പുലരിയെന്ന സത്യവും മനുഷ്യൻ എന്ന മിഥ്യയും
പുലരി എന്നത് എത്രയോ ? സുന്ദരമായ ഒരു പദമാണ്! പുലരിയെന്നത് ഒരു സത്യവും പിറവിയുമാണ്. ഇന്നത്തെ കാലത്ത് പുലരിയെ സ്നേഹിക്കുന്നവർ എത്രപേരുണ്ട്? “കിഴക്ക് വെള്ള കീറും മുമ്പ്” എന്ന വാചകം തന്നെ പുലരിയുടെ ഒരു ആന്തരിക സത്തയെ ചൂണ്ടിക്കാട്ടുന്നു. സൂര്യോദയത്തിനു മുൻപ് പ്രത്യക്ഷപ്പെടുന്ന ആകാശത്തിലെ പ്രകാശമാണ് പുലരി. ഉണർന്നുവരുന്ന പ്രഭാതം പ്രകൃതിയുടെ ആന്തരിക ശബ്ദങ്ങളുടെയും മനോഹരമായ കാഴ്ചകളുടെയും അനുഭവങ്ങളുടെയും പ്രതിഫലനമാണ്! ഇന്ന് എത്രപേർക്ക് അത് ആസ്വദിക്കാൻ കഴിയുന്നുണ്ട്? എന്നതാണ് വിഷയം.
ഉന്മേഷഭരിതമായ പ്രകൃതിയും ആകാശവും , ഒപ്പം പക്ഷികളുടെ ശബ്ദവും , മഞ്ഞും, കുളിരും, ഇളം കാറ്റും …മാഞ്ഞു പോകുന്ന ഇരുളിനും പുഞ്ചിരിച്ചു കൊണ്ട് പടി കടന്നു വരുന്ന പ്രഭാതത്തിനുമിടയിലെ സുന്ദരമായ ഏതാനും നിമിഷങ്ങളും.. പുലരി വർണ്ണനകൾ നിറഞ്ഞ കാവ്യാത്മകമായ എത്രയോ വരികൾ കവിതകളിലും ഗാനങ്ങളിലും ഇടം നേടിയിട്ടുണ്ട്.
ഇന്നത്തെ കാലത്തെ കുട്ടികൾക്ക് ഈ പ്രഭാതവും അതിൻ്റെ ആസ്വാദനവും കൂടെ നാം പോലുമറിയാതെ നമുക്ക് ലഭിക്കുന്ന ശാരീരികവും മാനസികവും ആരോഗ്യ പരവുമായ ഒരു പാട് നേട്ടങ്ങളും നഷ്ടമാകുന്നു. അവർ ഇതേക്കുറിച്ച് ബോധമുള്ള വരല്ല! രാത്രി ഏറെ വൈകി കിടന്ന് പകൽ മുഴുവൻ ഉറങ്ങി തീർക്കുന്നവരാണ് ഇന്നത്തെ തലമുറ? എന്നാൽ പഴയതലമുറക്കാരോ? അവർക്കൊരു ബോധവൽക്കരണം ആകാം. തിരുത്തലുകൾ ആകാം. ഇടയ്ക്കൊക്കെ ചൂണ്ടിക്കാട്ടലുകളുമാകാം.. ഉപദേശങ്ങളും ആകാം. ഇപ്പോഴത്തെ കുട്ടികളോട് എല്ലാം സ്നേഹരൂപേണയും സാന്ദർഭികമായും വേണമെന്ന് മാത്രം! തീരെ ചെറിയ കാര്യങ്ങൾക്കു പോലും ആത്മഹത്യയിൽ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്ന മക്കളാണ്! എന്തും സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ.
നമ്മൾ അതിരാവിലെ എഴുന്നേൽക്കുന്നതു കൊണ്ടുള്ള ആദ്യത്തെ ഗുണം തന്നെ നമുക്ക് ലഭിക്കുന്ന സമയലാഭക്കൂടുതൽ ആണ്. എന്തും പ്ലാൻ ചെയ്ത് ആസ്വദിച്ച് ചെയ്യാൻ അതുമല്ലെങ്കിൽ ടെൻഷനില്ലാതെ ചെയ്യാൻ ഉള്ള സമയം നമുക്ക് ലഭിക്കും എന്നുള്ളതാണ്. ഈ സമ്മർദ്ദങ്ങൾ ഒഴിവാകുമ്പോൾ തന്നെ മാനസികവും ശാരീരികവുമായ ഒരു പ്രത്യേക വൈകാരിക തലത്തെ തൊട്ടു നമ്മൾ പ്രഭാതത്തിലൂടെ സഞ്ചരിക്കുകയാണ്. ഈയൊരു പ്രത്യേക വൈകാരികതയിൽ ശാന്തിയും സമാധാനവും സന്തോഷവും, ഉന്മേഷവും ഉത്തേജനവും, ഊർജ്ജവും അടങ്ങിയിട്ടുണ്ട്.
