Thursday, May 21, 2026
Homeകഥ/കവിതനേർച്ചക്കോഴി (ചെറുകഥ)✍ ഉണ്ണി ആവട്ടി

നേർച്ചക്കോഴി (ചെറുകഥ)✍ ഉണ്ണി ആവട്ടി

പ്രഭാതകർമ്മങ്ങൾക്കുശേഷം സ്വാമി പവിത്രാനന്ദ തിങ്കളാഴ്ചകളിൽ പതിവുള്ള തൻ്റെ വിസ്തരിച്ചുള്ള പത്രം വായനയിലേക്കു കടന്നു. ആശ്രമത്തിൽ കിട്ടുന്ന പത്രങ്ങളിൽ തിങ്കളാഴ്ച്ചകളിലായിരുന്നു, പ്രാദേശിക വാർത്തകൾ കൂടുതലായി വന്നിരുന്നത്. ലൗകിക ജീവിതം ത്യജിച്ചിട്ട് വർഷങ്ങൾ മുപ്പതുകഴിഞ്ഞെങ്കിലും, പത്ര വാർത്തകളിലൂടെ സഞ്ചരിച്ച്, തൻ്റെ ജന്മനാടായ ഒറ്റശേഖരമംഗലത്തെക്കുറിച്ച് ചില ദിവസങ്ങളിലെങ്കിലും വരുന്ന വാർത്തകളിലൂടെ, സ്വാമിജി തൻ്റെ പൊക്കിൾകൊടി ബന്ധം ഇപ്പോഴും ചെറുതായി നിലനിർത്താറുണ്ട്.

വാർത്തകളിലൂടെ കണ്ണോടിച്ചപ്പോൾ ചരമക്കോളത്തിൽകണ്ട ഒരു ഫോട്ടോയിൽ പവിത്രാനന്ദയുടെ കണ്ണുടക്കി. കണ്ണട ഒന്നുകൂടെ തുടച്ച്, അദ്ദേഹം അതിനുതാഴെയുള്ള റിപ്പോർട്ടുകൾ വളരെ ആകാംക്ഷാപൂർവ്വം വായിച്ചു.

“തിരുവനന്തപുരം – ഒറ്റശേഖരമംഗലം:
സിസ്റ്റർ നിർമ്മല (58 വയസ്സ്) അന്തരിച്ചു. കേരള ഗവർമ്മെണ്ട് മെഡിക്കൽ സർവ്വീസിൽനിന്നും നഴ്സിംഗ് സൂപ്രണ്ടായി വിരമിച്ച വ്യക്തിയായിരുന്നു, പരേത. രണ്ടുവർഷമായി കാൻസർ ബാധിതയായി കാട്ടാക്കടയിലെ നൊവിഷ്യേറ്റ് കോൺവെൻ്റിൽ ചികിത്സയിലായിരുന്നു. നിപ, കോവിഡ് തുടങ്ങിയ പകർച്ചവ്യാധികളാൽ ആതുരശുശ്രൂഷാമേഖല വിറങ്ങലിച്ചുപോയ സമയത്ത് തൻ്റെ സുരക്ഷിതത്വംപോലും മറന്ന്, രോഗികളെ പരിചരിക്കാൻ ഇവർ മുൻപന്തിയിലുണ്ടായിരുന്നു. സ്തുത്യർഹമായ ഇവരുടെ സേവനം മുൻനിർത്തി, അരോഗ്യവകുപ്പും സംസ്ഥാന ഗവർമ്മെണ്ടും കേരളപ്പിറവി ദിനത്തിൽ പ്രത്യേക ബഹുമതി നല്കി ഇവരെ ആദരിച്ചിരുന്നു. ജന്മനാ വികലാംഗയായ ഇവർക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡലും ലഭിച്ചിട്ടുണ്ട്. മൂത്ത സഹോദരൻ ബെന്നി ജീവിച്ചിരിപ്പില്ല. ഇളയ സഹോദരൻ തോമസുകുട്ടി അമേരിക്കയിൽനിന്നും എത്തേണ്ടതുകൊണ്ട് ശവസംസ്ക്കാരം കോൺവെൻ്റിനോടുചേർന്ന സെമിത്തേരിയിൽ ബുധനാഴ്ച്ച മാത്രമെ നടക്കുകയുള്ളൂ….”

