സ്നേഹകുടീരത്തിലെ അടിത്തട്ടിലെ നിഗൂഢത.
മണ്ണിന്റെ മടിയിൽ മറഞ്ഞ നിധി പോലെ മനസ്സിന്റെ അടിത്തട്ടിൽ കഥകൾ ഉറങ്ങുന്നു. പഴമയുടെ ശ്വാസം കേൾക്കുന്നവർക്ക് മാത്രം അവയുടെ ചിരിയും ചൂടും കേൾക്കാം.
പഴമയുടെ പ്രൗഢിയുള്ള സ്നേഹകുടീരം എന്ന എട്ടുകെട്ടിന്റെ ചരിത്രം തുടങ്ങുന്നത് എറനാട്’ എന്ന ദേശത്തുനിന്നാണ്. നാല് സഹോദരന്മാരും ഒരു പെങ്ങളും അമ്മയുമടങ്ങുന്നതായിരുന്നു കരുണാകര മേനോന്റെ താഴ്വഴി. പിന്നെ ചെറിയമ്മമാരും. വലിയമ്മയും. അമ്മയുടെ സഹോദരങ്ങളും.
പെങ്ങളായ ഉർവ്വശി കേണൽ സൂര്യയുമായി വിവാഹം കഴിഞ്ഞ് ചെന്നൈയിലാണ് താമസിച്ചിരുന്നത്.
കാലം മുന്നോട്ട് നീങ്ങുമ്പോൾ, നാഡിബന്ധങ്ങളെല്ലാം വള്ളുവനാട്ടിൽ ആയതുകൊണ്ട് എറനാട്ടിലെ സ്വത്തുക്കളെല്ലാം വിറ്റ്, തറവാടിന്റെ വേരുകൾ അങ്ങോട്ട് പറിച്ചുനടാൻ കാരണവന്മാർ തീരുമാനിച്ചു.
വേരുകൾക്ക് ശക്തി നൽകാൻ അവരൊരു പുതിയ കൂടാരം തേടി. അങ്ങിനെ വള്ളുവനാടൻ മണ്ണിൽ അഞ്ചേക്കറോളം വരുന്ന ഫലഭൂയിഷ്ഠമായ സ്ഥലം കണ്ടെത്തി.
വേരുകൾ പറിച്ചു നട്ടാലും മണ്ണിന്റെ ഓർമ്മകൾ മാറുന്നില്ല. അവ ചുവർ ചില്ലകളിലൂടെ വീണ്ടും കഥയായി പൊട്ടിത്തെറിക്കും.
പുതിയതായി കണ്ടെത്തിയ ആ സ്ഥലം മാവും പ്ലാവും ചന്ദനവും നിറഞ്ഞ ആ പറമ്പിൽ, ഐശ്വര്യവും സമൃദ്ധിയും വിളിച്ചോതുന്ന ഒരു എട്ടുകെട്ട് പണിതുയർത്താനുള്ള ശ്രമം തുടങ്ങി. പുറമെ കാണുന്ന ഈ സമ്പന്നതയ്‌ക്കപ്പുറം, ഈ തറവാടിന്റെ അടിത്തട്ടിൽ ആരും അറിയാത്ത ഒരു രഹസ്യം ഒളിപ്പിച്ചുവെച്ചിരുന്നു.
മണ്ണിന്റെ അടിത്തട്ടിൽ നിധി ഒളിച്ചുവെച്ചതുപോലെ ഈ തറവാട് ഹൃദയങ്ങളിലും ഒളിപ്പിച്ചത് കാലംപോലും തുറക്കാൻ മടിക്കുന്ന രഹസ്യങ്ങളെയാണ്.
സ്നേഹത്തിന്റെ ചൂടിൽ പാകപ്പെട്ട വീട് നിഗൂഢതയുടെ തണലിൽ നിലകൊള്ളുന്നു. ചിരികളുടെ പിന്നിൽ മറഞ്ഞു നിൽക്കുന്ന നിശബ്ദം കാലത്തിന്റെ ചുവടുകൾ എണ്ണിക്കൊണ്ടിരിക്കുന്നു.
ഇരുട്ടറയിലെ നിധി എട്ടുകെട്ടിന്റെ തറയൊരുക്കുന്ന ജോലി ധൃതിയിൽ നടക്കുന്നതിനിടയിലാണ് ആ അവിശ്വസനീയ മായ സംഭവം നടന്നത്. മണ്ണ് കിളച്ചുയർത്തിയ തൊഴിലാളികൾ നാലഞ്ച് വലിയ മൺകുടങ്ങൾ കണ്ടെത്തി.
കൗതുകത്തോടെ തുറന്നു നോക്കിയപ്പോൾ, അതിൽ നിറയെ നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വർണ്ണക്കട്ടികളും പുരാതന സ്വർണ്ണനാണയങ്ങളും.
അന്നത്തെ മൂത്ത കാരണവരായ കരുണാകരമേനോൻ ആരെയും അറിയിക്കാതെ അതൊരു രഹസ്യമായി സൂക്ഷിക്കാൻ തീരുമാനിച്ചു.
തറവാടിന്റെ പണി പൂർത്തിയായപ്പോൾ, വീടിന്റെ മുകളിലത്തെ നിലയിലേക്കുള്ള ഗോവണിയുടെ ചുവരിനോട് ചേർന്ന്, പുറമെനിന്നാൽ കാണാത്തവിധം ഒരു രഹസ്യ ഇരുട്ടറ അദ്ദേഹം നിർമ്മിച്ചു.
എട്ടുകെട്ടിന്റെ നടുമുറ്റത്ത് ചിരികൾ മുഴങ്ങുമ്പോൾ അടിത്തട്ടിലെ ഇരുട്ട് നിശബ്ദമായി തന്റെ കഥകൾ സൂക്ഷിച്ചു കൊണ്ടിരുന്നു.
