Wednesday, May 13, 2026
Homeഅമേരിക്കസ്നേഹകുടീരം എട്ടുകെട്ട് ( നോവൽ - ​അദ്ധ്യായം 1) ✍ ശ്യാമള ഹരിദാസ്

സ്നേഹകുടീരം എട്ടുകെട്ട് ( നോവൽ – ​അദ്ധ്യായം 1) ✍ ശ്യാമള ഹരിദാസ്

​ആമുഖം: 

​പഴമയുടെ മണമുള്ള വള്ളുവനാടൻ മണ്ണിൽ ഇരുനൂറിലധികം വർഷത്തെ ചരിത്രം പേറുന്ന ‘സ്നേഹകുടീരം’ വെറുമൊരു എട്ടുകെട്ടല്ല, അത് ഒരു കാലഘട്ടത്തിന്റെ സാക്ഷിയാണ്. നിലവിളക്കിന്റെ വെളിച്ചത്തിലും ചന്ദനത്തിരിയുടെ സുഗന്ധത്തിലും ഒളിപ്പിച്ചുവെച്ച ചില രഹസ്യങ്ങൾ ആ ചുവരുകൾക്കുള്ളിലുണ്ട്.
​ഏറനാടൻ കാറ്റിൽ നിന്നും വള്ളുവനാടിന്റെ ശാന്തതയിലേക്ക് പറിച്ചുനടപ്പെട്ട ഒരു കുടുംബത്തിന്റെ അതിജീവനത്തിന്റെയും, അവർക്കിടയിൽ വളർന്നുവന്ന അധികാരമോഹങ്ങളുടെയും കഥയാണിത്. തലമുറകൾ കൈമാറി വന്ന വിശ്വാസങ്ങളും, തറവാടിന്റെ തനിമ കാക്കാൻ കാരണവരായ കരുണാകര മേനോൻ നടത്തുന്ന നിശബ്ദമായ പോരാട്ടങ്ങളും ഈ നോവലിൽ അക്ഷരങ്ങളാകുന്നു. നിലവറയിൽ ഒളിപ്പിച്ച നിധി തേടി ചിലർ ഇറങ്ങിത്തിരിക്കുമ്പോൾ, സ്നേഹത്തിന്റെ യഥാർത്ഥ നിധി എന്താണെന്ന് കാലം അവർക്ക് പറഞ്ഞു കൊടുക്കുന്നു. വായനക്കാരെ ആ പഴയ പൂമുഖത്തേക്കും അകത്തളങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന ഒരു യാത്രയാണിത്.

നോവൽ ഇവിടെ ആരംഭിക്കുന്നു …

നൂറ്റാണ്ടുകളുടെ പഴമപേറുന്ന ഒരു എട്ടുകെട്ടാണ് “സ്നേഹകുടീരം”. അതിലെ ഇപ്പോഴത്തെ കാരണവരാണ് കരുണാകര മേനോൻ.സ്നേഹകുടീരം എന്ന ആ തറവാടിന്റെ ഇടനാഴികളിൽ കാലം തേഞ്ഞുമാഞ്ഞു പോയ എത്രയോ തലമുറകളുടെ കഥകൾ മൺമറഞ്ഞു കിടക്കുന്നു.

ഓരോ കോണിലും പഴമക്കാരുടെ ഓരോ രഹസ്യം. ഓരോ വാതിലിനും ഒരു കഥ പറയാനുണ്ട്. അകത്തളങ്ങളിൽ എരിയുന്ന നിലവിളക്കുകളുടെ നേർത്ത വെളിച്ചം
തട്ടിൻപുറങ്ങളിൽ ഒതുങ്ങിയ ഓർമ്മകളുടെ പെട്ടികൾ.

തുരുമ്പുപിടിച്ച താഴിട്ട അറകൾ. ആ എട്ടുകെട്ട് ഒരു വീട് ആയിരുന്നില്ല. അതൊരു കാലഘട്ടത്തിന്റെ ഹൃദയമായിരുന്നു.

​കാലത്തിന്റെ നെഞ്ചിലൊരുക്കിയ ഒരു നിശ്ശബ്ദ ഗാനം. ചുളിവേറ്റ തൂണുകളുടെ നിഴലിൽ നൂറ്റാണ്ടുകൾ ഉറങ്ങിക്കിടക്കുന്നു. മണ്ണിന്റെ മണവുമായി കലർന്ന പൂർവ്വികരുടെ ശ്വാസങ്ങളായി.

