🔹തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്. നാല് മണ്ഡലങ്ങളിൽ മുഖ്യമന്ത്രിക്ക് പ്രചാരണ പൊതുയോഗങ്ങളിൽ പങ്കെടുക്കും. രാവിലെ പത്തിന് പാലക്കാട് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് മലമ്പുഴ, ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും. ഡീൽ വിവാദം കത്തിനിൽക്കേയാണ് പിണറായി പാലക്കാട്ടെത്തുന്നത്.
🔹അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ രോഗിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി. പൂങ്കുളം സ്വദേശി സുജിത്താണ് ഇതുസംബന്ധിച്ച് ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.കഴിഞ്ഞ സെപ്തംബര്‍ 30ന് വാഹനാപകടത്തില്‍ പരിക്കേറ്റ സുജിത്ത് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ ഓര്‍ത്തോവിഭാഗത്തില്‍ ചികിത്സ തേടിയിരുന്നു. തോളെല്ലും കൈയുടെ അസ്ഥിയും പൊട്ടിയ സുജിത്തിനോട് പ്ലാസ്റ്റര്‍ ഇട്ടാല്‍ മതിയെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതിനുശേഷം വീട്ടിലെത്തിയ സുജിത്തിന് അസഹ്യമായ വേദന അനുഭവപ്പെട്ടു. ഇതോടെ വീണ്ടും ഡോക്ടറെ കണ്ടു.ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം അദ്ദേഹം പറഞ്ഞ സ്ഥലത്തുനിന്ന് ടൈറ്റാനിയം പ്ലേറ്റുകള്‍ വാങ്ങുകയും ശസ്ത്രക്രിയയ്ക്കു വിധേയനാകുകയും ചെയ്തു. എന്നാല്‍ പ്ലേറ്റുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൊട്ടിമാറിയെന്നാണ് പരാതി. ഇതിനായി 21,000 രൂപ തനിക്കു ചെലവായിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞ സ്ഥാപനത്തില്‍നിന്നു വാങ്ങിയതിനാലാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നുമാണ് ആരോപണം. വീണ്ടും ഡോക്ടറെ കണ്ടപ്പോള്‍ പിഴവു സംഭവിച്ചതാണെന്നും സൗജന്യമായി ശസ്ത്രക്രിയ നടത്തിത്തരാമെന്നും പറഞ്ഞുവത്രേ. നവംബര്‍ 14-നാണ് ശസ്ത്രക്രിയ നടത്തിയത്. 2026 മാര്‍ച്ച് 13നാണ് പ്ലേറ്റുകള്‍ ഒടിഞ്ഞുപോയതെന്ന് സുജിത്ത് പറയുന്നു. ഇതുസംബന്ധിച്ച് തെളിവുസഹിതമാണ് സുജിത്ത് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ നടപടിയുണ്ടാകാതെ വന്നതിനാല്‍ ഉന്നതങ്ങളില്‍ പരാതി നല്കാന് തീരുമാനിച്ചിരിക്കുകയാണ്.വിഷയത്തില്‍ ഓര്‍ത്ത വിഭാഗം സര്‍ജന്റെ നേതൃതൃത്വത്തില്‍ അന്വേഷണം നടത്തിയെന്നും ശസ്ത്രക്രിയ നടത്തിയാലും പ്ലേറ്റ്സ് ഒടിയാന്‍ സാധ്യതയുണ്ടെന്നും അവര്‍ റിപ്പോര്‍ട്ട് തന്നുവെന്നുമാണ് മെഡിക്കല്‍കോളജ് പ്രിന്‍സിപ്പല്‍ പറയുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നു സുജിത്ത് അറിയിച്ചു.
🔹സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കവടിയാര്‍ കൊട്ടാരത്തിലെ രാജകുടുംബാംഗങ്ങള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു ഉന്നത പോലീസ് വൃത്തങ്ങള്‍. കൊട്ടാരവുമായി ബന്ധപ്പെട്ടു നില്ക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് പരിശോധിച്ചതിനു തൊട്ടുപിന്നാലെയാണ് കൃത്യമായ വിവരങ്ങള്‍ കൊട്ടാരത്തിലെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കാത്തതെന്നാണു പോലീസിന്റെ പരാതി.2025 ഒക്ടോബര്‍-നവംബര്‍ മാസത്തിലാണ് കൊട്ടാരത്തില്‍നിന്നു രണ്ടുകോടിയോളം രൂപ മൂല്യം വരുന്ന വിവിധ ആകൃതിയിലും വലുപ്പത്തിലും കാലയളവിലുമുള്ള സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്.
പൂയം തിരുനാൾ ഗൗരി പാര്‍വതി ബായി ആണ് ഇതുസംബന്ധിച്ച് ഉന്നത പോലീസ് അധികാരികള്‍ക്കു പരാതി നല്‍കിയത്. ആദ്യം രാജകുടുംബം തങ്ങളുടെ വഴിക്ക് അന്വേഷണം നടത്തിയശേഷം ഫലമില്ലാതായപ്പോഴാണു പോലീസിൽ പരാതി നൽകിയത്. എന്നാല്‍ കേസെടുക്കാതെ അന്വേഷണം വേണമെന്ന ആവശ്യം ഇവര്‍ ഉന്നയിച്ചു. ഇത് പോലീസിനു സ്വീകാര്യമായിരുന്നില്ല. പിന്നീട് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോള്‍ 2026 മാര്‍ച്ച് മാസമാകുകയും ചെയ്തു.ഇതിനിടെ അന്വേഷണത്തിനിടെ പോലീസ് ഉപദ്രവിക്കുന്നുവെന്നു കാട്ടിയാണ് രാജകുടുംബം ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ ബംഗളൂരുവിലേക്കു പോകുന്നതിനു മുന്നോടിയായി ആഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി കൊട്ടാരത്തിലെ താമസക്കാരില്‍നിന്നും ജീവനക്കാരില്‍ ചിലരില്‍നിന്നും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തിരുന്നു.കൊട്ടാരം സന്ദര്‍ശിക്കാനെത്തിയ വിദേശികളുടെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നു. വിവിധ കാലങ്ങളിലായി നിരവധി വിദേശികള്‍ കൊട്ടാരം സന്ദര്‍ശിക്കാനെത്തിയിട്ടുണ്ട്. വിരലടയാളങ്ങള്‍ ശേഖരിക്കുന്ന പോലീസ് നടപടി ഏറെക്കുറെ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കൊട്ടാരത്തിലെ മുറികളില്‍നിന്നും അലമാരയില്‍ നിന്നും വിരലടയാളങ്ങള്‍ എടുത്തിട്ടുണ്ട്. മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയാക്കാന്‍ തന്നെ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന. കൊട്ടാരം ജീവനക്കാര്‍തന്നെ 40-ലേറെപ്പേരുണ്ട് എന്നതാണ് അതിനു കാരണം. കൊട്ടാരത്തിനു സമീപത്തെ കാമറാ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി നിത്യേന ഉപയോഗിക്കുന്ന ആഭരണങ്ങൾക്കൂടാതെ തിരുവിതാംകൂറിന്റെ അവസാന രാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവർമ സമ്മാനമായി നല്കിയ ആഭരണങ്ങളും പുരാതനമായ ആഭരണങ്ങളും മോഷണം പോയവയിലുണ്ട്.
