വാഷിങ്ടൺ: ഇസ്രയേലും യുഎസും നടത്തിയ സംയുക്ത ആക്രമണത്തില്‍ വലിയ നാശനഷ്ടം നേരിട്ടെങ്കിലും പഴയ കരുത്തോടെ ഇറാന് തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. യുദ്ധത്തെ തുടര്‍ന്ന് തകർന്ന ആയുധപ്പുരകൾ ഇറാൻ അതിവേഗത്തിൽ പുനർനിർമ്മിക്കുന്നതായാണ് വിവരം. അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
യുഎസ് ഇന്റലിജന്‍സിനെ ഉദ്ധരിച്ചാണ് സിഎന്‍എന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാന് സൈന്യം വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ ശക്തിപ്രാപിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആറ് മാസത്തിനുള്ളില്‍ പഴയ ഡ്രോണ്‍ നിര്‍മ്മാണ ശേഷി ഇറാന് പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ആക്രമണത്തില്‍ തകർന്ന മിസൈല്‍ സൈറ്റുകള്‍, ലോഞ്ചറുകള്‍, പ്രധാന ആയുധ സംവിധാനങ്ങള്‍, നിര്‍മാണ ശാലകള്‍ അടക്കം പുനർനിർമ്മിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
ഫെബ്രുവരി 28നായിരുന്നു ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം നടന്നത്. ആക്രമണത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ ഇറാൻ ശക്തമായി തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെയാണ് അമേരിക്ക പത്തിമടക്കിയത്. നിലവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
അമേരിക്കയും ഇസ്രയേലുമായുള്ള യുദ്ധത്തില്‍ നയതന്ത്ര പരിഹാരത്തിന് ഒരുക്കമാണെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് നേരത്തേ പറഞ്ഞിരുന്നു. നയതന്ത്ര പരിഹാരത്തിനുള്ള വഴികള്‍ തങ്ങളുടെ ഭാഗത്തുനിന്ന് തുറന്നിരിക്കുന്നു എന്നാണ് അദേഹം പറഞ്ഞത്. ബലപ്രയോഗത്തിലൂടെ ഇറാനെ കീഴടക്കാന്‍ കഴിയില്ലെന്നും അദേഹം പറഞ്ഞിരുന്നു. അതിനിടെ ഇറാനുമായുള്ള കരാര്‍ പ്രാവര്‍ത്തികമായില്ലെങ്കില്‍ സൈനിക നീക്കത്തിന് തയ്യാറാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് പറയുന്നത്. ഇറാനുമായി കരാറില്‍ എത്തിയില്ലെങ്കില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.



