തിരുവനന്തപുരം: തനിക്ക് മന്ത്രി സ്ഥാനം കിട്ടാത്തതിന് പിന്നില്‍ യുഡിഎഫിലെ ഒരു ഘടകക്ഷിയാണെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍റെ വെളിപ്പെടുത്തല്‍.
തെരഞ്ഞെടുപ്പ് സമയത്ത് മന്ത്രി സ്ഥാനം നല്‍കാമെന്ന് പറഞ്ഞത് വിഡി സതീശനും രമേശ് ചെന്നിത്തലയുമാണ്. എന്നാല്‍ ജയിച്ച് കഴിഞ്ഞപ്പോള്‍ ക്യാബിനറ്റ് പദവിയെ ഒരു പ്രത്യേക ഘടകകക്ഷി എതിർത്തുവെന്നും, ഘടകകക്ഷി ആരെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും മാണി സി കാപ്പൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒറ്റ എംഎല്‍എ മാത്രം ഉള്ളപ്പോള്‍ കൂടുതല്‍ മന്ത്രി സ്ഥാനം നല്‍കാനാകില്ലെന്നും തങ്ങള്‍ക്ക് കൂടുതല്‍ എംഎംഎല്‍മാരുണ്ടായിട്ടും അധിക മന്ത്രി സ്ഥാനം കിട്ടുന്നില്ല എന്ന് ഘടകക്ഷി നേതാവ് പരാതി പറഞ്ഞു, കിട്ടിയ അവസരം കോണ്‍ഗ്രസ് മുതലാക്കിയെന്നും മാണി സി കാപ്പൻ കുറ്റപ്പെടുത്തി.
ടീം യുഡിഎഫ് എന്ന നിലയില്‍ കുറച്ചുകൂടി സുതാര്യമാകേണ്ടതായിരുന്നു. ഈ പേര് പറഞ്ഞ് മുഖ്യമന്ത്രി ഉള്‍പ്പടെ 11 മന്ത്രി സ്ഥാനം എന്നുള്ളത് കോണ്‍ഗ്രസ് 12 ആക്കിയെന്നും കാപ്പൻ പറഞ്ഞു.



