Friday, March 21, 2025
Homeകേരളംസംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ : ഇന്ന് വിതരണം ചെയ്യും

സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ : ഇന്ന് വിതരണം ചെയ്യും

സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരം 2024 ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തില്‍ കോഴിക്കോട് കല്ലായി സുജാലയം ടി. ദേവി, കായിക രംഗത്ത് ആലപ്പുഴ ചേര്‍ത്തല വാരനാട് തെക്കേവെളിയില്‍ കെ വാസന്തി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തില്‍ വയനാട് മുട്ടില്‍ നോര്‍ത്ത് തേനാട്ടി കല്ലിങ്ങല്‍ ഷെറിന്‍ ഷഹാന, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തില്‍ വയനാട് മാടക്കര കേദാരം വിനയ എ.എന്‍., വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതയായി തിരുവനന്തപുരം ജഗതി സി.എസ്. റോഡ്, സീമെക്‌സ് സെന്റര്‍ ഡോ. നന്ദിനി കെ. കുമാര്‍, കലാ രംഗത്ത് ആലപ്പുഴ മണ്ണാച്ചേരി മടത്തിക്കാട് പി.കെ. മേദിനി എന്നിവരെ തെരഞ്ഞെടുത്തു. മാര്‍ച്ച് 8ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി വീണാ ജോര്‍ജ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ടി ദേവി

രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായ ടി. ദേവി 1996ല്‍ വനിതാ കമ്മീഷന്‍ അംഗമായി. വ്യവസായ രംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ ടി. ദേവി നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് കേരള സോപ്പ് ആന്റ് ഇന്‍ഡസ്ട്രീസ് ഫെഡറേഷന്‍ ഉണ്ടാകുന്നത്. വയനാട്ടിലെ ആദിവാസി സ്ത്രീകള്‍ക്കിടയിലെ അവിവാഹിതരായ അമ്മമാരുടെ പ്രശ്‌നം സമൂഹ ശ്രദ്ധയിലേക്ക് വരുന്നത് ടി. ദേവിയുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളിലൂടെയാണ്. വനിതാ കമ്മീഷന്‍ അംഗമായിരിക്കെ സ്ത്രീകളുടെ സാമൂഹിക പദവി ഉയര്‍ത്തുന്ന നിരവധി പദ്ധതികള്‍ക്കും ചുക്കാന്‍ പിടിച്ചു. ടി. ദേവിയുടെ സാമൂഹ്യ സേവന മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.

കെ. വാസന്തി

75 വയസുള്ള കെ. വാസന്തി ഈ പ്രായത്തിലും യുവത്വത്തിന്റെ പ്രതീകമായി ട്രാക്കില്‍ മുന്നേറുന്ന വനിതയാണ്. മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് മീറ്റില്‍ സ്വര്‍ണ്ണം, വെങ്കലം എന്നിവയും ബാംഗ്ലൂരില്‍ നടന്ന 14-ാമത് ഏഷ്യ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാംമ്പന്‍ഷിപ്പില്‍ 5000 മീറ്ററില്‍ ഒന്നാം സ്ഥാനം, 10000 മീറ്ററില്‍ ഒന്നാം സ്ഥാനം, 1500 മീറ്ററില്‍ രണ്ടാം സ്ഥാനം, ചെന്നൈയില്‍ വെച്ചുനടന്ന മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ സംഘടിപ്പിച്ച ദേശീയ മീറ്റില്‍ മത്സരിച്ച എല്ലാ ഇനങ്ങളിലും വാസന്തി ഒന്നാം സ്ഥാനവും, ഹാഫ് മാരത്തണ്‍ 10000, 5000, 1500 മീറ്റര്‍ എന്നീ ഇനങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി, പാരീസില്‍ വെച്ചു നടന്ന ലോകമേളയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുവാനുള്ള യോഗ്യത തുടങ്ങിയ നിരവധി വിജയഗാഥകള്‍.

ഷെറിന്‍ ഷഹാന

2017ല്‍ ആകസ്മികമായുണ്ടായ ഒരു അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഷെറിന്‍ ഷഹാന. വീട്ടിലെ സാമ്പത്തിക പരാധീനതകള്‍ കാരണം പഠിക്കുന്ന കാലത്ത് തന്നെ വിവാഹിതയാകേണ്ടി വരികയും പ്രതിസന്ധി ഘട്ടത്തില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച് പോകുകയും ചെയ്തു. തന്റെ 22-ാം വയസില്‍ ജീവിത സ്വപ്നങ്ങള്‍ അവസാനിച്ചു എന്ന് കരുതിയ പെണ്‍കുട്ടി ഉമ്മയുടെയും സുമനസുകളുടെയും സഹായത്താല്‍ ഇതിനെയെല്ലാം അതിജീവിച്ചു. അവിടെ നിന്നുള്ള തുടര്‍ പോരാട്ടമാണ് ഷെറിന്‍ ഷഹാനയെ നെറ്റ് പരീക്ഷാ വിജയവും സിവില്‍ സര്‍വീസും നേടുന്നതിലേക്ക് എത്തിച്ചത്. നിലവില്‍ ഇന്ത്യന്‍ റെയില്‍വേസ് മാനേജ്‌മെന്റ് സര്‍വീസ് (IRMS) അക്കൗണ്ട്‌സില്‍ പ്രൊബേഷണറിയാണ്.

