരുടെ കഥാപാത്രങ്ങൾക്ക് അവർ തന്നെ ശബ്ദം കൊടുത്തു എന്നാണ്. അത് അവർ അഭിനയിച്ച ഏത് ഭാഷയിലായാലും അങ്ങനെ തന്നെയായിരുന്നു സിനിമാരംഗത്ത് ശബ്ദം പ്രധാനമാണല്ലോ. പലരും പരാജയപ്പെടുന്നത് അവിടെയാണ്. ശ്രീവിദ്യയെ ജനം അറിഞ്ഞത്. കേട്ടത് അവരുടെ കഥാപാത്രങ്ങളെ ജനം ആസ്വദിച്ചത് അവരുടെ സ്വന്തം ശബ്ദത്തിൽ തന്നെയായിരുന്നു എന്നത് ഏറ്റവും വലിയ പ്രത്യേകതയായും മികവായും എടുത്തു പറയേണ്ടതു തന്നെയാണ്.
ശ്രദ്ധേയമായ അഭിനയത്തിന് ഒട്ടേറെ പുരസ്കാരങ്ങളും ശ്രീവിദ്യയെ തേടിയെത്തിയിട്ടുണ്ട്. 1979ൽ ” ഇടവഴിയിലെ പൂച്ചാ മിണ്ടാപൂച്ച ” എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ ശ്രീവിദ്യ 1983ൽ “രചന ” എന്ന സിനിമയിലൂടെ വീണ്ടും മികച്ച നടിക്കുള്ള ഈ പുരസ്കാരം നേടി 85 ലും 86 ലും യഥാക്രമം “ഇരകൾ ” “എന്നെന്നും കണ്ണേട്ടന്റെ” എന്ന സിനിമകളിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം നേടിയ ശ്രീവിദ്യ 92 ൽ “ദൈവത്തിന്റെ വികൃതി “യിലൂടെ വീണ്ടും മികച്ച നടിയായി ഇത് സർക്കാർ പുരസ്കാരങ്ങളുടെ കാര്യമാണെങ്കിൽ ശ്രീവിദ്യയെ തേടിയെത്തിയ മറ്റു അംഗീകാരങ്ങളാകട്ടെ നിരവധിയാണ്.
മലയാള സിനിമയിലെ ദേവീ സങ്കൽപ്പം ശ്രീവിദ്യ എന്ന നടിയിലാണ് ചെന്നു നിന്നതും പൂർണത നേടിയതും. ചോറ്റാണിക്കര അമ്മയായി വേഷമിടാൻ ശ്രീവിദ്യയല്ലാതെ മറ്റാര്.കരുത്തു നിറഞ്ഞ ഉശിരൻ കഥാപാത്രങ്ങൾക്ക് ശ്രീവിദ്യ ജീവൻ നൽകുമ്പോൾ ലഭിക്കുന്ന ഗാംഭീര്യം ഒന്നു വേറെ തന്നെ. വക്കീലായും ജഡ്ജിയായും തീരുമാനങ്ങളിൽ കണിശക്കാരിയായ സമ്പന്നയായ കുടുംബിനിയായും വരുമ്പോൾ ശ്രീവിദ്യയോളം പെരുമ വേറെയാർക്ക്.
ഓർക്കുക ”ബീഡി കുഞ്ഞമ്മ “യിലെയും റൗഡി രാജമ്മ “യിലേയുമൊക്കെ നായികയാണ് “ചോറ്റാണിക്കാര അമ്മ”യിലേയും, “അമ്മേ നാരായണ “യിലേയും നായിക.”അയല പൊരിച്ചതുണ്ട് കരിമീൻ വറുത്തതുണ്ട് “എന്ന് പാടി കളിക്കുന്ന നാടൻ പെണ്ണു തന്നെയാണ് ഡോക്ടറും, മജിസ്ട്രേറ്റും വക്കീലുമൊക്കെയായി തിളങ്ങുന്ന കഥാപാത്രങ്ങളായത്. ആ ഒരു കാലഘട്ടത്തിൽ ഇത്രയും വ്യത്യസ്തവും അതിശക്തവുമായ വേഷങ്ങൾ അവതരിപ്പിച്ച വേറൊരു നടിയില്ല. അത്രമേൽ അവർ സിനിമയെ അടക്കി ഭരിച്ചു. ആസ്വാദകർക്ക് പ്രിയങ്കരിയായി. ഐശ്വൈര്യത്തിൻ്റെ പര്യായമായി ജനമനസ്സുകളിൽ സ്ഥാനമുറപ്പിച്ചു. എന്നാൽ ആ വലിയ നേട്ടങ്ങളും വിജയങ്ങളുംഎല്ലാം സിനിമയിൽ മാത്രം ഒതുങ്ങി. യഥാർത്ഥ ജീവിതത്തിൽ അവർ തീർത്തും ദുരന്ത നായികയായിരുന്നു. വേദനകൾ മാത്രമായിരുന്നു എന്നും സ്വകാര്യ സമ്പാദ്യം. പണത്തിനോ പ്രതാപത്തിനോ അവർക്ക് സന്തോഷം നൽകാനായില്ല. അതിലൊന്നും അവർ സന്തോഷം കണ്ടെത്തിയതുമില്ല. പ്രണയത്തിലും വിവാഹത്തിലും എല്ലാം പരാജയപ്പെട്ട പാവം നായിക. അതായിരുന്നു ശ്രീവിദ്യ .അസുഖ ബാധിതയായി 53-ാം വയസ്സിൽ 2006 ഒക്ടോബർ 19 ന് തിരുവനന്തപുരത്ത് ശ്രീവിദ്യ അന്തരിച്ചു. സ്വന്തം എന്ന് പറയാൻ ആരുമില്ല എന്നെ വാസ്തവം ഉൾക്കൊണ്ടായിരുന്നു അവസാനകാലം പിന്നിട്ടത്.
കാലം മായ്ക്കാത്ത ഐശ്വര്യത്തിൻ്റെ മുഖമായി സ്നേഹത്തിൻ്റെ, പ്രണയത്തിൻ്റെ സൗഹൃദത്തിൻ്റെ, കാര്യശേഷിയുടെ, മാതൃത്വത്തിൻ്റെ എല്ലാം ഭാവങ്ങൾക്ക് പൂർണത നൽകിയ ശ്രീവിദ്യ എന്നും മലയാള സിനിമയിൽ കളങ്കമില്ലാത്ത പുഞ്ചിരിയായി നിറയും. അക്കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ഇത് എഴുതി നിർത്തുമ്പോഴും ആ ഹൃദ്യമായ പുഞ്ചിരി നിറയുന്ന മനോഹരമായ മുഖം മനസ്സിൽ
നിറയുന്നുണ്ട്. ആ ധന്യമായ ഓർമകൾക്ക് മുന്നിൽ..
പ്രണാമം.