വാർത്ത വിശദമായി വായിച്ചപ്പോൾ, സ്വന്തം മാതാവിൻ്റെ ചരമവിവരമറിഞ്ഞപ്പോൾപോലും അത്രകണ്ട് പതറാതിരുന്ന പവിത്രാനന്ദയുടെ അലൗകികമനസ്സ് ആടിയുലയാൻ തുടങ്ങി. ശിഥിലമാവാൻ തുടങ്ങി. അന്നത്തെ സൂര്യനമസ്ക്കാരവും ഗംഗയിലെ ജല തർപ്പണവുമെല്ലാം വേണ്ടെന്നുവെച്ച് അദ്ദേഹം ആശ്രമത്തിലെ ധ്യാനമുറിയിലേക്കുപോയി. പക്ഷെ, മനസ്സ് ശാന്തമായില്ല. പിന്നീട് കണ്ണടച്ച് ചില ദേവീസ്തുതികൾ ഉറക്കെയുറക്കെ ചൊല്ലാൻ ശ്രമിച്ചു. പക്ഷെ, വാക്കുകളൊന്നും പുറത്തേക്കുവന്നില്ല. എന്തുമാത്രം സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും, അതിനൊന്നും വഴങ്ങാതെ, സ്വാമിജിയുടെ മനസ്സ് പൂർവ്വാശ്രമത്തിലെ തൻ്റെ ഉള്ളറകളിലേക്ക് അതിവേഗം ചരിക്കുകയായിരുന്നു.

ക്ഷേത്രഗ്രാമമെന്നു പേരുകേട്ട ഒറ്റശേഖരമംഗലത്തെ തൃക്കാഞ്ഞിരപുരം ശ്രീ മഹാദേവക്ഷേത്രത്തിലും, മഹാവിഷ്ണുവിൻ്റെ മത്സ്യാവതാര ക്ഷേത്രത്തിലും, പിന്നെ പൂഴനാട് ശ്രീ ചാമുണ്ടിയ്ക്കും അതുംകൂടാതെ കുന്നിൽ സുബ്രഹ്മണ്യസ്വാമിയ്ക്കും യശോദ അന്തർജ്ജനം നടത്താത്ത നേർച്ചകളില്ല. വഴിപാടുകളില്ല. ചെയ്യാത്ത പ്രാർത്ഥനകളില്ല. മാമ്പള്ളി മനയിലെ നാരായണൻ നമ്പൂതിരി ചെയ്യാത്ത പൂജകളില്ല. ഉപവാസങ്ങളില്ല. അങ്ങനെ
ഏറെവർഷങ്ങൾ ആറ്റുനോറ്റിരുന്നാണ് മദ്ധ്യവയസ്കരായപ്പോൾ രണ്ടുപേർക്കും ആണായിട്ടും പെണ്ണായിട്ടും താൻ ജനിക്കുന്നത്.

പ്രാർത്ഥനകളുടെ ഫലമായാലും അല്ലെങ്കിലും യശോദയ്ക്ക് താൻ ശരിക്കും ഒരു അമ്പാടിക്കണ്ണനായിരുന്നു. കുസൃതിയും കുറുമ്പും കാണിച്ച് വളർന്നു. പക്ഷെ, നന്നായി പഠിച്ചു. എസ്സ്.എസ്സ്.എൽ.സി ഉയർന്ന മാർക്കോടെ പാസ്സായി. തിരുവനന്തപുരത്തെ സ്വാതിതിരുനാൾ രാമവർമ്മ സ്ഥാപിച്ച കോളേജിൽതന്നെ ഉന്നതപഠനത്തിനും ചേർന്നു. പ്രീഡിഗ്രി നല്ല നിലയിൽ പാസ്സായി. ബി.എ ഹിസ്റ്ററിക്കുചേർന്നു. പക്ഷെ, പതുക്കെ പതുക്കെ കലാലയ രാഷ്ട്രീയത്തിലെ മാറ്റങ്ങൾ അവനിലേക്കും കത്തിപ്പടരുകയായിരുന്നു. വിപ്ലവവും ഇസവും അവനുമായും ചങ്ങാത്തം കൂടുകയായിരുന്നു. ഡിഗ്രി മൂന്നാംവർഷത്തിലേക്കു കടന്നപ്പോൾ അറിയപ്പെടുന്ന ഒരു വിദ്യാർത്ഥി സംഘടനയുടെ കോളേജ് നേതാവായി അവൻ വളർന്നു കഴിഞ്ഞിരുന്നു. പക്ഷെ പൂജയും ജപവുമായി നടന്നിരുന്ന അച്ഛനമ്മമാർ ഒന്നും അറിഞ്ഞതേയില്ല.