വിനയ എന്‍.എ.

33 വര്‍ഷം കേരള പോലീസ് സേനയില്‍ സേവനമനുഷ്ഠിച്ചു. സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗ വിവേചനത്തെ തിരിച്ചറിയുകയും അവയെ മാറ്റി ലിംഗസമത്വം നിലനിര്‍ത്തുന്നതിനും ലിംഗനീതി നടപ്പിലാക്കുന്നതിനും വേണ്ടി കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി കേരളത്തില്‍ വ്യക്തി ജീവിതത്തിലും പൊതുസമൂഹത്തിലും സജീവമായി ഇടപ്പെട്ട് ധാരളം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. 33 വര്‍ഷം കേരള പോലീസില്‍ സേവനമനുഷ്ഠിച്ച, വിനയ വഹിച്ചിരുന്ന എല്ലാ തസ്തികകളിലും ലിംഗനീതി ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. പോലീസ് സേനയില്‍ യൂണിഫോം ഏകീകരികരണം, ഒരുമിച്ചുള്ള പരിശീലനം, സ്ത്രീകള്‍ക്ക് വാഹനങ്ങളില്‍ ഡ്രൈവറായി ജോലി ചെയ്യുന്നതിന് അവസരമുണ്ടാക്കുക തുടങ്ങിയവ നടപ്പിലാക്കാന്‍ പരിശ്രമിച്ചു.

ഡോ. നന്ദിനി കെ കുമാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ക്ലിനിക്കല്‍ പാത്തോളജിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ആസ്ഥാനത്ത് മുതിര്‍ന്ന ഗവേഷകയായി ചേര്‍ന്ന ഡോ. നന്ദിനി പരമ്പരാഗത വൈദ്യശാസ്ത്ര ഗവേഷണത്തിനും ബയോ എത്തിക്സിനുമുള്ള പ്രോഗ്രാം ഓഫീസറായി. നിരവധി ഐസിഎംആര്‍ ദേശീയ, അന്തര്‍ദേശീയ വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ അംഗമായിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സീനിയര്‍ ഗ്രേഡ് ആയി വിരമിച്ച ഡോ. നന്ദിനി കെ കുമാര്‍, പരമ്പരാഗത വൈദ്യശാസ്ത്ര ഗവേഷണത്തിലും ബയോ എത്തിക്‌സ് വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ കമ്മീഷന്‍ ഫോര്‍ ദി സ്റ്റഡി ഓഫ് എത്തിക്കല്‍ ഇഷ്യു (അന്താരാഷ്ട്ര പാനല്‍) അംഗവും, ദേശീയവും അന്തര്‍ദേശീയവുമായ നിരവധി കമ്മിറ്റികളില്‍ അംഗവുമായിരുന്നു.

പി.കെ.മേദിനി

സ്വാതന്ത്ര്യ സമര സേനാനി, വിപ്ലവ ഗായിക, സംഗീതജ്ഞ, സ്റ്റേജ് ആര്‍ട്ടിസ്റ്റ്, ചരിത്രപരമായ പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിലെ പങ്കാളി, സാമൂഹിക പ്രവര്‍ത്തക എന്നീ നിലകളില്‍ പ്രശസ്തയാണ് പി.കെ. മേദിനി. 1940-കളില്‍ രാഷ്ട്രീയ യോഗങ്ങളില്‍ പാടാന്‍ തുടങ്ങി. കെടാമംഗലത്തിന്റെ കൂടെ ഇരുനൂറോളം സ്റ്റേജുകളില്‍ ‘സന്ദേശം’ എന്ന നാടകം അവതരിപ്പിച്ചു. പി.ജെ ആന്റണിയുടെ കൂടെ ‘ഇങ്ക്വിലാബിന്റെ മക്കള്‍’ എന്ന നാടകത്തിലെ റോസിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച് പാടി അഭിനയിച്ച ”കത്തുന്ന വേനലിലൂടെ….” എന്ന ഗാനത്തിലുടെ എണ്‍പതാം വയസില്‍ ഒരു ചലച്ചിത്രത്തില്‍ ഒരേസമയം നായിക, ഗായിക, സംഗീത സംവിധായിക എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ആദ്യ വനിതയായി പി.കെ. മേദിനി മാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments