ഹോളി ഫാമിലി ആശുപത്രി (HFH) അലുംനി റീയൂണിയന്‍ 2026 ജമൈക്കയിലെ മനോഹരമായ Grand Palladium Jamaica Reosrt & Spa, Grand Palladium Lady Hamilton Reosrt & Spa റിസോര്‍ട്ടുകളില്‍ മേയ് ഒന്നു മുതല്‍ അഞ്ച് വരെ തീയതികളില്‍ ആഘോഷപൂര്‍വ്വം നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹോളി ഫാമിലി ആശുപത്രികളില്‍ പഠനം പൂര്‍ത്തിയാക്കിയ നിരവധി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചുചേര്‍ന്നപ്പോള്‍ അത് ഓര്‍മ്മകള്‍ പുതുക്കാനും സൗഹൃദങ്ങള്‍ വീണ്ടും തളിരിടാനുമുള്ള വേദിയായി. നാല് രാത്രികള്‍ നീണ്ടുനിന്ന ഈ റീയൂണിയന്‍ ഓരോരുത്തര്‍ക്കും സ്നേഹവും സന്തോഷവും സഹോദര്യവും നിറഞ്ഞ അനുഭവമായി മാറി.

മേയ് ഒന്ന് വെള്ളിയാഴ്ച വൈകുന്നേരം നടന്ന ഐസ് ബ്രേക്കര്‍ പരിപാടിയോടെയാണ് റീയൂണിയന് തുടക്കമായത്. ജമൈക്കന്‍ പതാകയുടെ നിറങ്ങളെ അനുസ്മരിപ്പിച്ച് അംഗങ്ങള്‍ എല്ലാവരും മഞ്ഞ, പച്ച, കറുപ്പ് നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് ആദ്യ ദിവസത്തെ ആഘോഷങ്ങളില്‍ പങ്കെടുത്തത്. പഴയ കൂട്ടുകാരെ വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടുമുട്ടിയ സന്തോഷം എല്ലാവരുടേയും മുഖത്ത് പ്രകടമായിരുന്നു. സംഗീതവും സന്തോഷവും നിറഞ്ഞ ആദ്യ ദിവസത്തെ സായാഹ്നം അടുത്ത ദിവസങ്ങളിലെ ആവേശത്തിനുള്ള തുടക്കമായി.

രണ്ടാം ദിവസം രാവിലെ പ്രശസ്തമായ Seven Mile Beach, Rick’s Café എന്നിവിടങ്ങളിലേക്കുള്ള യാത്രയോടെയായിരുന്നു തുടക്കം. ബസില്‍ അവിടേക്കുള്ള യാത്രയ്ക്കിടെ ഓരോരുത്തരും പഴയ ഹോസ്റ്റല്‍ ജീവിതവും അന്നത്തെ രസകരമായ പല അനുഭവങ്ങളും പങ്കുവെച്ചു. ചിരിയും സന്തോഷവും നിറഞ്ഞ യാത്രയില്‍ എല്ലാവര്‍ക്കും പ്രായം മറന്ന പഴയ വിദ്യാര്‍ത്ഥികള്‍ മാത്രമായി. അന്നേദിവസം ഉച്ചയ്ക്ക് റീയൂണിയന്റെ ഓര്‍മ്മയ്ക്കായി ഗ്രൂപ്പ് ഫോട്ടോയും എടുത്തു. റീയൂണിയന്‍ കളര്‍ കോഡായ വൈറ്റ് ഡ്രസ്സിലായിരുന്നു എല്ലാവരും. വൈകുന്നേരം Infinity Bar and Pool Terrace-ല്‍ സംഘടിപ്പിച്ച ‘All White Party’ റീയൂണിയന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി. അന്നേ ദിവസത്തെ മൈക്കേല്‍ ജാക്‌സണ്‍, ബോബ് മാര്‍ലി സംഗമങ്ങള്‍ അവിസ്മരണീയമായി. സംഗീതത്തിന്റെയും സൗഹൃദത്തിന്റെയും മനോഹര സായാഹ്നം എല്ലാവരും ആഘോഷിച്ചു.

മൂന്നാം ദിവസം ഉച്ചതിരിഞ്ഞ് നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. പഴയ നഴ്സിംഗ് കാപ്പിംഗ് സെറിമണിയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഓപ്പണിംഗ് ഡാന്‍സ് വെള്ള വസ്ത്രങ്ങളും നഴ്സിംഗ് ക്യാപ്പുകളും ധരിച്ച് കൈയില്‍ വിളക്കുകളുമായി ‘Give Me Oil in My Lamp, Keep Me Burning’ എന്ന ഗാനത്തിന് ഡാന്‍സ് ടീം ചുവടു വെച്ചപ്പോള്‍ അത് ഹൃദയസ്പര്‍ശിയായി. അന്നേദിവസത്തെ പ്രധാന ആകര്‍ഷണമായിരുന്നു ഈ ഡാന്‍സ്.

പ്രശസ്തമായ Dunn’s River Falls സന്ദര്‍ശനമായിരുന്നു നാലാം ദിവസത്തെ പ്രധാന പരിപാടി. ജമൈക്കയുടെ പ്രകൃതി സൗന്ദര്യവും ചരിത്രവും സംസ്‌കാരവും അടുത്തറിഞ്ഞുകൊണ്ടായിരുന്നു റീയൂണിയന്റെ അവസാന ദിവസം അഗംങ്ങള്‍ ആഘോഷമാക്കിയത്. വെള്ളച്ചാട്ടങ്ങളും മനോഹര കാഴ്ചകളും ഒരുമിച്ചുള്ള നിമിഷങ്ങളുമെല്ലാം നാലാം ദിവസത്തെ കൂടുതല്‍ സ്മരണീയമാക്കി. ആഗ്‌നസ് മാത്യു, തോമസ് തരയില്‍, ഷെര്‍ലി നെല്ലാമറ്റം, ജോയ് തട്ടാര്‍ക്കുന്നേല്‍ എന്നിവര്‍ നടത്തിയ കഠിനാധ്വാനമാണ് ഈ റീയൂണിയന്‍ വിജയകരമായി നടത്താന്‍ സാധിച്ചതിനു പിന്നില്‍. നൂറിലധികമാളുകള്‍ റീയൂണിയനില്‍ പങ്കെടുത്തു. വീണ്ടുമൊരു കൂടിക്കാഴ്ചയ്ക്ക് ഊര്‍ജ്ജം പകരുന്ന സന്തോഷവും സൗഹൃദവും സ്നേഹവും നിറഞ്ഞ മറക്കാനാവാത്ത ഒരുപിടി ഓര്‍മ്മകളുമായാണ് 2026 ലെ റീയൂണിയന്‍ കഴിഞ്ഞ് ഓരോരുത്തരും വീടുകളിലേക്ക് മടങ്ങിയത്.