എങ്കിലും ഡിഗ്രിയും അവൻ ഒരുവിധത്തിൽ കടന്നുകൂടി. അപ്പോഴേക്കും കോളേജ് രാഷ്ട്രീയം ശരിക്കും ഒരു ലഹരിയായി അവൻ്റെ തലയ്ക്കു പിടിച്ചിരുന്നു. എം. എ ക്കാരനായപ്പോൾ കോളേജ് അന്തരീക്ഷം പൊടുന്നനെ മാറി മറിഞ്ഞു. കലാലയ രാഷ്ട്രീയം കലാപരാഷ്ട്രീയത്തിനും കഠാര രാഷ്ട്രീയത്തിനും വഴിമാറി. അവനും ഒഴുക്കിനൊപ്പംതന്നെ നീന്തി. മാതാപിതാക്കൾ ഒട്ടേറെ നേർച്ചകൾ നേർന്നുണ്ടായ അരുമസന്താനം ഒടുവിൽ ഒരു നേർച്ചക്കോഴിയായി മാറുകയായിരുന്നു. വിദ്യാർത്ഥി സമരങ്ങൾ പലപ്പോഴും അക്രമത്തിലേക്കുകടന്നു. പാർട്ടി ഭരിക്കുന്ന സമയം തങ്ങൾ പൊതുവെ ശാന്തരായിരിക്കും. പക്ഷെ, പ്രതിപക്ഷത്തായിരിക്കുമ്പോൾ തങ്ങൾ കൂടുതൽ സമരോന്മുഖരുമാവും.

പാർട്ടി പ്രതിപക്ഷത്തിരിക്കുന്ന സമയം. ഒരു ദിവസം, സ്റ്റുഡൻറ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസബന്ത് പ്രഖ്യാപിച്ചു. ഒരു വിദ്യാലയംപോലും അന്ന് തുറന്നുപ്രവർത്തിക്കാൻ അനവദിക്കരുതെന്ന കർശന നിലപാടുമെടുത്തു. തലസ്ഥാനത്തെ മിക്ക വിദ്യാലയങ്ങളും പേടികൊണ്ട് സ്വന്തം നിലയ്ക്കുതന്നെ അന്ന് അടച്ചിട്ടിരുന്നു. അപ്പോഴാണ് ചെമ്പൂർ എൽ.എം.എസ്സ് മോഡൽ സ്കൂൾ അടച്ചിട്ടില്ലെന്നും, ക്ലാസുകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നുമുള്ള വിവരം കിട്ടിയത്. ഒരു വിദ്യാർത്ഥി സമരങ്ങളിലും അടച്ചിടാത്ത സ്ക്കൂൾ ഇപ്പോഴത്തെ സമരത്തിൽമാത്രം അടച്ചിടാൻ സമ്മതിക്കില്ലെന്നുള്ള ഭരണപക്ഷമായ സ്റ്റുഡൻ്റ്സ് യൂണിയൻ പ്രവർത്തകരുടെ നിർബന്ധം കൊണ്ടാണ് സ്കൂൾ അടക്കാത്തതെന്നായിരുന്നു, അന്വേഷിച്ചപ്പോൾ സ്കൂൾ അധികൃതർ പറഞ്ഞത്.

