ബംഗാളില്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത രണ്ടു പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. പ്രതികളുടെ മൊഴി രേഖപ്പെടുത്തി സംഭവസ്ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തുമെന്ന് ദുര്‍ഗാപൂര്‍ കമ്മീഷണര്‍ സുനില്‍ കുമാര്‍ വ്യക്തമാക്കി.
5 പ്രതികളെയാണ് കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവസ്ഥലത്തു നിന്നും ശേഖരിച്ച ഫോറന്‍സിക് സാമ്പിളുകളുടെ ഫലവും ഇന്ന് പുറത്തു വന്നേക്കും. അതേസമയം മമത സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് അതിജീവിതയുടെ പിതാവ് വിമര്‍ശിച്ചു. തുടര്‍ ചികിത്സയ്ക്കായി വിദ്യാര്‍ഥിനിയെ ഒഡീഷയിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങള്‍.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒളിവിൽ പോയ രണ്ട് പ്രതികളെ ഇന്നലെ പിടികൂടാന്‍ സാധിച്ചത്. പ്രതികളെ സംരക്ഷിക്കുന്ന നിലപാടിൽ നിന്നും തൃണമൂൽ കോൺഗ്രസ് സർക്കാർ പിന്മാറണമെന്നും മമത മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നുമാണ് പ്രതിപക്ഷ ആവശ്യം.