അതേസമയം അന്വേഷണവുമായി രാജകുടുംബം സഹകരിക്കാത്തതും ഉപദ്രവിക്കുന്നതായി പരാതിപ്പെടുന്നതും കൊട്ടാരവുമായി ബന്ധമുള്ളവരാണോ മോഷണത്തിനു പിന്നിലെന്നുള്ള സംശയം വര്‍ധിപ്പിക്കുന്നുണ്ട്. പേരൂര്‍ക്കട പോലീസ് ആദ്യം അന്വേഷിച്ച കേസ് ഇപ്പോള്‍ കന്റോൺമെന്റ് എ.സിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിച്ചു വരുന്നത്.
🔹തിരുവനന്തപുരം സെന്‍ട്രല്‍-കന്യാകുമാരി സെക്ഷനിലെ ഇരണിയല്‍-നാഗര്‍കോവില്‍ ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പുതുതായി നിര്‍മിച്ച വൈദ്യുതീകരിച്ച ഇരട്ടപ്പാത കമ്മീഷന് ചെയ്യുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വീസുകളില്‍ റെയില്‍വേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ 31 വരെയുള്ള ദിവസങ്ങളിലാണ് സര്‍വീസുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.ഇന്ന് മധുര-പുനലൂര്‍ എക്സ്പ്രസ് (16729) റദ്ദാക്കി. മാര്‍ച്ച് 29, 30 തീയതികളില്‍ പുനലൂര്‍-മധുര എക്സ്പ്രസ് (16730), കന്യാകുമാരി-പുനലൂര്‍ പാസഞ്ചര്‍ (56705/56706), കൊല്ലം-കന്യാകുമാരി മെമു (66306/66305), കൊല്ലം – നാഗര്‍കോവില്‍ പാസഞ്ചര്‍ (56101/56102), തിരുവനന്തപുരം നോര്‍ത്ത്-നാഗര്‍കോവില്‍ പാസഞ്ചറുകള്‍ എന്നിവയും ഇന്ന് പൂര്‍ണമായും റദ്ദാക്കി.ഇന്നും 29, 30 തീയതികളിലും കന്യാകുമാരിയില്‍നിന്നുള്ള പരശുറാം തിരുവനന്തപുരത്ത് നിന്നാകും പുറപ്പെടുക. മംഗളൂരുവില്‍ നിന്നുള്ള പരശുറാം തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. ഇന്നും 29, 30 തീയതികളിലും തിരുവനന്തപുരം-മംഗളൂരു ഏറനാട് കൊല്ലത്ത് നിന്നാകും പുറപ്പെടുക. മംഗളൂരു-തിരുവനന്തപുരം ഏറനാട് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
🔹ഫോണ്‍പേയുടെ വ്യാജ ആപ്ലിക്കേഷൻ നിർമിച്ച് പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ റൂബിൻ രാജ്, ഹജ്സൽ ഹമീൻ എന്നിവരാണ് പിടിയിലായത്.സൈബർ ക്രൈം പോലീസ് ആണ് ഇരുവരെയും പിടികൂടിയത്. വടകര റെയിൽവെ സ്റ്റേഷനിൽ വച്ച് യുവതികളിൽ നിന്നും പണം തട്ടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.
ഫോണ്‍ പേയുടെ വ്യാജ ആപ്ലിക്കേഷൻ വഴി തട്ടിപ്പ് നടത്താനായിരുന്നു പദ്ധതി. യുവതികളിൽ നിന്നും പണം വാങ്ങിയ ശേഷം ഫോൺപേയുടെ വ്യാജ ആപ്ലിക്കേഷൻ വഴി തിരികെ അയച്ചതായി സ്ക്രീൻ ഷോട്ട് കാണിച്ച് യുവാക്കൾ മുങ്ങാൻ ശ്രമിച്ചു.
പണം തിരികെ അയക്കാതെ ആപ്ലിക്കേഷനിൽ ട്രാൻസാക്ഷൻ നടന്നതായി കാണിക്കുന്ന തരത്തിൽ കൃത്രിമമായി തയ്യാറാക്കിയ ഇന്റർഫേസ് ഉപയോഗിച്ച് ഇരകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് പ്രതികളുടെ രീതി.ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതികൾ സംഭവം റെയിൽവേ പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ സൈബർ ക്രൈം പോലീസെത്തി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
🔹മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ശേഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. കട്ടച്ചൽകുഴി പുത്തൻകാനം സ്വദേശി സജു ( 50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ജനുവരി 11നായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്.മംഗലത്ത്കോണം ജംഗ്ഷനിലെ സ്വകാര്യ ധനമിടപാട് സ്ഥാപനത്തിൽ 31.90 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണം പൂശിയ വളകൾ (മുക്കുപണ്ടം ) പണയം വച്ച് ഒരു ലക്ഷത്തി അറുപതിനായിരം രൂപ തട്ടിച്ചെടുക്കുകയായിരുന്നു. പിന്നീട് ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ഇത് മുക്കാണെന്ന് മനസിലായത്.