ചെമ്പൂരിലെ വിദ്യാലയം തുറന്നുപ്രവർത്തിക്കുന്നത് പാർട്ടിക്ക് വലിയ ക്ഷീണവും നാണക്കേടും ഉണ്ടാക്കുമെന്നും ഏതുവിധത്തിലും അതടപ്പിക്കണമെന്നും നേതാക്കൾ തന്നോട് നിർബ്ബന്ധപൂർവ്വം ആവശ്യപ്പെട്ടു. സൈക്കിൾ ചെയിൻ, കഠാര തുടങ്ങിയ സമരായുധങ്ങളുമായി താനും കൂട്ടാളികളും സ്കൂളിലെത്തി. ആദ്യം വിദ്യാർത്ഥികളെ മുഴുവൻ ക്ലാസിൽനിന്നും പുറത്തിറക്കി. വിവരമറിഞ്ഞ് സ്റ്റുഡൻറ്സ് യൂണിയൻ പ്രവർത്തകരും പാഞ്ഞെത്തി. രണ്ടു കൂട്ടരും മുദ്രാവാക്യത്തോടൊപ്പം കൊലവിളികളും മുഴക്കി. സൈക്കിൾ ചങ്ങലകൾ രണ്ടുഭാഗത്തും ചീറിപ്പാഞ്ഞു. അപ്പോഴാണ് ഒരു കുട്ടി പുറത്തുനിന്നും ഓടിവന്ന് ഏഴാംക്ലാസിലേക്കുള്ള വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചത്. “കരിങ്കാലി… പിടിയെടാ അവനേ… ” വിളികൾ ചുറ്റുമുയർന്നു. പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ
” എനിയ്ക്ക് ക്ലാസിൽ കയറിയേ തീരൂ… കയറാതെ ഞാൻ തിരിച്ചുപോവില്ല.” വാശി പിടിച്ച്, അവൻ വീണ്ടും വാതിൽ ബലമായി തുറക്കാൻ ശ്രമിച്ചു.
“എന്നാലതൊന്നു കാണണം. സമരത്തെ പൊളിക്കാൻ യൂണിയൻകാർ പറഞ്ഞുവിട്ടതാണല്ലേ… നടപ്പില്ല..”
ആക്രോശിച്ചുകൊണ്ട്, താനും മുന്നോട്ടു നീങ്ങി. ഒറ്റക്കുതിപ്പിന് പയ്യനെ തള്ളി താഴെയിട്ടു. എന്നിട്ടും എഴുന്നേറ്റ് അവൻ മുന്നോട്ടു നീങ്ങിയപ്പോൾ കാര്യങ്ങളെല്ലാം കൈവിട്ടുപോയി. കൂട്ടത്തിലെ ആരോ ഒരാൾ തൻ്റെ കൈയ്യിൽ ഒരു കത്തി പിടിപ്പിച്ച് അലറി
” കുത്തവനെ…കീറവനെ.. കൊല്ലവനെ …ജീവനുണ്ടെങ്കിലല്ലേ ജന്തു എഴുന്നേല്ക്കൂ… ”
കത്തി കൈയ്യിൽ കിട്ടിയപ്പോൾ തന്നിലെ മനുഷ്യത്വം നശിച്ചു. താനൊരു വേട്ടമൃഗമായി മാറി. കത്തി കൊലക്കത്തിയായി. അത് ആ പിഞ്ചുബാലൻ്റെ നെഞ്ചു പിളർന്നു. സ്ഥലകാലബോധം വീണ്ടുകിട്ടിയ താൻ തന്നെ പിന്നീട് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നാംദിവസം അവൻ മരണത്തിനു കീഴടങ്ങി.

പോലീസ് കേസായി. അറസ്റ്റായി. കോടതി തനിയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ജയിലിൽ കിടക്കുന്ന മകനെയോർത്ത് കണ്ണീർവാർത്തുകൊണ്ട് ഉപവാസങ്ങളും വ്രതങ്ങളും അനുഷ്ഠിക്കുകയല്ലാതെ പ്രായമേറിയ അച്ഛനുമമ്മയ്ക്കും മറ്റൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തനിയ്ക്ക് ശിക്ഷയിൽ കാര്യമായ ഇളവു കിട്ടി. അങ്ങനെ പത്തുവർഷംകൊണ്ട് ജയിലിൽ നിന്നിറങ്ങി. പുറത്തിറങ്ങിയ തനിയ്ക്ക് ഗംഭീര സ്വീകരമാണ് പാർട്ടി ഒരുക്കിയത്. വൃദ്ധ ദമ്പതികളുടെ കണ്ണുനീരിനൊന്നും തൻ്റെ കണ്ണുകളിലെ രാഷ്ട്രീയത്തിമിരത്തെ അലിയിച്ചു കളയാൻ കഴിഞ്ഞില്ല. തന്നെ വിവാഹം കഴിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളും ഫലം കണ്ടില്ല. താൻ ഒരു മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി. പാർട്ടി പിന്നീട് അവരുടെ ഗുണ്ടാലിസ്റ്റിലും തന്നെ ഉൾപ്പെടുത്തി. അങ്ങനെ താൻ വീണ്ടുമൊരു പോരുകോഴിയായി, പത്തുവർഷങ്ങൾ കൊടുവാളും കത്തിയുമേന്തി മുന്നോട്ടുപോയി. ഒരു ദിവസം… വാളെടുത്തവൻ വാളാൽ. ആപ്തവാക്യത്തെ ശരിവെച്ചുകൊണ്ട്, എതിർ പാർട്ടിയുടെ കഠാരയുടെ മൂർച്ച തൻ്റെ നെഞ്ചും നന്നായി അറിഞ്ഞു. ഗുരുതരാവസ്ഥയിൽ താൻ ആശുപത്രിയിലായി.

