Sunday, May 17, 2026
Homeഅമേരിക്കഓർമ്മയിലെ മുഖങ്ങൾ: 'കൗമുദി ടീച്ചർ' ✍ അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: ‘കൗമുദി ടീച്ചർ’ ✍ അജി സുരേന്ദ്രൻ

”നീ കൈവിട്ടുകളഞ്ഞ ആഭരണത്തെക്കാൾ എത്രയോ മികച്ച ആഭരണമാണ് ഈ ത്യാഗം…”
പതിനാറു വയസ്സുള്ള ഒരു പെൺകുട്ടിയുടെ ഓട്ടോഗ്രാഫിൽ ഗാന്ധിജി ഇങ്ങനെ കുറിച്ചിട്ടു…

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ, ത്യാഗത്തിന്റെ സുവർണ്ണ മുദ്ര ചാർത്തിയ ആ പെൺകുട്ടി നമുക്കേറെ പ്രിയപ്പെട്ട കൗമുദി ടീച്ചർ ആയിരുന്നു.ഗാന്ധിജിയുടെ ആദര്‍ശം സാക്ഷാത്‌കരിക്കുന്നതിനായി മരണംവരെ ലളിത ജീവിതവും ഹിന്ദി പ്രചാരണവും ജീവിതവ്രതമാക്കിമാറ്റിയ ധീര വനിത.

1917 മേയ് 17-ന് കടത്തനാട് കോലത്തിരി രാജവംശത്തിലെ രാമവർമരാജയുടെയും ചിറക്കൽ കൊട്ടാരത്തിലെ ദേവകി കെട്ടിലമ്മയുടെയും മകളായാണ് കൗമുദിയുടെ ജനനം. കടത്തനാട് രാജാസ് സ്കൂളിലും വടകര ബി.ഇ.എം.ഹൈസ്കൂളിലും ആയിരുന്നു സ്കൂൾ വിദ്യാഭ്യാസം.

സ്വാതന്ത്ര്യസമരസമയത്ത് 1934 ൽ ഹരിജന ഉന്നമനത്തിനുവേണ്ടി ഫണ്ട്‌ സ്വരൂപിക്കുവാൻ മഹാത്മജിയും വിനോബാജിയുമെല്ലാം ഗ്രാമഗ്രാമാന്തരങ്ങളിലൂടെ യാത്രചെയ്ത് കേരളത്തിലെത്തി. അതിന്റെ ഭാഗമായി അദ്ദേഹം വടകര കോട്ടപ്പറമ്പിലുമെത്തി.

വടകര കോട്ടപ്പറമ്പിൽ നടന്ന ചടങ്ങിൽ നിങ്ങൾക്ക‌് ജീവിക്കാനുള്ളതിൽ അധികമായതെന്തും ഹരിജനോദ്ധാരണ ഫണ്ടിലേക്ക‌് നൽകണമെന്ന‌് മഹാത്മാഗാന്ധിജി അഭ്യർത്ഥിച്ചു. അതുകേട്ട ഒരു പതിനാറുകാരി വേദിയിലേക്കുവന്നു തന്റെ സ്വർണവളയും ,മാല, കമ്മൽ ഉൾപ്പെടെ അണിഞ്ഞിരുന്ന മുഴുവൻ ആഭരണങ്ങളും ഊരി ഗാന്ധിജിക്കു സംഭാവന നൽകി.

ഇനി ആഭരണങ്ങൾ താൻ ധരിക്കില്ലായെന്നും വേദിയൽവച്ച് പറഞ്ഞു. സ്വന്തം വിവാഹചടങ്ങിന് ധരിക്കേണ്ടിവരില്ലേ എന്ന ഗാന്ധിജിയുടെ ചോദ്യത്തിന് ഒട്ടും പതറാതെ “അങ്ങനെ ഒരാൾ വരുമ്പോൾ മാത്രം വിവാഹം കഴിക്കും ” എന്നും പറഞ്ഞു ആ പെൺകുട്ടി. തന്റെ സന്തോഷത്തിനേക്കാൾ വലുതാണ് പട്ടിണിപാവങ്ങളുടെ ഉന്നമനം എന്നു ചിന്തിച്ച കൗമുദി എന്ന ആ പതിനാറുവയസ്സുകാരിയും ആ ത്യാഗത്തിന്റെ കഥയും ജനങ്ങളിൽ ആവേശമുണ്ടാക്കി.അവർ നടന്നു കയറിയത് ചരിത്ര താളുകളിലേക്കും.അതിലൂടെ സ്ത്രീകൾക്കിടയിൽ മാറ്റത്തിന്റെ വിത്ത് വിതച്ചു, സ്വജീവിതം അർഥപൂർണമാക്കി.

സ്വന്തം സന്തോഷത്തേക്കാള്‍ വലുതാണ്‌ തന്റെ ത്യാഗത്തിലൂടെ ഒരു പാടു പേര്‍ക്ക്‌ ലഭിക്കുന്ന സഹായം എന്ന് തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ച അന്നത്തെ ആ പെണ്‍കുട്ടിയുടെ കഥ ഗാന്ധിജി പിന്നീട്‌ പല വേദികളിലും പരാമര്‍ശിക്കുകയും ഇന്ത്യന്‍ ഹരിജൻ ഉൾപ്പെടെയുള്ള മാസികകളിൽ ‘കൗമുദി കീ ത്യാഗ്’എന്ന പേരിൽ ലേഖനം എഴുതി. പിന്നീട് ഈ ലേഖനം ഹിന്ദിപാഠപുസ്തകത്തിലെ ഭാഗമായപ്പോൾ സ്വന്തം കഥ കുട്ടികളെ പഠിപ്പിക്കാനും കൗമുദിക്ക് ഭാഗ്യം ലഭിച്ചു.

1972-ൽ ഉദ്യോഗത്തിൽ നിന്നും വിരമിച്ചു. കസ്തൂർബാ ഗാന്ധിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടത്തിയ മിശ്രഭോജനമടക്കമുള്ള ഒട്ടേറെ പ്രവർത്തനങ്ങളിലും പങ്കാളിയായി.

92-ാം വയസ്സിൽ 2009 ഓഗസ്റ്റ് നാലിന് ടീച്ചർ അന്തരിച്ചു. അവിവാഹിതയായിരുന്നു .
എടുക്കുന്നതിലധികം കൊടുത്ത് ത്യഗവും സേവനവും കൊണ്ട് ജീവിതം നയിച്ച കൗമുദി ടീച്ചറുടെ ജന്മവാർഷിക ദിനത്തിൽ ഓർമ്മകൾക്ക്‌ മുന്നിൽ പ്രണാമം അർപ്പിക്കുന്നു…

അജി സുരേന്ദ്രൻ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com