ഇയാൾക്കെതിരെ ബാലരാമപുരം പോലീസിൽ പരാതി നൽകിയെങ്കിലും ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ കോട്ടുകാൽ ഭാഗത്ത് കണ്ടതായി വിവരം ലഭിച്ചതോടെ പോലീസ് സംഘം സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.
ബാലരാമപുരം എസ്എച്ച്ഒ അഭിലാഷ് , പ്രിൻസിപ്പൽ എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ മാരായ സതി കുമാർ, ജയറാം എസ്സിപിഒ മാരായ ലെനിൻ ,അരുൺ ,ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ കോട്ടുകാൽ പഴയ പഞ്ചായത്ത് ഓഫീസിന് സമീപത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സജുവിനെ റിമാൻഡ് ചെയ്തു.
🔹ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചതിന് സംസ്ഥാനവ്യാപകമായി ഒരാഴ്ച നടത്തിയ പരിശോധനയില്‍ പിഴ ഈടാക്കിയത് 2,70,51,150 രൂപ. ഇക്കാലയളവില്‍ 51,604 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഹെല്‍മെറ്റ് ഓണ്‍ സേഫ് റൈഡ് എന്ന ഒരാഴ്ച നീണ്ട സ്പെഷല്‍ ഡ്രൈവില്‍ 1,13,011 ഇരുചക്ര വാഹനങ്ങളാണു പരിശോധിച്ചത്.ഇരുചക്ര വാഹനയാത്രയില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് പോലീസിന്റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം 18 മുതല്‍ 24 വരെ സംസ്ഥാനവ്യാപകമായി സ്പെഷല്‍ ഡ്രൈവ് സംഘടിപ്പിച്ചത്.ഇരുചക്ര വാഹനാപകടങ്ങളില്‍ ജീവന് നഷ്ടമാകുന്നതില്‍ ഭൂരിഭാഗം പേരും അപകടസമയത്ത് ഹെല്‍മറ്റ് ധരിക്കാത്തവരായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരന്തര പരിശോധന നടത്തും. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകും.ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐജിയുടെ നിര്‍ദേശപ്രകാരം ട്രാഫിക് സോണല്‍ എസ്പിമാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരുമായി സഹകരിച്ചാണു പരിശോധനകള്‍ നടത്തിയത്.
ഇത്തരം ഗതാഗത നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 974700 1099 എന്ന ശുഭയാത്ര വാട്സാപ് നമ്പറില്‍ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തെ അറിയിക്കാം.
🔹കാസര്‍ഗോഡ് പതിനാറുകാരന് കൂട്ടുകാരോടൊപ്പം 172 കിലോമീറ്റര്‍ വേഗത്തില്‍ അപകടകരമായി കാര്‍ ഓടിക്കുകയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു.ആര്‍സി ഉടമയായ കുട്ടിയുടെ അമ്മയായ മുപ്പത്തിയൊന്പതുകാരിക്കെതിരേയാണ് കേസെടുത്തത്.
മാര്‍ച്ച് 20നു രാവിലെ 8.30നു കണ്വതീര്ഥയിലാണ് കേസിനാസ്പദമായ സംഭവം. ഇതിനു മുമ്പും കുട്ടി ഇത്തരത്തില്‍ അപകടകരമായി കാറോടിച്ച് ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.
🔹കൊടുമണിൽ തെരുവുനായയുടെ കടിയേറ്റ് എൽകെജി വിദ്യാർഥികളായ ഇരട്ടക്കുട്ടികൾക്ക് ഗുരുതര പരിക്ക്. എൽകെജി വിദ്യാർഥികളായ പറന്തൽ പൊങ്ങലടി തെങ്ങുവിളയിൽ വിവേക്, വിവേകി എന്നീ കുട്ടികൾക്കാണ് മുഖത്തുൾപ്പെടെ നായയുടെ കടിയേറ്റത്.വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. കുട്ടികൾ ഇരുവരും ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. മുഖത്തും കൈകൾക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരെ കൂടാതെ കരിപ്പോലിൽ വീട്ടിൽ സുജ, മടുക്കവിളയിൽ ഷിജു എന്നിവർക്കും നായയുടെ കടിയേറ്റു സുജയുടെ ഇടതു കൈയ്ക്കും ഷിജുവിന്റെ മുഖത്തുമാണ് കടിയേറ്റത്. നായയെ നാട്ടുകാർ തല്ലിക്കൊന്നു.
🔹പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ നിലമ്പൂര്‍ പോലീസ് അറസ്റ്റുചെയ്ത മുന്‍ പോലീസ് ഓഫീസറും മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എം. തുഷാര്‍ ആണ് ജാമ്യാപേക്ഷ തള്ളിയത്. ചേവായൂര്‍ പോലീസിനു ലഭിച്ച പരാതിയില്‍ കഴിഞ്ഞമാസം 13നാണ് ഫിലിപ് മമ്പാടിനെ നിലമ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
കൗണ്‍സിലിംഗിന് കൊണ്ടുവന്ന മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ കുട്ടിയെ രക്ഷിതാക്കള്‍ ഫിലിപ്പിന്റെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സലിംഗിന്റെ ഭാഗമായെന്നു പറഞ്ഞ് കുട്ടിയെ കാഞ്ഞങ്ങാട് ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ലോഡ്ജിലെ ലഡ്ജറിലുള്ള ഫിലിപ്പിന്റെ കൈയക്ഷരവും ഒപ്പും പരിശോധിക്കുന്നതിനായി ഇക്കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു. ഇതിന്റെ പരിശോധന ഫലം വൈകുമെന്നതിനാലും 80 വയസുകാരിയായ മാതാവിനെ സംരക്ഷിക്കേണ്ട കടമയുള്ളതിനാലും ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റ വാദം. എന്നാല്‍ പരിശോധന ഫലം ഉടന്‍ ലഭ്യമാക്കാമെന്നും പ്രായമായ മാതാവിനെ സംരക്ഷിക്കാന്‍ മകളുണ്ടെന്നും പ്രതിക്ക് ജാമ്യം അനുവദിക്കുന്നപക്ഷം തെളിവു നശിപ്പിക്കാനും പരാതിക്കാരെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നുള്ള സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഐഷ പി. ജമാലിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിരസിച്ചത്.
🔹മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശേരി സ്വദേശിയായ ചാലക്കര നിഷാദ് ആണ് മരിച്ചത്. ഷാർജ മുത്തീനയിലെ കഫ്റ്റീരിയയിലെ ജീവനക്കാരനായിരുന്നു. ഇതേ കടയിൽ ജോലി ചെയ്യുന്ന കോഴിക്കോട് കരുവമ്പൊയിൽ സ്വദേശി ഷമീറാണ് കൊലപാതകം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
🔹ഇന്ധനം തീർന്നു കടലിൽ കുടുങ്ങിയ മംഗോളിയൻ ചരക്കു കപ്പൽ കൊല്ലം തുറമുഖത്ത്. ചൈനയിൽ നിന്നു ഷാർജയിലേക്കു പോവുകയായിരുന്ന എൽപിജി കപ്പലാണു തീരത്തടുത്തത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നു ഹോർമുസ് കടലിടുക്ക് കടക്കാനാവാത്ത സാഹചര്യത്തിലാണ് കൊല്ലം തുറമുഖത്ത് അടുത്തത്.കൊച്ചി തുറമുഖത്ത് അടുക്കാനായി 11 ദിവസം കാത്തുകിടന്നെങ്കിലും ഷിപ്പിംഗ് ഡയറക്ടർ ജനറലിന്റെ ഇൻഷ്വറൻസ് ഇല്ലാതിരുന്നതിനാൽ അനുമതി ലഭിച്ചില്ല. മംഗോളിയയുടെ പതാകയുള്ള കപ്പൽ ഫെബ്രുവരി 14നാണു ചൈനയിൽനിന്നു പുറപ്പെട്ടത്.പശ്ചിമേഷ്യയിലെ പ്രതിസന്ധി കാരണം വേഗം കുറച്ചും ഇടയ്ക്കിടെ നങ്കൂരമിട്ടുമാണു നീങ്ങിയിരുന്നത്. യുദ്ധം തീരുന്നതിനനുസരിച്ച് എത്താമെന്നായിരുന്നു കണക്കുകൂട്ടലായിരുന്നെങ്കിലും ഇന്ധനം കുറയുകയായിരുന്നു. കൊച്ചിയിൽ നിന്നു ടാങ്കർ ലോറികളിൽ 10,000 ലിറ്റർ ഇന്ധനമാണു കൊല്ലത്തെത്തിക്കുന്നത്. ശുദ്ധജലം, പലവ്യഞ്ജനം എന്നിവയും ലഭ്യമാക്കും. ഇന്ധനം ഇന്നു നിറയ്ക്കാനാണു ശ്രമം.
🔹പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് കടുത്ത ഇന്ധനക്ഷാമം നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ.38,000 മെട്രിക് ടൺ ഇന്ധനുമായി ഇന്ത്യൻ കപ്പൽ ഇന്ന് കൊളംബോയിലെത്തും. 20,000 മെട്രിക് ടൺ ഡീസലും 18,000 ടൺ പെട്രോളുമാണ് കപ്പലിലെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ധനകൈമാറ്റം. നേരത്തേ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും ശ്രീലങ്ക പ്രശ്നം ചർച്ച ചെയ്തിരുന്നു.പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ശ്രീലങ്കയിൽ ഇന്ധനറേഷൻ നിലവിൽ വന്നിരുന്നു. പൊതുജന സേവനങ്ങൾ നാലുദിവസമായി പരിമിതപ്പെടുത്തുകയും ചെയ്തു.
🔹പോലീസുകാരനായ പിതാവിനെ വിഷം കൊടുത്തു കൊന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥയായ മകളും ഭർത്താവും അറസ്റ്റിൽ.മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ 2023 ഏപ്രിൽ 25നായിരുന്നു സംഭവം. ഹെഡ് കോൺസ്റ്റബിൾ ജയന്ത് ബല്ലാവർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ ആര്യ, ഭര്‍ത്താവ് ആശിഷ് ഷെഡ്മാകെ, സഹായിയായ ചൈതന്യ എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളെക്കൂടി കേസില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇതരമതസ്ഥനുമായുള്ള പ്രണയം പിതാവ് എതിർത്തതിന് പിന്നാലെയാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്. ഡ്യൂട്ടിക്ക് പോകാനൊരുങ്ങിയ പിതാവിന് ആര്യ വിഷം കലർത്തിയ മിൽക്ക് ഷേക്ക് നൽകുകയായിരുന്നു.ഡ്യൂട്ടിക്കിടെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിൽ എത്തിയപ്പോൾ കുഴഞ്ഞുവീണ ജയന്ത്, ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ മരിച്ചു. പെട്ടെന്നുണ്ടായ അസുഖം കാരണമാണ് മരണം എന്നാണ് ആദ്യം മരണകാരണമായി രേഖപ്പെടുത്തിയത്. കുറ്റകൃത്യമൊന്നും സംശയിക്കാത്തതിനാൽ കേസ് അവസാനിപ്പിച്ചു.ആര്യ ബല്ലാവർ 2022 മുതൽ പോലീസ് ഉദ്യോഗസ്ഥനായ ആശിഷ് ഷെഡ്മാകെയുമായി പ്രണയത്തിലായിരുന്നു. ജയന്ത് ബല്ലാവർ ഈ ബന്ധത്തെ എതിർത്തിരുന്നു. തുടർന്ന് പിതാവിനെ ഇല്ലാതാക്കാൻ ആര്യയും ആശിഷും തീരുമാനിച്ചു.വിഷം വാങ്ങാനായി ആര്യ തന്റെ ബന്ധുവായ ചൈതന്യ ഗേദമിനെ ബന്ധപ്പെടുകയും 5,000 രൂപ നൽകുകയും ചെയ്തു. ജയന്ത് ബല്ലാവറിന്റെ മരണശേഷം, ആര്യയും ആശിഷും വിവാഹിതരായി. എന്നാൽ വിവാഹജീവിതം പെട്ടെന്ന് വഷളായി.അച്ചടക്കമില്ലായ്മയും മോശം പെരുമാറ്റവും കാരണം ആശിഷിന്റെ പോലീസ് പരിശീലനം നിർത്തലാക്കി. ഭർതൃഗൃഹത്തിലേക്ക് താമസം മാറുന്നതിനു പകരം സ്വന്തം വീട്ടിൽ താമസിക്കാൻ ആര്യ തീരുമാനിച്ചു. ഈ വിഷയങ്ങളിൽ ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നു.
ഇതോടെയാണ് കഴിഞ്ഞയാഴ്ച, ആശിഷ് പോലീസ് സ്റ്റേഷനിൽ എത്തി കുറ്റം സമ്മതിച്ചത്. മൂന്നു വർഷം മുൻപ് തന്റെ ഭാര്യ പിതാവിന് വിഷം കൊടുത്തു കൊലപ്പെടുത്തിയെന്നും, ആ കൃത്യം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും, വിഷം സഹോദരപുത്രൻ വഴിയാണ് ലഭ്യമാക്കിയതെന്നും കുറ്റസമ്മതം നടത്തി. പിന്നാലെ പോലീസ് നാലുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
🔹ഊർജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ചുകൊണ്ട് ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ മിസൈൽ ആക്രമണം. ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ അരക് ഉൾപ്പെടെയുള്ള രണ്ട് ആണവ നിലയങ്ങൾക്കും രണ്ട് വൻകിട സ്റ്റീൽ പ്ലാന്റുകൾക്കും നേരെയാണ് ആക്രമണമുണ്ടായത്.ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ഏപ്രിൽ ആറ് വരെ നീട്ടിവയ്ക്കുമെന്ന് ട്രംപ് ഉറപ്പുനൽകിയിരുന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നു എന്ന് ട്രംപ് അവകാശപ്പെടുമ്പോഴാണ് ഇസ്രായേൽ ഈ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടർന്ന് മേഖലയിൽ ആണവ വികിരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇത് ലോകരാജ്യങ്ങളെ വലിയ ആശങ്കയിലാക്കുന്നു. ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചി വ്യക്തമാക്കി. സൗദിയിലെ അമേരിക്കൻ കേന്ദ്രമായ പ്രിൻസ് സുൽത്താൻ എയർ ബേസും ടാങ്കർ വിമാനങ്ങളും ഇറാൻ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ.
🔹ഐപിഎൽ ഇന്നു മുതൽ; ആദ്യ മത്സരം റോയൽ ചലഞ്ചേഴ്സ് V/s സൺറൈസേഴ്സ്.
ഐപിഎല്‍ 2026 സീസണ് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും.18 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് 2025 സീസണില്‍ നേടിയ കന്നിക്കിരീടം നിലനിര്‍ത്തുകയാണ് രജത് പാട്ടിദാര്‍ നയിക്കുന്ന, സൂപ്പര്‍ സ്റ്റാര്‍ വിരാട് കോഹ്ലിയുടെ ആര്‍സിബിയുടെ ലക്ഷ്യം. പരിക്കേറ്റ് വിശ്രമത്തിലുള്ള ഓസീസ് പേസര്‍ ജോഷ് ഹെയ്സല്‍വുഡ് ഇല്ലെന്നതാണ് ആര്‍സിബിയുടെ പ്രശ്നം. എന്നാല്‍, ഫില്‍ സാള്‍ട്ട്, ദേവ്ദത്ത് പടിക്കല്‍, ടിം ഡേവിഡ്, ജോര്‍ദാന്‍ കോക്സ്, ജേക്കബ് ബെഥേല്‍, വെങ്കിടേഷ് അയ്യര്‍, ഭുവനേശ്വര്‍ കുമാര്‍, ജേക്കബ് ഡഫി തുടങ്ങിയ വന്‍നിര ആര്‍സിബിക്കുണ്ട്.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലുകളില്‍ ആദ്യ നാലും സ്വന്തം പേരിലുള്ള ടീമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ ഇഷാന് കിഷനാണ് ക്യാപ്റ്റന്‍. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഹെന് റിച്ച് ക്ലാസന്, ലിയാം ലിവിംഗ്സ്റ്റണ് എന്നിങ്ങനെ നീളുന്നു എസ്ആര്‍എച്ചിന്റെ ആവനാഴിയിലെ ആയുധങ്ങള്‍… രാത്രി 7.30ന് ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പോരാട്ടം.
ഐപിഎൽ ട്വന്റി-20 സീസൺ 19
ഗ്രൂപ്പ് എ
►ചെന്നൈ സൂപ്പര്‍ കിംഗ്സ്
►കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
►രാജസ്ഥാന് റോയല്‍സ്
►റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു
►പഞ്ചാബ് കിംഗ്സ്
ഗ്രൂപ്പ് ബി
►മുംബൈ ഇന്ത്യന്‍സ്
►സണ്‍റൈസേഴ്സ് ഹൈദരാബാദ്
►ഗുജറാത്ത് ടൈറ്റന്‍സ്
►ഡല്‍ഹി ക്യാപ്പിറ്റല്‍സ്
►ലക്നോ സൂപ്പര്‍ ജയന്റ്സ്
11
ചരിത്രത്തില്‍ ആദ്യമായി ഉദ്ഘാടനചടങ്ങില്ലാതെ തുടങ്ങുന്നു എന്നതാണ് 2026 ഐപിഎല്ലിന്റെ മറ്റൊരു പ്രത്യേകത. 2025 ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കിരീടാഘോഷത്തിനിടെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 ആളുകള്‍ക്കു ജീവഹാനി നേരിട്ടിരുന്നു. അതിന്റെ സ്മരണയ്ക്കായാണ് ഇത്തവണ ഉദ്ഘാടന ആഘോഷം വേണ്ടെന്നു വച്ചത്. എം. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ 11 സീറ്റ് എക്കാലവും ഒഴിച്ചിടാനുള്ള ആര്‍സിബിയുടെ തീരുമാനം ഇന്നുമുതല്‍ നടപ്പിലാകും.
ഇന്നു മുതല്‍ ആരംഭിക്കുന്ന 2026 സീസണ് ഐപിഎല്ലില്‍, ഫൈനല്‍ ഉള്‍പ്പെടെ 74 മത്സരങ്ങള്‍ അരങ്ങേറും. ഫിക്സ്ചര്‍ അനുസരിച്ച് മേയ് 24നാണ് ലീഗ് റൗണ്ട് അവസാനിക്കുക. ലീഗ് റൗണ്ടില്‍ 70 മത്സരങ്ങള്‍. തുടര്‍ന്ന് പ്ലേ ഓഫ്, ഫൈനല്‍ എന്നീ ഘട്ടങ്ങളിലായി നാല് മത്സരങ്ങള്‍. മേയ് 26 മുതലാണ് പ്ലേ ഓഫ്. ഫൈനല്‍ മേയ് 31ന് ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അരങ്ങേറും. ഇന്നത്തെ സീസണ് ഉദ്ഘാടന മത്സരവും എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്.
19-ാം സീസണ് ഐപിഎല്ലിന്റെ ആദ്യഘട്ടത്തിലെ പ്രത്യേകതകളില്‍ ഒന്ന് 10 ടീമിനും ഇന്ത്യന്‍ ക്യാപ്റ്റന്മാരാണ് എന്നതാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍സി താത്കാലിമായി ഇഷാന് കിഷനില്‍ വന്നുചേര്ന്നതോടെയാണിത്. പരിക്കേറ്റ് ഓസീസ് താരം പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ ഇഷാനു നറുക്കു വീഴുകയായിരുന്നു. 2019 എഡിഷനിലായിരുന്നു ഇതിനു മുമ്പ് എല്ലാ ടീമുകളും ഇന്ത്യക്കാരായ ക്യാപ്റ്റന്മാരുടെ കീഴില്‍ ഐപിഎല്‍ സീസണ് തുടങ്ങിയത്.
ഐപിഎല്‍ ഫിക്സ്ചര്‍
മാര്‍ച്ച് 28: ബംഗളൂരു x ഹൈദരാബാദ്, 7.30 pm
മാര്‍ച്ച് 29: മുംബൈ x കോല്‍ക്കത്ത, 7.30 pm
മാര്‍ച്ച് 30: രാജസ്ഥാന് x ചെന്നൈ, 7.30 pm
മാര്‍ച്ച് 31: പഞ്ചാബ് x ഗുജറാത്ത്, 7.30 pm
ഏപ്രില്‍ 1: ലക്നോ x ഡല്‍ഹി, 7.30 pm
ഏപ്രില്‍ 2: കോല്‍ക്കത്ത x ഹൈദരാബാദ്, 7.30 pm
ഏപ്രില്‍ 3: ചെന്നൈ x പഞ്ചാബ്, 7.30 pm
ഏപ്രില്‍ 4: ഡല്‍ഹി x മുംബൈ, 3.30 pm
ഗുജറാത്ത് x രാജസ്ഥാന്, 7.30 pm
ഏപ്രില്‍ 5: ഹൈദരാബാദ് x ലക്നോ, 3.30 pm
ബംഗളൂരു x ചെന്നൈ, 7.30 pm
ഏപ്രില്‍ 6: കോല്‍ക്കത്ത x പഞ്ചാബ്, 7.30 pm
ഏപ്രില്‍ 7: രാജസ്ഥാന് x മുംബൈ, 7.30 pm
ഏപ്രില്‍ 8: ഡല്‍ഹി x ഗുജറാത്ത്, 7.30 pm
ഏപ്രില്‍ 9: കോല്‍ക്കത്ത x ലക്നോ, 7.30 pm
ഏപ്രില്‍ 10: രാജസ്ഥാന് x ബംഗളൂരു, 7.30 pm
ഏപ്രില്‍ 11: പഞ്ചാബ് x ഹൈദരാബാദ്, 3.30 pm
ചെന്നൈ x ഡല്‍ഹി, 7.30 pm
ഏപ്രില്‍ 12: ലക്നോ x ഗുജറാത്ത്, 3.30 pm
മുംബൈ x ബംഗളൂരു, 7.30 pm
ഏപ്രില്‍ 13: ഹൈദരാബാദ് x രാജസ്ഥാന്, 7.30 pm
ഏപ്രില്‍ 14: ചെന്നൈ x കോല്‍ക്കത്ത, 7.30 pm
ഏപ്രില്‍ 15: ബംഗളൂരു x ലക്നോ, 7.30 pm
ഏപ്രില്‍ 16: മുംബൈ x പഞ്ചാബ്, 7.30 pm
ഏപ്രില്‍ 17: ഗുജറാത്ത് x കോല്‍ക്കത്ത, 7.30 pm
ഏപ്രില്‍ 18: ബംഗളൂരു x ഡല്‍ഹി, 3.30 pm
ഹൈദരാബാദ് x ചെന്നൈ, 7.30 pm
ഏപ്രില്‍ 19: കോല്‍ക്കത്ത x രാജസ്ഥാന്, 3.30 pm
പഞ്ചാബ് x ലക്നോ, 7.30 pm
ഏപ്രില്‍ 20: ഗുജറാത്ത് x മുംബൈ, 7.30 pm
ഏപ്രില്‍ 21: ഹൈദരാബാദ് x ഡല്‍ഹി, 7.30 pm
ഏപ്രില്‍ 22: ലക്നോ x രാജസ്ഥാന്, 7.30 pm
ഏപ്രില്‍ 23: മുംബൈ x ചെന്നൈ, 7.30 pm
ഏപ്രില്‍ 24: ബംഗളൂരു x ഗുജറാത്ത്, 7.30 pm
ഏപ്രില്‍ 25: ഡല്‍ഹി x പഞ്ചാബ്, 3.30 pm
രാജസ്ഥാന് x ഹൈദരാബാദ്, 7.30 pm
ഏപ്രില്‍ 26: ഗുജറാത്ത് x ചെന്നൈ, 3.30 pm
ലക്നോ x കോല്‍ക്കത്ത, 7.30 pm
ഏപ്രില്‍ 27: ഡല്‍ഹി x ബംഗളൂരു, 7.30 pm
ഏപ്രില്‍ 28: പഞ്ചാബ് x രാജസ്ഥാന്, 7.30 pm