മൂന്നുമാസത്തെ ചികിത്സകൊണ്ട്, അപകടനില ഒട്ടൊക്കെ തരണം ചെയ്തു. തന്നെ സ്ഥിരമായി ശുശ്രൂഷിച്ചിരുന്നത് സിസ്റ്റർ നിർമ്മല എന്ന അരയ്ക്കുതാഴ ഭാഗം തളർന്ന ഒരു നഴ്സായിരുന്നു. വീൽ ചെയറിലായിരുന്നു, അവർ ആശുപത്രിയിൽ വന്നുകൊണ്ടിരുന്നത്. ഡോക്ടർമാർ പലപ്പോഴും അവരെ പ്രകീർത്തിച്ച് തന്നോട് പറയുമായിരുന്നു.
“രക്ഷപ്പെട്ടതിന്ന് നിങ്ങൾ നന്ദി പറയേണ്ടത് ഡോക്ടർമാരോടും മരുന്നിനോടുമൊന്നുമല്ല. ശരിക്കും ഇവരോടാണ്. സമയത്ത് ഉണ്ണുകയും ഉറങ്ങുകയും ചെയ്യാതെ, ഇവർ ചെയ്ത കൃത്യമായ, നിസ്വാർത്ഥമായ പരിചരണമാണ് നിങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ”

ആശുപത്രിയിൽനിന്നും വിടുതൽ ചെയ്യുന്ന ദിവസം, സിസ്റ്റർ നിർമ്മലയെക്കണ്ട് നന്ദി പറയാൻ, താൻ അവർ താമസിക്കുന്ന കോൺവെൻറിൽ ചെന്നു. പക്ഷെ, തന്നെ തടഞ്ഞുകൊണ്ട്, അവർ പറഞ്ഞു.
“നന്ദിയൊന്നും വേണ്ട. കഴിയുമെങ്കിൽ താങ്കൾ ബെന്നിച്ചൻ്റെ ആത്മാവിന് ശാന്തി കിട്ടാൻവേണ്ടി ഒരു നിമിഷമെങ്കിലും ഒന്നു കണ്ണടച്ച് പ്രാർത്ഥിക്കണം. എനിയ്ക്കത് ധാരാളം മതി”
കാര്യം മനസ്സിലാവാതെ അന്തിച്ചുനിന്ന തന്നെനോക്കി അവർ തുടർന്നു.
” ബെന്നിച്ചൻ എൻ്റെ ഇച്ചായനാണു്. കൂടാതെ താങ്കൾക്കു മനസ്സിലാവാൻവേണ്ടി ഒരുകാര്യംകൂടെ പറയാം. അന്ന് സ്കൂളിൽവെച്ച്, ബെന്നിച്ചൻ്റെ നെഞ്ചിലേക്കാണ് താങ്കൾ കഠാര കുത്തിക്കയറ്റിയത്.
ബെന്നിച്ചന് എന്നെ വലിയ ഇഷ്ടമായിരുന്നു. എല്ലാ ദിവസവും ക്ലാസുകഴിഞ്ഞു വരുമ്പോൾ, ക്ലാസിൽ ടീച്ചർമാർ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന ചോക്കുകഷണങ്ങൾ പെറുക്കിയെടുത്ത് അവൻ എനിയ്ക്കു കൊണ്ടുത്തരുമായിരുന്നു. അതുപയോഗിച്ച് വീട്ടിലെ ബ്ലേക്ക് ബോർഡിൽ എഴുതി അവനെന്നെ പഠിപ്പിക്കുമായിരുന്നു. സ്ക്കൂളിൽ പോകാനുള്ള ബുദ്ധിമുട്ടുകാരണം ഞാൻ വീട്ടിലിരുന്നാണ് പഠിച്ചിരുന്നത്. സമരം നടന്ന ദിവസം ചോക്കെടുക്കാനാവാതെ വീട്ടിലേക്കു കയറിവന്ന ബെന്നിച്ചനെ കണ്ടപ്പോൾ ഞാൻ ദ്വേഷ്യപ്പെട്ടു. വാശി പിടിച്ചു കരഞ്ഞു. ”
എൻ്റെ സങ്കടം കണ്ടുനില്ക്കാൻ കഴിയാതെ
” അന്നാ… കരയാതിരിക്കൂ. വൈകുന്നേരം പപ്പയും മമ്മിയും ജോലി കഴിഞ്ഞുവരുമ്പോൾ ,നിന്നെ ഇങ്ങനെ കണ്ടാൽ അവരെന്നെ ദ്വേഷ്യപ്പെടും. ഞാൻ ക്ലാസിൽ ചോക്കുകഷണങ്ങൾ എടുത്തു വെച്ചിട്ടുണ്ടായിരുന്നു. പെട്ടെന്ന് സമരക്കാർ കയറി വന്നപ്പോൾ, എടുക്കാൻ വിട്ടുപോയതാണ്. ഇവിടുന്ന് നോക്കിയാൽ കാണുന്ന സ്കൂളല്ലേ. ഇപ്പോൾതന്നെ പോയി എങ്ങനെയെങ്കിലും അതെടുത്തുകൊണ്ടുവരാം കേട്ടോ… ”
എന്നും പറഞ്ഞാണ് ഇച്ചായൻ പോയത്. ബാക്കി നടന്ന കാര്യങ്ങൾ താങ്കൾക്കുതന്നെ നന്നായിട്ടറിയാമല്ലോ.”