കണ്ടെടുത്ത നിധി മുഴുവൻ അവിടെ അതീവ രഹസ്യമായി സൂക്ഷിക്കപ്പെട്ടു. കരുണാകരമേനോന്റെ പ്രിയപത്നി കൗമുദി അമ്മ പോലും ഈ രഹസ്യത്തെക്കുറിച്ച് അറിഞ്ഞില്ല.
നിധി ഒളിപ്പിച്ചത് ഇരുട്ടറയിൽ അല്ല, കാലത്തിന്റെ മൗന ത്തിലാണ്. തുറക്കാൻ ഒരു താക്കോൽ മാത്രം. ഓർമ്മയുടെ സ്പർശം.
കരുണാകരമേനോനും കൗമുദി അമ്മയ്ക്കും ആഷിത, അനന്തു എന്നീ രണ്ട് മക്കളാണുള്ളത്. അനന്തു പ്രൊഫസർ ആണ്. ആഷിത M.B.A.ക്ക് പഠിക്കുന്നു.
ചെന്നൈയിൽ താമസിക്കുന്ന സഹോദരി ഉർവ്വശിയുടെ ഭർത്താവ് കേണൽ സൂര്യ എന്ന സൈനികോദ്യോഗസ്ഥനാണ്. ഇവർക്ക് ഒരു ആൺകുട്ടിയും, ഒരു പെൺകുട്ടിയുമാണ്. മൂത്ത മകൻ ശേഖർ ഡി.ജി.പി. ആണ്. മകൾ മാളവിക
വിദ്യാർത്ഥിയാണ്.
ഈ പ്രധാനകുടുംബങ്ങളെ കൂടാതെ എട്ടു താഴ് വഴികളിലായി തറവാട്ടിൽ മൊത്തം പത്തുമുപ്പത്തഞ്ച് അംഗങ്ങളുണ്ട്. പലരും ജോലി സംബന്ധമായി വിദേശത്തും മറ്റു നഗരങ്ങളിലുമാണ്. അതുകൊണ്ട് തന്നെ തറവാട്ടിൽ ഇപ്പോൾ ചുരുക്കം ചിലരെ മാത്രമേ കാണാനുള്ളൂ.
അടുക്കളയിലെ ഔഷധശാല ഈ തറവാടിന്റെ മറ്റൊരു സവിശേഷത, തലമുറകൾ പകർന്നു നൽകിയ നാട്ടു വൈദ്യത്തിലുള്ള അഗാധമായ അറിവാണ്.
മുൻകാലങ്ങളിലെ മുത്തശ്ശിമാരെല്ലാം പാരമ്പര്യമായി കിട്ടിയ അറിവുകൊണ്ട് നല്ല വൈദ്യന്മാർ ആയിരുന്നു. അടുക്കളയിലുള്ള ചുക്ക്, കുരുമുളക്, തിപ്പലി, കായം എന്നിവയെല്ലാം അവർക്ക് വെറും പലവ്യഞ്ജനങ്ങളായിരുന്നില്ല, ഓരോന്നും ഔഷധക്കൂട്ടുകളായിരുന്നു.
ആടലോടകം, തുളസി, പുളിയാർല, കണക്കൂർക്ക എന്നിവയെല്ലാം വീട്ടുമുറ്റത്ത് നട്ടുപിടിപ്പിച്ചിരുന്നു. കൈയെത്തുന്ന ദൂരത്ത് നിന്ന് ലഭിക്കുന്ന ഈ മരുന്നുകൾ ഉപയോഗിച്ച്, ചെറിയ അസുഖങ്ങൾക്കെല്ലാം വീട്ടിൽ തന്നെ ചികിത്സ നൽകിയിരുന്നു.
ചിട്ടയായ ജീവിതശൈലിയും മിതത്വവും കൊണ്ട്, ഈ ചെറിയ വിദ്യകൾ പോലും കുടുംബാംഗങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിച്ചു.
കറകളഞ്ഞ സ്നേഹവും, ഭക്തിയും, നന്മയുമുള്ള നിഷ്കളങ്കരായ മനുഷ്യരായിരുന്നു സ്നേഹകുടീരത്തിൽ ആദ്യകാലത്ത് ഒരുമിച്ചുണ്ടായിരുന്നത്
പിന്നീട് ജോലി തേടി പല ദിക്കുകളിലേക്കും പോയെങ്കിലും, തറവാടിനോടുള്ള അവരുടെ ബന്ധം എന്നും ഊഷ്മളമായിരുന്നു.
ഓണം, വിഷു, തിരുവാതിര, കല്യാണം തുടങ്ങിയ വിശേഷ ദിവസങ്ങൾ ഈ തറവാടിന് ഉത്സവമാണ്. ദൂരെയെങ്ങോ പോയവർ പോലും അന്ന് ഇവിടെ ഓടിയെത്തും.
ചെമ്പുകലങ്ങളിൽ തിളയ്ക്കുന്ന സദ്യയുടെ മണം, ചിരിയുടെയും തമാശകളുടെയും ആരവങ്ങൾ, ഒപ്പം ഓടിക്കളിക്കുന്ന കുട്ടികൾ… ഓരോ മനുഷ്യനും ജീവിതത്തിൽ മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിക്കുന്ന സുദിനങ്ങളാണത്.
പഴമയുടെ പ്രൗഢിയും കുളിർമ്മയും ഏകി കാഴ്ചയുടെ വേറിട്ട അനുഭവം നൽകുന്ന ആ എട്ടുകെട്ട് ഇന്നും വള്ളുവനാടൻ മണ്ണിൽ തലയുയർത്തി നിൽക്കുന്നു.



