കോഴിക്കോട്: കനത്ത മഴയ്ക്കൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ ഒരാൾ മരിച്ചു. നാല് പേർക്ക് മിന്നലേറ്റ് പരിക്കേറ്റു. മുക്കം കൂമ്പാറ മുണ്ടുമല സ്വദേശി ഇളംപുള്ളിയിൽ ജെയ്സൺ ആണ് മരിച്ചത്. മുണ്ടുമലയിലുള്ള കോഴിഫാമിൽ വെച്ചാണ് ജെയ്സണ് മിന്നലേറ്റത്. ഉടൻ തന്നെ മണാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂമ്പാറയിൽ തന്നെയുള്ള മറ്റൊരാൾക്കും ഇടിമിന്നലിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു പുറമെ താമരശേരിയിലും മൂന്ന് പേർക്ക് മിന്നലേറ്റിട്ടുണ്ട്. ഇവർ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ജില്ലയിൽ വരും മണിക്കൂറുകളിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.