ഒരു വാക്കുപോലും തിരിച്ചു പറയാനാവാതെ തലയും കുമ്പിട്ട് ഗദ്ഗദകണ്ഠനായി നില്ക്കുന്ന, തന്നെ നോക്കി അവർ വീണ്ടും തുടർന്നു.
” സ്കൂൾ പഠനം കഴിഞ്ഞ്, ബെന്നിച്ചനെ സെമിനാരിയിൽ ചേർക്കണമെന്നായിരുന്നു, വീട്ടുകാരുടെയെല്ലാം ആഗ്രഹം. അവനും അത് വലിയ ഇഷ്ടമായിരുന്നു. മരണക്കിടക്കയിൽവെച്ച് അവൻ എന്നോടു പറഞ്ഞു.
” അന്നാ… അച്ചനാകാനുള്ള എൻ്റെ ആഗ്രഹം ഇനി നടക്കുമെന്ന് തോന്നുന്നില്ല. നീയെങ്കിലും ക്രിസ്തുവിൻ്റെ മണവാട്ടിയായി അതിനൊരു പരിഹാരം ചെയ്യണം.”

ബെന്നിച്ചൻ്റെ മരണത്തിനുശേഷം വീട്ടിലെ അവസ്ഥ തീരേ പരിതാപകരമായിരുന്നു. മമ്മിയുടെ മനോനില താളം തെറ്റി. പപ്പയ്ക്ക് കൂലിപ്പണിയെടുത്തു കിട്ടുന്ന ചെറിയൊരു വേതനംകൊണ്ട് നാലു ജീവിതങ്ങൾ എങ്ങനെയോ തട്ടിയും മുട്ടിയും മുന്നോട്ടുപോയി. ഇളയ അനുജൻ തോമസുകുട്ടിയെ പഠിപ്പിക്കാൻവേണ്ടി, ഞാൻ നഴ്സിങ്ങ് പഠിച്ച് ആരോഗ്യരംഗത്ത് സിസ്റ്ററായി. തോമസുകുട്ടി നല്ലനിലയിൽ അമേരിക്കയിലെത്തിയപ്പോൾ ഞാൻ ബെന്നിച്ചൻ്റെ ആഗ്രഹപ്രകാരം കന്യാസ്ത്രീ മഠത്തിൽചേർന്ന്‌ സിസ്റ്റർ വിമലയുമായി.”

എന്തുചെയ്യണമെന്നറിയാതെ താൻ അവരുടെ കാൽക്കലിലേക്ക് വീഴാനൊരുങ്ങി. പക്ഷെ, തടഞ്ഞു കൊണ്ട്, തൻ്റെ കൈകളെ അവരുടെ കൈകളിൽ ചേർത്തുപിടിച്ച്, അവർ പറഞ്ഞു.
“താങ്കളെ ഇവിടെ അഡ്മിറ്റ് ചെയ്ത ദിവസംതന്നെ, എനിയ്ക്ക് താങ്കൾ ബെന്നിച്ചൻ്റെ കൊലപാതകിയാണെന്ന് മനസ്സിലായിരുന്നു. ആദ്യം മനസ്സുനിറയെ പ്രതികാരമായിരുന്നു. അതാണ് താങ്കളെ പരിചരിക്കാൻ ഞാൻതന്നെ നിന്നത്. എന്തെങ്കിലും മരുന്ന് മാറ്റി കുത്തിവെച്ച് താങ്കളെ കൊല്ലണമെന്നുപോലും ഒരുവേള ഞാൻ ചിന്തിച്ചു. പക്ഷെ…കൂടുതൽ ആലോചിച്ചപ്പോൾ അത് വേണ്ടെന്നുവെച്ചു. ഒരാളുടെ ജീവൻ കളയാൻ… താങ്കൾ ചെയ്തതുപോലെ… ഒരു നിമിഷം ധാരാളം മതി. പക്ഷെ… ഒരാൾക്ക് ജീവൻ കൊടുക്കാൻ എത്ര സമയമെടുത്താലും നമ്മളെക്കൊണ്ടു കഴിയുമോ…? മരണം മാടി വിളിക്കുന്ന ഒരാൾക്ക് ഒരു പുതുജീവൻ നല്കുന്നതിനെക്കാൾ വിശുദ്ധ കർമ്മം വേറെ എന്താണുള്ളത്…? താങ്കൾ ഇവിടെ എത്തുമ്പോൾ.. രക്ഷപ്പെടാൻ വെറും ഒരു ശതമാനം സാധ്യതയാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. ഞാനത് ഒരു ചലഞ്ചായി ഏറ്റെടുത്തു. എൻ്റെ കഴിവിൻ്റെ പരമാവധി കാര്യങ്ങൾ ചെയ്തു. എന്തായാലും ദൈവം നല്കിയ ഒരു ജീവൻ നശിച്ചുപോകാതെ വീണ്ടെടുക്കാൻ എന്നെക്കൊണ്ടു കഴിഞ്ഞല്ലോ… എനിയ്ക്കതുമതി. ഒന്നുമറിയാത്ത പാവങ്ങളെ ബലിമൃഗങ്ങളാക്കി, അവരുടെ കുടുംബത്തെപ്പോലും വഴിയാധാരമാക്കുന്ന നിങ്ങളുടെ നയവും നിലപാടുകളും ശരിയാണോ…? ഒന്നു സ്വയം വിലയിരുത്തുക. കൂടുതലൊന്നും എനിയ്ക്ക് പറയാനില്ല.” കണ്ണുതുടച്ചുകൊണ്ട്, അവർ മുറിയിലേക്കുപോയി.

നീറുന്ന…വിങ്ങിപ്പൊട്ടുന്ന… മനസ്സോടെ താൻ മടങ്ങി. സംഘടന പിന്നെയും തന്നെ സമീപിച്ചു. പക്ഷെ… ഇനിയുമൊരു നേർച്ചക്കോഴിയാവാൻ താനില്ലെന്ന് താനവരോട് കട്ടായം പറഞ്ഞു. അച്ഛൻ്റെ പൂജകൾക്കും അമ്മയുടെ ജപങ്ങൾക്കും മകൻ്റെ ഉള്ളിലെ തപത്തെ തണുപ്പിക്കാൻ കഴിഞ്ഞില്ല. അവൻ്റെ കൈയ്യിലെ രക്തക്കറ കഴുകിക്കളയാൻ കഴിഞ്ഞില്ല. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും ഭീതിദമായ സ്വപ്നങ്ങൾ കണ്ടു പേടിച്ച് തനിയ്ക്കുറങ്ങാൻ കഴിഞില്ല. ചോരമണംമൂലം ഭക്ഷണംപോലും ശരിക്കും കഴിക്കാൻ കഴിഞ്ഞില്ല. ഗത്യന്തരമില്ലാതെ മനസ്സമാധാനംതേടി താൻ നാടെങ്ങും അലഞ്ഞുതിരിഞ്ഞുനടന്നു. ഹിമാലയ സാനുക്കളിലൂടെ…താർ മരുഭൂമിയിലൂടെ… സിന്ധുയമുനാതടങ്ങളിലൂടെ…തൻ്റെ കാലുകൾ തലങ്ങും വിലങ്ങും ചരിച്ചു. ഒടുവിൽ ഹരിദ്വാറിലെ ഗംഗാതീരത്ത് ബോധമില്ലാതെ കിടന്നിരുന്ന, തന്നെ, ആശ്രമത്തിലെ അന്തേവാസികളാണ് ഇവിടേയ്ക്കെത്തിച്ചത്.

