ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടയിൽ ഹോർമുസ് കടലിടുക്ക് കടന്ന് മറ്റൊരു കപ്പൽ കൂടി ഗുജറാത്ത് തീരത്തെത്തി. മാർഷൽ ഐലൻഡ്‌സിന്റെ പതാക ഘടിപ്പിച്ച സൈമി കപ്പൽ ഞായറാഴ്ചയാണ് തീരത്തെത്തിയത്. ഖത്തറിലെ റാസ് ന്യൂഡൽഹി ലഫാൻ ടെർമിനലിൽ നിന്നും ഏകദേശം 20,000 ടൺ പാചകവാതകവുമായി പുറപ്പെട്ട കപ്പൽ ഹോർമുസ് കടലിടുക്ക് മെയ് 13-ന് മുറിച്ചുകടക്കുകയായിരുന്നു. 21 വിദേശ ജീവനക്കാരാണ് ഈ കപ്പലിലുള്ളത്.
കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയമാണ് ഡൽഹിയിൽ നടന്ന അന്തർ മന്ത്രാലയ യോഗത്തിൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിന് പുറമെ എൻ.വി സൺഷൈൻ എന്ന മറ്റൊരു എൽപിജി കപ്പൽ കൂടി വ്യാഴാഴ്ച ഹോർമുസ് കടലിടുക്ക് കടന്നിട്ടുണ്ടെന്നും ഇത് മെയ് 18-ഓടെ മംഗലാപുരം തുറമുഖത്ത് എത്തുമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് സുരക്ഷ ഉറപ്പാക്കിയാണ് ഈ കപ്പലുകൾ ഹോർമുസ് പാതയിലൂടെ കടത്തിവിട്ടതെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അഡീഷണൽ സെക്രട്ടറി മുകേഷ് മംഗൽ വ്യക്തമാക്കി
രണ്ട് മാസം മുൻപ് അമേരിക്ക-ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങൾക്കും തിരിച്ചടികൾക്കും ശേഷം ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുഗതാഗതം സങ്കീർണ്ണമായിരുന്നു. പ്രതിസന്ധി രൂക്ഷമായതിനുശേഷം ഹോർമുസ് പാതയിലൂടെ സുരക്ഷിതമായി കടന്നുപോകുന്ന പതിമൂന്നാമത്തെ ഇന്ത്യൻ ചരക്കുകപ്പലാണ് സൈമി. ഇതിൽ 12 എണ്ണം എൽ.പി.ജി ടാങ്കറുകളും ഒരെണ്ണം അസംസ്കൃത എണ്ണക്കപ്പലുമാണ്
ഇന്ത്യയിലേക്കുള്ള ഊർജ്ജശേഖരവുമായി വന്ന നിരവധി വിദേശ കപ്പലുകൾ പേർഷ്യൻ ഗൾഫ് പാത വിജയകരമായി പിന്നിട്ടെങ്കിലും ഇന്ത്യയിലേക്കുള്ള ചരക്കുകളുമായി വന്ന മറ്റ് 12 കപ്പലുകൾ ഇപ്പോഴും ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.



