തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴ അഞ്ച് ദിവസത്തേക്ക് തുടരും. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ നാൽപത് മുതൽ അമ്പത് കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ അപകടകരമായതിനാൽ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം,
തുറസായ സ്ഥലങ്ങളിൽ തുടരരുത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടണം. ഇവയ്ക്ക് അടുത്ത് നിലയുറപ്പിക്കരുത്. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണം.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയം പോകാനും പാടില്ല. മിന്നലിന്റെ ആഘാതത്തിൽ പൊള്ള ഏൽക്കാനും കാഴ്ചയോ കേൾവിയോ നഷ്ടമാകാനും ഹൃദയാഘാതം സംഭവിക്കാനും സംഭവിക്കാം.
മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ലെന്ന് മനസിലാക്കണം. അതിനാൽ ഇരയാകുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ 30സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള പ്രധാന സമയമാണ്.