ആ സമയം സ്വാമി ശാശ്വതീകാനന്ദയായിരുന്നു, ആശ്രമം മഠാധിപതി. ബോധം തെളിഞ്ഞ തന്നെ, മകനേ… എന്നു വിളിച്ചാണ് സ്വാമിജി അഭിസംബോധന ചെയ്തത്. ഒരു പ്രത്യേക ചൈതന്യം അപ്പോൾ അദ്ദേഹത്തിൻ്റെ മുഖത്ത് വിളയാടുന്നുണ്ടായിരുന്നു. മനസ്സിൻ്റെ വ്യഥകൾ താൻ സ്വാമിജിയോട് പങ്കുവെച്ചു. ഭക്തിയാണോ… ആത്മീയമാണോ എന്നൊന്നും പറയാൻ ഇപ്പോഴും തനിയ്ക്കാവില്ല. എന്തായാലും ആശ്രമജീവിതം തന്നെ പാടേ മാറ്റിമറിച്ചു. പെട്ടെന്നുതന്നെ മടങ്ങാമെന്നു കരുതിയ താൻ, പിന്നീട് അവിടുത്തെ അന്തേവാസിയായി. പൂർവ്വാശ്രമത്തിൽനിന്നും വിമുക്തി നേടിയപ്പോൾ വേണുഗോപാൽ പവിത്രാനന്ദയായി. സ്വാമിജിയുടെ പ്രഥമശിഷ്യനായി. പത്തുവർഷംമുമ്പ് സ്വാമിജി സമാധിയായപ്പോൾ മഠാധിപതിയുമായി.
” സ്വാമിജീ… പ്രഭാതഭക്ഷണം തയ്യാറായിട്ട് സമയമേറെയായി. ഇനിയും താമസിച്ചാൽ… ”
ശിഷ്യൻ കേശവാനന്ദ, ഗുരുവിനെ ചിന്തയിൽ നിന്നുമുണർത്തി.
പവിത്രാനന്ദ ശിഷ്യനോട് പറഞ്ഞു.
“വേണ്ട… മൂന്നുദിവസം എനിയ്ക്ക് ജലപാനം പോലുമില്ലാത്ത ഉപവാസമാണ്. പിന്നെ ഒരു കാര്യം ചെയ്യണം. എനിയ്ക്ക് അടിയന്തിരമായി തിരുവനന്തപുരംവരെ പോകണം. ഫ്ലൈറ്റിന് ടിക്കറ്റെടുക്കണം. എനിയ്ക്കേറ്റവും വേണ്ടപ്പെട്ട ഒരു വ്യക്തി മരണപ്പെട്ടിട്ടുണ്ട്. ”

“സ്വാമിജീ…പൂർവ്വാശ്രമത്തിലെ ഒരു വ്യക്തിയ്ക്ക് അശ്രുപൂജ ചെയ്യുന്നത്..? ” കേശവാനന്ദ അത്ഭുതസ്തബ്ദനായി ചോദിക്കാൻ പുറപ്പെട്ടു.

“അതെ… പതിവില്ല. ആശ്രമരീതിയിൽ തികച്ചും തെറ്റാണെന്നുമറിയാം. അതു കൊണ്ടുതന്നെയാണ് മാതാപിതാക്കൾ മരിച്ചപ്പോൾപോലും ഞാൻ ആശ്രമം വിട്ടു പോവാതിരുന്നതും. പക്ഷെ, എന്തു ചെയ്യാം…? ഒരാളുടെ പൂർവ്വാശ്രമത്തിലെ ചെയ്തികളുടെ പാപക്കറ എത്ര പുണ്യനദികളിൽ സ്നാനം ചെയ്താലും, എന്തൊക്കെ വേഷം മാറി മാറി ധരിച്ചാലും അത്ര എളുപ്പത്തിലൊന്നും തേഞ്ഞു മാഞ്ഞു പോവില്ലെന്ന് ഇന്നെനിയ്ക്ക് മനസ്സിലായി. നിഷ്ക്കാമ കർമ്മം ചെയ്ത ഒരു കർമ്മയോഗിയുടെ പാദാരവിന്ദങ്ങളിൽ പോയി കുമ്പിട്ടാലെങ്കിലും ചെറിയൊരു മനശ്ശാന്തി കിട്ടുമോയെന്ന് ഒന്നു ശ്രമിച്ചു നോക്കുകയെങ്കിലും ചെയ്യട്ടെ….”

ഉണ്ണി ആവട്ടി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com