പനാജി: നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ഗോവയിൽ 17 വയസുകാരൻ ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് ഹോക്കി താരം കൂടിയായ വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷാ സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചതിനെത്തുടർന്ന് 22 ലക്ഷത്തിലധികം വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷ കഴിഞ്ഞ ദിവസമാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കിയത്. ചൊവ്വാഴ്ച രാത്രി മുറിയിൽ കയറി വാതിലടച്ച കുട്ടിയെ, ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ തല്ലി പൊളിച്ചു.
അകത്തു കടന്നപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. വിദ്യാർഥി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. പരീക്ഷ റദ്ദാക്കിയ വിവരം കുട്ടിയെ മാനസികമായി തളർത്തിയിരുന്നോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
രണ്ടും മൂന്നും വർഷത്തെ നിരന്തര പരിശീലനത്തിലൂടെയും പഠനത്തിലൂടെയുമാണ് വലിയൊരു വിഭാഗം വിദ്യാർഥികൾ നീറ്റ് പോലുള്ള പ്രവേശനപരീക്ഷകൾക്ക് തയ്യാറെടുക്കുന്നത്. തുടർച്ചയായ കോച്ചിങ് ക്ലാസുകളും മോക്ക് പരീക്ഷകളും റിവിഷനുകളുമെല്ലാം ചേർന്ന് വലിയ സമ്മർദത്തിലൂടെയാണ് വിദ്യാർഥികൾ കടന്നുപോവുക. വീണ്ടുമൊരു പരീക്ഷയ്‌ക്കുകൂടി തയ്യാറെടുക്കേണ്ട സാഹചര്യം വിദ്യാർഥികളെ വലിയ മാനസികസംഘർഷത്തിലേക്കാണ് തള്ളിവിടുന്നത്.