​അകലെ മറഞ്ഞുപോയ പൂർവ്വീകരുടെ നിശ്വാസങ്ങൾ കാറ്റിൽ ഒഴുകിയെത്തുമ്പോൾ മുറ്റത്തെ മൂവാണ്ടമാവിന്റെ ചില്ലകളിൽ കിളികൾ കൂടണഞ്ഞു. രാത്രിയുടെ നിശബ്ദതയിൽ വരാന്തയുടെ തൂണുകളിൽ ചാരിയിരുന്ന് ജാനു മുത്തശ്ശിയുടെ കഥകൾ കേട്ടുവളർന്ന ഒരു തലമുറ. മുത്തശ്ശിയുടെ ചുളിവുവീണ കൈകളിലൂടെ പേരക്കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന ബാല്യങ്ങൾ. കൈകൊട്ടികളിയുടെ ചുവടുകൾ ശ്രീധരനാശാൻ തറവാട്ടിലെ കന്യകമാർക്കായി പഠിപ്പിച്ചു കൊടുത്ത കൗമാരം.

​എട്ടുകെട്ടിലെ ഓരോ മണൽതരിയും ഓരോ തൂണും ഓരോ ജനലും അവിടുത്തെ മനുഷ്യരുടെ സന്തോഷത്തിന്റേയും ദുഃഖത്തിന്റേയും സാക്ഷികളായിരുന്നു.
​ഓരോ വാതിലും ഒരു നിശബ്ദ കഥാകാരൻ. ഓരോ ജനലും ഒരു മറന്നുപോയ സ്വപ്നത്തിന്റെ കണ്ണ്. നിലവിളക്കിന്റെ തീപ്പൊരി ഇന്നും വിറയുന്നത് എന്തുകൊണ്ട്?
അത് വെളിച്ചമല്ല… മറക്കാൻ വിസമ്മതിക്കുന്ന ഓർമ്മകളുടെ കണ്ണുനീർ.

​അകത്തളങ്ങളിൽ ആ എട്ടുകെട്ടിലെ ഓരോ അംഗങ്ങളുടേയും ചിരി മുഴങ്ങിയപ്പോഴും, ഇടനാഴികളിൽ ദുഖിതരുടെ കണ്ണീർ വീണപ്പോഴും ആ തറവാട് എല്ലാം അറിഞ്ഞു. നൂറ്റാണ്ടുകളുടെ പഴമ പേറുന്ന ആ തറവാട്ടിന്റെ പടിഞ്ഞാറു ഭാഗത്തു കൂടി ഓളങ്ങൾ തട്ടി കുണുങ്ങിയൊഴുകുന്ന പുഴ ഏറെ ആകർഷകമാണ്.

​ഇനി ആ തറവാടിന്റെ ഉള്ളറകളിലേക്കു നമുക്ക് ഒന്ന് എത്തിനോക്കാം. അതിമനോഹരമായി മൂന്നുനിലകളോടു കൂടിയും, അതിവിദഗ്ദമായ ചിത്രപണികളോടു കൂടിയ പുറംമോടിയും പ്രധാന ആകർഷണമാണ്. പുറംകാഴ്ചകളേക്കാൾ ഗംഭീരമാണ് ഉള്ളിലെ കാഴ്ചകൾ. ഏതു ചുറ്റുപാടുകളിലും കുളിർമ്മ നൽകുന്ന അന്തരീക്ഷം. ഉള്ളിൽ വിശാലമായ മുറികളും രണ്ടു നടുമുറ്റവും, രണ്ടു തെക്കിനികളും, തേക്കിനിയുടെ നടുവിലായി വലിയൊരു ആട്ടുകട്ടിലും ശില്പകലാ വിരുതുകളും കാണേണ്ടത് തന്നെയാണ്.

​നടുമുറ്റത്തിന്റെ നടുവിൽ ആകാശം തൊട്ടു നിൽക്കുന്ന ശൂന്യതയിൽ ഒരിക്കൽ മുഴങ്ങിയ ചിരികൾ ഇപ്പോൾ മേഘങ്ങളായി ഒഴുകുന്നു. മൂവാണ്ടമാവിന്റെ ചില്ലകളിൽ കൂടണയുന്ന പക്ഷികൾക്കറിയാം ഇവിടെ ഒരിക്കൽ സ്നേഹം വേരൂന്നിയിരുന്നുവെന്ന്.

​3500 സ്ക്വയർ ഫീറ്റിൽ പണിതീർത്ത ഈ തറവാടിന് 200 വർഷം പഴക്കമുണ്ട്. തേക്കിൻ തടിയിലും, വീട്ടിയിലും, ഇരുൾ മുതലായ മരങ്ങളാലും തീർത്ത കൊത്തുപണികളോടു കൂടി കിഴക്കോട്ടു ദർശനമായിരിക്കുന്ന തറവാടിന്റെ പൂമുഖത്തിന്റെ മേൽക്കൂരയിൽ ചിത്രപ്പണികൾ കാണാം. പുലരിക്കാറ്റിൻ ചൂളംവിളിയും മലയോര പ്രദേശത്തെ വിസ്മയ ഭംഗിയും തറവാട്ടു മുറ്റത്തു നിന്ന് ആസ്വദിക്കാം.

