ഗുവാഹത്തി: മണിപ്പൂരില്‍ ക്രൈസ്തവ സഭാ നേതാക്കള്‍ യാത്ര ചെയ്ത വാഹനത്തിന് നേരെ ആക്രമണം. ചുരാചന്ദ്പൂരില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ആക്രമണത്തില്‍ സഭാ നേതാക്കളും ഡ്രൈവര്‍മാരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കുക്കി വിഭാഗത്തില്‍പ്പെട്ടവരാണ് ആക്രമണത്തിന് ഇരയായത്. പതിയിരുന്നുള്ള ആക്രമണമാണ് നടന്നത്.
താദൗ ബാപ്തിസ്റ്റ് അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സിത്‌ലൗ, കയ്ഗുലുന്‍, പൗഗൗലെന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മണിപ്പൂര്‍ ബാപ്തിസ്റ്റ് കണ്‍വെന്‍ഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിയാണ് കൊല്ലപ്പെട്ട സിത്‌ലൗ. ഹോപ്പു, ഹക്കി സിംപ്‌തെ, പോത്താങ്, ഡ്രൈവര്‍മാരായ ലാലന്‍, ഗൗമാങ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചുരാചന്ദ്പൂരിലെ ലംകയില്‍ താഡോ ബാപ്തിസ്റ്റ് അസോസിയേഷന്‍ (ടിബിഎ) സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷം കാങ്‌പോക്പിയിലേക്ക് മടങ്ങുകയായിരുന്നു സംഘം. ഇതിനിടെയാണ് ഇവര്‍ക്ക് നേരെ വെടിവെപ്പുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ ദേശീയപാത 2 പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ഇതോടെ നാഗാലാന്‍ഡുമായുള്ള സംസ്ഥാനത്തിന്റെ ഗതാഗത ബന്ധം പൂര്‍ണമായും നിലച്ചു. പ്രതിഷേധവുമായി കുക്കി സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷനും രംഗത്തെത്തി. നിരപരാധികളെയാണ് കൊലപ്പെടുത്തിയതെന്ന് പ്രതികരിച്ച കുക്കി സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍, പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്ഒ ബുധനാഴ്ച ഉച്ചയ്ക്ക് 12.30 വരെ പ്രദേശത്ത് ബന്ദ് പ്രഖ്യാപിച്ചു.