ഇത് ആ ഒരു പ്രത്യേക സമയത്തെ മാത്രമല്ല! പ്രതിനിധീകരിക്കുന്നത്. രാത്രി വരെയുള്ള നിങ്ങളെ പുനർജനിപ്പിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ ചിന്തകളെ..നല്ല തീരുമാനങ്ങൾ എടുക്കാൻ ഉള്ള കഴിവിനെ, തലച്ചോറിൻ്റെ പ്രവർത്തനക്ഷമതയെ വർദ്ധിപ്പിക്കാൻ, ഒന്ന് റിലാക്സ് ചെയ്യാൻ ! കൂൾ ആകാൻ ഒക്കെ…
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? വെളുപ്പിനെ എഴുന്നേറ്റാൽ കുറച്ചു സമയം നമുക്ക് വേണ്ടി മാത്രമായി ചിലവഴിക്കാൻ മൊത്തം സമയത്തിൽ നിന്നും മിച്ചം വരും. നിങ്ങൾക്കൊരു പോസിറ്റീവ് എനർജിയും കൂടെ ആത്മവിശ്വാസവും കൈവരും. മറ്റുള്ളവരുമായി സ്നേഹം പങ്കിടാനും,സംവദിക്കുവാനും കഴിയും. ജീവിതത്തിൽ നമുക്ക് സ്വന്തമായി ലഭിക്കുന്ന സമയം ഏറ്റവും മെച്ചപ്പെട്ട രീതിയിൽ വേണ്ടവിധം കൈകാര്യം ചെയ്യുന്നവനാണ് ! ഏറ്റവും വലിയ വിജയി.
അങ്ങനെ കൈകാര്യം ചെയ്യുമ്പോൾ തന്നെ നിങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടികൾ കയറി തുടങ്ങുകയാണ്.പ്രഭാതത്തിലെ നടത്തവും യോഗയും ധ്യാനവും പൂജയും എല്ലാം തന്നെ മാനസികമായും ആരോഗ്യപരമായും അവരവരുടെ അഭിരുചിക്കനുസരിച്ച് ഗുണം ചെയ്യുന്നവയാണ്. എൻഡോർഫിൻ എന്ന സന്തോഷം നൽകുന്ന ഹോർമോണുകൾ കൂടുതൽ ഉൽപ്പാദിക്കപ്പെടുന്നു. സമ്മർദ്ദം കുറയുന്നതുകൊണ്ട് ഉള്ള ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്നാണ് ഇത്.
എന്നും അതിരാവിലെ എണീറ്റാൽ ,അതൊരു ശീലമാക്കിയാൽ ഒരു ചിട്ടയായ ടൈംടേബിളിലുള്ള ജീവിതവും ആഹാര രീതികളും (പ്രത്യേകിച്ചും പ്രഭാതഭക്ഷണം കഴിക്കാനുള്ള സമയം ) പിന്തുടരാനും ദിവസം മുഴുവൻ ഉന്മേഷഭരിതമായി ചിലവഴിക്കാനും കഴിയുന്നു.
രാവിലെ എഴുന്നേറ്റ് കുറച്ചുനേരം പ്രകൃതിയെ ഒന്ന് ഹൃദയംകൊണ്ട് തൊട്ടറിയുക. അൽപ്പനേരം (കിടക്കയിൽ ഇരുന്നു തന്നെ)കണ്ണടച്ചിരുന്ന് റിലാക്സ് ചെയ്തു ധ്യാനിക്കുക. അതിനുശേഷം മാത്രം എഴുന്നേറ്റാൽ മതി. പതിയെ ജാലക വിരികൾ
വകഞ്ഞു മാറ്റി വിദൂരങ്ങളിലേക്ക് കണ്ണൊന്നു പായിക്കുക. പല കാണാ കാഴ്ചകളും അതി മനോഹരമായി നിങ്ങളുടെ മനസ്സിൻ്റെ കണ്ണിലൂടെ പുറം കാഴ്ചകളെ കവിഞ്ഞ് കടന്നു പോകും.. പുത്തൻ പ്രതീക്ഷകൾ നിങ്ങളിൽ മുള പൊട്ടും! നിറയെ വയലറ്റ് നിറമുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഒരു താഴ്‌വാരം നിങ്ങളെ മാടിവിളിക്കും. അതാ പ്രഭാതത്തിൻ്റെ വാതിൽ തുറന്നു കിടക്കുന്നു… സുപ്രഭാതം!
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം.. നന്ദി,സ്നേഹം