ഏപ്രില്‍ 29: മുംബൈ x ഹൈദരാബാദ്, 7.30 pm
ഏപ്രില്‍ 30: ഗുജറാത്ത് x ബംഗളൂരു, 7.30 pm
മേയ് 01: രാജസ്ഥാന് x ഡല്‍ഹി, 7.30 pm
മേയ് 02: ചെന്നൈ x മുംബൈ, 7.30 pm
മേയ് 03: ഹൈദരാബാദ് x കോല്‍ക്കത്ത, 3.30 pm
ഗുജറാത്ത് x പഞ്ചാബ്, 7.30 pm
മേയ് 04: മുംബൈ x ലക്നോ, 7.30 pm
മേയ് 05: ഡല്‍ഹി x ചെന്നൈ, 7.30 pm
മേയ് 06: ഹൈദരാബാദ് x പഞ്ചാബ്, 7.30 pm
മേയ് 07: ലക്നോ x ബംഗളൂരു, 7.30 pm
മേയ് 08: ഡല്‍ഹി x കോല്‍ക്കത്ത, 7.30 pm
മേയ് 09: രാജസ്ഥാന് x ഗുജറാത്ത്, 7.30 pm
മേയ് 10: ചെന്നൈ x ലക്നോ, 3.30 pm
ബംഗളൂരു x മുംബൈ, 7.30 pm
മേയ് 11: പഞ്ചാബ് x ഡല്‍ഹി, 7.30 pm
മേയ് 12: ഗുജറാത്ത് x ഹൈദരാബാദ്, 7.30 pm
മേയ് 13: ബംഗളൂരു x കോല്‍ക്കത്ത, 7.30 pm
മേയ് 14: പഞ്ചാബ് x മുംബൈ, 7.30 pm
മേയ് 15: ലക്നോ x ചെന്നൈ, 7.30 pm
മേയ് 16: കോല്‍ക്കത്ത x ഗുജറാത്ത്, 7.30 pm
മേയ് 17: പഞ്ചാബ് x ബംഗളൂരു, 3.30 pm
ഡല്‍ഹി x രാജസ്ഥാന്, 7.30 pm
മേയ് 18: ചെന്നൈ x ഹൈദരാബാദ്, 7.30 pm
മേയ് 19: രാജസ്ഥാന് x ലക്നോ, 7.30 pm
മേയ് 20: കോല്‍ക്കത്ത x മുംബൈ, 7.30 pm
മേയ് 21: ചെന്നൈ x ഗുജറാത്ത്, 7.30 pm
മേയ് 22: ഹൈദരാബാദ് x ബംഗളൂരു, 7.30 pm
മേയ് 23: ലക്നോ x പഞ്ചാബ്, 7.30 pm
മേയ് 24: മുംബൈ x രാജസ്ഥാന്, 3.30 pm
കോല്‍ക്കത്ത x ഡല്‍ഹി, 7.30 pm
🔹അഞ്ച് തവണ വീതം ഐപിഎൽ കിരീടം ചൂടിയ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും ഏപ്രിൽ 13 മുതൽ ആരംഭിക്കുന്ന ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിൽ രണ്ട് തവണ ഏറ്റുമുട്ടും.ഏപ്രിൽ 23 ന് മുംബൈയിലും മെയ് 2 ന് ചെന്നൈയിലും ആണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുക. സീസണിന്റെ ഷെഡ്യൂളിന്റെ ഒരു ഭാഗം ബിസിസിഐ ആദ്യം പുറത്തിറക്കിയിരുന്നു, എന്നാൽ പ്ലേഓഫുകൾ ഒഴികെയുള്ള മൽസരങ്ങളുടെ മുഴുവൻ ഷെഡ്യൂളും ബിസിസിഐ വ്യാഴാഴ്ച പുറത്തിറക്കുകയായിരുന്നു.നിലവിലെ ചാമ്പ്യന്മാരായ , റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഏപ്രിൽ 5 ന് ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈയുമായി കൊമ്പുകോർക്കും. നിലവിലെ ചാമ്പ്യന്മാരായ ടീം മെയ് 10 നും മെയ് 13 നും റായ്പൂരിൽ നടക്കുന്ന രണ്ട് മത്സരങ്ങളിൽ മുംബൈ കൊൽക്കത്ത ടീമുകളെ നേരിടും.ധർമ്മശാലയിൽ പഞ്ചാബ് കിംഗ്സ് മെയ് 11, മെയ് 14, മെയ് 17 തീയതികളിൽ ഡൽഹി, മുംബൈ , ബെംഗളൂരു ടീമുകളുമായി ഏറ്റുമുട്ടും. ഈ ഘട്ടത്തിലെ എട്ട് ഡബിൾ ഹെഡർ മത്സരങ്ങളിൽ അവസാനത്തേതായ – മെയ് 24 ന് മുംബൈയിൽ നടക്കുന്ന മുബൈ -രാജസ്ഥാൻ പോരാട്ടവും , കൊൽക്കത്തയിൽ നടക്കുന്ന കൊൽക്കത്ത- ഡൽഹി മത്സരങ്ങളോടെ ലീഗ് ഘട്ടം അവസാനിക്കും.
🔹ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച അപകീർത്തികരമായ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യാൻ പ്രമുഖ ടെക് കമ്പനികൾക്ക് ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകി. ഗൂഗിൾ, മെറ്റ, ആമസോൺ തുടങ്ങിയ പ്രമുഖ ടെക് കമ്പനികൾക്ക് ഈ ഉത്തരവ് ബാധകമാണ്.
നേരത്തെ ഗംഭീർ തന്റെ പേര്, ചിത്രം, ശബ്ദം എന്നിവ ദുരുപയോഗം ചെയ്ത് ഡീപ്പ്ഫേക്ക് വീഡിയോ ഉൾപ്പെടെയുള്ള വ്യാജ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. ഈ ഉള്ളടക്കങ്ങൾ വാണിജ്യ ലാഭത്തിനായി ഉപയോഗിക്കപ്പെടുന്നതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു.കേസിന്റെ പരിഗണനയ്ക്കിടെ ഇത്തരം ലിങ്കുകളും പോസ്റ്റുകളും ഉടൻ നീക്കം ചെയ്യണമെന്നും, ഇതിന് ഉത്തരവാദികളായവരുടെ വിവരങ്ങൾ ബന്ധപ്പെട്ട കമ്പനികൾ കൈമാറണമെന്നും കോടതി നിർദേശിച്ചു. സമാനമായ ഉള്ളടക്കങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടാൽ ഉടൻ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി.
മുൻ അന്താരാഷ്ട്ര ക്രിക്കറ്ററും ലോകസഭ അംഗവുമായിരുന്ന ഗംഭീറിന്റെ കീഴിൽ ഇന്ത്യ ടി 20 ലോക കപ്പ് , ചാമ്പ്യൻസ് ട്രോഫി ഏഷ്യ കപ്പ് കിരീടങ്ങൾ നേടിയിട്ടുണ്ട്.
🔹പുതിയ ചിത്രത്തിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വാൽ കിമർ വീണ്ടും വെള്ളിത്തിരയിലേക്ക് വരുന്നു ഹോളിവുഡ് ഇതിഹാസം അന്തരിച്ച വാൽ കിമർ വരാനിരിക്കുന്ന ആസ് ഡീപ് ആസ് ദി ഗ്രേവ് എന്ന ചിത്രത്തിലൂടെ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ വെള്ളിത്തിരയിൽ വീണ്ടും എത്തുന്നു.തൊണ്ടയിലെ അർബുദം ബാധിച്ച് 65ാം വയസിൽ മരിക്കുന്നതിന് മുമ്പ് ഈ പ്രോജക്റ്റുമായി അദ്ദേഹം സഹകരിച്ചിരുന്നു. ചിത്രത്തിൽ തദ്ദേശീയ അമേരിക്കൻ ആത്മീയവാദിയും കത്തോലിക്കാ പുരോഹിതനുമായ ഫാദർ ഫിന്റൺ എന്ന പ്രധാന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
കിമറിന്റെ മക്കളായ മെഴ്സിഡസിന്റെയും ജാക്കിന്റെയും പിന്തുണയോടെ അത്യാധുനിക ജനറേറ്റീവ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങൾ കോർത്തിണക്കിയാണ് ഈ കഥാപാത്രത്തെ പുനർനിർമ്മിക്കുന്നത്.
ഒരു നടന്റെ ഭൗതികസാന്നിധ്യമില്ലാതെ തന്നെ അദ്ദേഹത്തിന്റെ രൂപവും ഭാവവും ശബ്ദവും കൃത്യതയോടെ പുനഃസൃഷ്ടിക്കാൻ കഴിയുന്ന ഡിജിറ്റൽ റിസറക്ഷൻ എന്ന നൂതന വിദ്യയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്.
കിൽമറുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ദൃശ്യങ്ങളും ചിത്രങ്ങളും വിശകലനം ചെയ്ത് നിർമ്മിത ബുദ്ധിയിലൂടെ അദ്ദേഹത്തിന്റെ ഒരു ഡിജിറ്റൽ ക്ലോൺ നിർമ്മിച്ചാണ് ഈ ദൗത്യം പൂർത്തിയാക്കുന്നത്.1920-കളിൽ നവാജോ ജനതയ്ക്കൊപ്പം പ്രവർത്തിച്ച പുരാവസ്തു ഗവേഷകരായ ആൻ, ഏൾ മോറിസ് എന്നിവരുടെ യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിൽ ടോം ഫെൽറ്റൺ, അബിഗെയ്ൽ ലോറി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
എഐയുടെ ഉപയോഗം സിനിമാമേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നുണ്ടെങ്കിലും, ഇത് വാല് കിമർ ആഗ്രഹിച്ച ഒരു പ്രോജക്റ്റാണെന്നും അതുകൊണ്ട് തന്നെ ഈ നീക്കം അർത്ഥവത്താണെന്നുമാണ് സംവിധായകൻ കോർട്ടെ വൂർഹീസ് വ്യക്തമാക്കുന്നത്.
💦 ഗുരുജിയുടെ വാക്കുകൾ
ജീവിതം ഒരു കടൽ പോലെയാണ്, എപ്പോൾ വേണമെങ്കിലും വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകാം.
ഇന്ന് നാം അനുഭവിക്കുന്ന സൗഭാഗ്യങ്ങൾ നാളെ നമുക്ക് ഉണ്ടായെന്നു വരില്ല.
അതുകൊണ്ട് തന്നെ, കയ്യിൽ ഒന്നുമില്ലാത്തവരെ പരിഹസിക്കാനോ താഴ്ത്തിക്കെട്ടാനോ മുതിരരുത്.
പണത്തേക്കാളും പദവിയേക്കാളും വില നൽകേണ്ടത് മനുഷ്യത്വത്തിനാണ്. ഏത് സാഹചര്യത്തിലും മറ്റുള്ളവരോട് അന്തസ്സോടെയും ആദരവോടെയും പെരുമാറാൻ ശീലിക്കുക.
നമ്മുടെ വാക്കുകളോ പ്രവർത്തികളോ ഒരാളുടെയും മനസ്സിനെ വേദനിപ്പിക്കാതിരിക്കട്ടെ.
മറ്റുള്ളവരെ ചേർത്തുപിടിക്കുന്നതിലാണ് യഥാർത്ഥ വിജയം.




🙏🙏