​കൂറ്റൻ മരത്തൂണുകളാൽ ആകർഷകമായ പൂമുഖത്തിൽ നിന്നും കയറുന്നത് തളത്തിലേക്കാണ്. തളത്തിന്റെ ഒരറ്റത്ത് വലിയൊരു പത്തായമുണ്ട്. തളത്തിൽ നിന്നും നേരെ തെക്കിനിയിലേക്കാണ്തെക്കിനിയിലെ കിഴക്കേ അറ്റത്തുള്ള വലിയ റൂമാണ് കരുണാകര മേനോന്റെയും കൗമുദിയമ്മയുടേയും കിടപ്പറ.

തെക്കിനിയിൽ മനോഹരമായ നടുമുറ്റം കാണാം. നടുമുറ്റത്തിനു ചുറ്റും കൈകൾകൊണ്ട് കൊത്തിയുണ്ടാക്കിയ കരിങ്കൽ തൂണുകളാണ്. പ്രധാന നടുമുറ്റവും ചെറിയ നടുമുറ്റവും ഉണ്ട്. സമചതുരാകൃതിയിലുള്ള നടുമുറ്റം ബ്രഹ്മസ്ഥാനമായി കണക്കാക്കുന്നു. വിവാഹം, ഓണം, വിഷു, തിരുവാതിര തുടങ്ങിയ ആഘോഷങ്ങൾ ഇവിടെ നടത്തപ്പെടുന്നു.

​ദീർഘചതുരാകൃതിയിലുള്ള ചെറിയ നടുമുറ്റത്ത് പിതൃകർമ്മമാണ് നടത്തുന്നത്. ഇവിടെ രണ്ടു ഭാഗവും ഉയർത്തിയാണ് കെട്ടിടം മുകളിലേക്ക് പണിതിരിക്കുന്നത്. നടുമുറ്റത്തിന്റെ തെക്കും വടക്കും ഭാഗത്ത് ഓരോ മുറികളും നടുക്ക് മച്ചുമാണ്. പടിഞ്ഞാറു ഭാഗത്ത് രണ്ടു മുറികളും മുകളിലേയ്ക്ക് കയറാനുള്ള ഗോവണിയും ഗോവണി റൂമുമാണ്.

​രണ്ടാം നിലയിൽ ഗോവണി കയറിയ ഉടനെ വലിയ ഒരു റൂമും അവിടെനിന്ന് വലത് ഭാഗത്തു മൂന്നു റൂമും എതിർ ഭാഗത്തും മൂന്നു റൂമുകൾ ഇടവഴിയുടെ അറ്റത്ത് ഒരു മുറി. ഇങ്ങനെയാണ് ക്രമീകരണം. ആ കാലത്ത് കറന്റ് ഒന്നും ഉണ്ടായിരുന്നില്ല. എല്ലാം ഇരുട്ടു മുറികൾ ആയിരുന്നു. അതുകൊണ്ട് തന്നെ കുട്ടികൾക്ക് മുകളിലേയ്ക്ക് പോകാൻ പേടിയായിരുന്നു. കുട്ടികൾ ഒറ്റയ്ക്ക് മുകളിലേയ്ക്ക് പോയി പേടിക്കാതിരിക്കാനായി മുകളിൽ ‘ഇരുട്ടു ദേവത’ ഉണ്ടെന്ന് പറഞ്ഞു മുത്തശ്ശി കുട്ടികളെ പേടിപ്പിക്കുമായിരുന്നു.

​തെക്കിനിയിൽ നിന്നും നേരെ വടക്കേ കോലായിലേയ്ക്ക് പോകാം. കോലായയുടെ അറ്റത്താണ് അടുക്കള. അടുക്കളയിൽ നിന്നും തളത്തിലൂടെ ഇറങ്ങിയാൽ കരിങ്കല്ലിൽ പടുത്തുയർത്തിയ മുപ്പതടി ആഴമുള്ള കിണറും വിസ്താരമേറിയ കൊട്ടത്തളവുമാണ്. അതിന്നപ്പുറത്തായി വലിയൊരു കൊട്ടിൽ കാണാം. അവിടെയാണ് പണിക്കാരി പെണ്ണുങ്ങൾ നെല്ലു കുത്തുന്നതും അരിയാക്കുന്നതും എല്ലാം. അതിനോട് ചേർന്നു തന്നെ ഒരു വെപ്പുപുരയും ഉണ്ട്. വിശേഷാവസരങ്ങളിൽ അവിടെയാണ് ഭക്ഷണം പാകം ചെയ്യുക.

​സ്നേഹകുടീരം ഒരു വീട് മാത്രമല്ല, കാലം തന്നെ താമസിക്കുന്ന ഒരു ഹൃദയമാണ് അത്…

തുടരും…

ശ്യാമള ഹരിദാസ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com